Monday 12 July 2021 11:11 AM IST

‘വയർചാടി കവിൾചീർത്ത രൂപം ബന്ധുക്കള്‍ പോലും തിരിച്ചറിഞ്ഞില്ല’: ജിമ്മും ഡയറ്റുമില്ലാതെ കുറഞ്ഞ 17 കിലോ: രഹസ്യം പങ്കിട്ട് അഭിഷേക്

Asha Thomas

Senior Sub Editor, Manorama Arogyam

weightloss3234

കോവിഡ് മഹാമാരിയും അതിനെ തുടർന്നുള്ള ലോക്‌ഡൗണും പലരുടേയും ശരീരഭാരം കൂട്ടുന്ന സമയമാണ്. വ്യായാമത്തിന് ജിമ്മിൽ പോകാനോ പുറത്തിറങ്ങാനോ സാധിക്കാത്ത അവസ്ഥ... വീട്ടിൽ ഇരിക്കുന്ന സമയം കൂടുന്നതിനാൽ ഭക്ഷണം നിയന്ത്രണമില്ലാതെ കഴിച്ചുപോകുന്നു...തടി കൂടിയില്ലെങ്കിലല്ലേ അദ്ഭുതം?

എന്നാൽ കൊച്ചി കടവന്ത്ര സ്വദേശിയായ അഭിഷേക് രാമചന്ദ്രൻ ഈ ലോക്ഡൗണിനെ വളരെ ഫലപ്രദമായി ഉപയോഗിച്ചയാളാണ്. 90 കിലോയുണ്ടായിരുന്ന അഭിഷേക് കഴിഞ്ഞ നവംബർ മുതലുള്ള ഏഴു മാസം കൊണ്ട് 17 കിലോ കുറച്ച് 73 കിലോയിലെത്തി. ഒരു മാസം മാത്രമാണ് വ്യായാമത്തിനായി ജിമ്മിൽ പോകാൻ സാധിച്ചത്. അപ്പോഴേക്കും ജിമ്മുകൾ അടച്ചു. വീടിന്റെ ടെറസ്സിലും ചുറ്റുവട്ടത്തുമുള്ള ഇത്തിരി സ്ഥലത്ത് വ്യായാമം ചെയ്തും ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തിയുമാണ് അഭിഷേക് 17 കിലോ കുറച്ചത്. തന്റെ ഭാരംകുറയ്ക്കൽ ശ്രമങ്ങളെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ അഭിഷേക് മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു.

‘‘ ഗൾഫിലെ ജീവിതരീതിയും ഭക്ഷണവുമാണ് എന്റെ ശരീരഭാരം കൂട്ടിയത്. നവംബറിൽ നാട്ടിലെത്തുമ്പോൾ അഞ്ച് അടി ഏഴിഞ്ചുകാരനായ എന്റെ ശരീരഭാരം 90 കിലോയായിരുന്നു. വയറുചാടി കവിൾ ചീർത്ത എന്റെ രൂപം കണ്ട് ബന്ധുക്കൾ പോലും അമ്പരന്നുപോയിരുന്നു. വണ്ണം കൂടിയത് എനിക്കും നല്ല ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കുറച്ചു നടക്കുമ്പോൾ തന്നെ മടുത്തുപോകുന്ന അവസ്ഥ...ക്ഷീണം. ഒരു ദിവസം രാത്രിയിൽ നെഞ്ചിന്റെ വശത്തായി വേദന വന്നു. ഡോക്ടറെ കണ്ടപ്പോൾ ‘അമിതവണ്ണം പ്രശ്നമാണ്. എങ്ങനെയെങ്കിലും കുറച്ചേ തീരൂ’ എന്നു പറഞ്ഞു. ഗൾഫിൽ പോകുന്നതിന് മുൻപ് കടവന്ത്രയിലെ ഗ്ലാഡിയേറ്റർ ജിമ്മിൽ നിത്യസന്ദർശകനായിരുന്നു. അതുകൊണ്ട് വണ്ണം കുറയ്ക്കാൻ ആലോചിച്ചപ്പോഴേ ഗ്ലാഡിയേറ്ററിൽ പോയി വികാസ് ആശാനുമായി സംസാരിച്ചു. നല്ലൊരു ഡയറ്റും പ്ലാൻ ചെയ്തു.

