ADVERTISEMENT

പുതുവർഷം പിറന്നു കഴിഞ്ഞു. ഒപ്പം ഒത്തിരി പ്രതീക്ഷകളും. ഋതുക്കളിലെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെക്കാളും ബാധിക്കുന്നതു ചർമത്തെയാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളേക്കാളും ബാധിക്കുന്നതു ചർമത്തെയാണ്. ഋതുഭേദമനുസരിച്ചുള്ള ചർമസംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും അങ്ങനെ ചർമരോഗങ്ങളെ അകറ്റി നിർത്താനും ഒപ്പം ചർമസൗന്ദര്യം കാത്തു സൂക്ഷിക്കാനും സാധിക്കും.

വർഷകാലം, ഗ്രീഷ്മം, ഹേമന്തം, ശിശിരം, ശരത്കാലം, വസന്തം എന്നിങ്ങനെയുള്ള ഋതുക്കളിൽ, നമ്മൾ കേരളീയർക്ക് ഏറ്റവും അനുഭവവേദ്യമാകുന്നതു വർഷകാലവും വേനൽ (ഗ്രീഷ്മം) ക്കാലവുമാണ്. മറ്റെല്ലാ ഋതുക്കളും ചെറിയൊരു എത്തിനോട്ടം നടത്തി കടന്നുപോകാറാണ് പതിവ്. ഈ ഋതുക്കളിൽ സൗന്ദര്യം നിലനിർത്തുന്നതിനായി പാലിക്കേണ്ട ചില ചിട്ടകൾ ഇതാ.

ADVERTISEMENT

വേനലിൽ കരുതലോടെ
ഫെബ്രുവരി രണ്ടാം പകുതി മുതൽ മെയ് വരെ മൂന്നര–നാല് മാസക്കാലം കൊടിയ വേനലാണ് നാം അനുഭവിക്കുന്നത്. കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തിലെ ആർദ്രത കൂടിച്ചേരുമ്പോൾ അമിത വിയർപ്പ് കാരണമുള്ള അസ്വസ്ഥതകൾ കൂടും. സ്നേഹഗ്രന്ഥികളുടെ നാളി അടഞ്ഞ് ചിലരിൽ ഈ കാലത്ത് കൂടുതൽ മുഖക്കുരു ഉണ്ടാകാറുണ്ട്.

1. ദിവസവും രണ്ടു നേരം കുളിക്കുക. 2. സൺസ്ക്രീൻ ലേപനങ്ങൾ (എസ്. പി. എഫ് 15-30) ഉപയോഗിക്കുക. പുറത്തിറങ്ങുന്നതിനു 20 മിനിറ്റു മുൻപു സൺസ്ക്രീൻ പുരട്ടുകയും കുറഞ്ഞതു മൂന്നു മണിക്കൂർ ഇടവിട്ടെങ്കിലും വീണ്ടും പുരട്ടുകയും ചെയ്യണം. രാവിലെ 10 മണിക്കും ഉച്ചയ്ക്കു രണ്ടു മണിക്കും ഇടയിലുള്ള വെയിൽ പരമാവധി ഒഴിവാക്കണം. 3. നേർമയുള്ള ഇളംനിറത്തിലുള്ള കോട്ടൻ വസ്ത്രങ്ങളാണ് അഭികാമ്യം. 5. ആന്റി ഫംഗൽ മരുന്നടങ്ങിയ പൗഡറുകൾ ഇടുക്കുകളിൽ ഉപയോഗിച്ചു ഫംഗസ് ബാധ ഒരു പരിധിവരെ തടയാനാകും. 6. ചർമം തണുത്ത വെള്ളത്തിൽ പലവട്ടം കഴുകുന്നതു വിയർപ്പുകുരു ഉണ്ടാകുന്നതു കുറയ്ക്കും. 7. ചുണ്ടുകളുടെ സംരക്ഷണത്തിനായി സൺസ്ക്രീനുകൾ അടങ്ങിയ ലിപ്ബാമുകൾ ഉപയോഗിക്കാം.

ADVERTISEMENT

മഴക്കാലത്ത് പൂപ്പൽ
വേനലിന്റെ തീച്ചൂളയിൽ നീറുന്ന ചർമത്തിനു കുളിർമയേകിയാണു ജൂൺ മാസത്തിൽ മഴ വന്നെത്തുന്നത്. സൂര്യതാപം കുറയ്ക്കാൻ ഇതു സഹായിക്കുമെങ്കിലും മറ്റു ചില ചർമരോഗങ്ങൾ മഴക്കാലത്തു വിരുന്നെത്തും. കാൽവിരലിടുക്കുകളിൽ വെള്ളം തങ്ങിനിൽക്കുന്നതു കൊണ്ടുണ്ടാകുന്ന ചർമരോഗമാണ് അതിലൊന്ന്. നന്നായി ഉണങ്ങാത്ത അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതുകാരണം മഴക്കാലത്തും ചിലപ്പോൾ പൂപ്പൽബാധ പിടിപെടാം.

