ADVERTISEMENT

മെഡിറ്ററേനിയൻ പ്രദേശത്തുള്ളവർക്കു മെഡിറ്ററേനിയൻ ഡയറ്റ്, ഫിൻലൻഡുകാർക്ക് കനോല എണ്ണ, ജപ്പാൻകാരുടെ ഹരാ ഹചി ബു...ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും ഒാരോ രാജ്യത്തിനും അവരുടേതായ ചില പ്രത്യേക ഭക്ഷണസംസ്കാരവും രീതികളുമുണ്ട്. അത്തരം പ്രധാനപ്പെട്ട ചില ആരോഗ്യകരമായ ഭക്ഷണരീതികൾ അറിഞ്ഞിരിക്കുന്നതു അമിത ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നമുക്കു തുണയാകും.

ജപ്പാൻകാരുടെ ഹരാ ഹചി ബു

ADVERTISEMENT

ജപ്പാൻകാരുടെ ആരോഗ്യജീവിതത്തിന്റെ പ്രധാന രഹസ്യം ഭക്ഷണത്തിൽ പുലർത്തുന്ന മിതത്വമാണ്. റസ്റ്ററന്റുകളിൽ പോലും മിതമായ അളവിലേ ഭക്ഷണം ലഭിക്കൂ. അളവിൽ പിടുത്തമുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒട്ടേറെ വിഭവങ്ങൾ ചേർന്നതാകും പ്രധാനഭക്ഷണം. നാരുകളും പ്രോട്ടീനും കാർബോഹൈഡ്രേറ്റും എല്ലാം സമാസമം ചേർന്ന ഭക്ഷണം. ആവിയിൽ വേവിച്ച പച്ചക്കറികളും മത്സ്യവും നിർബന്ധമായും കാണും.

ജപ്പാനിലെ ഒകിനാവയിലുള്ള ആളുകൾ പലരും 100 വയസ്സോടടുത്തിട്ടും തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്നവരാണ്. അതേക്കുറിച്ചു പഠനം നടത്തിയ ഗവേഷകർ ‘ഹരാ ഹചി ബു’ എന്ന സമീപനം ആരോഗ്യത്തോടെയിരിക്കാൻ അവരെ സഹായിക്കുന്നു എന്നു കണ്ടെത്തി. വയറിന്റെ 80 ശതമാനം നിറയുമ്പോഴേ ഭക്ഷണം കഴിപ്പു നിർത്തുക എന്നതാണ് ഹരാ ഹചി ബു കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണത്തെക്കുറിച്ചു മൈൻഡ്ഫുൾ ആവുക, കാലറി നിയന്ത്രണം എന്നിവയെല്ലാം ഈ രീതിയിൽ നടക്കും. സാമ്പ്രദായിക ഒകിനാവിയൻ ഡയറ്റിൽ പഴങ്ങൾ, പച്ചയും മഞ്ഞയും നിറത്തിലുള്ള പച്ചക്കറികൾ, ടോഫു, കടൽവിഭവങ്ങൾ, മഷ്റൂം, മധുരക്കിഴങ്ങ് എന്നിവയടങ്ങിയിരിക്കുന്നു.

ADVERTISEMENT

ഫിൻലൻഡുകാരുടെ ബെറിപ്പഴങ്ങളും കനോല എണ്ണയും

ഫിൻലൻഡ് നമുക്കൊക്കെ സുപരിചിതമാണല്ലേ? ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യം. കഴിഞ്ഞ എട്ടുവർഷമായി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം. പക്ഷേ, കുറേ വർഷം മുൻപ് ഫിൻലൻഡിന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തിൽ തീരെ മോശം അവസ്ഥ. ഹൃദ്രോഗങ്ങളുടെ കാര്യത്തിൽ ലോക റെക്കോർഡ്. ലോകത്തിലെ ഏറ്റവും മോശം ഭക്ഷണക്രമം ഫിൻലൻഡുകാരുടേത് ആണെന്നു കരുതപ്പെട്ടിരുന്നു. കൊഴുപ്പു കുറഞ്ഞ, സസ്യപ്രധാനമായ ഡയറ്റിലൂടെയാണ് ഫിൻലൻഡുകാർ ആരോഗ്യം തിരിച്ചുപിടിച്ചത്. കൊഴുപ്പേറിയ പാലും പാലുൽപന്നങ്ങളുടെയും ഉപയോഗം നിയന്ത്രിച്ചു. കൊഴുപ്പേറിയ വെണ്ണയ്ക്കു പകരം റാപ്സീഡ് (കനോല) എണ്ണ ഉപയോഗിച്ചുതുടങ്ങി. പച്ചക്കറികളെയും പഴങ്ങളെയും മാറ്റിനിർത്തിയിരുന്ന രീതി മാറി പലതരം ബെറിപ്പഴങ്ങൾ കൃഷി ചെയ്ത് ഉപയോഗിച്ചു തുടങ്ങി.

