ADVERTISEMENT

കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള കരകൗശല വിൽപനശാലയായ ‘സർഗശേഷി’ക്കു മറ്റു ഷോപ്പുകൾക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയുണ്ട്. ഏറെ സ്പെഷലായൊരിടമാണത്. ഒന്നിനും കൊള്ളാത്തവരായും കുടുംബത്തിന്റെ ബാധ്യതയായും സമൂഹം മുദ്രകുത്തിയവർ തങ്ങളുടെ ശേഷികളെ മിനുക്കിയെടുത്ത് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലിചെയ്തു ജീവിച്ചു കാണിക്കുന്ന ഇടം. സർഗശേഷിയിൽ, പുഞ്ചിരിച്ച മുഖവുമായി നിങ്ങളെ വരവേൽക്കുന്ന അഞ്ജനയും അഞ്ജലിയും ടീനയും അനുശ്രീയുമൊക്കെ വെറും സെയിൽസ് ഗേൾസല്ല. ഡൗൺ സിൻഡ്രം ബാധിതരായ ഇവർ ഒരു വലിയ മുന്നേറ്റത്തിന്റെ കരുത്തും ആത്മവിശ്വാസവുമാണ്.

ഡൗൺ സിൻഡ്രം ട്രസ്റ്റ് കോഴിക്കോടും (DOST) ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (ULCCS) ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന സംരംഭമായ ‘സർഗശേഷി’ ഡൗൺ സിൻഡ്രം ബാധിതരായ ഈ സ്ത്രീകളുടെ ജീവിതത്തിൽ പരത്തുന്ന വെളിച്ചം ചെറുതല്ല. വരുമാന സ്രോതസ്സെന്നതിനപ്പുറം മറ്റുള്ള ആളുകളുമായി ഇടപഴകാനും സംസാരിക്കാനും കഴിയുന്നതും അവർ തങ്ങളോടു പരിഗണനയോടെയും തുല്യതയോടെയും പെരുമാറുന്നതും അവരിൽ സൃഷ്ടിക്കുന്ന അഭിമാനബോധവും സന്തോഷവും വലുതാണ്.

ADVERTISEMENT

‘‘നടിമാരായ പാർവതിയും ആൻ അഗസ്റ്റിനുമൊക്കെ ഇവിടെ വരാറുണ്ട്. പാർവതി എന്നോടു കുറേ സംസാരിച്ചു. ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചു ചോദിച്ചു. എനിക്കിഷ്ടം ‘എന്നു നിന്റെ മൊയ്തീനാണ്’ എന്നു ഞാൻ പറഞ്ഞു.’’ സിനിമാപ്രേമിയായ അഞ്ജലി തിളങ്ങുന്ന കണ്ണുകളോടെ സംസാരിച്ചു തുടങ്ങി.

‘‘ഈ ടീന മറിയം സിനിമാനടിയാണ് കേട്ടോ... ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്...പിന്നെ, ഞങ്ങളൊക്കെ ഭരതനാട്യം പഠിക്കുന്നുണ്ട്’’- അഞ്ജനയും വിശേഷങ്ങളുടെ കെട്ടഴിച്ചു.

ADVERTISEMENT

‘‘ബില്ലിങ് ഒഴിച്ച് ബാക്കി എല്ലാക്കാര്യങ്ങളും ഇവർ കൃത്യമായും അച്ചടക്കത്തോടെയും ചെയ്യും.’’ സർഗശേഷിയിൽ ഇവരോടൊപ്പമുള്ള പ്രവീണ പറയുന്നു. ‘‘വളരെ നിഷ്ക്കളങ്കരാണ്. അതുകൊണ്ടു വിൽക്കുന്ന സാധനങ്ങളെക്കുറിച്ചു സത്യസന്ധമായും കൃത്യമായും കാര്യങ്ങൾ പറയും. അസുഖം കാരണമോ മറ്റോ ഒരു ദിവസം കടയിൽ വരാൻ പറ്റിയില്ലെങ്കിലാണ് ഇവർക്കു വിഷമം.’’

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഫൗണ്ടേഷന്റെ ഡയറക്ടറായ ഡോ. എം. കെ. ജയരാജ് ആണ് ഈ സംരംഭത്തിന്റെ പിന്നിലെ പ്രധാനശക്തി.

