ADVERTISEMENT

തിൻ ഒാഫിസിലേക്കു വരുന്നതു തന്നെ ഒരു കാഴ്ചയാണ്...വയസ്സ് 50 കഴിഞ്ഞെങ്കിലും 40 ൽ താഴെയേ മതിക്കൂ...തേച്ചു വടിവൊപ്പിച്ച വസ്ത്രങ്ങൾ, ദുർമേദസ്സില്ലാത്ത ശരീരം...നീണ്ടുനിവർന്ന നടപ്പ്...പുഞ്ചിരി മായാതെയുള്ള ഇടപെടൽ...ആളുടെ കാര്യത്തിൽ പ്രായം നാണിച്ചു മാറിനിൽക്കുകയാണ് എന്നാണ് ഒാഫിസിലെ അടക്കം പറച്ചിൽ...

മുപ്പതുകൾ കഴിയുമ്പോഴേ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പ്രായം നിങ്ങൾ പറയുന്നിടത്തു നിൽക്കും. കലണ്ടറിൽ പ്രായം മുന്നോട്ടോടിയാലും ശരീരം ആരോഗ്യത്തോടെയും ചർമം ശോഭ മങ്ങാതെയുമിരിക്കും. കാഴ്ചയിൽ യഥാർഥ പ്രായത്തിന്റെ പകുതി മാത്രമേ തോന്നുകയുള്ളു. അതിനു ശരീരഭാഷ, വസ്ത്രധാരണം, മേക്കപ്, ചർമ പരിപാലനം തുടങ്ങി മനോഭാവത്തിൽ വരെ ശ്രദ്ധാപൂർവമായ ചില തിരുത്തലുകളും പുതുക്കലുകളും മാറ്റിമറിക്കലുകളും നടത്തിയാൽ മതി.

ADVERTISEMENT

ചർമത്തിന്റെ പ്രായം കുറയ്ക്കാം

പ്രായത്തിന്റെ അടയാളങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നതു ചർമത്തിലാണ്. പ്രത്യേകിച്ചു സൂര്യരശ്മികളുമായി സമ്പർക്കം വരുന്ന മുഖം, കൈകൾ, കഴുത്ത്, കൺതടങ്ങൾ എന്നിവിടങ്ങളിൽ. പ്രായമാകലിന്റെ മുഖ്യപങ്ക് സൂര്യരശ്മികളിൽ നിന്നുള്ള വികിരണങ്ങൾക്കാണ്.

ADVERTISEMENT

∙ സൺഗ്ലാസ്സ് വച്ചാൽ കൺതടങ്ങളിൽ സൂര്യരശ്മിയേറ്റു ചുളിവുകൾ വരുന്നത് ഒരു പരിധിവരെ കുറയ്ക്കാം.

∙ നല്ല വെയിലത്തിറങ്ങുമ്പോൾ തൊപ്പിയും കയ്യും കാലും മറയ്ക്കുന്ന വസ്ത്രങ്ങളും ഉപയോഗിക്കുക.

ADVERTISEMENT

∙ വെയിലത്തിറങ്ങുന്നതിന് 20 മിനിറ്റു മുൻപു പുറമേ കാണുന്ന എല്ലാ ശരീരഭാഗങ്ങളിലും സൺസ്ക്രീൻ പുരട്ടണം. മൂന്നു മണിക്കൂറിനു ശേഷം വീണ്ടും പുരട്ടണം.

പ്രായം കൂടിയാലും ചർമത്തിന്റെ തിളക്കവും ഭംഗിയും കെടാതെ വയ്ക്കാൻ ചർമത്തിന് അകമേ നിന്നും പുറമേ നിന്നും കരുതൽ നൽകണം.

∙ സമീകൃതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണവും മാനസിക സമ്മർദം ലഘൂകരിക്കലും പതിവായ വ്യായാമവും 6–7 മണിക്കൂർ ഉറക്കവും ഒക്കെ ചർമത്തെ ആഴത്തിൽ പരിപോഷിപ്പിക്കുന്നു.

∙ ദിവസവും മരുന്നു കഴിക്കുന്നതു പോലെ തന്നെ 10–12 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചാലേ ചർമം തിളക്കവുമുള്ളതായിരിക്കൂ.

പ്രായം കുറയ്ക്കാൻ ഈ ക്രീമുകൾ

ചർമത്തിനു നേരിട്ടുള്ള പരിപാലനവും പ്രധാനമാണ്. പ്രായം കൂടും തോറും ചർമത്തിലെ ജലാംശം കുറയാനും വരണ്ടുപോകാനും സാധ്യതയുണ്ട്. ഇതു തടയാൻ ചർമത്തിന്റെ ജലാംശം നിലനിർത്താനുള്ള ക്രീമുകൾ ഉപയോഗിക്കാം. ഏറ്റവും മികച്ച ആന്റി ഏജിങ് ക്രീം എന്നൊന്നില്ല. ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ വിവിധ ഘടകങ്ങൾ ലഭ്യമാക്കുകയാണു വേണ്ടത്.

