പൂക്കളെന്നാൽ അഴകും സൗരഭ്യവും മാത്രമാണെന്നു കരുതിയോ ? അവ ഫലപ്രദമായ മരുന്നുകൾ കൂടിയാണ് Medicinal Flowers & Uses
Mail This Article
മനം മയക്കുന്ന അഴകും സൗരഭ്യവും മാത്രമല്ല പൂക്കളുടെ സവിശേഷത. വിവിധ രോഗങ്ങളുടെ ചികിത്സയിൽ പൂക്കൾക്കു തനതായ പ്രാധാന്യം ഉണ്ടെന്ന് ആയുർവേദം പറയുന്നു.
അത്രമേൽ മനോഹരമായ ഒരു വസ്തുവിനെ പൂവിനോടാണു നാം ഉപമിക്കുക. പൂവു പോലെ എന്നു പറയുമ്പോൾ അഴകും മൃദുലതയും സൗരഭ്യവും ഒരുമിക്കുകയായി. മനം കവരുന്ന അഴകും സാമീപ്യത്തിലെ സൗരഭ്യവും മാത്രമല്ല പൂക്കൾ. ചില പൂക്കൾ സൗഖ്യദായകങ്ങളുമാണ്. പുഷ്പവൃതിയും ദളപുടവും കേസരപുടവും ജനിയും ചേർന്നതാണല്ലോ ഒരു പൂവ്. ഈ ഭാഗങ്ങളെല്ലാം മരുന്നുകൾക്കു വേണ്ടി ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ പൂക്കളും മരുന്നുകളാണെന്നല്ല പറയുന്നത്. ചില പൂക്കൾക്കു മാത്രമേയുള്ളൂ ഈ സിദ്ധി. ഇത്തരത്തിലുള്ള ഒട്ടെറെ പൂക്കളെക്കുറിച്ച് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
പൂവല്ല സമൂലം പ്രധാനം
“പൂക്കള്‍ കൊണ്ടു മാത്രം ചികിത്സിക്കുക ആയുര്‍വേദത്തിൽ അപൂർവമാണെന്നു തന്നെ പറയാം. കാരണം ആയുർവേദത്തിൽ പൂവിനേക്കാളും ചെടിക്ക് അതായതു സമൂലത്തിനാണു പ്രാധാന്യം. അതിൽ പൂവ്, തണ്ട്, വേര്, കായ തൊലി ഇതെല്ലാം ഉൾപ്പെടുന്നു. ഫലത്തിലേക്കുള്ള ചെടിയുടെ യാത്രയുടെ ഭാഗമാണല്ലോ പൂവ്. ചെടിയുടെ ഇലയ്ക്കും തൊലിയ്ക്കും ഉള്ള ഗുണങ്ങൾ പൂവിനും ഉണ്ട്.
ആസവാരിഷ്ടങ്ങളിൽ താതിരിപ്പൂവ് എന്നൊരു പൂവ് ചേർക്കാറുണ്ട്. ചെമ്പകപ്പൂവും ചെമ്പരത്തിയുമൊക്കെ മരുന്നു കൂട്ടുകളുടെ ഭാഗവുമാണ്. ഒട്ടേറെ പൂക്കളുടെ ഔഷധഗുണങ്ങൾ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്.” – ആയുർവേദ ചികിത്സകനായ ഡോ. വെളിഞ്ഞിൽ വിഷ്ണു നമ്പൂതിരി പറയുന്നു.
“പല ഔഷധച്ചെടികളുടെയും പൂവുകൾ മാത്രമായല്ല സമൂലം തന്നെ ഉപയോഗിക്കുന്നു. വേര്, തണ്ട്, ഇലകൾ അങ്ങനെ”... കണ്ണൂർ പരിയാരം ഗവ. ആയുർവേദ കോളജിലെ അസി. പ്രൊഫസറായ
ഡോ. മധുവും പറയുന്നു.