ADVERTISEMENT

‘‘ബൗദ്ധികവെല്ലുവിളികളുള്ളവരിൽ തന്നെ പെൺകുട്ടികൾക്ക് ഏറെ വിവേചനം നേരിടേണ്ടി വരുന്നുണ്ട്. കുടുംബത്തിനു ബാധ്യതയായാണ് അവരെ പൊതുവേ കാണാറ്. ഒരു ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കാനായാൽ അവർ കുടുംബത്തിലും സമൂഹത്തിലും വിലയുള്ളവരാകും. അങ്ങനെയൊരു മാതൃക സൃഷ്ടിക്കുകയാണു ‘സർഗശേഷി’യിലൂടെ ചെയ്യുന്നത്. ഇവിടെ ഇവർക്കു ടാർഗറ്റോ മറ്റു സമ്മർദങ്ങളോ ഒന്നുമില്ല. ശമ്പളം ഇവരുടെ അക്കൗണ്ടിലേക്കു നൽകുകയാണു ചെയ്യുന്നത്. പിഎഫും ബോണസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.’’ ഡോ. ജയരാജ് പറയുന്നു.

തിരുവനന്തപുരത്തെ സ്േറ്ററ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റലി ചലഞ്ച്ഡ്, ഡയറക്ടർ ആയിരുന്നു ഡോ. ജയരാജ്. മൂന്നു പതിറ്റാണ്ടിലേറെയുള്ള സേവനകാലത്തു നേരിട്ടു കണ്ടു മനസ്സിലാക്കിയ കയ്പേറിയ യാഥാർഥ്യങ്ങളാണു ‘സർഗശേഷി’ പോലെയുള്ള പരീക്ഷണസംരംഭങ്ങൾ നടപ്പാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

pkjayaraj434534
ഡോ. പി. കെ. ജയരാജ് കുട്ടികളോടൊപ്പം

നോവിൽ നിന്നു നന്മയിലേക്ക്

ബൗദ്ധികവെല്ലുവിളി (ഇന്റലക്ച്വൽ ആൻഡ് ഡെവലപ്മെന്റൽ ഡിസെബിലിറ്റി) നേരിടുന്ന, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ബഡ്സ് സ്കൂളുകളുണ്ട്, സ്പെഷൽ സ്കൂളുകളുണ്ട്. പക്ഷേ, 18 വയസ്സു കഴിഞ്ഞാൽ മാതാപിതാക്കളുടെ മാത്രം ഉത്തരവാദിത്തമായി, വീടുകളിൽ തളച്ചിടപ്പെടുന്ന സ്ഥിതിയാണ്. സ്വാഭാവികമായും തങ്ങളുടെ കാലശേഷം ഈ കുഞ്ഞുങ്ങളെ ആരു നോക്കും എന്ന ചിന്ത മാതാപിതാക്കളുടെ ഉള്ളിലൊരു വേവാകും.

അങ്ങനെ ഒരു വേവു നീറ്റിയപ്പോഴാണു കോഴിക്കോടുള്ള ബൗദ്ധികവെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിലുള്ള കുറെ കുട്ടികളുടെ അമ്മമാർ ചേർന്ന് അന്നത്തെ കളക്ടറായിരുന്ന എൻ. പ്രശാന്തിനെ കണ്ട് ‘ഒന്നുകിൽ ഞങ്ങളുടെ കുട്ടികളെ കൊന്നുതരണം, അല്ലെങ്കിൽ രക്ഷപെടുത്തണം’ എന്നപേക്ഷിക്കുന്നത്. അതിനെ തുടർന്നാണ് 2015 ൽ യുഎൽസിസിഎസിന്റെ ഫണ്ടിങ് സഹായത്തോടെ വി. ആർ. നായനാർ എന്ന സ്വാതന്ത്ര്യസമര സേനാനി സ്ഥാപിച്ച ബാലികാമന്ദിരം പുതുക്കിപ്പണിത്, യുഎൽസി കെയർ നായനാർ സദനം എന്ന പേരിൽ, ബൗദ്ധിക വെല്ലുവിളി നേരിടുന്ന മുതിർന്ന കുട്ടികൾക്കായുള്ള പരിശീലനകേന്ദ്രമാക്കി മാറ്റിയത്.

25 പേർക്കു തൊഴിൽ പരിശീലനം നൽകി ജോലി കണ്ടെത്താമെന്ന ചിന്തയോടെ തുടങ്ങിയ ഈ പ്രൊജക്ടിലൂടെ ഇന്നു 150Ð ഒാളം കുട്ടികൾ കോഴിക്കോടു ജില്ലയിലെ 30 ഒാളം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ക്ലിനിക്കുകൾ, ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, ലാബുകൾ, ബേക്കറികൾ, ഗാർഡനിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇവരുടെ സാന്നിധ്യമുണ്ട്.

