പുതുപ്പള്ളിയുടെ നായകനായി സജീവ രാഷ്ട്രീയത്തിലേക്കു ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയിട്ട് രണ്ടുവർഷങ്ങൾ പൂർത്തിയാകുന്നു. തിരക്കിലും സമ്മർദത്തിലും മുങ്ങിപ്പോകുമ്പോഴും തളരാതെ, പുഞ്ചിരി മായാതെ നിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നതെന്താകും? ജീവിതത്തെ മനോഹരവും ആരോഗ്യകരവുമാക്കുന്ന വഴികളെക്കുറിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ മനസ്സു തുറക്കുന്നു..
ബോക്സിങ് പരിശീലിക്കുന്നുണ്ടല്ലോ. ഫിറ്റ്നസ്സിനായി എന്തൊക്കെയാണു ചെയ്യുന്നത് ?
ഇപ്പോൾ ബോക്സിങ് പരിശീലിക്കുന്നുണ്ട്. പുതുപ്പള്ളിയിലെ വീട്ടിൽ തന്നെയാണു ബോക്സിങ് പരിശീലനം. ദിവസവും പത്തു പതിനഞ്ചു മിനിറ്റോളം പരിശീലനത്തിനായി മാറ്റി വയ്ക്കുന്നു. ട്രെഡ്മിൽ വാങ്ങുന്നതിനായി പോയപ്പോഴാണു പഞ്ചിങ് ബാഗും ഗ്ലൗസും കണ്ടത്. അങ്ങനെ വാങ്ങിയതാണ്. വീട്ടിൽ പഞ്ചിങ് ബാഗ് സെറ്റു ചെയ്തു പരിശീലനം തുടങ്ങി. ബോക്സിങ് ചെറുപ്പകാലം മുതൽ ഇഷ്ടമാണ്. മൈക്ക് ടൈസനാണ് പ്രിയപ്പെട്ട ബോക്സർ. തിരക്കു കാരണം ഉറക്കം കുറയുന്നതിന്റെ ബുദ്ധിമുട്ടുകൾ എനിക്കുണ്ട്. അതു കുറയ്ക്കുന്നതിനാണു ബോക്സിങ്ങിലൂടെ ശ്രമിക്കുന്നത്. പരിശീലകരൊന്നുമില്ല, ഞാൻ സ്വയം പരിശീലിക്കുകയാണ്. ബോക്സിങ് പരിശീലിക്കുന്നത് എന്റെ ജീവിതത്തെ കുറച്ചു കൂടി ഉൻമേഷമുള്ളതാക്കുന്നുണ്ട്. മറ്റു കായിക ഇനങ്ങളിലൊക്കെ ആരുടെയെങ്കിലും സഹായം വേണം. ഇതാകുമ്പോള്‍ ഞാന്‍ തന്നെ ഇടിച്ചാൽ മതിയല്ലോ. അതൊട്ടു തിരിച്ചിടിക്കുകയുമില്ല.
യോഗ ചെയ്യാറുണ്ടോ ?
ഇലക്ഷന്റെ സമയത്തൊക്കെ കൃത്യമായി ഞാൻ യോഗ ചെയ്തിരുന്നു. യോഗ എനിക്കു തരുന്ന ആനന്ദം വളരെ വലുതാണ്. ആർട്ട് ഓഫ് ലിവിങ്ങും പഠിച്ചിട്ടുണ്ട്. സമയം കിട്ടുമ്പോൾ ആർട്ട് ഒാഫ് ലിവിങ് മെഡിറ്റേഷൻ ചെയ്യാറുണ്ട്. സദ്ഗുരുവിന്റെ യോഗാസനങ്ങളും ചെയ്യുന്നു. എപ്പോഴും യാത്രയും തിരക്കുകളുമാണല്ലോ,
സമ്മർദം കുറയ്ക്കുന്നതിനും നല്ല ഉറക്കത്തിനും യോഗ എന്നെ സഹായിക്കുന്നു. സാധിക്കുമ്പോൾ 20 മിനിറ്റോളം യോഗയ്ക്കു മാറ്റി വയ്ക്കാറുണ്ട്. ട്രെഡ്മില്ലിലും വ്യായാമം ചെയ്യാറുണ്ട്. സമയക്കുറവാണു പലപ്പോഴും തടസ്സമാകുന്നത്. ജിമ്മിൽ വർക്ഔട്ടുകളൊന്നും ചെയ്യാറില്ല.
സ്പോർട്സ് എനിക്കു വളരെ ഇഷ്ടമാണ്. ക്രിക്കറ്റും ഫൂട്ബോളും ബാഡ്മിന്റ്നുമൊക്കെ ചെറുപ്പം മുതൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കായിക ഇനങ്ങളാണ്. അന്നൊക്കെ പതിവായി കളിച്ചിരുന്നു. ദിവസവും ഇതൊക്കെ കളിക്കണം എന്നാഗ്രഹമുണ്ട്. സമയം കിട്ടുന്നില്ല എന്നതാണു പ്രശ്നം.
