പരിശീലിക്കാം ഗ്രാറ്റിറ്റ്യൂഡ് , തുടങ്ങാം ഗ്രാറ്റിറ്റ്യൂഡ് ജേണലിങ് - ജീവിതം മാറ്റും പോസിറ്റിവിറ്റിയുടെ മാജിക് Benefits of Gratitude Practice
Mail This Article
ഗ്രാറ്റിറ്റ്യൂഡ് അഥവാ കൃതജ്ഞത. ഈ വാക്കിനു നമ്മുടെ ജീവിതത്തിൽ ഒട്ടേറെ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും എന്നറിയാമോ? ഈ പുതു വർഷത്തിൽ ഗ്രാറ്റിറ്റ്യൂഡ് ടിപ്സ് പരിശീലിക്കാം. നന്ദി നിറഞ്ഞ ജീവിതത്തിന്റെ മാജിക് അനുഭവിച്ചറിയാം.
ഗ്രാറ്റിറ്റ്യൂഡ് പ്രാക്ടീസ് ചെയ്യുന്നതു നമ്മുടെ ജീവിതത്തിന്റെ ഗുണമേൻമ വർധിപ്പിക്കും.നമ്മുടെ ഹാപ്പിനെസ്സ് കോഷ്യന്റ ് അതായതു ജീവിതത്തിലെ സന്തോഷത്തിന്റെ തോതു വർധിപ്പിക്കുന്നതിനായി നാം ദിവസേന ഒരു ശീലം പോലെ പരിശീലിക്കേണ്ട ഒന്നാണു ഗ്രാറ്റിറ്റ്യൂഡ്. നമ്മുടെ സെൽഫ് കെയർ ടിപ്സിൽ ഉൾപ്പെടുത്തേണ്ട ഒന്നു തന്നെയാണു ഗ്രാറ്റിറ്റ്യൂഡ് പ്രാക്ടീസ്.
ഗ്രാറ്റിറ്റ്യൂഡ് പരിശീലിക്കുന്നതു രണ്ടു രീതിയിലാണ്. ആദ്യം താങ്ക്‌യൂ പറഞ്ഞു തുടങ്ങുക. നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ആയി ഇടപെടുന്നവരോട്, നമ്മെ സഹായിക്കുന്നവരോട് ഹൃദയം തുറന്നു താങ്ക് യൂ എന്നു പറയാം. നമുക്കു സന്തോഷം നൽകുന്ന പ്രവൃത്തിക്ക് താങ്ക് യൂ എന്നു പറയാൻ ഒട്ടും മടിക്കേണ്ട.നന്ദി സ്വീകരിക്കാനുള്ള രീതിയിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് അടുത്ത ഘട്ടം. നന്ദി സ്വീകരിക്കുന്നതും നമ്മുടെ ഹാപ്പിനെസ്സ് കോഷ്യന്റ് കൂട്ടുന്നുണ്ട്.
എഴുതാം കൃതജ്ഞതയുടെ കുറിപ്പുകൾ
ഗ്രാറ്റിറ്റ്യൂഡ് ജേർണലിങ് ആണ് അടുത്തത്. ഓരോ ദിവസത്തിന്റെയും അവസാനം നിങ്ങൾക്കു കൃതജ്ഞതാനിർഭരമായി തോന്നിയ സാഹചര്യങ്ങളെയും സ്നേഹം കൊണ്ടു ചേർത്തു പിടിച്ചവരെയും കുറിച്ച് എഴുതിത്തുടങ്ങാം. അതുപോലെ മറ്റൊരാൾക്ക് നമ്മോടു ഗ്രാറ്റിറ്റ്യൂഡ് തോന്നാൻ അല്ലെങ്കിൽ താങ്ക് യൂ ഫീലിങ് ഉണ്ടാകാൻ ആ ദിവസം ചെയ്ത കാര്യങ്ങൾ എന്തായിരുന്നു എന്നതും എഴുതി വയ്ക്കാം. ഇതാണു ഗ്രാറ്റിറ്റ്യൂഡ് ജേർണലിങ്. അത് എല്ലാ ദിവസവും ചെയ്യാം.