തുളസിക്കതിരും വില്വാദിയും
തുളസിക്ക് ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട്. തുളസിയുടെ പൂവ് മാത്രമായി വിഷശമനത്തിനുള്ള ചില മരുന്നുകളിൽ ഉപയോഗിക്കുന്നു. വില്വാദി ഗുളിക തയാറാക്കുന്നതിന് തുളസിപ്പൂവ് അഥവാ തുളസിക്കതിരും ഉയോഗിക്കുന്നുണ്ട്. ‘വില്വാസ്യമൂലം സുരസസ്യ പുഷ്പം’ എന്നാണു പറയുന്നത്. സുരസം എന്നതു തുളസിയാണ്. സുരസസ്യ പുഷ്പം എന്നാൽ തുളസിയുടെ പൂവ്. വയറിലും തൊലിപ്പുറത്തുമുണ്ടാകുന്ന വിഷാവസ്ഥകളിൽ വില്വാദിഗുളിക അരച്ചു പുരട്ടുന്നത് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു.
തുളസിപ്പൂവ് അഥവാ തുളസിക്കതിർ മഞ്ഞളിലും കാടിവെള്ളത്തിലും മോരിലും പാലിലും ചേർത്തു പുരട്ടുന്നത് ചർമ്മത്തിലെ അലർജി, കുമിളകൾ ഇവ കുറയുന്നതിന് ഉത്തമമാണ്. ഇവ മുറിവിലും പുരട്ടാം. ചുമ, കഫക്കെട്ട് എന്നീ രോഗാവസ്ഥകളിൽ തുളസിയുടെ പൂവിട്ടു വെന്ത വെള്ളം കുടിക്കാം. പൂവ് തേനിൽ ചാലിച്ചു കഴിക്കാം.
ചെമ്പരത്തിപ്പൂവെന്ന മരുന്ന്
ചെമ്പരത്തിപ്പൂവ് ചേർത്തു കാച്ചുന്ന വെളിച്ചെണ്ണ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണെന്ന് മിക്കവർക്കും അറിയാം. “രക്തപ്രസാദമില്ലാത്തവർക്ക് രക്തശുദ്ധി ലഭിക്കുന്നതിന് ചെമ്പരത്തിപ്പൂവ് തിളച്ച വെള്ളത്തില്‍ ചതച്ചിട്ടു കുടിക്കുന്നതു നല്ലതാണത്രേ. ഈ പാനീയത്തിനു ചുവന്ന നിറമാണ്. ചൂടാറിക്കഴിയുമ്പോൾ ഇതു തേനൊഴിച്ചു കുടിക്കാം. ഇത് ഉഷ്ണകാലത്തും കുടിക്കാം. ശരീരത്തിനു തണുപ്പും ചർമ്മത്തിന് ആരോഗ്യവും പകരും.” ഡോ. പി.എം. മധു വിശദമാക്കുന്നു.
മുടിക്കു ബലവും നിറവും നൽകുന്നതിനു ചെമ്പരത്തിപ്പൂവ് അരച്ചു താളിയാക്കി ഉപയോഗിക്കാം. ചൊറി, ചിരങ്ങ്. ചെറിയ മുറിവുകൾ മുതലായ ചർമരോഗങ്ങൾക്കു ചെമ്പരത്തിപ്പൂവരച്ച് അതു ചേർത്തു വിധി പ്രകാരം വെളിച്ചെണ്ണ കാച്ചി ശരീരമാസകലം പുരട്ടാം.
“ആർത്തവരക്തം അധികമാകുന്നതു പോലുള്ള രക്തസ്രാവ പ്രശ്നങ്ങൾ തടയുന്നതിന് നാലോ അഞ്ചോ ചെമ്പരത്തിപ്പൂവും മൊട്ടും അരച്ചു പാലില്‍ ചേർത്തു കിടക്കാൻ നേരം കഴിക്കുന്നതു നല്ലതാണ്. എന്നാൽ കുട്ടികൾക്കായി തയാറെടുക്കുന്നവർ ചെമ്പരത്തിപൂവ് ഉപയോഗിക്കുന്നതു നല്ലതല്ല എന്ന് ആയുർവേദം പറയുന്നുണ്ട്.” ചേരാനല്ലൂർ വെളിഞ്ഞഇൽ ഔഷധശാലയിലെ ഫിസിഷനായ ഡോ. നന്ദജ പറയുന്നു. രക്തസ്രാവം നിർത്തുന്നതിനു െചമ്പരത്തിപ്പൂവ് സഹായകമാകുന്നു എന്നതാണ് ഇതിന്റെ കാരണം. ചെമ്പരത്തിയുടെ പൂവിനും ഇലയ്ക്കും തൊലിയ്ക്കും ഒരേ ഗുണമാണത്രേ.
