മൂക്കിലൂടെ രക്തം വന്നാൽ ? അറിയാം ഫസ്റ്റ് എയ്ഡ് മാർഗങ്ങൾ First Aid for Nosebleeds: What to Do
Mail This Article
മൂക്കിൽ നിന്നു രക്തസ്രാവത്തിനു പൊതുവായി പറയുന്ന പേരാണ് എപ്പിസ്റ്റാസിസ് (Epistaxis) എന്ന്. മൂക്കിന്റെ പാലത്തിനു ചുറ്റും വളരെ ചെറിയ രക്തക്കുഴലുകൾ ഉണ്ട്. ഈ രക്തക്കുഴൽ പൊട്ടിയതിനെ തുടർന്നാണു പലപ്പോഴും മൂക്കിൽ നിന്നു രക്തസ്രാവം ഉണ്ടാകുന്നത്. സാധാരണഗതിയിൽ രണ്ടു രീതിയിലുള്ള രക്തസ്രാവമാണ് ഉണ്ടാവുക. മൂക്കിന്റെ കാണാൻ പറ്റുന്ന ഭാഗത്തു നിന്നു ഉണ്ടാകുന്നതിനെ ആന്റീരിയർ ബ്ലീഡിങ് എന്നും മൂക്കിനുള്ളിൽ, പുറകുവശത്തു നിന്ന് ഉണ്ടാകുന്നതിനെ പോസ്റ്റീരിയർ ബ്ലീഡിങ് എന്നും പറയുന്നു. ചെറിയ രക്തക്കുഴൽ പൊട്ടുന്നതു കാരണമാണ് ആന്റീരിയർ ബ്ലീഡിങ് ഉണ്ടാകുന്നത്. അൽപം കൂടി വലിയ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം സംഭവിക്കുന്നതാണു പോസ്റ്റീരിയർ ബ്ലീഡിങ്. അതിനു തീവ്രത കൂടുതലായിരിക്കും.
രക്തസ്രാവത്തിന്റെ കാരണങ്ങൾ
മൂക്ക് വരളുന്നതു രക്തസ്രാവത്തിന്റെ പ്രധാന കാരണമാണ്. ചൂടു കൂടിയ, ആർദ്രത (ഹ്യുമിഡിറ്റി) കുറഞ്ഞ വായു ശ്വസിക്കുന്നത്, ഉയരം കൂടിയ സ്ഥലങ്ങളിലേക്കുള്ള യാത്ര (പർവതങ്ങൾ പോലെ), ചൂടേറിയ മുറിയ്ക്കുള്ളിൽ കുറേ സമയം ചെലവഴിക്കുക, ആന്റിഹിസ്റ്റമിൻ മരുന്നുകൾ തുടങ്ങിയവ കൊണ്ടു മൂക്ക് വരളാം. വരളുമ്പോൾ മൂക്കിനുള്ളിലെ സ്തരങ്ങൾക്കിടയിലുള്ള രക്തക്കുഴലുകൾ പൊട്ടാം.
കുട്ടികളിൽ പെൻസിൽ, നഖം എന്നിവ മൂക്കിനുള്ളിൽ ഇടുന്നതു കാരണം രക്തം വരാം. മുഖം ശക്തിയായി ഏതെങ്കിലും പ്രതലത്തിൽ ഇടിക്കുക, മൂക്കിന്റെ പാലത്തിനു സ്ഥാനചലനം സംഭവിക്കുക, സൈനസ് അണുബാധ, ജലദോഷം, അലർജി, മൂക്കിലൂെടയുള്ള ലഹരിവസ്തുക്കളുെട ഉപയോഗം, രക്തം കട്ടിയാകാതിരിക്കാനുള്ള മരുന്ന് ഉപയോഗം, അമിത ബിപി, അതിരോസ്ക്ലീറോസിസ്, ലുക്കീമിയ തുടങ്ങിയ രോഗങ്ങളും രക്തസ്രാവം വരുത്താം.
രക്തം വന്നാൽ, ആദ്യം ചേയ്യേണ്ടത്
രക്തസ്രാവം ഉണ്ടായാൽ ആദ്യം െചയ്യേണ്ടതു ശാന്തമായി ഒരിടത്ത് ഇരിക്കുക. വായിലൂെട ശ്വാസമെടുക്കുക.
∙ നടുനിവർത്തി ഇരുന്നശേഷം മൂൻപോട്ടു കുനിഞ്ഞു രണ്ടു വിരൽ കൊണ്ടു മൂക്ക് അമർത്തി പിടിക്കുക (Pinch). അഞ്ചു മുതൽ പത്തു മിനിറ്റു കഴിയുമ്പോൾ രക്തസ്രാവം നിലയ്ക്കും.
∙15 മിനിറ്റു കഴിഞ്ഞും രക്തസ്രാവം നിൽക്കുന്നില്ലെങ്കിൽ അടിയന്തരമായി വൈദ്യസഹായം തേടുക. അല്ലെങ്കിൽ മൂക്കിൽ നിന്നു വരുന്ന രക്തം ഒരു ചായ കപ്പിൽ കൂടുതൽ അളവു വരികയാണെങ്കിൽ ആശുപത്രിയിൽ പോകണം. ∙രക്തസ്രാവത്തിനൊപ്പം തലകറക്കം, ബോധക്ഷയം, ഛർദി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഡോക്ടറെ കാണുക. കൂടാതെ മുഖത്തു നിറവ്യത്യാസം വരുകയാണെങ്കിലും സൂക്ഷിക്കണം.
അപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുമ്പോൾ മൂക്കിൽ നിന്നു രക്തത്തിനൊപ്പം വെള്ളം പോലുള്ള ദ്രാവകം കൂടി വരുകയാണെങ്കിൽ തലച്ചോറിന് അപകടം സംഭവിച്ചതിന്റെ സൂചനയാണ്. ഈ അവസ്ഥയിൽ ഒട്ടും സമയം കളയാതെ ആശുപത്രിയിൽ എത്തണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. പി.പി. വേണുഗോപാലൻ
ചെയർ ആൻഡ് ലീഡ് കൺസൽറ്റന്റ്
എമർജൻസി മെഡിസിൻ വിഭാഗം
മേയ്‌ത്ര ഹോസ്പിറ്റൽ
കോഴിക്കോട്
