നൂറ്റാണ്ട് പിന്നിട്ട യോഗാ ജീവിതം: 106ാം വയസ്സിലും യോഗാചാര്യനായി ഉപേന്ദ്രൻ ആചാരി Upendran Achari's Inspiring Yoga Journey: A Century of Wellness
Mail This Article
വിസ്മയങ്ങളുടെ കൂന്പാരമാണ് 106 ൽ എത്തിയ ഉപേന്ദ്രൻ ആചാരി. ഈ പ്രായത്തിലും യോഗ പരിശീലിക്കുന്നു, പഠിപ്പിക്കുന്നു. ഈ പ്രായത്തിലും മരപ്പണി ചെയ്യുന്നു. ബിപി ഇല്ല, കൊളസ്‌ട്രോൾ ഇല്ല, പ്രമേഹവും ഇല്ല. കോവിഡ് സമയത്ത് ഭക്ഷണം കഴിക്കാതായതല്ലാതെ മറ്റ് അസുഖങ്ങൾ വന്നിട്ടില്ല. ‘‘ ദൈവം സഹായിച്ച് ഇതുവരെ രോഗങ്ങൾ ഒന്നും വന്നിട്ടില്ല. ചെറുപ്പം മുതൽ ഇന്നു വരെ മരുന്നുകളൊന്നും കഴിച്ചിട്ടില്ല. യോഗ അല്ലാതെ മറ്റു വ്യായാമങ്ങളും െചയ്തിട്ടില്ല ’’– ചെറായി സ്വദേശിയായ ഉപേന്ദ്രൻ ആചാരി പറയുന്നു.
‘സർക്കസ് ’ യോഗ
ഉപേന്ദ്രൻ ആചാരിയുടെ ഓർമയിൽ അദ്ദേഹത്തിന്റെ ജനനവർഷം 1920 ആണ്. മരപ്പണിയായിരുന്നു ജോലി. എന്നും പണിക്കു പോകും. ഇതിനിടെ ഒരു ദിവസം സർക്കസ് കാണാൻ ഇടയായി. അത് അദ്ദേഹത്തിന് ഒരുപാടിഷ്ടമായി. എങ്ങനെയെങ്കിലും സർക്കസ് പഠിക്കണമെന്നു തീരുമാനിച്ചു. അങ്ങനെ ‘സർക്കസ് ’ പഠിപ്പിക്കുന്ന ഒരാളെ കണ്ടെത്തി. പറവൂരിലെ ചന്ദ്രൻ മാഷ്. വീട്ടിൽ നിന്നു നാലു കിലോമീറ്റർ അകലെ ചന്ദ്രൻ മാഷിന്റെ ശിഷ്യനായി ഉപേന്ദ്രൻ. എന്നാൽ പഠിച്ചു തുടങ്ങിയപ്പോഴാണ് ഇതു സർക്കസ് അല്ലെന്നും മറ്റെന്തോ ആണെന്നും ഉപേന്ദ്രൻ തിരിച്ചറിഞ്ഞത്. പഠിക്കുന്നതു യോഗ ആണെന്നു ദിവസങ്ങൾക്കു ശേഷമാണു മനസ്സിലായത്. ആഗ്രഹിച്ചതല്ല പഠിക്കാൻ തുടങ്ങിയതെങ്കിലും യോഗയോടു താൽപര്യം തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെ യോഗാ പഠനം തുടരാൻ തന്നെ തീരുമാനിച്ചു. അഞ്ചു വർഷത്തോളം യോഗ പഠിച്ചു.വൈകുന്നേരം ജോലി ഒക്കെ കഴിഞ്ഞായിരുന്നു യോഗാ പഠനം. ‘‘ചെറുപ്പത്തിൽ നന്നായി അധ്വാനിച്ചിരുന്നു. മൂന്നു ദിവസമൊക്കെ ഇടവേളയില്ലാതെ മരപ്പണി ചെയ്തിട്ടുണ്ട്. കഠിനമായ പണികൾ ചെയ്തിരുന്നതിനാൽ ചെറുപ്പത്തിൽ തന്നെ ശരീരത്തിനു നല്ല ബലമുണ്ടായിരുന്നു. യോഗ പഠിക്കാൻതുടങ്ങിയപ്പോൾ ശരീരവേദന ഉണ്ടായിട്ടില്ല ’’ ഉപേന്ദ്രൻ ഓർമിക്കുന്നു.