ആവർത്തനസ്വഭാവമുള്ള, സങ്കീർണതകളില്ലാത്ത, അപകടസാധ്യത കുറഞ്ഞ ജോലികളാണ് ഇവർക്ക് അനുയോജ്യം. പരിശീലനത്തിനു പ്രത്യേകം കരിക്കുലമുണ്ട്. സ്പെഷൽ എജ്യുക്കേറ്റർമാരുടെ മേൽനോട്ടത്തിൽ കംപ്യൂട്ടർ, കരകൗശലവസ്തുക്കൾ നിർമിക്കൽ, കൈത്തറി തുണി നിർമാണം, മെഴുകുതിരി നിർമാണം എന്നിങ്ങനെ ഒട്ടേറെ തൊഴിലുകളിൽ പരിശീലനം നൽകുന്നു.

നല്ല മാറ്റങ്ങളിലേക്ക്

‘‘ ഒരിക്കൽ ഒരമ്മ കണ്ണീരോടെ എന്നോടു പറഞ്ഞു- ഞാൻ മരിക്കും മുൻപേ ഇവനെ അങ്ങു വിളിക്കണമെന്നാണെന്റെ പ്രാർഥന. അല്ലെങ്കിൽ എന്റെ കാലശേഷം എന്റെ കുഞ്ഞ് എന്തു ചെയ്യും?

ഇന്ന് അവൻ കോഴിക്കോട്, ഒരു പ്രമുഖ ആശുപത്രിയുടെ ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. അവന്റെ അമ്മയ്ക്കു കാൻസർ വന്നപ്പോൾ ചികിത്സാചെലവു വഹിച്ചത് അവനാണ്. ഇങ്ങനെ ഒട്ടേറെ പോസിറ്റീവായ മാറ്റങ്ങളാണു ഞങ്ങൾ ദിവസവും കാണുന്നത്’’Ð ഡോ. ജയരാജ് പറയുന്നു.

‘‘തുടക്കത്തിൽ, ഇവർക്കു തൊഴിൽ പരിശീലനം നൽകി മറ്റുള്ളവർക്കൊപ്പം ജോലി ചെയ്യിക്കാം എന്നു പറഞ്ഞപ്പോൾ, അതു നടക്കില്ലെന്നായിരുന്നു ഭൂരിപക്ഷം അഭിപ്രായം. പക്ഷേ, ഇപ്പോൾ നോക്കൂ, ആളുകളുമായി ഇടപഴകി ജീവിക്കാൻ തുടങ്ങിയതോടെ ഇവരുടെ ബൗദ്ധിക-സാമൂഹിക ശേഷികളിലൊക്കെ പോസിറ്റീവായ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഇന്ന്, ഇവരിൽ പലരും കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളാണ്. ചിലർ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി, സ്വന്തമായി വാഹനം വാങ്ങി. കുടുംബത്തിൽ വിവാഹം, വീടുപണി പോലെ പ്രധാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ അന്തസ്സോടെ ഒരു വിഹിതം നൽകുന്നത്ര, കാര്യങ്ങൾ പുരോഗമിച്ചിട്ടുണ്ട്.

ഇവർക്കു പരിശീലനം നൽകി പുറംലോകത്തേക്കു വിടുന്നതോടെ ഉത്തരവാദിത്തം തീർന്നു എന്നു കയ്യൊഴിയുന്നില്ല. കൃത്യമായ ഫോളോ അപ്പും നൽകുന്നുണ്ട്. ജോലിസ്ഥലത്ത് എന്തെങ്കിലും ഒരു പ്രതിസന്ധി കുട്ടികൾക്കുണ്ടായാൽ ഞങ്ങൾ ബന്ധപ്പെടുകയും വേണ്ടുന്ന പിന്തുണ നൽകുകയും ചെയ്യും. ’’ ഡോ. ജയരാജ് പറയുന്നു.

സുഗതകുമാരി എഴുതിയതു പോലെ‘ ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ, ആരുണ്ട് ദൈവവുമൊരമ്മയും...’ എന്ന അവസ്ഥയിലാണിവർ. സംഘടിക്കാനോ സമ്മർദം ചെലുത്താനോ കഴിയാത്ത ഇവരെ കാണുവാൻ സമൂഹവും സർക്കാരും കണ്ണുതുറക്കും വരെ ഈ തിരിനാളങ്ങളുടെ പ്രകാശമെങ്കിലും അവർക്കു വെളിച്ചമാകട്ടെ.

English Summary:

Empowering lives through Sargasheshi in Kozhikode. This unique craft shop provides meaningful employment and a supportive environment for individuals with Down syndrome, fostering their confidence and independence.

ADVERTISEMENT