ചെമ്പരത്തിപ്പൂവ് ചേർത്ത എണ്ണ
കുട്ടികളുടെ ചർമത്തിലുണ്ടാകുന്ന നിറം മാറ്റങ്ങൾ ഒട്ടേറെ കാരണങ്ങൾകൊണ്ടാകാം. ഫംഗസ്–ബാക്ടീരിയൽ ബാധ ഒക്കെ ഇതിനു കാരണങ്ങളാകാം. ചെത്തിപ്പൂവു തേങ്ങാപ്പാലിൽ അരച്ചു നിറം മാറ്റം വന്ന ചർമത്തിൽ പുരട്ടിയാൽ രോഗശമനം ലഭിക്കും. വെളിച്ചെണ്ണ കാച്ചുമ്പോൾ ചെത്തിപ്പൂവ് ചേർക്കാറുണ്ട്. മലമ്പ്രദേശങ്ങളിൽ പാറക്കൂട്ടങ്ങളിൽ വളരുന്ന ഒരു ചെത്തിയാണ് ഔഷധയോഗ്യമായി ആയുർവേദം പരിഗണിക്കുന്നത്. ‘നല്ല ചെത്തി’ എന്നാണിത് അറിയപ്പെടുന്നത്. ഈ ചെത്തിയിൽ അധികം പൂക്കൾ ഉണ്ടാകില്ല. വലിയ മരമായി വളരുകയുമില്ല. നല്ല ചെത്തിയുടെ പൂവ്. ചീനപ്പാവ് (സ്മൈലാക്സ്) മല്ലി ഇവ തുല്യ അളവിലെടുത്ത് അരച്ച് മൂന്നു ഗ്രാം വീതം മൂന്നു ദിവസം കഴിച്ചാൽ കോളറ (അതിസാരം) പോലുള്ള രോഗങ്ങൾ ശമിക്കുമെന്ന് ആയുർവേദം വിശദമാക്കുന്നു.
നല്ല ചെത്തിയുടെ പൂവ് ചേർത്ത് എണ്ണ കാച്ചിയാൽ കുട്ടികൾക്കു നല്ലതാണ്. ഉദരരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്. ചൊറി, ചിരങ്ങ് എന്നിവ ശമിക്കുന്നതിനും ചെത്തിപ്പൂവു ചേർത്ത എണ്ണ ഉത്തമമാണ്.
