ബിപിയുണ്ട് – കടൽമത്സ്യം കഴിക്കാമോ ? –മത്സ്യത്തിന്റെ പോഷകഗുണങ്ങളറിയാം Health benefits of fish
Mail This Article
നിത്യജീവിതത്തിൽ ഒരു നേരമെങ്കിലും മത്സ്യം അഥവാ മീൻ ഉപയോഗിക്കുന്നവരാണു നാം. ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളും വളർത്തു മത്സ്യങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ മീനുകളിൽ പോഷകഗുണങ്ങൾ കൂടുതലുള്ളത് ഏതിനാണ് എന്ന സംശയം എല്ലാവരുടെയും മനസ്സിലുണ്ടാകാം.
ശുദ്ധജല മത്സ്യങ്ങൾക്കും വളർത്തു മത്സ്യങ്ങൾക്കും കടൽ മത്സ്യങ്ങളിൽ നിന്നു കുറച്ചു വ്യത്യാസങ്ങളുണ്ട്. “സോഡിയത്തിന്റെ അളവിലാണു പ്രധാന വ്യത്യാസം. കടൽമത്സ്യങ്ങളെ അപേക്ഷിച്ചു സോഡിയം ഇവയിൽ കുറവായിരിക്കും. അതുകൊണ്ട് ഹൈപ്പർടെൻഷൻ അഥവാ രക്താതിമർദമുള്ളവരോടു കടൽ മത്സ്യങ്ങൾ ഉപയോഗിക്കരുത് എന്നു പറയാറുണ്ട്. അവർക്കു ശുദ്ധജല മത്സ്യങ്ങളാണു നിർദ്ദേശിക്കുന്നത്”–കൊച്ചിയിലെ ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ പറയുന്നു.
വൈറ്റമിൻ എയും സെലിനിയവുമൊക്കെ വളർത്തുന്ന മത്സ്യങ്ങളിലായിരിക്കും കൂടുതൽ. കാൽസ്യം, അയഡിൻ, പ്രോട്ടീൻ ഇവ കൂടുതലുള്ളതു കടൽമത്സ്യങ്ങളിലാണ്. കടല്‍മത്സ്യങ്ങളിൽ കൊളസ്ട്രോളും കാലറിയും പൂരിതകൊഴുപ്പുകളും കുറവായിരിക്കും. മറ്റു ധാതുക്കൾ കടൽമത്സ്യങ്ങളിലും വളർത്തു മത്സ്യങ്ങളിലും ഒരുപോലെ ആയിരിക്കും. മത്തിയും അയലയും അയഡിനാൽ സമ്പന്നമാണ്. വളർത്തുന്ന മീനിൽ ഒമേഗ 3 യും നല്ല കൊഴുപ്പുകളും കൂടുതലായുണ്ട്. കടൽമത്സ്യങ്ങളിൽ ഏതെങ്കിലും ഘട്ടത്തിൽ അമോണിയ പോലുള്ള രാസപദാർഥങ്ങൾ ചേർക്കപ്പെടുന്നുണ്ട്. വളർത്തു മത്സ്യങ്ങളാകട്ടെ നമ്മുടെ കൺമുൻപിൽ കൈകളിലേക്ക് എത്തുകയാണ്.
‘‘ആഹാരത്തിലും അന്തരീക്ഷത്തിലുമൊക്കെ നിയന്ത്രിത സാഹചര്യങ്ങളിലൂടെ വളരുന്നതിന്റെ മെച്ചങ്ങൾ വളർത്തുമത്സ്യങ്ങൾക്കുണ്ട്. അന്തരീക്ഷത്തിലെ മെർക്കുറി ജലത്തിൽ കലരുമ്പോൾ മത്സ്യം അതിനെ ആഗിരണം ചെയ്യുന്നുണ്ട്. മറ്റൊന്ന് കാർബണിന്റെ സാന്നിധ്യമാണ്. ശുദ്ധജലമത്സ്യങ്ങളിൽ പൊതുവെ ഇവ കുറയാനാണു സാധ്യത– കോട്ടയം ഗവ. മെഡിക്കൽ കോളജിലെ റിട്ട. ഡയറ്റീഷൻ സുജേതാ ഏബ്രഹാം പറയുന്നു.
