ഒറ്റപ്രസവത്തിൽ നാലു കുട്ടികൾ; 16 വർഷത്തെ കാത്തിരിപ്പിന്റെ കഥ വായിക്കാം Quadruplets: A Miracle After 16 Years of Waiting
Mail This Article
അതിരമ്പുഴ ശ്രീകണ്ഠമംഗലം ഉള്ളാട്ടുപറമ്പിൽ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോഴേ ഒരാൾ പറഞ്ഞു– ഒറ്റപ്രസവത്തിൽ നാലു കുട്ടികളുണ്ടായ വീടല്ലേ...? നാലു കുട്ടികൾ പിറന്നു വർഷം നാലു ആകാറായെങ്കിലും ഇപ്പോഴും നാട്ടുകാർക്കതൊരു കൗതുകവിശേഷം തന്നെ.
നീണ്ട 16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രസന്ന–സുരേഷ് ദമ്പതികൾക്കു നാലു കൺമണികളെ ലഭിച്ചതെന്നതും അപൂർവതയാണ്.
വീടെത്തിയപ്പോൾ രണ്ടുപേർ ഉറക്കമാണ്. രണ്ടുപേർ ഉറക്കത്തിനു മുൻപുള്ള ചിണുങ്ങലിലും. മൂത്തയാൾ ശങ്കരൻ, രണ്ടാമത്തേതു ലക്ഷ്മി, പിന്നെ കാശിനാഥനും കാർത്തിക്കും.
‘‘ശിവന്റെ കടാക്ഷം കൊണ്ടു കിട്ടിയതാണ് എന്റെ മക്കളെ. അതുകൊണ്ട് ആൺകുട്ടികൾക്കെല്ലാം ശിവന്റെ പര്യായങ്ങളായ പേരുകളിട്ടു. ഞങ്ങൾക്കു മക്കളുണ്ടായി കാണാൻ ഒരുപാട് ആഗ്രഹിച്ചും പ്രാർഥിച്ചും കാത്തിരുന്നിട്ടു മക്കളെ കാണും മുൻപേ അമ്മ (ഭർത്താവ് സുരേഷിന്റെ അമ്മ) പോയി. അതുകൊണ്ടു മോൾക്ക് അമ്മയുടെ പേരിട്ടു– ലക്ഷ്മി.’’പ്രസന്ന പറയുന്നു.
കാത്തിരിപ്പിന്റെ 16 വർഷം
ഒരു കുഞ്ഞിക്കാലു കാണാൻ സമയമായില്ലേ’ എന്ന ചോദ്യം കേട്ടു കേട്ടു മനസ്സു കല്ലിച്ചു പോയിരുന്നു പ്രസന്നയ്ക്ക്...രണ്ടും മൂന്നുമല്ല...16 വർഷം.
‘‘ എവിടെ ചെന്നാലും ആളുകൾ ഒാരോ ചികിത്സകളെ കുറിച്ചും വഴിപാടുകളെ കുറിച്ചും ഒക്കെ പറയും.അതൊക്കെയും പരീക്ഷിച്ചു. ആയുർവേദം, ഹോമിയോപ്പതി എല്ലാം പരീക്ഷിച്ചു. അമ്പലങ്ങളിലും പള്ളികളിലും പോയി കരഞ്ഞു പ്രാർഥിച്ചു. വ്രതങ്ങളെടുത്തു, വഴിപാടുകൾ നേർന്നു. രണ്ടുപേർക്കും ഒരു കുഴപ്പവുമില്ലെന്നാണു ഡോക്ടർമാരെല്ലാം പറഞ്ഞത്. ഒരു തവണ ഐയുഐയും ചെയ്തു. പക്ഷേ, ഒന്നും വിജയമായില്ല.’’ഒരു ചെറുപുഞ്ചിരിയോടെ കയ്പു നിറഞ്ഞ കാലങ്ങളെ കുറിച്ചു പ്രസന്ന പറഞ്ഞു.
‘‘ഇതിനിെടയിൽ ചേട്ടൻ ഒരു അപകടത്തിൽപ്പെട്ടു. അതോടെ കഠിന ജോലികളൊന്നും പറ്റാതായി. അങ്ങനെയാണ് ഞാൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ക്ലീനിങ് സ്റ്റാഫ് ആയി ജോലിക്കെത്തുന്നത്.’’ ജോലിക്കു കയറിയതു പ്രസന്നയുടെയും സുരേഷിന്റെയും ജീവിതത്തിൽ ഒരു വഴിത്തിരിവായി.
