നൂറ്റിയഞ്ചാം പിറന്നാളാഘോഷം കഴിഞ്ഞ് സന്തോഷവതിയായി ഇരിക്കവേയാണ് 2021മേയിൽ പയ്യന്നൂർ അന്നൂർ തായമ്പത്ത് വീട്ടിൽ ജാനകിയമ്മയ്ക്ക് കോവിഡ് പിടിപെടുന്നത്. ചെറിയൊരു ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് പൊസിറ്റീവാണെന്നു കണ്ടു. പക്ഷേ, വീട്ടിലാർക്കും ആ സമയത്ത് കോവിഡ് ഇല്ലായിരുന്നു താനും.
പയ്യന്നൂരിൽ നിന്നും തളിപ്പറമ്പ് കോവിഡ് ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നും പരിയാരം മെഡി. കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. 19 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇടയ്ക്ക് ബോധമൊക്കെ പോയി, സംഗതി അൽപം സീരിയസ്സാണെന്നു ഡോക്ടർമാർ തന്നെ പറഞ്ഞിരുന്നു. പക്ഷേ, ഒടുവിൽ കോവിഡിനെ ചുമ്മാതങ്ങു തോൽപിച്ച് ഒരു ചെറുപുഞ്ചിരിയോടെ ജാനകിയമ്മ മടങ്ങിവന്നു.
ചിട്ടയോടെ ജീവിതം
വലിയ ഭീതിവിതച്ച് കോവിഡ് വന്നുപോയെങ്കിലും അതിന്റെ ക്ഷീണവും അവശതയുമൊന്നുമില്ല ജാനകിയമ്മയ്ക്ക്. പതിവുപോലെ അതിരാവിലെ എഴുന്നേൽക്കും. വെറുംവയറ്റിൽ രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കും. ഏഴ് ഏഴര ആവുമ്പോഴേക്കും ചെറുചൂടുവെള്ളത്തിൽ കുളിച്ച് വൃത്തിയുള്ള വേഷം ധരിച്ച് മുടി ചീകിക്കെട്ടിവച്ച് റെഡിയാകും. എങ്ങും പോകാനല്ല, പണ്ടേയുള്ള പതിവാണ്. പ്രാതൽ കഴിഞ്ഞാൽ അൽപനേരം കിടക്കും. സമയം കിട്ടുമ്പോൾ പത്രം വായിക്കും. വൈകുന്നേരം കുറച്ചുനേരം ടിവിയിൽ സീരിയലും പ്രിയപ്പെട്ട പരിപാടികളും കാണും.
മീൻ പ്രിയം
രാത്രി ലഘുവായ ഭക്ഷണമേ കഴിക്കൂ. മിക്കവാറും ഒാട്സ് അല്ലെങ്കിൽ അംഗൻവാടിയിൽ നിന്നു കിട്ടുന്ന ന്യൂട്രിമിക്സ് കൊണ്ടുള്ള വിഭവങ്ങൾ. ഭക്ഷണക്കാര്യത്തിൽ കടുംപിടുത്തങ്ങളൊന്നുമില്ല.
പണ്ടുമുതലേ ചിക്കൻ കഴിക്കാറില്ല. മറ്റ് എന്ത് ഭക്ഷണമായാലും രുചിയോടെ കഴിക്കും. മീൻ വലിയ ഇഷ്ടമാണ്. കറിവച്ച് കിട്ടിയാൽ സന്തോഷം. മുട്ടയും പച്ചക്കറികളും ഇലക്കറികളുമൊക്കെ കഴിക്കും.
പണ്ട് എണ്ണതേച്ചുകുളിക്കുന്ന ശീലമുണ്ടായിരുന്നു.കുളിക്കു മുൻപേ എണ്ണ തേച്ച് ഉഴിഞ്ഞ് കയ്യും കാലുമൊക്കെ മടക്കിയും നിവർത്തിയുമുള്ള ചില സ്ട്രെച്ചിങ്ങുകളൊക്കെ ചെയ്യും. ഭർത്താവ് സ്കൂൾ മാഷായിരുന്നു. 26 വർഷത്തോളമായി മരിച്ചിട്ട്.