ദശപുഷ്പങ്ങൾ പൂവു മാത്രമല്ല
ഔഷധങ്ങളായി ഉപയോഗിക്കുന്ന പത്തു ചെടികളെയാണ് ദശപുഷ്പങ്ങള്‍ എന്നു പറയുന്നത്. കറുക, മുക്കുറ്റി. ചെറുമ, മുയൽചെവിയൻ, പൂവാങ്കുരുന്നില, കയ്യന്യം, ഉഴിഞ്ഞ, തിരുതാളി, നിലപ്പന, കൃഷ്ണക്രാന്തി എന്നിവയാണവ. പുഷ്പം എന്നു പറയുന്നുണ്ടെങ്കിലും ഇലകൾക്കാണു പ്രാധാന്യം. പുരാതന കാലം മുതൽ ദശപുഷ്പം ചൂടുക എന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണു കാണുന്നത്. ശരീരത്തെ ബാധിക്കുന്ന
അണുബാധയെ വരെ നശിപ്പിക്കുന്നതിനുള്ള കഴിവു ദശപുഷ്പം ചൂടുന്നതിലൂടെ ലഭിക്കുന്നു എന്നാണു വിശ്വാസം. ദശപുഷ്പങ്ങൾ ചേർത്തു മാല കെട്ടി ചൂടുകയാണു ചെയ്യുന്നത്. പ്രതിരോധശക്തി നേടുന്നതിനു കൂടിയാണ് ഈ അനുഷ്ഠാനം. കർക്കടക മാസത്തിൽ ദശപുഷ്പം ചൂടുന്നതുപോലെ മുക്കുറ്റി സമൂലം അരച്ചു നെറ്റിയിൽ തൊടാറുണ്ട്. കുട്ടികൾക്കു കൂടെക്കൂടെ പനിയും ജലദോഷവും വരാതിരിക്കുന്നതിനു ദശപുഷ്പം കൊണ്ട് എണ്ണ കാച്ചി തേയ്ക്കാറുണ്ട്. നമ്പൂതിരി സമുദായത്തിൽ പിറന്നാൾ ദിനത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം കണ്ണെഴുതി ദശപുഷ്പം ചൂടാറുണ്ട്. ദശപുഷ്പം കഫ പിത്തഹരമാണ്.
തുമ്പപ്പൂവും ആട്ടിൻപാലും
തുമ്പപ്പൂവും ജീരകവും ചേർത്ത് ചീനച്ചട്ടിയിൽ ചെറുതായൊന്നു വറുത്തെടുത്ത് അതിൽ അരഗ്ലാസ്/ഒരു ഗ്ലാസ് വെള്ളം ചേർത്തു തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് നാഡീസംബന്ധമായ പല രോഗങ്ങളിലും ഗുണകരമാണ്. ഉദാ. പെട്ടെന്നു ശരീരത്തിലുണ്ടാകുന്ന തരിപ്പ്, കടച്ചിൽ, തലചുറ്റൽ. തുമ്പപ്പൂവിന് അണുനാശക ശക്തിയുണ്ട്. ഇത് ജ്വരരോഗത്തിന് എതിരെ ഫലപ്രദമാണ്. കുട്ടികളെ വിരശല്യമകറ്റാൻ തുമ്പപ്പൂവ് ചേർത്തൊരു മരുന്നുണ്ട്. തുമ്പപ്പൂവ് ഒരു കൈപ്പിടിയെടുത്ത് അത് ആട്ടിൻപാലിൽ ചേർത്ത് രണ്ടോ മൂന്നോ ഗ്രാംപൂ കൂടി ചേർത്ത് തിളപ്പിച്ച് വറ്റിച്ചു കുട്ടികൾക്കു നൽകുക. ഉദരസംബന്ധമായ അസ്വസ്ഥ്യങ്ങൾ മാറുന്നതിനും ഈ പാൽ ഉത്തമമാണ്. പോഷണത്തിനും കഫം കുറയുന്നതിനും ഇതു ഗുണം ചെയ്യും. “ജനിച്ചയുടനെ മുലപ്പാലിനു പകരം മറ്റു പാൽ കൊടുക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾക്ക് ഇങ്ങനെ പാൽ നൽകുന്നത് മികച്ച പ്രതിരോധ ചികിത്സയാണ്” – ഡോ. വിഷ്ണു നമ്പൂതിരി പറയുന്നു.
കണ്ണിനു നന്ത്യാർവട്ടപ്പൂവ്
കണ്ണിൽ തളം വയ്ക്കാനുപയോഗിക്കുന്ന ചില മരുന്നു കൂട്ടുകളിൽ നന്ത്യാർവട്ടത്തിന്റെ പൂവ് ഉപയോഗിക്കാറുണ്ട്. നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് ആ വെള്ളം കൊണ്ടു കണ്ണുകൾ കഴുകുന്നതിലൂടെ കണ്ണിലുണ്ടാകുന്ന കുരു ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ശമിക്കും. നന്ത്യാർവട്ടത്തിന്റെ പൂവ് അരച്ച് അതിന്റെ നീര് കണ്ണിലൊഴിക്കാം. കൺകുരു, ചെങ്കണ്ണ്, കണ്ണിന്റെ ചൊറിച്ചിൽ എന്നിങ്ങനെ എല്ലാ നേത്രരോഗങ്ങൾക്കും ഇതു ഫലപ്രദമാണെന്ന് ആയുർവേദ ഗ്രന്ഥങ്ങള്‍ പറയുന്നു.
