ഈ കപ്പ പ്രമേഹരോഗികൾക്കും കഴിക്കാം; നീരാളിക്കപ്പയെക്കുറിച്ചുള്ള പ്രചാരണത്തിനു പിന്നിൽ... The Truth About 'Octopus' Tapioca and Diabetes
Mail This Article
നീരാളിയോടു സാമ്യമുള്ള ഇലയുള്ള നീരാളിക്കപ്പ എന്ന ഒരിനം മധുരത്തിന്റെ അംശം കുറവുള്ളതാണെന്നും പ്രമേഹരോഗികൾക്ക് എത്ര വേണമെങ്കിലും കഴിക്കാവുന്നതാണ് എന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ?
ഈ പ്രചാരണത്തിൽ തരിമ്പും സത്യമില്ല എന്നതാണ് യാഥാർഥ്യം. സത്യത്തിൽ പ്രമേഹരോഗികൾ കപ്പ കഴിക്കരുത് എന്നു പറയാനുള്ള പ്രധാനകാരണം തന്നെ അതിന്റെ ഗ്ലൈസീമിക് ഇൻഡ്ക്സ് കൂടുതലാണെന്നതു കൊണ്ടാണ്. അതായത് കപ്പ കഴിച്ചാൽ വലിയ താമസമില്ലാതെ തന്നെ അതു ദഹിച്ച് രക്തത്തിലേക്ക് ഷുഗർ പെട്ടെന്നു തന്നെ വ്യാപിക്കും. അതോടെ രക്തത്തിലെ പഞ്ചസാര പൊടുന്നനെ ഉയരും. ഗ്ലൈസീമിക് ഇൻഡ്ക്സ് കുറവായ കപ്പയിനം ഇതേവരെ വികസിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഒരുതരം കപ്പയും പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ല.
നീരാളിയുടെ ആകൃതി ഇലയ്ക്കുണ്ടെന്നതു വലിയ കാര്യമില്ല. യഥാർഥത്തിൽ ആറ്, ഏഴ് തരം ഇലകളുള്ള കപ്പ ഇനങ്ങളുണ്ട്. കപ്പയിൽ മധുരത്തിന്റെ അംശം കുറവാണ് എന്നു സന്ദേശത്തിൽ പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് അന്നജത്തിന്റെ കാര്യമാകണം.
മേൽപറഞ്ഞ ഒരു കപ്പ സാംപിൾ തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിറ്റിസിആർഐ) ലഭിച്ചിരുന്നു. അതിന്റെ ജൈവരാസഘടന വിശകലനം ചെയ്യുകയും ചെയ്തു. അന്നജം അൽപം കുറഞ്ഞ ഇനമാണെന്നു കണ്ടു. പക്ഷേ, ഗ്ലൈസീമിക് ഇൻഡക്സ് കൂടുതൽ തന്നെയാണ്. അതുകൊണ്ട് പ്രമേഹരോഗികൾ അതു കപ്പ ഇനമാണെങ്കിലും അളവിൽ കൂടുതൽ കഴിച്ചാൽ ദോഷം തന്നെയാണ്.
കപ്പ സാംപിളുകൾ പരിശോധിക്കണമെന്നുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂൂട്ടിൽ തന്നെയുള്ള ക്രോപ് യൂട്ടിലൈസേഷൻ വിഭാഗത്തെ സമീപിക്കാം. ബന്ധപ്പെടുക: 0471 2598551
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ഷീല
ഹെഡ്, ക്രോപ് ഇംപ്രൂവ്മെന്റ് ഡിവിഷൻ
സിറ്റിസിആർഐ, തിരുവനന്തപുരം