രോഗങ്ങളെ അകറ്റി
അടുക്കളപ്പണിക്കു പുറമേ പാടത്തും പറമ്പിലുമൊക്കെ നല്ല പണിയുണ്ട് പണ്ടെന്നു ജാനകിയമ്മ ഒാർക്കുന്നു. അതിനു പുറമെ പശുക്കളെ വളർത്തലുണ്ട്. നെല്ല് ചിക്കി ഉണക്കുന്നതു തുടങ്ങി പശുക്കളെ സംരക്ഷിക്കുന്നതുവരെ രാവെളുക്കുവോളം അധ്വാനമുണ്ട്. ഈ ഒാടിനടപ്പെല്ലാം കൂടി കിലോമീറ്ററുകളോളം നടക്കുന്നതിന്റെ ഗുണം ചെയ്തിരിക്കണം. അതുകൊണ്ടാകണം പ്രമേഹവും പ്രഷറും ഹൃദ്രോഗവുമൊന്നും ജാനകിയമ്മയെ തേടി ഇതുവരെ വന്നിട്ടില്ല.
ആഘോഷങ്ങൾ ജാനകിയമ്മയ്ക്ക് വലിയ സന്തോഷമാണെന്ന് മക്കൾ പറയുന്നു. എല്ലാ ചടങ്ങുകളിലും ആദ്യാവസാനം പങ്കെടുക്കും. അടുക്കള കൈകാര്യം ചെയ്തിരുന്ന സമയത്ത് നല്ല സ്വാദുള്ള ഭക്ഷണം വച്ചുവിളമ്പാനും എല്ലാവർക്കും വിളമ്പിക്കൊടുത്ത് കഴിപ്പിക്കാനും അമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നെന്നു മരുമക്കൾ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് 105Ðാം പിറന്നാൾ ആഘോഷിച്ചത്. അന്നും ഊർജസ്വലയായി എല്ലാത്തിനും മുന്നിൽ നിന്നിരുന്നു.
അഞ്ചു മക്കളാണ് ജാനകിയമ്മയ്ക്ക്. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളും. ഏറ്റവും മൂത്തയാൾ ഭാസ്കരൻ പട്ടാളത്തിലായിരുന്നു. 73Ðാം വയസ്സിൽ മരിച്ചുപോയി. സാവിത്രി, നാരായണൻ, പ്രഭാകരൻ, ഇന്ദിര എന്നിവരാണ് മറ്റുമക്കൾ.
ഡോക്ടർ പറയുന്നു
കോവിഡ് ന്യൂമോണിയ ബാധിച്ച അവസ്ഥയിലാണ് ജാനകിയമ്മയെ പരിയാരത്ത് എത്തിക്കുന്നത്. തളിപ്പറമ്പ് ആശുപത്രിയിൽ നിന്നും ഇങ്ങോട്ട് റഫർ ചെയ്യുകയായിരുന്നു. ഒാക്സിജൻ സാച്ചുറേഷൻ നന്നേ താഴ്ന്നിരുന്നു. ഗുരുതരമായിരുന്നു അവസ്ഥ. പക്ഷേ, ചികിത്സ കൊണ്ട് വളരെ പെട്ടെന്ന് തന്നെ അവർ സുഖം പ്രാപിച്ചു. മറ്റു രോഗങ്ങളൊന്നും ഇല്ലായിരുന്നു എന്നത് രോഗമുക്തിക്ക് ഗുണം ചെയ്തു. ആരോഗ്യകരമായ ഭക്ഷണÐജീവിതരീതികൾ പിന്തുടർന്നു ജീവിച്ചയാളാണ് എന്നതും ഗുണം ചെയ്തിട്ടുണ്ടാകണം. കോവിഡ് രണ്ടാംതരംഗ അതിവ്യാപനഘട്ടത്തിൽ രോഗമുക്തി നേടുന്ന സംസ്ഥാനത്തെ പ്രായം കൂടിയ ആളാണ് ജാനകി.
ഡോ. കെ. സുദീപ്, സൂപ്രണ്ട്, പരിയാരം മെഡി. കോളജ്, കണ്ണൂർ