എയർ ഫ്രൈയർ : ആരോഗ്യസംരക്ഷണത്തിനായുള്ള സ്മാർട്ട് ചോയിസ് Benefits of Air Fryer Cooking: Reducing Calories and Fat
Mail This Article
എണ്ണ പരമാവധി കുറച്ചുള്ള പാചകരീതികളാണ് ഇന്ന് എല്ലാവർക്കും താൽപര്യം. അതിനു സഹായിക്കുന്ന, ഇന്നു ട്രെൻഡിങ് ആയ ഉപകരണമാണ് എയർ ഫ്രൈയർ. ഇന്നു മിക്ക വീടുകളിലും എയർ ഫ്രൈയർ സ്ഥാനം പിടിച്ചിട്ടുണ്ട്. ഭക്ഷണത്തിലടങ്ങിയ കാലറി 70–80 ശതമാനം വരെ വെട്ടി കുറയ്ക്കാൻ എയർ ഫ്രൈയർ ഉപയോഗിച്ചുള്ള പാചകരീതിയ്ക്കു കഴിയും. ഭക്ഷണത്തിലെ സ്വാഭാവിക കൊഴുപ്പിനെ, മാംസത്തിൽ നിന്നു മാറ്റി കളയാനുള്ള സാങ്കേതികത ഈ ഉപകരണത്തിലുണ്ട്. പച്ചക്കറികൾ കൊണ്ടുള്ള ഉപ്പേരി (Chips) എന്നിവ അവ്‌നേക്കാളും (Oven) വേഗത്തിൽ എയർ ഫ്രൈയർ ഉപയോഗിച്ചു തയാറാക്കാം.
എണ്ണയ്ക്കു പകരം
എണ്ണ ഉപയോഗിക്കുന്നതിനു പകരം മുളക് ചതച്ചത്, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില, മല്ലി എന്നിവ പച്ചക്കറികളിലും മാംസത്തിലും വിതറുന്നതു ഭക്ഷണത്തിനു രുചി കൂട്ടും. വറുക്കുക (Fry), ബേക്കിങ് (Bake), പൊരിക്കുക (Roast), ഗ്രിൽ (Grill), ബാക്കിവന്ന ഭക്ഷണം വീണ്ടും ചൂടാക്കുക, ഭക്ഷണത്തിലെ ജലാംശം നീക്കം ചെയ്യുക (Dehydrate), ടോസ്റ്റിങ് (Toast) എന്നിവയെല്ലാം എയർ ഫ്രൈയറിൽ ചെയ്യാം. അതും രുചിയോടുകൂടി, എണ്ണയുടെ ഉപയോഗമില്ലാതെ.
നല്ല കൊഴുപ്പിനെ കുറയ്ക്കുന്നു
ആരോഗ്യത്തിനു നല്ലതായ പോളി അൺസാചുറേറ്റ‍് കൊഴുപ്പിനെ കൂടി കുറയ്ക്കുന്നതുകൊണ്ട് എയർ ഫ്രൈയർ അത്ര തന്നെ മെച്ചപ്പെട്ട രീതിയായി കണക്കാക്കാൻ പറ്റില്ല. ചില ഭക്ഷണ സാധനങ്ങളുടെ രുചിയും രൂപവും മാറുന്നതും കാണാം. എന്നിരുന്നാലും കൊഴുപ്പു തീരെ കുറയുന്നതു കാലറിയുടെ ഉപഭോഗം കുറയുന്നതിനും ഹൃദയാരോഗ്യത്തിനു ഗുണകരമാകുന്നതിനും സഹായിക്കും. പോഷകങ്ങൾ താരതമേ്യന നിലനിർത്തുന്നുമുണ്ട്.
ഡോ. ബി. സുമാദേവി
ഇഎസ്ഐസി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ
കൊല്ലം