“യഥാർഥ നന്ത്യാർവട്ടം ഇന്ന് അപൂർവമായേ ലഭിക്കാറുള്ളൂ. ഔഷധഗുണത്തിന് യഥാര്‍ഥ നന്ത്യാർവട്ടം തന്നെ ഉപയോഗിക്കണം. നാലു കെട്ടുപുരയുടെ തച്ചു ശാസ്ത്രത്തിന്റെ കണക്കു പറയുമ്പോൾ നന്ത്യാർവൃത്തം എന്നു പറയാറുണ്ട്. അതുമായി ബന്ധപ്പെട്ടാണത്രേ പൂവിന് നന്ത്യാർവട്ടം എന്നുപേരു വന്നത്. നാല് ഇതളാണുള്ളത്. അധികം കറ ഉണ്ടാകില്ല പാലയുടെ വകഭേദത്തിൽ നന്ത്യാര്‍വട്ടം പോലൊരു പൂവ് നമ്മുടെ ചുറ്റുവട്ടത്തു കാണാം. അതിന്റെ കറ അലർജിയുണ്ടാക്കും. ഇത് നന്ത്യാാർവട്ടമാണെന്നു കരുതി ഉപയോഗിക്കുന്നത് അപകടകരമാണ് –ഡോ. വിഷ്ണു നമ്പൂതിരി ഓർമിപ്പിക്കുന്നു.
ശംഖുപുഷ്പം അരച്ചെടുത്ത്
ശംഖുപുഷ്പത്തിന്റെ പൂവ് പ്രധാനമായും മനസ്സിന്റെ രോഗങ്ങൾക്കുള്ള ചികിത്സകളിൽ ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ പൂവ് പാലിൽ തിളപ്പിച്ചു കുടിക്കാറുണ്ട്. വെള്ളം ചേർത്തു നേർപ്പിച്ച പാലാണ് ഉപയോഗിക്കേണ്ടത്. ഇത് നല്ല ഉറക്കം നൽകുന്നു. ചൂടുകാലത്ത് ശരീരത്തിനു തണുപ്പും നൽകുന്നു. ശംഖുപുഷ്പത്തിന്റെ പൂവ് ഒരു ഗ്രാം വീതം അരച്ചു ദിവസേന മൂന്നു നേരം തേനിൽ ചേർത്തു കഴിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവം കുറയും.
ചെമ്പകവും അശോകവും
ചെമ്പകപ്പൂവ് അരച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്തസ്രാവത്തിനു ഫലപ്രദമായ മരുന്നാണ്. ചെമ്പകപ്പൂവ്–കഫത്തെയും വിഷത്തെയും ശമിപ്പിക്കുന്നു,
അമിതരക്തസ്രാവം നിർത്താൻ അശോകത്തിന്റെ പൂവ് സഹായിക്കുന്നു. അശോകത്തിന്റെ പൂവ് പാലിൽ അരച്ചു കഴിക്കുന്നതും അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ, ചൊറി ഇവയ്ക്കും മുതിർന്നവർക്കുണ്ടാകുന്ന ചില ചർമരോഗങ്ങൾക്കും അശോകത്തിന്റെ പൂവ് കൽക്കമാക്കി വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുന്നതു ഫലപ്രദമാണ്.