∙ ചർമത്തിന്റെ ഈർപ്പം നിലനിർത്താനും യുവത്വം നിലനിർത്താനും ഹയലൂറോണിക് ആസിഡ് അടങ്ങിയ ക്രീമുകൾ നല്ലതാണ്. ഈ ഘടകം നമ്മുടെ ചർമത്തിൽ തന്നെയുള്ള ഒന്നാണ്. കാലം ചെല്ലും തോറും ശരീരം അതിന്റെ ഉൽപാദനം കുറച്ചുകൊണ്ടുവരും. ഇതു ചർമം വരണ്ടുപോകാൻ ഇടയാക്കാറുണ്ട്. ചർമത്തിലെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം ചുളിവു തടയുന്ന കൊളാജനെന്ന പ്രോ ട്ടീനിന്റെ അളവു കൂട്ടാനും പുതിയത് ഉൽപാദിപ്പിക്കാനും ഒക്കെ ഹയലൂറോണിക് ആസിഡ് സഹായിക്കും.

∙ റെറ്റിനോൾ ക്രീമുകൾ ചർമത്തിന്റെ ടെക്സ്ചർ മെച്ചമാക്കും.

∙ വൈറ്റമിൻ സി പോലെയുള്ള ഘടകങ്ങൾ അടങ്ങിയ ക്രീമുകൾ ചർമത്തിനു തിളക്കവും ശോഭയും നൽകും. സൂര്യരശ്മികളിൽ നിന്നു ചർമത്തിനു വരുന്ന നാശം തടയും.

∙ ഷിയ ബട്ടർ, അവക്കാഡോ ബട്ടർ, കൊക്കോ ബട്ടർ പോലെ ബട്ടർ കലർന്ന ക്രീമുകളും നല്ലതാണ്. ചർമത്തിനു വേണ്ടുന്ന സെറാമെഡ് എന്ന ഘടകം ഇവയിലൂടെ ലഭിക്കും. ഇതു ചർമത്തിന്റെ ഇലാസ്തികത കൂട്ടും. ദോഷഘടകങ്ങളെ ചെറുക്കാനും ജലാംശം നഷ്ടപ്പെട്ടുപോകാതിരിക്കാനും ഉള്ള കഴിവു ചർമത്തിനു നൽകും.

∙ പെപ്റ്റൈഡ് കലർന്ന ക്രീമുകൾ ടെക്സ്ചർ മെച്ചപ്പെടാനും പ്രായം കുറയ്ക്കാനും നല്ലതാണ്.


ഫാസ്റ്റിങ് നല്ലതോ?

∙ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പാടുകളും കുരുക്കളും മാറി ചർമം വൃത്തിയോടെയും തിളക്കത്തോടെയും ഇരിക്കാൻ സഹായിക്കും. ഇതു ചർമത്തിന്റെ ഇലാസ്തികത കൂടാനും ഭംഗിയുള്ളതാകാനും സഹായിക്കും. ഫാസ്റ്റിങ് സമയത്തു നന്നായി വെള്ളം കുടിക്കാൻ മറക്കരുത്. എങ്കിലേ കോശങ്ങൾക്കു നല്ല ജലാംശം ലഭിക്കുകയും വിഷാംശം നീങ്ങുകയും ചെയ്യൂ.

∙ പ്രായമായാൽ, ദിവസവും രണ്ടു നേരം ഇളംചൂടു വെള്ളത്തിൽ വീര്യംകുറഞ്ഞ ക്ലെൻസർ ഉപയോഗിച്ചു മുഖം കഴുകണം. സോപ്പുപയോഗിക്കരുത്. ചർമം വരണ്ടുപോകാം.

