10 വയസ്സു കുറയ്ക്കണോ? മനസ്സു ശാന്തമാക്കി ചെറുപ്പമാകാൻ 10 വഴികൾ 10 Proven Relaxation Techniques for Stress Relief
Mail This Article
ദീർഘകാലമായി മാനസിക സമ്മർദം അനുഭവിക്കുന്നവരെ കണ്ടാൽ തന്നെ അറിയാം. അവരുടെ യഥാർഥ പ്രായത്തേക്കാളും കൂടുതൽ തോന്നിക്കും. കാരണം, പിരിമുറുക്കം പെട്ടെന്നു നമ്മെ വയസ്സാക്കും. പിരിമുറുക്കം കുറച്ച് റിലാക്സ് ആയി നോക്കൂ. കൂടുതൽ ചെറുപ്പമാകും, കാഴ്ചയിലും ശരീരത്തിലും.
യാഥാർഥ്യത്തിലുള്ളതോ സാങ്കൽപികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണമാണു മാനസികസമ്മർദം. ഇത് ഓരോരുത്തരുടെയും വ്യക്തിത്വം, മാനസിക ഘടന, അനുഭവങ്ങൾ, ബന്ധങ്ങൾ, പ്രശ്നങ്ങൾ നേരിടാനുള്ള കഴിവ് എന്നിവയെല്ലാം ആശ്രയിച്ചിരിക്കും.
പോസിറ്റീവ് സ്ട്രെസ്സ്
എന്തുകൊണ്ടു പിരിമുറുക്കം ഉണ്ടാകുന്നു എന്നു മനസ്സിലാക്കിയാൽ ഒരു പരിധി വരെ അതു തടയാനും നമുക്കാവും. അനുനിമിഷം മാറ്റങ്ങൾ സംഭവിക്കുന്ന ലോകത്താണു നാം ജീവിക്കുന്നത്. മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെയും മനസ്സിന്റെയും തയാറെടുപ്പാണു പിരിമുറുക്കം ഉണ്ടാക്കുന്നത്.
എന്നാൽ ഈ പിരിമുറുക്കം എപ്പോഴും മോശം കാര്യമല്ല. പല വിഷമാവസ്ഥകളിൽ നിന്നും പുറത്തുവരാനുള്ള ശക്തിയും ഊർജവും നൽകാൻ പിരിമുറുക്കത്തിനു സാധിക്കും. ഇങ്ങനെയുള്ള പിരിമുറുക്കത്തെ യൂസ്ട്രെസ്സ് അഥവാ പോസിറ്റീവ് പിരിമുറുക്കം എന്നു പറയും. എന്നാൽ, പിരിമുറുക്കം മാറാതെ നിൽക്കുന്തോറും ശരീരം ക്ഷീണിതമാകും. അതുകൊണ്ടു പിരിമുറുക്കത്തിന്റെ വലയിൽ കുടുങ്ങാതിരിക്കാൻ ചെറുപ്പം മുതലേ ഫലപ്രദമായ റിലാക്സേഷൻ രീതികൾ ശീലിക്കണം.
റിലാക്സാകാൻ 10 വഴികൾ
പിരിമുറുക്കം ഒരൊറ്റ കാരണത്താൽ മാത്രം ഉണ്ടാകുന്നതല്ല. അതിനാൽ പിരിമുറുക്കം നിയന്ത്രിക്കാൻ പലതരം മാർഗങ്ങൾ ആവശ്യമുണ്ട്. പ്രധാനപ്പെട്ടതും വളരെ ഫലപ്രദവുമായ ചില പരിഹാര
മാർഗങ്ങളെക്കുറിച്ച് അറിയാം.
1. പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ – ശരീര പേശികളെ മുറുക്കിയും പിന്നീട് അയച്ചും മനസ്സിനെ ശാന്തമാക്കുന്നു. ഇതുവഴി പാരാസിംപതറ്റിക് ഉത്തേജനം വർധിച്ചു കോർട്ടിസോൾ നില സാധാരണമാകുന്നു.
2. മൈൻഡ്ഫുൾനെസും ധ്യാനവും
വിധിയിരുത്തലുകളോ വിശകലനങ്ങളോ ഇല്ലാതെ നിലവിൽ അനുഭവപ്പെടുന്നതും അറിയുന്നതുമായ കാര്യങ്ങളെ മാറിനിന്നു നോക്കിക്കാണുന്ന, അവയെക്കുറിച്ചു ബോധവാന്മാരാകുന്ന അവസ്ഥയാണ് മൈൻഡ്ഫുൾനെസ്സ്. ധ്യാനം, ശ്വസനരീതികൾ, ഗൈഡഡ് ഇമേജറി എന്നിവയിലൂടെ ചിന്തകൾ, വികാരങ്ങൾ, പരിസരം എന്നിവയിലുള്ള അവബോധം വർധിപ്പിക്കുന്നു. ഇതു മനസ്സും ശരീരവും ശാന്തമാക്കി പിരിമുറുക്കം കുറയ്ക്കുന്നു.
സ്പർശനം, ശബ്ദം, ഗന്ധം, കാഴ്ച,രുചി എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളെയും ഉപയോഗിച്ചു ചുറ്റുപാടുകളെ അറിയുന്നത് മൈൻഡ്ഫുൾനെസ്സിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, ഒരു കാപ്പി കുടിക്കുമ്പോൾ അതിന്റെ ഗന്ധം ആസ്വദിച്ച്, മെല്ലെ രുചിയറിഞ്ഞു കുടിക്കുക. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക. സ്വയം നല്ല സ്നേഹത്തോടെയും മതി
പ്പോടെയും കാണുക എന്നിവയും ഇതിന്റെ പരിശീലിക്കാം.