ടെറസ്സിലെ വ്യായാമ പരിശീലനം

ജിമ്മിൽ കൂടുതലും ചെയ്തിരുന്നത് കാർഡിയോ വർക് ഔട്ട് ആയിരുന്നു. ആദ്യം ഭാരം കുറയ്ക്കണം. ഭാരം കുറഞ്ഞു കുറച്ചാകുമ്പോൾ പേശികളെയൊക്കെ പരുവപ്പെടുത്തി ശരീരാകാരം ശരിയാക്കണം. അങ്ങനെ നല്ല രീതിയിൽ വ്യായാമം ചെയ്ത് വരുമ്പോഴാണ് ജിമ്മുകൾ അടയ്ക്കുന്നത്. പക്ഷേ, എന്തായാലും വണ്ണം കുറച്ചിട്ടേ വിശ്രമിക്കൂ എന്നായിരുന്നു എന്റെ തീരുമാനം. അതുകൊണ്ട് വീട്ടിൽ ചെയ്യാനായി ഒരു വ്യായാമപദ്ധതി തയാറാക്കി. ഒാട്ടം, സ്കിപ്പിങ്, ബർപീസ്, സ്ക്വാറ്റ്, പ്ലാങ്ക് എന്നിങ്ങനെ അഞ്ച്–ആറ് വ്യായാമങ്ങൾ ചേർത്തുള്ള പ്ലാൻ. വീടിന്റെ ടെറസ്സിലാണ് വ്യായാമം ചെയ്യുന്നത്. ആദ്യം 100 സ്കിപ്പിങ് ചെയ്യും. തുടർന്ന് 20 തവണ നല്ല സ്പീഡിൽ ടെറസ്സിലൂടെ ഒാടും. തുടർന്ന് സ്ക്വാറ്റ് , ജമ്പിങ് ഫ്രീ സ്ക്വാറ്റ്, മൗണ്ടൻ ക്ലൈമ്പിങ്, പ്ലാങ്ക് എന്നിവയൊക്കെ 20 തവണ. മൂന്നു മുതൽ 6 തവണ വരെ ഇത് ആവർത്തിക്കും. ഒന്നര രണ്ട് മണിക്കൂറെടുക്കും ഇതു പൂർത്തിയാക്കാൻ. അപ്പോഴേക്കും നന്നായി വിയർത്തുകുളിച്ചിട്ടുണ്ടാകും.

പുറത്തുപോയി വ്യായാമം നടക്കുന്നില്ല എന്നു പരാതി പറയുന്നവരോട് ഒന്നേ പറയാനുള്ളു. ടെറസ്സിന്റെ ഇത്തിരിവട്ടം മതി ഒാടാനും ജോഗ് ചെയ്യാനുമൊക്കെ. ഏതു വ്യായാമം വേണമെങ്കിലും നമുക്ക് ചെയ്യാം. അതിനു സമയവും കണ്ടെത്താം, മനസ്സു വച്ചാൽ. വ്യായാമം തുടങ്ങുന്നവരാണെങ്കിൽ ആദ്യം വളരെ മിതമായി തുടങ്ങണം. 4–5 തവണയിൽ തുടങ്ങി, പതിയെ 10 ആക്കണം, 15 ആക്കണം, പിന്നീടത് 20 ആക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉള്ളവരാണെങ്കിൽ കഴിവതും ഒരു ഡോക്ടറുടെ നിർദേശം തേടിയശേഷം മാത്രം ചെയ്യണം.

ഭക്ഷണക്രമം ഇങ്ങനെ

കാർബോ ഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണക്രമമാണ് ഭാരം കുറയ്ക്കാൻ സ്വീകരിച്ചത്. മധുരവും പഞ്ചസാരയും ചായയും കാപ്പിയും പാലുമൊക്കെ വേണ്ടെന്നുവച്ചു. രാവിലെ അരി ഭക്ഷണമില്ല. റാഗി അല്ലെങ്കിൽ ഒാട്സ് വെള്ളത്തിൽ കുറുക്കിയത് കഴിക്കും. കൂടെ ഒരു റോബസ്റ്റ പഴവും 4–5 മുട്ടയുടെ വെള്ളയും കഴിക്കും. ഉച്ചയ്ക്ക് ഒരു ചെറിയ ബൗളിൽ ചോറ്. കൂടെ ചിക്കൻ ബ്രസ്റ്റ് അല്ലെങ്കിൽ മീൻ...മസാലയും എണ്ണയും കുറച്ചുള്ള പാചകമാണ് നല്ലത്. കൂടെ ഒരു പാത്രം നിറയെ കുക്കുമ്പർ സാലഡും കഴിക്കും.

