എണ്ണയില്ലാതെ പാചകം െചയ്യാൻ ഇതാ 10 വഴികൾ Ten methods for no oil cooking
Mail This Article
ആരോഗ്യപാചകം ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഒന്നാണ് എണ്ണ ഉപയോഗിക്കാത്ത പാചകം അഥവാ നോ ഒായിൽ കുക്കിങ്. എണ്ണയുെട ഉപയോഗം കുറച്ചു മീനും മാംസവും മറ്റും വറുത്തെടുക്കാൻ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങളും പാചകരീതികളും നിലവിലുണ്ട്. അവ എന്തെല്ലാമെന്നു മനസ്സിലാക്കാം.
∙ ആവിയിൽ വേവിക്കാം : ആവിയിൽ ഭക്ഷണം വേവിക്കുന്നത് വളരെ സുപരിചിതമായ ഒന്നാണ്. ഇഡ്‌ലി, ഇടിയപ്പം, പച്ചക്കറികൾ എന്നിവയൊക്കെ ആവിയിൽ വേവിച്ചെടുക്കാം. കുറഞ്ഞ സമയം കൊണ്ടു പോഷക ഗുണങ്ങളും, നിറവും, മണവും, രുചിയുമൊന്നും പോകാതെ തന്നെ വേവിച്ചെടുക്കാം. ദഹനവും എളുപ്പമാണ്.
∙ മറ്റൊരു മാർഗം പ്രഷർകുക്കർ കൊണ്ട് അധികസമ്മർദത്തിലുള്ള ആവി കൊണ്ടുള്ള പാചകമാണ്. ഇതിൽ അണുനശീകരണവും നടക്കും. ഇത്തരം ഭക്ഷണം സുരക്ഷിതവും ശുചിത്വമുള്ളതുമാണ്. സമയം, ഇന്ധനം, ഊർജം എല്ലാം കുറച്ചേ വേണ്ടൂ.
∙ വെറുതെ വെള്ളത്തിലിട്ട് അല്ലെങ്കിൽ പാലിൽ ഇട്ടു തിളപ്പിച്ചു വേവിക്കുന്ന രീതിയിലും എണ്ണ വേണ്ട. അരി, പരിപ്പ്, മാംസം, കിഴങ്ങു വർഗം, മുട്ട എന്നിവ ഇങ്ങനെ പാകപ്പെടുത്താം. എന്നാൽ വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ നഷ്ടപ്പെടാനിടയുണ്ട് എന്നത് ഒരു പരിമിതിയാണ്.
∙ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് എണ്ണയില്ലാതെ പാചകം ചെയ്യാം. ടെഫ്ലോൺ കോട്ടിങ് ഉള്ളവയാണ് പ്രചാരത്തിലുള്ളത്. നോൺ കാർബണൈസിങ് ടെഫ്ലോൺ, നോൺസ്റ്റിക് സെറാമിക് (Non Carbonising Teflon, Nonstick Ceramic) എന്നിവ സുരക്ഷിതമാണെന്നു പറയുന്നു. PFA (Per and Poly Fluoro Alkyl substance) ഇല്ലാത്ത ആവരണമാണ് സുരക്ഷിതം. മുട്ട, ദോശ, ചപ്പാത്തി, അപ്പം എന്നിവയൊക്കെ നോൺസ്റ്റിക് പാനിൽ ഉണ്ടാക്കിയെടുക്കാം. എണ്ണയുടെ ആവശ്യമില്ല.
∙ റോസ്റ്റിങ് (Roasting): എണ്ണയില്ലാതെ നേരിട്ടു ചൂടു ചട്ടിയിൽ കപ്പലണ്ടി വറുത്തെടുക്കാൻ പറ്റും. രുചികരവും ഭക്ഷണപദാർഥത്തിന്റെ ഘടനയും രൂപവും മെച്ചെപ്പടുന്നതുമാണ് ഈ പാചകം. കടല, കപ്പലണ്ടി എന്നിവയിലെ പ്രോട്ടീൻ ലഭ്യത കുറയും ഇത്തരത്തിൽ വറുത്താൽ.
∙ ഗ്രില്ലിങ് (Grilling) - പപ്പടം, ഫുൽക്ക, ചിക്കൻ എന്നിവ നേരിട്ടു തീയിൽ പൊരിച്ചെടുക്കുന്ന രീതിയാണിത്. എണ്ണ വേണ്ട. രുചിയും മണവും നിലനിർത്തും. എണ്ണയ്ക്കു പകരം കുരുമുളകുപൊടി, ഉപ്പ്, കറിവേപ്പില , മല്ലി, മുളക് എന്നിവ പുരട്ടാം.
∙ ടോസ്റ്റിങ് (Toasting) - ചൂടാക്കിയ രണ്ടു പ്രതലങ്ങൾക്കിടയിൽ വച്ചു മൊരിച്ചെടുക്കുന്ന രീതിയാണ്. ബ്രെഡ് സാൻവിജ് ഇങ്ങനെയുണ്ടാക്കാം.
∙ സോളാർ ഹീറ്റർ (Solar Heater) - ആരോഗ്യത്തിന് ഹാനികമല്ലാത്ത പാചക ഉപകരണമാണിത്. സൂര്യരശ്മികൾ കൊണ്ട് മാത്രം ഭക്ഷണം പാചകം ചെയ്തെടുക്കുന്ന രീതിയാണ്.
∙ മൈക്രോവേവ് അവ്ൻ (Microwave Oven)- ബേക്കിങ് എന്ന പാചകരീതിയാണ് പ്രധാനമായും അവ്നിൽ ചെയ്യുന്നത്. അതിനുള്ളിൽ വയ്ക്കാൻ ഉതകുന്ന പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇറച്ചി, മത്സ്യം, പച്ചക്കറികൾ ഇവയും അവ്നിൽ പാകപ്പെടുത്തി എടുക്കാം. എണ്ണ ഉപയോഗത്തിലില്ലെങ്കിലും ഭക്ഷണത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന്റെ കൂടെ വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ നഷ്ടപ്പെടും.
∙ എയർ ഫ്രൈയർ – എണ്ണയുടെ ഉപയോഗം ആവശ്യമില്ലാത്ത പാചകരീതിയാണ് എയർ ഫ്രൈയർ ഉപയോഗിച്ചുള്ളത്. ഭക്ഷണത്തിലടങ്ങിയ കാലറി 70-80 ശതമാനം വരെ വെട്ടി കുറയ്ക്കാൻ ഈ ഉപകരണത്തിലെ പാചക രീതിയ്ക്കു കഴിയും. ഭക്ഷണത്തിലെ സ്വാഭാവിക കൊഴുപ്പിനെ, മാംസത്തിൽ നിന്നു മാറ്റി കളയാനള്ള സാങ്കേതികത ഈ ഉപകരണത്തിലുണ്ട്. എണ്ണ ഉപയോഗിക്കുന്നതിനു പകരം മുളകു ചതച്ചത്, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില, മല്ലി എന്നിവ പച്ചക്കറികളിലും മാംസത്തിലും വിതറുന്നതു ഭക്ഷണത്തിനു രുചി കൂട്ടും.
ഡോ. ബി. സുമാദേവി
ഇഎസ്ഐസി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ
കൊല്ലം