ആഹാരകാര്യങ്ങളിൽ പ്രത്യേക ചിട്ടകളുണ്ടോ?
യാത്രയും തിരക്കുമൊക്കയായതിനാൽ ഇപ്പോൾ ആഹാര കാര്യങ്ങളിൽ വലിയ ചിട്ട പുലർത്താറില്ല. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ ലഭിക്കുന്നതു പോലെ കഴിക്കുന്നു. തിരുവനന്തപുരത്തു ഞങ്ങളുടെ വീട്ടിൽ രാത്രിഭക്ഷണം കഞ്ഞിയും ചെറുപയറു തോരനുമാണ്. എക്കാലത്തെയും എന്റെ ഇഷ്ടഭക്ഷണം കഞ്ഞിയും പയറുമാണ്. പക്ഷേ, ഇവിടെ അത് എന്നും കിട്ടാറില്ല. വർഷത്തിൽ 120 ദിവസം ഞാൻ പൂർണമായി വെജിറ്റേറിയനാണ്. ഈ കാലമത്രയും വിവിധ നോമ്പുകൾ എടുക്കുകയാണ്. നോമ്പുകാലങ്ങളിൽ ഉപവസിക്കാറുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷത്തിൽ മൂന്നിലൊന്നു കാലം ഞാൻ വെജിറ്റേറിയനാണ്.
സമ്മർദമകറ്റുന്നതിനുള്ള മാർഗങ്ങളെന്തെല്ലാം ?
പുസ്തകവായനയാണ് എന്റെ സമ്മർദമകറ്റുന്നത്. വായിക്കുമ്പോൾ സ്ട്രെസ്സ് കുറയുന്നുവെന്നാണ് എന്റെ അനുഭവം. തിരക്കിൽ നിന്ന് അകന്നു കിട്ടുന്ന ഇത്തിരിനേരം സ്പിരിച്വൽ ബുക്സും ഹിസ്‌റ്റോറിക്കൽ ഫിക്ഷനുകളുമൊക്കെ വായിക്കാറുണ്ട്. ഇപ്പോൾ ‘ഐ ആം ഗീത’ എന്നൊരു പുസ്തകം വായിക്കുകയാണ്.
ദീപ് ത്രിവേദി രചിച്ച ഈ പുസ്തകം ഭഗവത്ഗീതയുടെ മനശ്ശാസ്ത്രം വിശദമാക്കുന്ന ഒന്നാണ്.
അന്ന് ദീർഘയാത്രയിൽ ചെരിപ്പിടാതെ നടന്ന അനുഭവത്തെക്കുറിച്ച്?
രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ ഞാനും പങ്കാളിയായിരുന്നു. അന്ന് നാലായിരത്തോളം കിലോമീറ്റർ ചെരിപ്പിടാതെ നടക്കുകയായിരുന്നു. അങ്ങനെ നടന്നപ്പോൾ സവിശേഷമായ ഒരു ഊർജം എനിക്കു ലഭിച്ചിരുന്നു. അന്ന് രാജ്യത്തിനു വേണ്ടി നടന്നപ്പോൾ വലിയൊരു അത്ഭുതമായാണ് അനുഭവപ്പെട്ടത്. അങ്ങനെ നടക്കുമ്പോൾ ഏറ്റവും സൗകര്യം ചെരിപ്പില്ലാതെ നടക്കുന്നതായിരുന്നു. അന്ന് ചെരിപ്പിടുമ്പോൾ എന്റെ കാലുകൾ പൊട്ടുന്ന സാഹചര്യമായിരുന്നു. ചെരിപ്പിടാതെ നടന്നപ്പോൾ കാലുകൾ സുഖപ്പെടുകയും ചെയ്തു. നല്ല റോഡ് ആയിരിക്കണം. എന്നതാണു പ്രധാനം. അന്ന് ഉദയം മുതൽ രാവിലെ ഒൻപതു മണിവരെയും വൈകിട്ടു നാലുമണിക്കു േശഷവുമാണു നടന്നത്. നല്ല സുഖകരമായി നടക്കാവുന്ന സമയമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ സ്വാധീനിച്ച വലിയൊരു അനുഭവം തന്നെയായിരുന്നു ആ യാത്ര.
ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

ആളുകളുടെ ഇടയിലേക്ക്, തിരക്കിലേക്ക് ഇറങ്ങിച്ചെല്ലുന്ന സമയത്താണ് എന്നിൽ പോസിറ്റിവിറ്റി നിറയുന്നത്. അതൊരു ആനന്ദമാണ്. ഒറ്റയ്ക്കാകുമ്പോൾ നെഗറ്റീവ് തോന്നലുകളൊക്കെ വരാം. അതുപോലെ എനിക്കു പ്രധാനമാണ് ആത്മീയത. പ്രാർഥനയാണ് അതിന് ഏറെ സഹായിക്കുന്നത്. നാട്ടിലുള്ളപ്പോൾ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും അപ്പയുടെ കല്ലറയിൽ പോയി പ്രാർഥിച്ചാണ്. ഒരു ദിവസത്തേയ്ക്കുള്ള ഉൗർജം എനിക്കു തരുന്നത് ഈ പ്രാർഥനയാണ്.
