ADVERTISEMENT

ബ്ലാക്ക് ടീ, മിൽക്ക് ടീ, ഗ്രീൻ ടീ... ഈ വൈവിധ്യങ്ങളുടെ കൂട്ടത്തിൽ ചായപ്രേമികൾക്ക് രുചിക്കാൻ മറ്റൊന്നു കൂടി- വൈറ്റ് ടീ. പോഷകഗുണമേറെയുണ്ടെന്നു പറയപ്പെടുന്ന ഈ പാനീയത്തിനു പ്രചാരമേറി വരുന്നു.

കാമെലിയ സിനൻസിസ് എന്ന ചായ ചെടിയിൽ നിന്ന് ഉൽപാദിപ്പിക്കുന്നതാണ് വൈറ്റ് ടീ. മുകുളങ്ങൾ/ഇലകൾ എന്നിവ മുഴുവനായി തുറന്നു വരുന്നതിനു മുൻപു വിളവെടുക്കുന്നു. ഈ ഘട്ടത്തിൽ ഇലകളിലും മറ്റും ചെറിയ വെളുത്ത രോമങ്ങൾ ഉണ്ടാകും. അങ്ങനെയാണു വൈറ്റ് ടീ എന്ന പേരു ലഭിച്ചത്. ഇലകൾ വളരെ കുറഞ്ഞ തോതിൽ സംസ്കരിച്ചാണു വൈറ്റ് ടീ നിർമിക്കുന്നത്. അതിനാൽ തന്നെ ആന്റിഓക്സിഡന്റുകളുടെ (പോളിഫിനോൾ, ഫ്ലേവനോയിഡുകൾ, ടാനിൻ മുതലായവ) അളവ് ഇവയിൽ കൂടുതലായിരിക്കും. മാത്രമല്ല ഓക്സീകരണത്തിനും (ഇല ഉണക്കാൻ വായുവുമായി സമ്പർക്കത്തിൽ വരുത്തുന്ന പ്രക്രിയ) വിധേയമാകുന്നില്ല. ഉൽപാദനത്തിലെ ഈ പ്രത്യേകതകൾ കൊണ്ടു തന്നെ വൈറ്റ് ടീയ്ക്ക് സ്വാദും പോഷക ഗുണവും ഏറും.

ADVERTISEMENT

ഹൃദയത്തെ കാക്കും
∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം: വൈറ്റ് ടീയിലും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇതു കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.

∙ ശരീരഭാരം നിയന്ത്രിക്കാൻ:
ഉപാപചയം വർധിപ്പിച്ചു കൊഴുപ്പ് വിഘടനം (breakdown) കൂട്ടുന്നതിലൂടെ വൈറ്റ് ടീ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു.

∙ ചർമ സംരക്ഷണം: ഫ്രീ റാഡിക്കലുകൾ കാരണമുണ്ടാകുന്ന ചർമകോശങ്ങളുടെ നീർക്കെട്ടിന് ഇതു ഫലപ്രദമാണ്. വൈറ്റ് ടീ ചർമത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്താൻ സഹായിക്കും.

∙ പല്ലിന്റെ ആരോഗ്യം:
വൈറ്റ് ടീയിലെ കാറ്റക്കിൻസ്, ടാനിൻസ്, ഫ്ലൂറൈഡ് (catechins, tannins, fluoride) എന്നിവ പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിലൂടെയും ബാക്ടീരിയ കാരണമുണ്ടാകുന്ന ക്ഷയത്തിൽ നിന്നു സംരക്ഷിക്കുന്നതിലൂടെയും പോടുകൾ തടയുന്നു.

ADVERTISEMENT

∙ കാൻസർ സാധ്യത കുറയ്ക്കാം: ശ്വാസകോശ അർബുദ കോശങ്ങളെ നശിപ്പിക്കാനും വൻകുടലിലെ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാനും ഇതിനു കഴിയുമെന്നു പഠനം കണ്ടെത്തിയിട്ടുണ്ട്.

∙ ഇൻസുലിൻ പ്രതിരോധം (Insulin Resistance): കുറയ്ക്കാൻ വൈറ്റ് ടീ സഹായിച്ചേക്കാം.

ADVERTISEMENT

വൈറ്റ് ടീ ഉൾപ്പെടെയുള്ള ചായകളിലെ കാറ്റക്കിൻ അസ്ഥികളെ തകർക്കുന്ന കോശങ്ങളെ തടസ്സപ്പെടുത്തും. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കും.

മിതമായി കുടിക്കാം
വൈറ്റ് ടീ സാധാരണയായി മിതമായ അളവിൽ കുടിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില പാർശ്വഫലങ്ങളുണ്ട്. വൈറ്റ് ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായ ഉപയോഗം അസ്വസ്ഥത, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തൽ എന്നിവയ്ക്കു കാരണമാകും. വൈറ്റ് ടീയിലെ ടാനിൻസ് ചില ആളുകളുടെ വയറിനെ അസ്വസ്ഥമാക്കുകയും ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. ടീ ബാഗുകളിൽ വിൽക്കുന്ന ചില ബ്രാൻഡ് വൈറ്റ് ടീയിൽ ലെഡ് അടങ്ങിയിരിക്കാം. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഇവ കുടിക്കുന്നതു സുരക്ഷിതമല്ല.

സോളി ജെയിംസ്
കൺസൾട്ടന്റ് ന്യൂട്രിഷനിസ്റ്റ്, കൊച്ചി.

English Summary:

White tea is a minimally processed tea offering numerous health benefits. It's packed with antioxidants and may aid in weight management, improve skin and dental health, and potentially reduce cancer risk.

ADVERTISEMENT