3. സംഗീത ചികിത്സ (Music Therapy) –
ചികിത്സകന്റെ സഹായത്തോടെ ശാന്തത നൽകുന്ന സംഗീതം തിരിച്ചറിയുന്നു. അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായി പരിശീലനം നൽകുകയും ചെയ്യുന്നു. ഇതിലൂടെ കോർട്ടിസോൾ കുറയുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദം എന്നിവ നോർമലാകുന്നു. ശ്രദ്ധ വർധിക്കുന്നു
4. ശബ്ദചികിത്സ (Sound Therapy) – ശബ്ദ തരംഗങ്ങൾ ഉപയോഗിച്ചു മനസ്സും ശരീരവും ശാന്തമാക്കുന്നു. തല
ച്ചോറിലെ തരംഗങ്ങളിൽ മാറ്റം വരുത്തി റിലാക്സാകുമ്പോഴുള്ള ആൽഫ തരംഗങ്ങളിലേക്ക് എത്തിക്കുന്നു.
∙ വൈബ്രോ അക്വസ്റ്റിക് തെറപി–
താഴ്ന്ന ഫ്രീക്വൻസി ശബ്ദതരംഗങ്ങൾ ശരീരത്തിലേക്ക് എത്തിക്കുന്നു.
∙ ബൈനറൽ ബീറ്റ്സ് ( Binaural Beats) – ഒരേസമയം ഓരോ ചെവിയിലും വ്യത്യസ്ത താളങ്ങൾ നൽകി ശാന്തതയേകുന്നു.
∙ ഗോങ് തെറപി (Gong Therapy) – ഗോങ് എന്ന പ്രത്യേക സംഗീതോപകരണത്തിന്റെ ശബ്ദം വഴി വേഗസ് നാഡിയെ ഉത്തേജിപ്പിച്ചു ശാന്തതയും ഉറക്കത്തിന്റെ ഗുണമേന്മയും വർധിപ്പിക്കുന്നു.
∙ പ്രകൃതിശബ്ദങ്ങൾ – മഴ, കാറ്റ്, കടൽ, പക്ഷികൾ, ഒഴുകുന്ന ജലം എന്നിവയും ആശ്വാസം നൽകുന്നു.
5. ബൗദ്ധിക–പെരുമാറ്റ ചികിത്സ (Cognitive Behaviour Therapy) – പിരിമുറുക്കത്തിന് ഇടയാക്കുന്ന തെറ്റായ ചിന്താപ്രക്രിയകൾ തിരിച്ചറിഞ്ഞ് അവ പുന:ക്രമീകരിക്കാൻ സഹായിക്കുന്നു.
6. ബയോഫീഡ്ബാക്ക്, ന്യൂറോഫീഡ്ബാക്ക് – ഇലക്ട്രോണിക് സെൻസറുകൾ വഴി ഹൃദയമിടിപ്പ്, പേശിവളർച്ച, തലച്ചോറിലെ തരംഗങ്ങൾ എന്നിവ നിരീക്ഷിച്ചു രോഗിയെ പിരിമുറുക്കം ബോധപൂർവം നിയന്ത്രിക്കാൻ പരിശീലനം നൽകുന്നു.
7. വെർച്വൽ റിയാലിറ്റി ചികിത്സ – ശാന്തമായ കൃത്രിമപരിസരം സൃഷ്ടിച്ചു സമ്മർദം കുറയ്ക്കുന്നു.
8. ആർട്ട് തെറപി – ആർട്ട് തെറപ്പിസ്റ്റിന്റെ സഹായത്തോടെ വിവിധ കലാരൂപങ്ങൾ സൃഷ്ടിച്ച് അതിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
9. യോഗ– യോഗ, തായ് ചി പോലെയുള്ള
ശ്വസനവും ശരീരചലനങ്ങളും യോജിപ്പിച്ചുള്ള പരിശീലനങ്ങൾ മുറുകിയിരിക്കുന്ന മനസ്സിനെയും ശരീരത്തെയും അയച്ചു ശാന്തമാക്കുന്നു.
10. ജീവിതശൈലീ മാറ്റങ്ങൾ
∙ സന്തുലിതമായ ആഹാരം കഴിക്കുക– പഴങ്ങൾ, പച്ചക്കറികൾ, മുഴു ധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ എന്നിവ കഴിക്കുക. കഫീൻ, മദ്യം, സംസ്കരിച്ച ഭക്ഷണം കുറയ്ക്കുക
∙ 6–7 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക.
∙ സ്ഥിരമായി വ്യായാമം ചെയ്യുക.
∙ സമയനിയന്ത്രണം വയ്ക്കുക. കാര്യങ്ങൾ ചിട്ടയോടെ ക്രമീകരിച്ചു ചെയ്യുക.
∙ സാമൂഹിക ബന്ധങ്ങൾ വളർത്തുക.
∙ ആവശ്യമുള്ളപ്പോൾ ‘നോ’ പറയാൻ പഠിക്കുക. പിരിമുറുക്കം ഇല്ലാതെ ബന്ധങ്ങളെ കൊണ്ടുപോകാൻ ഇതു സഹായിക്കും.
∙ സഹായം ആവശ്യമുള്ളപ്പോൾ ചോദിക്കുക. എല്ലാ കാര്യങ്ങളും തനിയെ ചെയ്യേണ്ടതില്ല.
∙ സ്ക്രീൻ സമയം നിയന്ത്രിക്കുക.
∙ ഹോബികൾ പിരിമുറുക്കത്തിൽ നിന്നും ശ്രദ്ധ അകറ്റും.
∙ ജോലി–ജീവിത സന്തുലനം നിലനിർത്താം.