ഇടയ്ക്കിടെ ഇടുക്കുകളിൽ നിന്നു വെള്ളം ഒപ്പിയെടുക്കാൻ ശ്രദ്ധിക്കണം. 2. നന്നായി ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ധരിക്കുക. 3. വായുസഞ്ചാരം സുഗമമാക്കുന്ന തരത്തിലുള്ള പാദരക്ഷകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 4. കാർമേഘാവൃതമായ ദിനങ്ങളിൽ കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ ഭൗമോപരിതലത്തിൽ ഏൽക്കും. അതുകൊണ്ടു നിർബന്ധമായും മഴക്കാലത്തും സൺസ്ക്രീൻ ഉപയോഗിക്കുന്നത് തുടരണം.

ADVERTISEMENT

വസന്തം സുന്ദരം
ഓഗസ്റ്റ് രണ്ടാം പകുതിയായാൽ പിന്നെ ഓണക്കാലമാണ്. നമ്മുടെ വസന്തകാലം ഒക്ടോബറിന്റെ ആദ്യ പകുതിവരെ നീണ്ടുനിൽക്കുന്ന ഈ കാലാവസ്ഥ, ചർമത്തിനും വസന്തകാലമാണ്. ചർമം അതിന്റെ സ്വാഭാവികമായ അവസ്ഥയിൽ നിലനിൽക്കുന്ന സമയമാണിത്. ഈ സമയത്തു സൺസ്ക്രീൻ ലേപനങ്ങളും മോയ്സ്ചുറൈസിങ് ക്രീമുകളും വേണമെങ്കിൽ ഉപയോഗിക്കാം.

ഒക്ടോബർ രണ്ടാം പകുതി മുതൽ നവംബർ വരെ അനുഭവവേദ്യമാകുന്ന ഹേമന്തത്തിലും ഡിസംബർ മുതൽ ഫെബ്രുവരിയുടെ ആദ്യ പകുതി വരെ നീണ്ടു നിൽക്കുന്ന ശിശിരത്തിലും ചർമത്തിൽ ഒരേ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. തണുപ്പുള്ളതും എന്നാൽ വരണ്ടതുമായ ഈ കാലാവസ്ഥയിൽ ചർമത്തിന്റെ ഈർപ്പം വളരെയേറെ കുറഞ്ഞു പോകുന്നതുകൊണ്ടു ചർമം വരളാനും വിണ്ടു കീറാനും സാധ്യത കൂടുതലാണ്. ശൽക്കങ്ങൾ പോലെ ചർമം പൊളിഞ്ഞിളകാറുമുണ്ട്. 1. കുളിക്കുന്നതിനു മുൻപു ശരീരത്തിൽ എണ്ണ പുരട്ടുക. 2. കുളി കഴിഞ്ഞ ഉടനെ ചർമത്തിൽ മോയ്സ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കുക. 3. പാദങ്ങൾ 15 മിനിറ്റോളം വെള്ളത്തിൽ (10 ഗ്ലാസ് വെള്ളത്തിൽ 5 ടീസ്പൂൺ ഉപ്പ് ചേർത്ത് ഉപയോഗിക്കാം). മുക്കി വച്ചതിനുശേഷം പെട്രോളിയം ജെല്ലി അടങ്ങിയ ലേപനം പുരട്ടാം. ചുണ്ടുകൾ വിണ്ടു കീറുന്നതു തടയാൻ ലിപ്ബാമുകൾ തേയ്ക്കാം.

ചർമത്തിന് സ്ഥിരം ചെയ്യേണ്ടത്
കാലാവസ്ഥ ഏതായാലും വർഷം മുഴുവൻ തുടരേണ്ട മറ്റു ചില ചർമസംരക്ഷണ മാർഗങ്ങളുമുണ്ട്. ∙ക്ഷാരാംശമുള്ള സോപ്പുകൾ ഒഴിവാക്കുക. സോപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. ∙ധാരാളം വെള്ളം കുടിക്കുക. ∙ പഴവർഗങ്ങളും പച്ചക്കറികളുമടങ്ങിയ പോഷകാഹാരസമൃദ്ധമായ ഭക്ഷണം ശീലമാക്കുക. ∙വ്യായാമം ശീലമാക്കുക. ∙ മേക്കപ് ഉപയോഗിക്കുന്നവർ ഉപയോഗശേഷം അതു കഴുകിക്കളഞ്ഞ് മോയ്സ്ചറൈസിങ് ക്രീമുകൾ പുരട്ടുക.

ഡോ. സിമി എസ്. എം.
ഡെർമറ്റോളളജിസ്റ്റ്,
ശ്രീ ഗോകുലം മെഡിക്കൽ കോളജ്,
വെഞ്ഞാറമ്മൂട്, തിരുവനന്തപുരം.

English Summary:

Skincare in new year is essential to combat seasonal changes. Proper skincare according to the season helps maintain skin health, prevent skin diseases, and preserve skin beauty.

ADVERTISEMENT