മീൻ ആരോഗ്യ ജീവിതത്തിന്
ഏതു വിഭാഗം മീനായാലും പൊതുഗുണങ്ങൾ തന്നെയാണു പ്രധാനം. ഒമേഗ 3 ഫാറ്റി ആസിഡ് എന്ന ഗുണത്തിനു തന്നെയാണു സാർവത്രികമായി പ്രാധാന്യം കൽപിക്കപ്പെടുന്നത്. മീൻ ഹൃദയാരോഗ്യത്തിനു നല്ലതെന്നു പേരു കേട്ട ആഹാരമാണ്. ഹൃദയത്തിന് ആരോഗ്യമേകുന്ന കൊഴുപ്പുകൾക്കൊപ്പം ഉയർന്ന ഗുണമേൻമയുള്ള പ്രോട്ടീനാണു മീനുകളുടെ ഹൈലൈറ്റ്. തയമിൻ, നിയാസിൻ, വൈറ്റമിൻ ബി6, വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, കാൽസ്യം എന്നിവ ഉണ്ട്. ആഴ്ചയിൽ കുറഞ്ഞതു രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീൻ കഴിക്കുന്നതു ഹൃദയസംബന്ധമായ രോഗങ്ങളെ തടയുമെന്നാണു പഠനം. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്കു ശമനമേകാൻ മീനെണ്ണക്കു കഴിയുമെന്നും പറയുന്നു. മീനുകളിൽ ഹീം അയൺ അടങ്ങിയിരിക്കുന്നു. ഇതു നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാനാകും.
ശുദ്ധജല മത്സ്യങ്ങൾക്കു രുചി പൊതുവേ കൂടുതലാണെന്നു പറയാറുണ്ട്. അതേ സമയം കടൽ മീനുകൾക്കാണു രുചി കൂടുതലെന്നു പറയുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഒമേഗാ 3 ഫാറ്റി ആസിഡ് കൂടുതലായി കാണുന്നതു മത്തിയിലും അയലയിലുമാണ്. ഒമേഗ 3 ഫാറ്റി ആസിഡും നല്ല കൊഴുപ്പുകളും വളർത്തുമീനുകളിലും കൂടുതലുണ്ട്. വളർത്തുമീനുകളിൽ രുചിയുടെ മികവും ആളുകളുടെ ഇഷ്ടവും പിടിച്ചു പറ്റിയതു തിലാപ്പിയ ആണ്. കരിമീനിനോടു കിടപിടിക്കുന്ന രുചിയാണു തിലാപ്പിയയുടേതെന്നാണ് ആരാധകരുടെ പക്ഷം.
മീനിന്റെ ആഹാരവും പ്രധാനം
വളർത്തു മത്സ്യങ്ങളുടെ കാര്യത്തിൽ ജലത്തിന്റെ ശുദ്ധിയും മീനിനു നൽകുന്ന തീറ്റയുടെ ഗുണമേന്മയും നമുക്കറിയാം. കടൽ മത്സ്യങ്ങളുടെ കാര്യത്തിൽ അതറിയാനാകില്ല. മീൻ കഴിക്കുന്ന ആഹാരം അതിന്റെ പോഷകമികവിനെ സ്വാധീനിക്കുന്നുണ്ട് എന്നാണു വിദഗ്ധാഭിപ്രായം.
“വളർത്തു മത്സ്യമാണെങ്കിലും വിളവെടുത്ത ഉടൻ ആളുകളിലേക്ക് എത്തിക്കുന്നുണ്ടോ എന്നതാണു പ്രധാനം. മത്സ്യം പെട്ടെന്നു ചീത്തയാകുന്ന ആഹാരമാണ്. എത്രയും പെട്ടെന്നു പാകപ്പെടുത്തി കഴിക്കുകയാണു പ്രധാനം. വളർത്തുമത്സ്യങ്ങളുടെ കാര്യത്തിൽ അധികനേരം ഐസിലോ അമോണിയയിലോ വയ്ക്കുന്നതിനുള്ള സാധ്യത പൊതുവേ കുറവാണ്. രാസവസ്തുക്കളുടെ സാന്നിധ്യം ഈ മീനുകളിൽ കുറവാണെന്നതു ശ്രദ്ധേയമായ കാര്യമാണ്” – സുജേതാ എബ്രഹാം പറയുന്നു.