വൈകിട്ട് ഏഴരയോടെ ഭക്ഷണം കഴിക്കും. അത്താഴത്തിന് രണ്ട് ചപ്പാത്തി, കൂടെ ചിക്കൻ അല്ലെങ്കിൽ മീൻ ഉണ്ടാകും. കൂടെ കുക്കുമ്പർ സാലഡും. വെള്ളം നന്നായി കുടിച്ചിരുന്നു.

ആദ്യമൊക്കെ ഭക്ഷണനിയന്ത്രണം വല്ലാതെ വലച്ചു. പക്ഷേ, ഭാരം കുറയ്ക്കണമെന്നത് ശക്തമായ ലക്ഷ്യമായി മനസ്സിന് ശക്തി നൽകി. പക്ഷേ, എന്നും ഭാരം നോക്കുന്ന പരിപാടിയില്ലായിരുന്നു എനിക്ക്. കണ്ണാടിയിലും നോക്കില്ലായിരുന്നു.

ജനുവരി–ഫെബ്രുവരി ആയപ്പോഴേ ഭാരം കുറഞ്ഞതിന്റെ ഗുണം ശരീരത്തിന് അനുഭവപ്പെട്ടുതുടങ്ങി. ശരീരം മൊത്തം ഫ്രീ ആയതുപോലെ. സ്കൂൾ കാലത്തെ പോലെ ഈസിയായി ഒാടാനും ചാടാനുമൊക്കെ കഴിയുന്നുണ്ട് ഇപ്പോൾ.

എന്റെ തടി കണ്ട് പേടിച്ചെന്നു പറഞ്ഞവർ തന്നെ മെലിഞ്ഞു കണ്ടപ്പോൾ തിരുത്തി പറഞ്ഞുതുടങ്ങി. പ്രത്യേകിച്ച് പ്രായമായവർ. ‘‘ ഇതെന്തു കോലമാടാ...നിനക്ക് എന്തെങ്കിലും അസുഖമുണ്ടോ? വല്ലതും കഴിക്കാൻ നോക്ക് ’’ എന്നൊക്കെ ഉപദേശിക്കും. പക്ഷേ, ചെറുപ്പക്കാരായ സുഹൃത്തുക്കളൊക്കെ കട്ട സപ്പോർട്ടാണ്. ‘‘ഇങ്ങനെയിരുന്നാൽ മതി. ഇപ്പോൾ പ്രായം കുറഞ്ഞതുപോലെയുണ്ട് ’’ എന്നൊക്കെ പ്രോത്സാഹിപ്പിക്കും.

ഇപ്പോൾ ഭാരം 72–73 കിലോയായി കൊണ്ടുപോവുകയാണ്. ഒരു വലിയ ഭാരം ഒഴിഞ്ഞുപോയ ഫീലിങ് ആണ്. വളരെ കൂളായി ഒാടാം നടക്കാം... ഇതൊക്കെ അനുഭവിച്ചു കഴിഞ്ഞാൽ പഴയ തടിയിലേക്ക് പോകാൻ തോന്നില്ല. ഇപ്പോഴും ഞാൻ വ്യായാമം മുടക്കാറില്ല. ഭക്ഷണത്തിലും ഇനി കൈവിട്ട കളിക്കില്ല. ഈ കെട്ട കാലത്ത് നമുക്കൊക്കെയുള്ള ആകെ മൂലധനം ആരോഗ്യം മാത്രമല്ലേ?.... പുതുതായി കിട്ടിയ സ്വാസ്ഥ്യത്തിന്റെ തെളിച്ചമുണ്ട് അഭിഷേകിന്റെ കണ്ണുകളിലും വാക്കിലും.

Tags:
  • Manorama Arogyam
  • Health Tips