കുട്ടികൾക്കു സ്കൂളുകളിൽ സ്പോർട്സ് പരിശീലന സമയം വർധിപ്പിക്കണമെന്നു പറയാറുണ്ടല്ലോ ?
കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നതിനു സ്പോർട്സ് പരിശീലനം പ്രധാനമാണ്. സ്കൂളുകളിൽ ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ പീരിയഡ് മാത്രമേ ഫിസിക്കൽ ട്രെയ്നിങ് ഉള്ളൂ. എന്നാൽ എല്ലാ ദിവസവും അവർക്കു ഫിസിക്കൽ ട്രെയിനിങ്ങിനു പീരിയഡ് നൽകണം എന്നതാണ് എന്റെ ആഗ്രഹം. അടുത്തിടെ ഒരു സ്കൂളിൽ പോയ സമയത്തും ഞാൻ ഇതേക്കുറിച്ചു പറഞ്ഞിരുന്നു.
സ്പോർട്സിലേയ്ക്കു യുവതലമുറയെ നയിക്കാൻ പുതിയ പദ്ധതികൾ ?
സ്പോർട്സിലേക്കു യുവതലമുറയെ വഴിതിരിച്ചുവിടണം എന്നതാണ് എന്റെ ആഗ്രഹം. നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ലഹരി അടിമത്തത്തിന്റെ വലിയൊരു സിഗ്നൽ കാണുന്നുണ്ട്. സ്പോർട്സിലേക്കു വരുമ്പോൾ അഡിക്ഷൻ മാറുന്നതിനുള്ള വഴി തെളിയുകയാണ്. ലഹരിയിൽ നിന്നു യുവതലമുറയെ, വിദ്യാർഥികളെ വഴി തിരിച്ചു വിടാനുള്ള ഏറ്റവും നല്ല മാർഗം സ്പോർട്‌സ് ആണ്. ആന്റി ഡ്രഗ് മൂവ്മെന്റ ് ആയി സ്പോർട്സിനെ ഉപയോഗിക്കുകയാണു വേണ്ടത്. പുതുപ്പള്ളിയെ വലിയ ഒരു സ്പോർട്സ് ഹബ് ആക്കാനാണ് ആഗ്രഹം. പുതുപ്പള്ളി അടിസ്ഥാനമാക്കി ഏഴ് ഏക്കർ സ്ഥലം അതിനായി ഒരുക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ധാരണയിലെത്തിക്കഴിഞ്ഞു. എന്തൊക്കെയാണ് അതിൽ ഉൾപ്പെടുന്നതെന്നൊക്കെയുള്ള തീരുമാനങ്ങൾ ആകുന്നതേയുള്ളൂ. പ്രാരംഭ ചർച്ചകൾ നടന്നു കഴിഞ്ഞു. വലിയൊരു മൂവ്മെന്റായി സ്പോർട്സിനെ കൊണ്ടു വരുകയാണ് എന്റെ സ്വപ്നം. കൂരോപ്പടയിൽ ഒരു സ്പോർട്സ് ടർഫ് യാഥാർഥ്യമാക്കിക്കഴിഞ്ഞു – ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന എന്ന പേരിലാണത്. അതു സ്കൂൾ വിദ്യാർഥികൾക്കും സൗജന്യമായി നല്‍കുന്നുണ്ട്. വാകത്താനത്തും സ്പോർട്സ് സെന്റർ പദ്ധതിയിലുണ്ട്.
ആരോഗ്യസംരക്ഷണത്തിനു വേണ്ടി ചെക്കപ്പുകൾ ചെയ്യാറുണ്ടോ ?
സത്യത്തിൽ ഹെൽത് ചെക്കപ്പുകളൊക്കെ ചെയ്യേണ്ടതാണ്. എന്നാൽ ഞാൻ തിരക്കു കാരണം ചെക്കപ്പുകളൊക്കെ ചെയ്യാതെ നടക്കുകയാണ്. ചെയ്യണം എന്ന് ആഗ്രഹമുണ്ട്.
ജീവിതം പഠിപ്പിച്ച പാഠം എന്താണ് ?
നമ്മുടെ ജീവിതത്തിൽ മാറ്റങ്ങള്‍ വരുത്താൻ സാധിക്കുന്നതു നമുക്കു തന്നെയാണ് എന്ന തിരിച്ചറിവാണ് ജീവിതം പകർന്നു തന്ന പാഠം. നമ്മുടെ ജീവിതം മെച്ചപ്പെടുന്നതിനുള്ള തടസ്സം ചിലപ്പോൾ നമ്മിൽ തന്നെ ആകാം. ആ തടസ്സങ്ങളെ തിരിച്ചറിഞ്ഞു തിരുത്തണം. നാം സ്വയം മാറണം. അതുപോലെ മറ്റുള്ളവരെ സഹായിക്കുന്നതിനും മുന്നോട്ടു വരണം.