പാചകം ചെയ്യുമ്പോൾ
മീൻ പാകപ്പെടുത്തും മുൻപ് അതു വൃത്തിയായി കഴുകുക എന്നതാണ് ഏറ്റവും പ്രധാനം. ഉപ്പും തൈരും / ഉപ്പും വിനാഗിരിയും / ഉപ്പും നാരങ്ങാനീരും അങ്ങനെ പുളിയുള്ളവ ഉപയോഗിച്ചു കഴുകുന്നതു പ്രധാനമാണ്. ഈ കൂട്ടുകൾ കുറച്ചു സമയം മീനിൽ പുരട്ടി വയ്ക്കുന്നതും നല്ലതാണ്. അതിലൂടെ മീനിന്റെ ഉളുമ്പു മണവും മാറിക്കിട്ടും. ചെതുമ്പലുകൾ പൂർണമായും മാറ്റണം. തൊലി നീക്കേണ്ടവയുടെ തൊലി നീക്കണം. വെട്ടി വൃത്തിയാക്കി ഫ്രീസറിൽ വയ്ക്കാം. അങ്ങനെയുള്ള മീൻ അന്തരീക്ഷ ഊഷ്മാവിലെത്തിയ ശേഷമേ പാകം ചെയ്യാവൂ (തോവിങ്).‘‘ഏറെ എണ്ണയിൽ, ഉയർന്ന ചൂടിൽ മീൻ വറുക്കുമ്പോൾ ചൂടു കൊണ്ടു മീനിലെ നല്ല കൊഴുപ്പുകൾ നഷ്ടപ്പെടുകയാണു ചെയ്യുന്നത്. അല്ലെങ്കിൽ ബേക് ചെയ്യുകയോ, ഗ്രിൽ ചെയ്യുകയോ വേണം ’’– സുജേതാ ഏബ്രഹാം പറയുന്നു.
ഫ്രോസൻ ഫിഷും ടിൻ ഫിഷും
ഇന്ന് സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ശീതീകരിച്ച മത്സ്യം അഥവാ ഫ്രോസൻ ഫിഷ് ലഭിക്കും. വിദേശത്തു നിന്നു കേരളത്തിൽ കൂടുതലായി എത്തുന്ന മീനാണു ബാസ. ട്യൂണ എന്ന ചൂരയും വിദേശത്തു നിന്നെത്തുന്നുണ്ട്. ട്യൂണ ഫ്രെഷ് ആയും വിപണിയിൽ ലഭ്യമാണ്. ലക്ഷദ്വീപിൽ നിന്നെത്തുന്ന ട്യൂണ ടിന്നുകളിൽ ലഭ്യമാണ്. ടിൻഡ് ഫിഷ് എന്ന വിഭാഗത്തിൽ തന്നെ പ്രധാന സ്ഥാനത്തു നിൽക്കുന്നതു ട്യൂണ ആണ്. സ്പ്രിങ് വാട്ടർ /ഓയിൽ/ ബ്രൈൻ എന്നിങ്ങനെ മൂന്നു തരം ദ്രാവക മാധ്യമങ്ങളിലാണു ട്യൂണ ലഭിക്കുന്നത്. ജലം മീഡിയം ആയിട്ടുള്ളത് എടുക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. എല്ലാ വിഭാഗം മീനുകളും ഇന്നു ഫ്രോസൻ ആയി വിപണിയിൽ ലഭിക്കുമെങ്കിലും മീനുകള്‍ ഫ്രെഷ് ആയി വാങ്ങി പാകപ്പെടുത്തി കഴിക്കുന്നതാണ് അഭികാമ്യം. വീട്ടിലും നിർദ്ദേശിക്കുന്നത്ര തണുപ്പിൽ ഫ്രിഡ്ജിലെ ഫ്രീസറിൽ മീൻ സൂക്ഷിക്കണം– ഡോ. മുംതാസ് ഓർമിപ്പിക്കുന്നു.