∙ ചുളിവു കുറയ്ക്കാൻ ദിവസവും ചർമം മോയിസ്ചറൈസ് ചെയ്യാം. മുഖത്തിടുന്നതോടൊപ്പം കഴുത്തിലും കയ്യിലും പുരട്ടണം. േശഷം മൃദുവായി മസാജ് ചെയ്യണം. അമർത്തി തിരുമ്മരുത്. പ്രായമായ ചർമം നേർത്തതായതിനാൽ അമിത സമ്മർദം ദോഷം ചെയ്യും. കൺതടങ്ങളിൽ മസാജ് വേണ്ട. നടുവിരൽ കൊണ്ടു ടാപ് ചെയ്താൽ മതി. വരണ്ട ചർമത്തിലേക്കു ക്രീം പുരട്ടുന്നതിലും ഫലപ്രദം അൽപം നനവുള്ള ചർമത്തിലേക്കു പുരട്ടുന്നതാണ്. ഇതു ക്രീമിന്റെ ആഗിരണം വർധിപ്പിക്കും

∙ പ്രായമാകുമ്പോൾ മുഖത്തു വരുന്ന പാടുകൾ മാറാൻ ഇലക്ട്രോ കോട്ടറി ചെയ്യാം. ബോട്ടോക്സ്, ഫില്ലേഴ്സ് പോലെയുള്ളവ വർഷത്തിലൊരിക്കൽ ചെയ്താൽ ചുളിവു കുറയ്ക്കാം. കെമിക്കൽ പീലുകളും ചർമത്തിന്റെ പ്രായം കുറയ്ക്കും. എന്നാൽ, ക്രയോ തെറപി, ഹീറ്റ് തെറപ്പി പോലുള്ള തീവ്ര ചികിത്സകൾ പ്രായമായ ചർമത്തിന് അനുയോജ്യമല്ല.

ഹെയർ ഡൈ ഉപയോഗം ശ്രദ്ധയോടെ

ഡൈ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണിന്ന്. പക്ഷേ, സുരക്ഷിതമായി ഉപയോഗിക്കാനറിയണം.

അലർജി ഉണ്ടാക്കാത്ത ഹെയർ ഡൈ ഉപയോഗിക്കാം.

∙ ഡൈ ഉപയോഗിക്കും മുൻപു പാച്ച് ടെസ്റ്റ് ചെയ്യുക.

∙ തലയോട്ടിയിൽ പരുക്കുകളോ കുരുക്കളോ ഉണ്ടെങ്കിൽ ഡൈ ഉപയോഗിക്കരുത്.

∙ മൈൽഡ് ആയ, അമോണിയം, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഇല്ലാത്ത ഡൈകൾ തിരഞ്ഞെടുക്കുക.

∙ കഴിവതും മുടി ബ്ലീച്ച് ചെയ്യരുത്. ചെയ്താൽ മുടിയുടെ ഷാഫ്റ്റ് ജലാംശം നഷ്ടപ്പെട്ടു ചകിരിനാരു പോലെ ആകാനിടയുണ്ട്. മുടിയുടെ തിളക്കവും നഷ്ടമാകും.

∙ ഹെയർ ഡൈ പുരട്ടുമ്പോൾ ചർമത്തിൽ പുരളാതെ ശ്രദ്ധിക്കണം. നെറ്റിയിൽ വാസ്‌ലിനോ ക്രീമോ പുരട്ടുക.

∙ കളറിങ് കഴിഞ്ഞു മുടി ധാരാളം വെള്ളത്തിൽ നല്ലതുപോലെ കഴുകി ഡൈയുടെ അംശം പൂർണമായി
നീക്കണം. ശേഷം കണ്ടീഷനർ ഉപയോഗിക്കുക.

∙ വൈകുന്നേരങ്ങളിൽ മുടി കറുപ്പിക്കുക. പകലാണു ചെയ്യുന്നതെങ്കിൽ നെറ്റിയിലോ മറ്റോ പുരണ്ടിട്ടുള്ള ഡൈയുടെ അവശിഷ്ടം സൂര്യരശ്മികളുമായി സമ്പർക്കത്തിൽ വരാം. ഇത് അലർജിക്ക് ഇടയാക്കാം.

∙ നീലയമരി അല്ലെങ്കിൽ ഇൻഡിഗോ എന്ന ഘടകം ഹെർബൽ ഡൈകളിൽ വ്യാപകമാണ്. അതിന് ഒരുപാട് അലർജിയും കാണുന്നുണ്ട്. പൂർണമായി അലർജിയല്ല. ഇമ്യൂണോളജിക്കൽ പ്രക്രിയ ആയിട്ടാണു കാണപ്പെടുന്നത്. ചിലരിൽ നീലയമരി ചർമത്തിനു താഴെ അടിഞ്ഞു കാലക്രമേണ മുഖചർമത്തിനു നിറവ്യത്യാസം വരുന്നു. അതുകൊണ്ട് ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക

English Summary:

Stay young by adopting a mindful lifestyle that prioritizes your skin's health and appearance. Incorporating a balanced diet, regular exercise, adequate sleep, and proper skincare can significantly reduce the visible signs of aging, allowing you to look and feel younger.

ADVERTISEMENT