പ്രമേഹരോഗികളിലെ തരിപ്പും മരവിപ്പും; ഉടൻ ഫലത്തിനു കിഴികൾ മുതൽ വീട്ടുചികിത്സകൾ വരെ Ayurveda Remedies for Diabetic Neuropathy
Mail This Article
ഏതുരോഗത്തെയും വാതം പിത്തം കഫം എന്നീ ത്രിദോഷങ്ങളിൽ ഒന്നിന്റെ താളംതെറ്റലിന്റെ ഫലമായാണ് ആയുർവേദം കാണുന്നത്. കഫദോഷ അസന്തുലിതാവസ്ഥയാണു പ്രമേഹത്തിനു കാരണമെങ്കിലും പ്രമേഹം പെട്ടെന്നു തന്നെ വാതികമായി മാറാം. അപ്പോഴാണു പ്രമേഹം ഞരമ്പുകളെ ബാധിച്ചു തുടങ്ങുന്നത്. പ്രമേഹം നാഡീഞരമ്പുകളെ ബാധിക്കുന്ന അവസ്ഥയാണല്ലൊ ഡയബറ്റിക് ന്യൂറോപ്പതി.
ഇതൊരു വാതസംബന്ധമായ ഒരു പ്രശ്നമായതിനാൽ ചികിത്സയും വാതത്തെ ലക്ഷ്യം വച്ചുകൊണ്ടാണുള്ളത്.
ആദ്യമായി നാഡീ ഞരമ്പുകളുടെ ക്ഷീണം മാറാനും അവ ബലപ്പെടുത്താനുമുള്ള ചികിത്സ ചെയ്യുന്നു. ഇതിനായി കതകഖദിരാദി കഷായം, രാസ്നേരണ്ടാദി കഷായം, കൈശോര ഗുഗ്ഗുലു ഗുളിക, യോഗരാജഗുഗ്ഗുലു ഗുളിക എന്നിവ കഴിക്കാനായി നൽകുന്നു. ധന്വന്തരം, ക്ഷീരബല എന്നീ ആവർത്തി തൈലങ്ങൾ കഴിക്കാനായും നൽകുന്നു.
പലതരം കിഴികൾ
പ്രമേഹസംബന്ധമായ നാഡീപ്രശ്നമുള്ളവരിൽ തരിപ്പും മരപ്പും തൊട്ടാൽ അറിയാൻ വയ്യാത്ത അവസ്ഥയുമൊക്കെ കാണാം. പലവിധങ്ങളായ കിഴികളുടെ സഹായത്തോടെ സ്പർശനം അറിയാൻ വയ്യാത്ത പ്രശ്നമുൾപ്പെടെ മാറ്റിയെടുക്കാനാകും. പൊടിക്കിഴി, ഞവരക്കിഴി, ധാന്യക്കിഴി, മാംസക്കിഴി എന്നിങ്ങനെ പലതരം കിഴികളുണ്ട്. രോഗിയുടെ ശരീരപ്രകൃതവും രോഗത്തിന്റെ അവസ്ഥയുമൊക്കെ കണക്കിലെടുത്തു ഒാരോരുത്തർക്കും അനുയോജ്യമായ കിഴികൾ നിശ്ചയിക്കുന്നു. ഉദാഹരണത്തിന്, മെലിഞ്ഞ ശരീരപ്രകൃതമുള്ള രോഗികളിൽ ഞവരക്കിഴിയോ മാംസക്കിഴിയോ ആകും കൂടുതൽ ഫലപ്രദമാവുക.
വാതസംബന്ധമായ ചികിത്സകളോടൊപ്പം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനുമുള്ള ക്രിയാക്രമങ്ങളും പ്രമേഹം നിയന്ത്രിക്കാനുള്ള ഔഷധങ്ങൾ വേണമെങ്കിൽ അതും ചെയ്യുന്നു. പഞ്ചകർമ ചികിത്സയിലെ ചിലത് വിവിധ ഘട്ടത്തിൽ ഈ രോഗാവസ്ഥയ്ക്ക് ഉപയോഗപ്പെടുത്താം. ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വേണ്ട പഥ്യം പാലിച്ചു കൃത്യമായി ഒരു ദിനചര്യപോലെ നിഷ്ഠയോടെ ചെയ്യണം.
