വീഴാതിരിക്കാൻ ഇങ്ങനെ വീടൊരുക്കാം , ടിപ്‌സ് അറിയാം Safety tips to prevent falls
Mail This Article
വാർധക്യത്തിലെ വീഴ്ച ശേഷിക്കുന്ന ജീവിതത്തിന്റെ മുഴുവൻ ഗുണമേൻമയും നഷ്ടപ്പെടുത്തുന്ന ഒന്നാണ്. വാർധക്യത്തിൽ വീഴാതെ ശ്രദ്ധിക്കുകയാണു പ്രധാനം. അതിന് വീടുകളിൽ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീഴ്ചയെ പ്രതിരോധിക്കാൻ വീടൊരുക്കേണ്ടത് എങ്ങനെയാണ് ? ടിപ്‌സ് അറിയാം
∙ തെന്നി വീഴാനിടയാക്കാത്ത തരം ടൈലുകളാണ് അഭികാമ്യം. വുഡൻ ഫ്ലോറുകൾ അത്ര അപകടകരമല്ല.
∙ മുതിർന്ന മാതാപിതാക്കൾ ഉള്ളവർ വീടു പണിയുമ്പോൾ പടികൾ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പടികൾ കയറേണ്ടാത്ത മുറികൾ പ്രായമായവർക്കു നൽകുക.
∙ തട്ടി വീഴുന്ന തരത്തിലുള്ള സാധനങ്ങൾ തറയിൽ നിന്ന് ഒഴിവാക്കുക. ഉദാ. അരികുകൾ മടങ്ങിയ ചവിട്ടികൾ, കേബിൾ വയറുകൾ പോലുള്ളവ. പ്രായമായവരുടെ മുറിയിൽ ആവശ്യമുള്ള സാധനങ്ങൾ മാത്രം മതി.
∙ പ്രായമായവരുടെ കിടക്കയുടെ ഉയരം കുറയ്ക്കാം. ആവശ്യമെങ്കിൽ സൈഡ് റെയിൽ ഉപയോഗിക്കാം.
∙ പ്രായമായവർ ഉണർന്നു എന്നു മനസ്സിലാക്കുന്നതിന് അലാം സെൻസറുകൾ ലഭ്യമാണ്.
∙ ബാത്റൂമിൽ ആന്റി സ്കിഡ് ഫ്ലോർ ടൈലുകൾ നൽകാം. കമ്മോഡിൽ ഇരിക്കുന്നതിനും എഴുന്നേൽക്കുന്നതിനും ഹാൻഡ് റെയിലോ റോപ്പുകളോ ഉപയോഗിക്കാം.
∙ ആവശ്യമായ വെളിച്ചം മുറിയിൽ ഉണ്ടാകണം. ഫ്ലോർ ലാംപുകൾ രാത്രിയിൽ ആവശ്യമായ പ്രകാശം നൽകും.
∙ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നവർക്കു ഡയപ്പറുകൾ ഉപയോഗിക്കാം. പെട്ടെന്ന് എണീറ്റു ടോയ്‌ലറ്റിൽ പോകുമ്പോൾ തലചുറ്റൽ ഒഴിവാക്കാൻ കട്ടിലിൽ ഇരുന്ന്, പതിയെ എഴുന്നേൽക്കാം. അങ്ങനെ പോസ്ചറൽ ഹൈപ്പർ ടെൻഷൻ ഒഴിവാക്കാം.
∙ പ്രായമായവർ ബാത് റൂം അകത്തു നിന്നു ലോക്കു ചെയ്യുന്നത് ഒഴിവാക്കുക. വീണാൽ മറ്റുള്ളവർക്കു സഹായിക്കാൻ ഇതു ബുദ്ധിമുട്ടാകും.
∙ അനുയോജ്യവും തെന്നാത്തതുമായ ചെരിപ്പുകൾ ധരിക്കുക. കാലിൽ ഇടുന്നതിന് ആന്റി സ്കിഡ് സോക്സുകൾ ഇന്നു ലഭ്യമാണ്.
∙ വീടിനുള്ളിലെ സ്‌റ്റെപ്പുകളിൽ ലാംപുകളും ഹാൻഡ് റെയിലും ഘടിപ്പിക്കുക. തറയിൽ വെള്ളമോ എണ്ണയോ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക.
∙ സ്‌റ്റൂളിട്ടു മുകളിൽ നിന്നു സാധനമെടുക്കുമ്പോൾ വീഴ്ച പതിവാണ്. പകരം സുരക്ഷിതമായ, ഉറപ്പുള്ള സ്‌റ്റെപ് ലാഡർ ഉപയോഗിക്കാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വാക്കിങ് സ്‌റ്റിക്കോ വാക്കറോ ഉപയോഗിക്കാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. രാജേഷ് വി.
ഒാർതോപീഡിക് സർജൻ,
മാർ സ്ലീവാ മെഡിസിറ്റി , പാലാ