ഒാഫ് മൂഡ് ആയിരിക്കുമ്പോൾ, വിഷാദം അനുഭവപ്പെടുമ്പോൾ, ജീവിതം അത്ര സന്തോഷകരമല്ലാതെ നീങ്ങുകയാണെന്നു തോന്നുമ്പോൾ,മോട്ടിവേഷൻ കുറവായിരിക്കുമ്പോൾ ഒക്കെ കൃതജ്ഞതയുടെ ഈ പാഠങ്ങൾ പരിശീലിക്കാം. ജീവിതത്തിൽ സംതൃപ്തി തോന്നാത്ത സമയങ്ങളിലും ഇതു നിർബന്ധമായും പ്രാക്ടീസ് ചെയ്യാം.
നിറയും പോസിറ്റീവ് ഇമോഷൻ
ഒരാളോടു താങ്ക് യൂ എന്നു പറയുമ്പോൾ നമ്മുടെ മുഖത്തും മസ്തിഷ്കത്തിലും സ്വയമേവ പോസിറ്റീവ് ഇമോഷൻ ഉണ്ടാകുന്നുണ്ട്. അങ്ങനെ സന്തോഷത്തിന്റെ വൈകാരികാനുഭവം മസ്തിഷ്കത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ മുഖപേശികൾ അതു സ്വീകരിക്കുന്നു.അപ്പോൾ മുഖഭാവം തന്നെ മാറുന്നു. അതായത് നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി നിറയുന്നുണ്ട്. അതു മറ്റുള്ളവർക്കു ഫീഡ്ബാക്ക് കൊടുക്കുകയും അവരിലേക്ക് ഈ പോസിറ്റിവിറ്റി പരത്തുകയും ചെയ്യുന്നു. അവരുടെ മുഖത്തും ഒരു പുഞ്ചിരി വിടരും.താങ്ക്‌യൂ എന്നു പറയുമ്പോൾ നമ്മുടെ മുഖത്ത് ഒരു ചിരി നിറയുന്നതു ശ്രദ്ധിച്ചിട്ടില്ലേ? ‘വി ഫീൽ ഗുഡ് ’എന്നതാണ് അവിടെ വ്യക്തമാകുന്നത്. താങ്ക്‌യൂ എന്ന് ടെക്സ്റ്റ് മെസ്സേജ് ടൈപ് ചെയ്ത് അയക്കുമ്പോഴും പോസിറ്റിവിറ്റി നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നുണ്ട് എന്നതാണു യാഥാർഥ്യം.
എല്ലാ ദിവസവും ആരോടെങ്കിലും താങ്ക് യൂ പറയാൻ തീരുമാനിച്ചു വേണം ആരംഭിക്കേണ്ടത്. അത് ആരുമാകാം. അതിന്റെ അർത്ഥം ഇത്രയേ ഉള്ളൂ. മറ്റൊരാൾ ചെയ്യുന്ന ഒരു നന്മ കണ്ടെത്തുന്നു എന്നതാണത്.എന്തെങ്കിലും കിട്ടിയിട്ടു മാത്രം താങ്ക് യൂ പറയുക അല്ലെങ്കിൽ സ്വീകരിച്ചതിനുശേഷം താങ്ക് യൂ പറയുക , അതിനേക്കാൾ ഉപരിയായി മറ്റൊരാളുമായി ഇടപഴകുമ്പോൾ ആ ദിവസം നമുക്കൊരു നന്മ കണ്ടെത്താൻ സാധിച്ചോ എന്നതും പ്രധാനമാണ്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. റ്റെസി ഗ്രെയ്സ് മാത്യൂസ്
ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ,
പാലക്കാട്
