ബിരിയാണി രുചിയോടൊപ്പം ആരോഗ്യകരവുമാക്കാൻ ബ്രൗൺ ബസ്മതി അരി The Health Benefits of Brown Basmati Rice
Mail This Article
അരിയുടെ രാജ്ഞി’ എന്നാണു ബസ്മതി അരി അറിയപ്പെടുന്നത്. വെളുത്ത ബസ്മതി അരിയെക്കാൾ ബ്രൗൺ ബസ്മതി അരി ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. രണ്ട് അരിയുടെയും പ്രത്യേകതകൾ നോക്കാം.
വെള്ള ബസ്മതി അരി– ശുദ്ധീകരിച്ച ധാന്യം ആണിത്. നാരുകളും പോഷകങ്ങളും കുറവാണ്. ഇതിന് ഒരു പ്രത്യേക മണവും രുചിയും ഉണ്ട്, വേഗത്തിൽ പാകം ചെയ്യാം. ഇതിൽ നാരുകൾ കുറവായതിനാൽ ആഹാരം ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു അനുയോജ്യമാണ്. രുചി മെച്ചപ്പെടുത്തുന്നതിനും ഷെൽഫ് ആയുസ്സു വർധിപ്പിക്കുന്നതിനും പാചകഗുണങ്ങൾ വർധിപ്പിക്കുന്നതിനും ആണ് ഇതു പ്രോസസ്സ് ചെയ്യുന്നത്.
ബ്രൗൺ ബസ്മതി അരി: നാരുകളാൽ സമ്പുഷ്ടമായ തവിട്, പോഷകങ്ങൾ നിറഞ്ഞ മുള (germ) ബി-കോംപ്ലക്സ് വൈറ്റമിനുകൾ, ധാതുക്കൾ-ചെമ്പ്, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം) കാർബോഹൈഡ്രേറ്റ് അടങ്ങിയ എൻഡോസ്പേം (endosperm – വിത്തിനുള്ളിൽ കാണപ്പെട്ടുന്ന കോശങ്ങളുെട ഒരു കൂട്ടം) എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കും. പ്രമേഹം, ഹൃദ്രോഗം, ചില തരത്തിലുള്ള കാൻസർ (കോളൻ കാൻസർ) തടയാനും കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഇതു സഹായിക്കും.
ഗുണങ്ങൾ അറിയാം
ബ്രൗൺ ബസ്മതി അരിക്കു വെള്ളയേക്കാൾ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതായത് ഇതു രക്തത്തിലെ പഞ്ചസാരയെ പെട്ടെന്ന് വർധിപ്പിക്കില്ല. എന്നാൽ ബ്രൗൺ അരി സംസ്കരിച്ച് വെള്ള അരിയാക്കുമ്പോൾ ഇതിലെ കാർബോഹൈഡ്രേറ്റ് വേഗത്തിൽ ദഹിച്ചു രക്തത്തിലെ പഞ്ചസാര കൂട്ടുന്നു.
ഈ അരിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ മെറ്റബോളിക് സിൻഡ്രം തടയാൻ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിനും, നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബ്രൗൺ അരിയുടെ തവിടിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇതു ദോഷകരമായ ഫ്രീ റാഡിക്കൽ സംയുക്തങ്ങളെ നിർവീര്യമാക്കാനും പല രോഗങ്ങളെ തടയാനും സഹായിക്കും.
ദോഷവശങ്ങളും ഉണ്ട്
ലോകത്തിലെ ഏറ്റവും വിഷലിപ്തമായ മൂലകങ്ങളിൽ ഒന്നായ അജൈവ ആർസെനിക് (Inorganic arsenic) അടങ്ങിയതാണ് ബ്രൗൺ അരിയെക്കുറിച്ചുള്ള ഒരു ആശങ്ക. ബ്രൗൺ റൈസിന്റെ രണ്ട് പുറം പാളികളിൽ (അതായത്, തവിടും മുളയും) അജൈവ ആർസെനിക് കാണപ്പെടുന്നു . അതിനാൽ, വെളുത്ത അരിയേക്കാൾ കൂടുതൽ ആർസെനിക് സാന്ദ്രത ബ്രൗൺ അരിയിൽ കാണപ്പെടുന്നു. ദീർഘനാൾ അജൈവ ആർസെനിക് ഉള്ള അരി കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ബുദ്ധിശക്തി കുറയൽ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ശുദ്ധജലത്തിൽ അരി പല പ്രാവശ്യം കഴുകി ധാരാളം വെള്ളത്തിൽ വേവിച്ചാൽ അരിയിലെ ആഴ്സനിക്കിന്റെ അംശം കുറയ്ക്കാൻ സാധിക്കും. ബസ്മതി അല്ലെങ്കിൽ ജാസ്മിൻ പോലെ സുഗന്ധമുള്ള അരി തിരഞ്ഞെടുക്കുക. വടക്കേ ഇന്ത്യ, വടക്കൻ പാകിസ്ഥാൻ, നേപ്പാൾ എന്നിവയുൾപ്പെടെ ഹിമാലയൻ മേഖലയിൽ നിന്നുള്ള അരിയിൽ ആർസെനിക് കുറവാണ്.
സോളി ജെയിംസ്
ന്യൂട്രിഷനിസ്റ്റ്, കൊച്ചി