‘‘അവിടെ വച്ചാണു വന്ധ്യതാരോഗ വിദഗ്ധനായ ഡോ.ഹരീഷിനെ കുറിച്ചു കേൾക്കുന്നത്. ഡോക്ടറോടു സംസാരിച്ചപ്പോൾ തന്നെ ധൈര്യം തോന്നി. ഐവിഎഫ് ചെയ്തു നോക്കാമെന്നു സാറു പറഞ്ഞു.’’കുത്തിവയ്പും മരുന്നുകളും പ്രാർഥനയുമായി ദിവസങ്ങൾ മുന്നോട്ടുപോയി. ഇത്തവണ ഗർഭിണിയായി. സ്കാൻ ചെയ്തപ്പോൾ നാലു കുട്ടികളുണ്ടെന്നു കണ്ടു.
‘‘എനിക്ക് 43 വയസ്സായിരുന്നു.അതുകൊണ്ടു നാലു കുട്ടികളെയുമായി ഗർഭം മുൻപോട്ടു പോകുന്നതു റിസ്ക് ആയിരിക്കുമെന്ന് ആശങ്ക പറഞ്ഞിരുന്നു.കുഞ്ഞുങ്ങളില്ലാതെ ഇരുന്നു ദൈവം തന്നതല്ലേ...അതു കളയണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു’’-പ്രസന്ന പറയുന്നു.
കോവിഡ് കാലത്തെ പ്രസവം
കോവിഡ് കാലത്തെ ഗർഭവവും പ്രസവവും ആശങ്കകൾ നിറഞ്ഞതായിരുന്നു. ‘‘ഗർഭകാലം മുഴുവൻ ബെഡ് റെസ്റ്റ് ആയിരുന്നു, പുറത്തിറങ്ങുന്നതു പരിശോധനയ്ക്കു പോകാൻ മാത്രം. ഒരു കുഴപ്പവുമില്ലാതെ 2022 ജനുവരി 17 നു സിസേറിയൻ നടന്നു.ആദ്യം പുറത്തുവന്നതു ശങ്കരനാണ്. അവസാനം വന്നതു കാർത്തിക്കും. ’’
‘‘ഗർഭിണിയായിരുന്ന സമയത്തു തന്നെ മരുന്നും കുത്തിവയ്പുമായി നല്ല പണച്ചെലവുണ്ടായിരുന്നു.വന്ധ്യതാ ചികിത്സയ്ക്കും സിസേറിയനുമൊക്കെയായി ലക്ഷങ്ങൾ ചെലവായി. ആശുപത്രിയിൽ നിന്നും തുക കുറച്ചു തന്നു. ഡോക്ടറും കുറേ സഹായിച്ചു.
കണ്ടിരിക്കാൻ കൗതുകമാണെങ്കിലും നാലു കുട്ടികളെ നോക്കാൻ നാലാളു വേണം. നാലു പേർക്കും ഒരുമിച്ചാണ് അസുഖം വരുന്നത്. ഒരാളുറങ്ങി കഴിയുമ്പോഴേക്കും അടുത്തയാൾ ഞെട്ടിയുണരും. ഉറങ്ങിക്കിടക്കുന്നയാളെ ഉണർന്നിരിക്കുന്നയാൾ തോണ്ടി എഴുന്നേൽപിക്കും. പിന്നെ കരച്ചിലും ബഹളവുമാകും. പ്രസവം കഴിഞ്ഞ സമയത്ത് എന്റെ ചേച്ചിയും രണ്ടു കുട്ടികളും കൂടെ വന്നുനിന്നു. കോവിഡായതുകൊണ്ടു 8–9 മാസം കഴിഞ്ഞാണു പുറത്തേക്ക് ഇറക്കിയതു തന്നെ. ’’
കുറുമ്പിന്റെ കളിയരങ്ങ്
സംസാരത്തിനിടയിലേക്കു കുപ്പിപ്പാലു നുണഞ്ഞു ലക്ഷ്മി ഇറങ്ങിവന്നു.‘‘ഒറ്റ പെൺകുട്ടിയാണെങ്കിലും കൂട്ടത്തിലേറ്റവും കുറുമ്പു ലക്ഷ്മിക്കാണ്. ബാക്കിയുള്ളവരെ അവൾ പറയുന്നിടത്തു നിർത്തും. ഒരാൾ ഭക്ഷണം താഴെയിട്ടാൽ മറ്റവരും അതു തന്നെ ചെയ്യും. ഒരാൾ ഒരു ഉടുപ്പിട്ടാൽ മറ്റുള്ളവർക്കും അതേതരം ഉടുപ്പു വേണം.’’ കുട്ടികളെ കുറിച്ചു പറയുമ്പോൾ
പ്രസന്നയുടെ മുഖത്തു വാത്സല്യം.