പരിശീലകൻ ആയി
പഠനം കഴിഞ്ഞപ്പോൾ ഉപേന്ദ്രൻ താൻ പഠിച്ച വിദ്യ മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ യോഗാ പരിശീലകനായി. പഠിപ്പിക്കാൻ തുടങ്ങിയ കാലത്തു യോഗ പരിശീലിക്കാൻ വരുന്നവരുടെ എണ്ണം കുറവായിരുന്നുവെന്നും പലർക്കും യോഗയെ കുറിച്ചു കാര്യമായി അറിവില്ലായിരുന്നുവെന്നും ഉപേന്ദ്രൻ ഓർമിക്കുന്നു. സ്ത്രീകളൊന്നും വരാറില്ലായിരുന്നു. സുഹൃത്തുക്കളാണ് ആദ്യം ശിഷ്യന്മാരായത്. യോഗ പരിശീലിക്കുന്നതിൽ അപകടം ഇല്ലെന്നും അസ്വസ്ഥതകൾ ഒന്നും വരില്ലെന്നും മനസ്സിലാക്കിയശേഷം കൂടുതൽ പേർ യോഗാപരിശീലനത്തിന് എത്തി, സ്ത്രീകൾ ഉൾപ്പെടെ. ആയിരത്തോളം പേരെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. വണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി വരുന്നവരായിരുന്നു കൂടുതലും. രണ്ടു മൂന്നു മാസത്തിനുള്ളിൽ ആവശ്യം നേടിക്കഴിഞ്ഞാൽ പഠനം നിർത്തുന്നവരുണ്ട്. എന്നാൽ വർഷങ്ങളായി പരിശീലിക്കുന്നവരും ഉപേന്ദ്രന്റെ ശിഷ്യഗണത്തിൽ ഉണ്ട്. കാൻസർ രോഗം സ്ഥിരീകരിച്ച കുട്ടിയെ പരിശീലിപ്പിച്ചതും ഉപേന്ദ്രൻ ആചാരി ഓർമിക്കുന്നു. ഇന്ന് ആ കുട്ടി ഡോക്ടറാണ്. യോഗ മുടങ്ങാതെ പരിശീലിക്കണം എന്ന പക്ഷക്കാരനാണ് ഈ പരിശീലകൻ. ഇതു വരെ ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും ഫീസായി ഇദ്ദേഹം വാങ്ങിയിട്ടില്ല.
ആഹാരശീലങ്ങൾ
ഉപേന്ദ്രൻ സസ്യാഹാരം മാത്രമെ കഴിക്കൂ. യോഗ പഠിക്കുന്നതിനും വളരെ മുൻപു ചെറുപ്പത്തിൽ തന്നെ മാംസാഹാരം ഉപേക്ഷിച്ചു. വളരെ ലളിതമായി ആഹാരശീലമാണ് അദ്ദേഹം പിന്തുടരുന്നത്. ഒരു ദിവസം രണ്ടു ചായ നിർബന്ധമാണ്. ചിലപ്പോൾ ഇടനേരത്തു ചായ കുടിക്കും. മധുരമിട്ടുതന്നെയാണു ചായ കുടിക്കാറ്. രാവിലെ ഇഡ്‍ലി, ദോശ പോലുള്ളവ. കറിയായി ചട്നി പോലെ എന്തെങ്കിലും. ഇപ്പോൾ ഉച്ചയ്ക്കു ചോറ് കഴിക്കുന്നതു കുറവാണ്. രാവിലത്തെ ആഹാരം മതി. വൈകിട്ടും അങ്ങനെ തന്നെ.
രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. തുടർന്നു യോഗ പരിശീലിക്കും. ആറരയ്ക്കാണു ക്ലാസ് തുടങ്ങുന്നത്. വൈകുന്നേരവും ക്ലാസ് ഉണ്ട്. വൈകുന്നേരമൊക്കെ എപ്പോൾ ആളുകൾ വന്നാലും ക്ലാസ് എടുക്കും. കാരണം ജോലിക്കും മറ്റും പോയശേഷം വരുന്നവരല്ലേ എന്നാണ് ഉപേന്ദ്രൻ ചോദിക്കുന്നത്. രാത്രി പത്തു മണിയോടെ കിടക്കും. കോവിഡ് കാലത്തു ഭക്ഷണം കഴിക്കാൻ മടി കാണിച്ചതിനെ തുടർന്നു കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു. പരിശോധനകൾ നടത്തിയെങ്കിലും ഒന്നിലും ഒരു കുഴപ്പവുമില്ല. മരുന്നല്ല, പോഷകഭക്ഷണമാണു ഡോക്ടർ നിർദേശിച്ചത്. അതല്ലാതെ ഇന്നേവരെ ഡോക്ടറെ കാണേണ്ട അവസ്ഥ വന്നിട്ടില്ല.
ഉപേന്ദ്രനും ഭാര്യ തങ്കമ്മയും ഇളയ മകൻ സുഭാഷിനൊപ്പമാണു താമസം. സുനിൽ, സുധീർ, സുനന്ദ എന്നിവരാണു മറ്റു മക്കൾ. മക്കളൊന്നും യോഗയുെട പാതയിലേക്കു കടന്നിട്ടില്ല. യോഗ മാത്രമല്ല ഉപേന്ദ്രന്റെ കയ്യിലുള്ളത്. ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. കച്ചേരി നടത്തിയിട്ടുണ്ട്. കൂടാതെ ഹാർമോണിയവും വായിക്കും. എന്തെങ്കിലും ആഗ്രഹം സാധിക്കാനുണ്ടോ എന്നു ചോദ്യത്തിനു മുന്നിൽ ഉപേന്ദ്രൻ മനസ്സു തുറന്നു– പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണം.