ആയുർവേദ ചികിത്സ എടുക്കുന്നതുകൊണ്ട് ഇൻസുലിനോ മറ്റു പ്രമേഹമരുന്നുകളോ മുടക്കേണ്ടതില്ല. ഡോക്ടറുടെ നിർദേശപ്രകാരം അതു തുടർന്നുകൊണ്ടു തന്നെ ആയുർവേദ ചികിത്സയെടുക്കാം.
വീട്ടിൽ ചെയ്യാൻ മരുന്നുകൾ
∙ ധാന്വന്തരം തൈലം മരപ്പുള്ളിടത്തു പുരട്ടി മൃദുവായി തലോടി അൽപസമയം വച്ചിരിക്കുക.
∙ ആവണക്കിന്റെ ഇല ചെറുതായി അരിഞ്ഞ് കറിയുപ്പിന്റെ പൊടിയും ചേർത്തു കിഴികെട്ടി , അത് ആവിയിലോ മറ്റോ വച്ചു ചൂടാക്കി ധാന്വന്തരം തൈലത്തിൽ മുക്കി തരിപ്പും മരപ്പുമുള്ളിടത്തു വയ്ക്കുന്നതു ഗുണകരമാണ്. 15 മിനിറ്റു വീതം രാവിലെയും വൈകിട്ടും കുറേ ദിവസത്തേക്കു വയ്ക്കാം.
∙ ഒരു ബക്കറ്റിൽ ചെറുചൂടുവെള്ളം എടുത്ത് അതിൽ ഉപ്പു ചേർത്തു കാൽ മുക്കി വച്ചിരിക്കുന്നതു രക്തയോട്ടം വർധിക്കുവാനും തരിപ്പും മരപ്പും മാറാനും ഗുണകരമാണ്.
∙ ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലത്.
ഡയബറ്റിക് ന്യൂറോപ്പതി ഉൾപ്പെടെയുള്ള പ്രമേഹരോഗ പരിഹാരത്തിനു മരുന്നുകളേക്കാളും പുറമേ ചെയ്യുന്ന ക്രിയകളേക്കാളും പ്രാധാന്യം കൊടുക്കേണ്ടതു ഭക്ഷണക്രമീകരണത്തിലും ജീവിതശൈലിയിലുമാണ്. ഒാരോ വ്യക്തിയും അയാളുടെ ദൈനംദിനപ്രവൃത്തിക്കാവശ്യമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. മധുരവും മധുരമുള്ള ബേക്കറി പലഹാരങ്ങളും മറ്റും പൂർണമായും ഒഴിവാക്കണം. അധികം കൊഴുപ്പും എണ്ണയും വർജിക്കണം. പ്രകൃതിദത്തമായ പഴങ്ങൾ അളവു നിയന്ത്രിച്ച് അധികം പഴുക്കാത്തതു നോക്കി കഴിക്കാം. ചോറിന്റെയും മറ്റ് അന്നജ ഭക്ഷണങ്ങളുടെയും അളവു കുറയ്ക്കണം. എന്നാൽ പോഷകമൂല്യമുള്ള ഭക്ഷണം ആവശ്യത്തിനു കഴിക്കുകയും വേണം. ഇല്ലെങ്കിൽ അതു വിവിധ രോഗങ്ങൾക്കു കാരണമാകാം. ധാരാളം പച്ചക്കറികൾ, തവിടു നീക്കാത്ത ധാന്യം, മാംസ്യം അടങ്ങിയ ഭക്ഷണം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുവാനും പ്രമേഹരോഗത്തെ നിയന്ത്രിച്ചു നിർത്തുവാനും വ്യായാമം അതിപ്രധാനമാണ്. ദിവസവും അര മണിക്കൂറെങ്കിലും കൈ വീശി മിതമായ വേഗത്തിൽ നടക്കുന്നതു ശീലമാക്കണം. അതല്ലെങ്കിൽ ദിവസവും അര മണിക്കൂർ നേരം ശരീരം നന്നായി വിയർക്കുന്നതുവരെ പൂന്തോട്ടപ്പണികൾ, കൃഷിപ്പണി എന്നിവയൊക്കെ ചെയ്യുന്നതും വ്യായാമത്തിന്റെ ഗുണം നൽകും.
ഡോ. ജോർജ് ജോസഫ്
കോഴികൊത്തിക്കൽ ആയുർവേദ ആശുപത്രി
പൈക, വിളക്കുമാടം