നിശാന്ധതയകറ്റും താമരയും ആമ്പലും
വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ അരച്ച് കൺപോളയുടെ ചുറ്റും പുരട്ടിയാൽ നിശാന്ധത അഥവാ രാത്രിയിൽ കാഴ്ചയില്ലാത്ത അവസ്ഥയ്ക്കു നല്ലൊരു പരിഹാരമാണ്. രക്തപിത്തം അഥവാ ശരീരത്തിലുണ്ടാകുന്ന രക്തസ്രാവം നില്‍ക്കുന്നതിനു താമരയുടെ പൂവ് ചതച്ചു പിഴിഞ്ഞ നീര് തേൻ ചേർത്തു കഴിക്കാം. താമരപ്പൂവിട്ടു വെന്ത വെള്ളവും കുടിക്കാം. വാതപിത്തവികാരങ്ങളുടെ ചികിത്സയിൽ താമരപ്പൂവ് ഫലപ്രദമാണ്. ഗർഭാശയ ശുദ്ധി, ല്യൂക്കോറിയ, ബീജപുഷ്ടി എന്നിവയ്ക്കു താമരപ്പൂവു ചേർന്ന മരുന്നുകൾ നല്ലതാണ്. വിഷചികിത്സയ്ക്കും ഇത് ഉത്തമമമാണ്. ഇതു ശരീരം തണുപ്പിക്കും. പഞ്ചാരവിന്ദം എന്നൊരു രസായനമുണ്ട്. പൂവ്, കായ, തണ്ട്, കിഴങ്ങ്... എന്നിങ്ങനെ താമരയുടെ അഞ്ചുഭാഗങ്ങൾ ചേർത്തു കഷായം വച്ച് പിഴിഞ്ഞെടുത്ത് അതിൽ നെയ് ചേർക്കുന്നതാണ് പഞ്ചാരവിന്ദഘൃതം. ഇതിലേക്കു കൽക്കണ്ടം കൂടി ചേർക്കുമ്പോൾ പഞ്ചാവിന്ദ രസായനമാകുന്നു. താമരപ്പൂവ് പിത്ത രക്ത കഫങ്ങൾ കുറയ്ക്കുമെന്നു പറയുന്നു.
നടുവിനു തെങ്ങിൻ പൂക്കുല
പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട ചികിത്സകളിലാണു തെങ്ങിൻ പൂക്കല ഉപയോഗിക്കുന്നത്. പ്രസവശേഷം പെൽവിക് മസിലുകളെ പൂർവസ്ഥിതിയിലേക്കു കൊണ്ടു വരുന്നതിനും ഈ മസിലുകളുടെ ബലക്ഷയം കൊണ്ടുണ്ടാകുന്ന നടുവേദന പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും തെങ്ങിൻ പൂക്കുല ചേർന്ന മരുന്നുകൾ ഉദാ. തെങ്ങിൻ പൂക്കലാദി ലേഹ്യം പോലുള്ളവ ഫലപ്രദമാണ്. ഗർഭാശയ രോഗവുമായി ബന്ധപ്പെട്ടു തെങ്ങിൻ പൂക്കുലാദി ലേഹ്യം നൽകുന്നു. ഇവ അസ്ഥിക്കു ബലമേകുന്നു. കാൽസ്യം സമൃദ്ധമായി നൽകുന്നു. പ്രസവരക്ഷയിൽ ഇതു പ്രധാനമാണ്.
മുക്കുറ്റിയും പിച്ചകവും
മുക്കുറ്റിയുടെ പൂവ് മാത്രമല്ല സമൂലം കഴുകി പാലിൽ അരച്ചു കഴിക്കുന്നതു രക്തസ്രാവ സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നു. പിച്ചകത്തിൽ കാട്ടു പിച്ചകമാണ് ഔഷധഗുണമുള്ള പൂവ്. ഇതിുനെ പൊതുവേ ജാതി എന്നാണു വിളിക്കുന്നത്. ഇതന്റെ പൂവ് മനോരോഗചികിത്സയിൽ ഉപയോഗിക്കുന്ന കല്യാണകഘൃതത്തിൽ ചേർക്കുന്നുണ്ട്. ചരക സംഹിതയിൽ കല്യാണകഘൃതം പനിയുടെ ചികിത്സയിലാണ് പ്രതിപാദിക്കുന്നത്. എന്നാൽ അഷ്ടാംഗഹൃദയത്തിൽ കല്യാണഘൃതത്തെ പ്രതിപാദിക്കുന്നത് മാനസിക പ്രശ്നങ്ങൾ, അപസ്മാരം, ഉന്മാദം എന്നിവയുടെ ചികിത്സയിലാണ്.