ADVERTISEMENT

പ്രാതൽ മുടക്കാത്ത ജർമനി

90 ശതമാനം ജർമൻ ആളുകളും രാവിലെ പ്രാതൽ മുടക്കാറില്ല. പലർക്കും ഒരു ദിവസത്തെ ഏറ്റവും പ്രധാനഭക്ഷണം പ്രാതലാണ്. തന്നെയുമല്ല തവിടു കളയാത്ത ധാന്യങ്ങളും സീറിയലുകളും പഴങ്ങളും മ്യുസ്‌ലിയും ഒക്കെ ഉൾപ്പെടുത്തിയ പോഷകസമ്പന്നമായ പ്രാതലാണു കഴിക്കാറ്. പ്രാതൽ നന്നായി കഴിക്കുന്നതുകൊണ്ടു തന്നെ ബാക്കി നേരങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും.

കൊറിയക്കാരുടെ സ്ലോ ഈറ്റിങ്

ചോപ്സ്റ്റിക്സ്, ചെറിയ പാത്രങ്ങൾ, മെല്ലെയുള്ള ഭക്ഷണം കഴിക്കൽ...കൊറിയക്കാരെ സംബന്ധിച്ച് ഭക്ഷണത്തിന്റെ അളവു നിയന്ത്രണത്തിന് ഇങ്ങനെ പല വഴികളുണ്ട്. ഭക്ഷണം ആവശ്യത്തിനു കഴിച്ചെന്ന വിവരം തലച്ചോറിനു കൈമാറുന്നതു ചില ഹോർമോണുകളാണ്. ഭക്ഷണം കഴിച്ചു തുടങ്ങി 20 മിനിറ്റ് ആകുമ്പോഴേ ഈ തൃപ്തി ഹോർമോണുകളുടെ ഉൽപാദനം ഉണ്ടാകൂ. ഭക്ഷണം മെല്ലെയാണു കഴിക്കുന്നതെങ്കിൽ വയറു നിറഞ്ഞെന്ന വിവരം തലച്ചോറിനു കൈമാറുന്ന ഈ സമയത്തിനുള്ളിൽ അമിതമായ ആഹാരം കഴിക്കുന്നത് ഒഴിവാക്കാം.

പുളിപ്പിച്ച ഭക്ഷണങ്ങളാണ് കൊറിയക്കാരുടെ ഒരു പ്രധാനവിഭവം. അതവരുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു. സുഹൃത്തുക്കളുമായി ഭക്ഷണം പങ്കുവച്ചു കഴിക്കുക, കൂട്ടമായി പലതരം ആക്ടിവിറ്റികളിൽ ഏർപ്പെടുക എന്നിവയും മെലിഞ്ഞു ഫിറ്റ് ആയിരിക്കാൻ ഇവരെ സഹായിക്കുന്നു.

കൊഴുപ്പു കുറച്ച് അർജന്റീനിയ

അമേരിക്കക്കാരെ അപേക്ഷിച്ച് വർഷം 30 പൗണ്ട് കൂടുതൽ മാംസം ഉപയോഗിക്കുന്നവരാണെങ്കിലും അർജന്റീനക്കാരിൽ ഹൃദ്രോഗനിരക്കു കുറവാണ്. ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ പൊതുവെ കൊഴുപ്പു നീക്കിയ മാംസ (Super lean cut) ത്തിനാണ് അവർ മുൻഗണന നൽകുന്നത്. മാത്രമല്ല കഴിയുന്നതും സ്വാഭാവികമായി തന്നെ കൊഴുപ്പു കുറഞ്ഞ ഒാർഗാനിക് മാംസം ഉപയോഗിക്കാനും ശ്രദ്ധിക്കുന്നു. സംസ്കരിച്ച മാംസവും അധികം ഉപയോഗിക്കില്ല. ഒലിവെണ്ണ ഉപയോഗിക്കുന്നതിനു പകരം ഒലിവ് അങ്ങനെ തന്നെ കഴിക്കാൻ ശ്രദ്ധിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സും വിത്തുകളും ഭക്ഷണത്തിന്റെ ഭാഗമാണ്.

