പ്ലം കേക്കിനു നൽകാം ഹെൽതി മേക്കോവർ , ഈ ടിപ്സ് സൂപ്പറാണ് Healthy Version of Plum Cake -Tips
Mail This Article
ക്രിസ്മസ് കാലത്തും ക്രിസ്മസ് വിരുന്നിലും രുചിയുടെ താരം ഏതാണെന്നു ചോദിച്ചാൽ ഉത്തരം പ്ലം കേക്ക് എന്നു തന്നെയാണ്. എന്നാൽ മൈദയും പഞ്ചസാരയുമൊക്കെ ചേർത്തു തയാറാക്കുന്ന പ്ലം കേക്കിനു കാലറി കൂടുതലാണെന്നും അതിൽ പോഷകഗുണമുള്ള ഘടകങ്ങൾ പൊതുവെ കുറവാണെന്നതും വ്യക്തമാണ്.
തനതു ചേരുവകൾക്കു പകരം ചില പുതിയ ചേരുവകൾ ചേർത്താൽ പ്ലം കേക്കിനെ തികച്ചും ആരോഗ്യകരമായി മാറ്റിയെടുക്കാം. പ്ലം കേക്കിനു ഹെൽതി മേക്കോവർ നൽകുന്നതിനുള്ള ടിപ്സ് ഇതാ
1. മൈദയ്ക്കു പകരമായി മുഴു ഗോതമ്പു പൊടി ( Whole Wheat Flour) അല്ലെങ്കിൽ വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്ന മുഴു ഒാട്സ് പൊടി (Whole Oats Flour) ഉപയോഗിക്കാം. മുഴു ഒാട്സ് ലഭ്യമല്ലെങ്കിൽ സാദാ ഒാട്സ് ഉപയോഗിക്കാം.
2. ഗോതമ്പുപൊടിയുടെ പകുതി അളവിൽ റാഗിപ്പൊടി ചേർക്കുന്നതു കൂടുതൽ ആരോഗ്യകരമാണ്. ഇതിലേക്ക് ഏകദേശം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ് അഥവാ ലിൻ സീഡ് പൊടി ഉപയോഗിക്കുന്നതു നാരുകളുടെ അളവു കൂട്ടുന്നതിനു സഹായിക്കും.
3. റിഫൈൻഡ് ഷുഗറിനു പകരമായി ശർക്കരപ്പാനി അല്ലെങ്കിൽ ഡേറ്റ് സിറപ്പ് ചേർക്കാം.
കാരമലൈസ്ഡ് ഷുഗറിനു പകരമായി ശർക്കരപ്പാനി ഉപയോഗിക്കുമ്പോൾ പ്ലം കേക്കിന്റെ തനതായ രുചി ലഭിക്കും. എങ്കിലും ശർക്കരപ്പാനിയിലും ഡേറ്റ് സിറപ്പിലുമെല്ലാം പഞ്ചസാരയുടെ അളവ് ഏകദേശം ഒന്നു തന്നെയാണ് എന്ന് അറിയണം.
4. കുറച്ചു കൂടി ഷുഗർ ഫ്രീ വേർഷൻ ആണ് ആ്രഗഹിക്കുന്നതെങ്കിൽ മോങ്ക് ഫ്രൂട്ട് അല്ലെങ്കിൽ സ്‌റ്റീവിയ പോലുള്ള മധുരം ചേർക്കാം.
5. മറ്റു ചേരുവകളായ ബട്ടർ, മുട്ട എന്നിവയ്ക്കു പകരമായി അൽപം കട്ടിയുള്ള തൈരു ചേർക്കാം. ഒാരോ മുട്ടയ്ക്കും പകരം ഒാരോ പഴുത്ത റോബസ്‌റ്റാപ്പഴം ചേർക്കാം. ഇതു കേക്ക് മൃദുവാകാനും സഹായിക്കും.
6. റമ്മിലും മറ്റും കുതിർക്കുന്നതിനു പകരമായി ഡ്രൈ ഫ്രൂട്ട്‌സ് ഒാറഞ്ച് ജൂസിൽ കുതിർത്തു വയ്ക്കാം. മാസങ്ങൾക്കു മുൻപേ തന്നെയോ ആഴ്ചകൾക്കു മുൻപോ, കേക്ക് തയാറാക്കുന്നതിനു മണിക്കൂറുകൾക്കു മുൻപോ ഇതു കുതിർത്തു വയ്ക്കാം. പഞ്ചസാര ഉപയോഗിക്കാതെ ഉണക്കിയ ഡ്രൈ ഫ്രൂട്ട്‌സ് അല്ലെങ്കിൽ ഫ്രൂട്ട്‌സ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വിവരങ്ങൾക്കു കടപ്പാട്
അന്നു ഫ്രാൻസിസ്
ഡയറ്റീഷൻ, ഡബ്ലിൻ, അയർലൻഡ്
കാരമലിനു പകരം മേപ്പിൾ സിറപ്പ്
പ്ലം കേക്ക് ആരോഗ്യകരമാക്കുന്നതിന് ഈ ടിപ്സ് കൂടി പരീക്ഷിക്കാവുന്നതാണ്.
1. മൈദയ്ക്കു പകരം ബദാം പൊടിയും ഗോതമ്പുപൊടിയും ചേർത്ത് ഉപയോഗിക്കാം.
2. കാരമലിനു പകരം മേപ്പിൾ സിറപ്പോ മൊളാസസ് സിറപ്പോ ചേർക്കുന്നതു കൂടുതൽ ആരോഗ്യകരമാണ്.
3. ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുന്നതിനു റമ്മിനു പകരം ഒാറഞ്ച് ജൂസ് ചേർക്കാം.
4. വൈറ്റ് ഷുഗറിനു പകരം ബ്രൗൺ ഷുഗറോ കോക്കനട്ട് ഷുഗറോ ഉപയോഗിക്കാം.
5. മുട്ടയ്ക്കു പകരം ആവശ്യമായ അളവിൽ യോഗർട്ട് ചേർക്കുന്നതു നല്ലതാണ്.
6. ബട്ടറിനു പകരമായി ബദാം ബട്ടർ (Almond Butter ) ഉപയോഗിക്കുന്നതു മികച്ച ഒാപ്‌ഷനാണ്.
കൊക്കോ പൗഡർ ചെറിയ അളവിൽ ചേർക്കാം. ഈ പ്ലംകേക്കിന്റെ ടെക്സ്ചർ സാധാരണ പ്ലംകേക്കിൽ നിന്നു കുറച്ചു വ്യത്യസ്തമായിരിക്കും, കൂടുതൽ മൃദുവുമായിരിക്കും.
വിവരങ്ങൾക്കു കടപ്പാട്
അനു എബ്രഹാം , ഫാക്കൽറ്റി
ഹാലിഫാക്സ് റീജനൽ സെന്റർ ഫോർ എജ്യുക്കേഷൻ
കാനഡ