ഉമ്മത്തിൻ പൂവും പെരുവും
ഉമ്മത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ച് അതു തുണിയിൽ വിതറി അതു ചുരുട്ടി കോൺ പോലൊരു ഉപകരണത്തിന്റെ സഹായത്തോടെ തീ കത്തിച്ചു വലിക്കുക. ഇത് ബ്രോങ്കിയൽ ആസ്മയ്ക്കു ഫലപ്രദമാണ്.
പെരു എന്നത് വെളുത്ത നിറമുള്ള കൃഷ്ണ കീരീടമാണ്. കുട്ടികൾക്കുണ്ടാകുന്ന ഗ്രഹണി രോഗത്തിന് ഏത്തപ്പഴം തൊലി നീക്കി പെരുവിന്റെ ഇലയിൽ പൊതിഞ്ഞു ചെമ്പിന്റെ കുഴലിൽ വച്ചു തീയിലിട്ടു ചുട്ട് ആ പഴം ഇലകളഞ്ഞ് നാരു നീക്കി കുട്ടികൾക്കു നല്‍കാം.
മുരിങ്ങപ്പൂവും മന്ദാരപ്പൂവും
കൃമി, കഫം ഇവയെ ഇല്ലാതാക്കുന്നതിനു മുരിങ്ങപ്പൂവിനു കഴിയും. നേത്രരോഗങ്ങൾക്കും നല്ലതാണ്. മുരിങ്ങപ്പൂവ് വെന്തെടുത്ത വെള്ളം കൊണ്ടു മുഖം കഴുകാം. വിരളമായി എരിക്കിൻ പൂവും ചികിത്സയിൽ ഉപയോഗിക്കുന്നു. വാഴയുടെ പൂവ് ശീതളമാണ്. ഇത് വാതവും പിത്തവും ശമിപ്പിക്കുന്നു. ഇലഞ്ഞിപ്പൂവ് തണുപ്പാണ്. വിഷത്തെ ഇല്ലാതാക്കാൻ ഇത് ഉത്തമമാണ്.
മാമ്പൂവ് രുചി നൽകുമെന്നു പറയാറുണ്ട്. മാമ്പൂവ്, ത്രിഫല, മരുതിൻപട്ട, കുന്നിവേര്, ഇവയോരൊന്നും പത്തുഗ്രാം വീതം എടുത്തു പൊടിച്ച് അരച്ച് കറ്റാർവാഴച്ചാറിൽ ചേർത്തു വെള്ളത്തിൽ കലക്കി എണ്ണ ചേർത്തു വിധി പ്രകാരം കാച്ചി തലയിൽ തേച്ചാൽ മുടി കറുക്കും. മുടി കൊഴിച്ചിൽ കുറയും. ഈ തൈലം മാമ്പു തൈലം എന്നാണ് അറിയപ്പെടുന്നത് – ഡോ. എസ് നേശാമണിയുടെ ഔഷധ സസ്യങ്ങൾ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ചു പറയുന്നു. മന്ദാരം പിത്തത്തെ കുറയ്ക്കുന്നതായി ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നു.
പൂക്കളും എസൻഷ്യൻ ഓയിലുകളും ചേർത്തുള്ള ഫ്ളവർ ബാത്തുകളുടെ കാലമാണിത്. പൂവിതളുകളുടെ സ്പർശം തന്നെ സൗഖ്യമേകുന്നുവെന്നു നാം കരുതുന്നു. പൂക്കൾ നേരിട്ടു മരുന്നു കൂട്ടുകളാകുമ്പോൾ അതു കൂടുതൽ സൗഖ്യദായകമാകുന്നു.