ഒലിവെണ്ണയും പ്രത്യേക ഡയറ്റുമായി മെഡിറ്ററേനിയൻ രാജ്യങ്ങൾ

ഗ്രീക്ക്, ഇറ്റലി, സ്പെയിൻ , ഫ്രാൻസ് തുടങ്ങിയുള്ള മെഡിറ്ററേനിയൻ കടൽപ്രദേശത്തിനു ചുറ്റുമുള്ള രാജ്യങ്ങളാണ് മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്. ഹൃദ്രോഗം കുറയ്ക്കുന്ന ഡയറ്റ് എന്നു പേരുകേട്ട മെഡിറ്ററേനിയൻ ഡയറ്റാണ് ഇവരുടെ ആരോഗ്യരഹസ്യം. പച്ചക്കറികളും പഴങ്ങളും മത്സ്യവും ധാരാളം അടങ്ങിയ ഈ ഡയറ്റ് രക്തത്തിലെ ഷുഗർ നിരക്കു നിയന്ത്രിക്കാനും ബിപി, കൊളസ്ട്രോൾ എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സഹായകമാണ്. മത്തി, അയല, ചൂര, സാൽമൺ, കൊഴുവ പോലെയുള്ള മത്സ്യങ്ങളാണ് പ്രധാനമായും കഴിക്കുന്നത്. ഇവയിലെ ഒമേഗ3 കൊഴുപ്പ് ഹൃദ്രോഗത്തിലേക്കു നയിക്കുന്ന നീർവീക്കം തടയാനുത്തമമാണ്. മുഴുധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും വഴി ധാരാളം നാരുകളും വൈറ്റമിനുകളും ധാതുക്കളും ലഭിക്കും. നല്ല കൊഴുപ്പിന് ഒലിവെണ്ണയുണ്ട്. ചിലപ്പോൾ ഒരു ഗ്ലാസ്സ് റെഡ് വൈൻ കൂടിയുണ്ടാകും. അതിലെ റെസ്‌വെരാട്രോൾ ഹൃദയത്തിനു ഗുണകരവും പ്രായമാകലിന്റെ പരാധീനതകളെ തടുക്കാൻ സഹായകവുമാണ്. ഇതു വെറുമൊരു ഡയറ്റല്ല, ഒരു ജീവിതരീതി പോലെ അവരോട് ഇഴുകിച്ചേർന്നിരിക്കുന്നു.

നല്ല എരിവും മസാലയും ചേർന്ന തായ്ഭക്ഷണം

തനത് തായ് ഭക്ഷണങ്ങളിൽ മിക്കതും നല്ല എരിവും പുളിയും മസാലയുമൊക്കെ ചേർന്നതാണ്. നല്ല എരിവിനായി പലതരം മുളകുകൾ ഉപയോഗിക്കാറുണ്ട്. ട്രോപ്പിക്കൽ കാലാവസ്ഥയിൽ ഭക്ഷണം കേടാകാതിരിക്കാൻ മസാലകളുടെ ഉപയോഗം സഹായിക്കുമെന്നു പറയപ്പെടുന്നു. മാത്രമല്ല എരിവുള്ള ഭക്ഷണം രക്തയോട്ടവും വിയർപ്പും വർധിപ്പിച്ചു ശരീരത്തെ തണുപ്പിക്കുമത്രെ. മുളകിലുള്ള കാപ്സാസിൻ മെറ്റബോളിസം വർധിപ്പിക്കാൻ സഹായകമാണ്. ഇതു കൂടുതൽ കാലറി എരിച്ചു കളയും. വിശപ്പിനെ കുറയ്ക്കാനും നല്ലത്. ഇതോടൊപ്പം ധാരാളം പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുമൊക്കെ ചേരുമ്പോൾ ഒരു മാജിക് പോലെ ശരീരഭാരം കുറയുന്നത് അനുഭവിച്ചറിയാനാകും.

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും ഒാരോ രാജ്യത്തെയും അവരുടേതായ ഭക്ഷണ സംസ്കാരങ്ങൾ സഹായിക്കുന്നുണ്ട്. എങ്കിലും അവരിൽ നിന്നും ചില പൊതുതത്വങ്ങൾ പഠിച്ചെടുക്കാം. കൊഴുപ്പു കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക, മുഴുധാന്യങ്ങൾ ഉൾപ്പെടുത്തുക, സംസ്കരിച്ച ഭക്ഷണം കുറയ്ക്കുക, ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുക എന്നിവയൊക്കെ രാജ്യഭേദമില്ലാതെ നമ്മെ ഭാരം കുറയ്ക്കലിനു സഹായിക്കും.

English Summary:

Discover international healthy eating habits that can aid in your weight loss journey. Learn about the Mediterranean diet, Japan's Hara Hachi Bu, Finland's canola oil benefits, and more.

ADVERTISEMENT