‘‘ നാലു പേർക്കും സ്വന്തമായി ഒാരോ ടർക്കിയും പുതപ്പും പാൽക്കുപ്പിയുമൊക്കെയുണ്ട്. അതു മാറിപ്പോയാൽ പ്രശ്നമാണ്. പുറത്തുപോകാമെന്നു പറഞ്ഞാൽ ഉടൻ ഉടുപ്പും ചെരുപ്പും ഇട്ടു വഴക്കില്ലാതെ റെഡിയാകും. അത്രയ്ക്കിഷ്ടമാണു യാത്ര. ദൂരെയൊന്നും പോകണമെന്നില്ല...അതിരമ്പുഴ പള്ളി പെരുന്നാളോ അമ്പലത്തിലെ ഉത്സവമോ ഒക്കെ മതി. പക്ഷേ,നാലു പേരേയും കൊണ്ടു പുറത്തുപോകണമെങ്കിൽ വണ്ടി വേണം, നോക്കാൻ നാലു പേരും വേണം. അതുകൊണ്ടു പുറത്തുകൊണ്ടുപോകുന്നതു കുറവാണ്.
ഇപ്പോൾ കുട്ടികൾ അംഗൻവാടിയിൽ പോകുന്നുണ്ട്. എല്ലാവരുടെയും സഹായം കൊണ്ട് ഇതുവരെ എങ്ങനെയൊക്കെയോ എത്തി...ഇനിയും മുന്നോട്ടുപോയല്ലേ പറ്റൂ...
പറഞ്ഞുനിർത്തും മുൻപേ നാലു കുരുന്നുകളും കൊഞ്ചി ചിരിയുമായി പ്രസന്നയുടെ മടിയിലേക്കു പാഞ്ഞുകയറി കുഞ്ഞുമ്മകൾ കൊണ്ടു പൊതിഞ്ഞു. ആ സന്തോഷഭരിതമായ കാഴ്ചയിൽ ആരുടെ മനസ്സാണു നിറയാത്തത്?
ചികിത്സാവഴികൾ
പ്രസന്നയ്ക്കും സുരേഷിനും അൺഎക്‌സ്പ്ലെയിൻഡ്
ഇൻഫെർട്ടിലിറ്റി എന്ന അവസ്ഥയായിരുന്നു. പ്രത്യേകിച്ചു കാരണമൊന്നുമില്ലാത്ത വന്ധ്യത. ഐവിഎഫ് ആണു നിർദേശിച്ചത്. അതിനു കോട്ടയത്തെ ബ്ലിസ് ഫെർട്ടിലിറ്റി ഹോസ്പിറ്റലിലെ
ഡോ. സിമിയുെട പക്കലേക്കു റഫർ െചയ്തു. ബാക്കി പരിശോധനകളും പ്രസവവും കാരിത്താസിൽ നടത്തി.
വളരെ സങ്കീർണമായ ഗർഭകാലമായിരുന്നു പ്രസന്നയുടേത്. പ്രത്യേക കരുതൽ നൽകി. നാലു കുട്ടികൾ ഉണ്ടായിരുന്നതിനാൽ പരിപൂർണവിശ്രമം ആയിരുന്നു. 34ാം ആഴ്ച സിസേറിയൻ വഴിയായിരുന്നു പ്രസവം.
ഡോ. ഹരീഷ് ചന്ദ്രൻ നായർ
സീനിയർ കൺസൽറ്റന്റ്, ഗൈനക്കോളജി
കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം
