പുഞ്ചിരിക്കു പിന്നിൽ മറഞ്ഞിരിക്കും വിഷാദം , സൈലന്റ് ഡിപ്രഷൻ തിരിച്ചറിയാം Silent Depression : The invisible Battle
Mail This Article
‘‘ The Silence Depressed me.
It wasn’t the silence of Silence. It was my own Silence ’’ - Sylvia Plath
വിഷാദത്തിൽ മുങ്ങിപ്പോയ മനുഷ്യരെ കണ്ടെത്താനും തിരിച്ചറിയാനും എളുപ്പമാണ്. ചിരി മാഞ്ഞുപോയ മുഖവും പ്രതീക്ഷ വറ്റിയ കണ്ണുകളും അവരെ വേർതിരിച്ചുനിർത്തും. എന്നാൽ പുഞ്ചിരിക്കുന്ന ഒരാളുടെ ഉള്ളിൽ കണ്ണീരിന്റെ, ശൂന്യതയുടെ ഒരു കടൽ തിളച്ചുമറിയുന്നുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അങ്ങനെയും വിഷാദരോഗമുണ്ട്. അതാണു സൈലന്റ ് ഡിപ്രഷൻ എന്ന ഹൈ ഫങ്ഷനിങ് ഡിപ്രഷൻ. മാസ്ക്ഡ് ഡിപ്രഷൻ എന്നും ഇതിനുപേരുണ്ട്. 100 പേരിൽ അഞ്ചുമുതൽ 10 പേർക്കു സൈലന്റ ് ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നു പഠന റിപ്പോർട്ടുകൾ പറയുന്നു. നാലിലൊന്നു പേർക്കു ജീവിതത്തിൽ ഏതെങ്കിലും ഒരു കാലത്തു വിഷാദം വരാനുള്ള സാധ്യത കാണുന്നുണ്ട്. അതിൽ മൂന്നിലൊന്നു പേർക്കെങ്കിലും സൈലന്റ ് ഡിപ്രഷൻ ആയിരിക്കും എന്നു കരുതപ്പെടുന്നു. കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതിനു കാരണം സൈലന്റ് ഡിപ്രഷൻ പലപ്പോഴും കൃത്യമായി നിർണയിക്കപ്പെടുന്നില്ല എന്നതാണ്.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
വിഷാദത്തിന് ഒൻപതു ലക്ഷണങ്ങളാണുള്ളത്. എന്തു ചെയ്താലും മാറാത്ത സങ്കടമാണ് ആദ്യ ലക്ഷണം. അടുത്തതു കാരണമില്ലാതെയുള്ള ക്ഷീണം. മൂന്നാമത്തെ ലക്ഷണം എല്ലാത്തിനോടും താൽപര്യക്കുറവാണ്. അടുത്തത് ഉറക്കക്കുറവ്. വിഷാദരോഗമുള്ളവരുടെ ഉറക്ക തടസ്സത്തിനെ ‘ടെർമിനൽ ഇൻസോമ്നിയ’ എന്നാണു പറയുന്നത്. അടുത്ത ലക്ഷണം വിശപ്പില്ലായ്മയാണ്. നെഗറ്റീവ് ചിന്തകളാണു മറ്റൊരു ലക്ഷണം. എനിക്കാരും ഇല്ല, സഹായിക്കാൻ ആരുമില്ല. അത്തരം ചിന്തകൾ രോഗിയെ വലയം ചെയ്യും. ഏഴാമത്തെ ലക്ഷണം ആത്മഹത്യാചിന്തയാണ്. എന്നാൽ വിഷാദമുള്ള എല്ലാവർക്കും ആത്മഹത്യാചിന്ത വരണമെന്നുമില്ല. അടുത്തത് ഏകാഗ്രതക്കുറവാണ്. പല കാര്യങ്ങളിലും ഏകാഗ്രത പുലർത്താൻ രോഗിക്കു സാധിക്കാതെ വരുന്നു. അവസാന ലക്ഷണം സൈക്കോ മോട്ടോർ റിട്ടാർഡേഷൻ എന്ന അവസ്ഥയാണ്. ചലനങ്ങളും ചിന്തകളും വളരെ സാവധാനം നീങ്ങുന്ന സ്ഥിതി ഉണ്ടാകാം. ഈ ലക്ഷണങ്ങളിൽ അഞ്ചു ലക്ഷണമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വിഷാദരോഗം നിർണയിക്കാൻ സാധിക്കൂ.
ഉള്ളിലാണീ വിഷാദം
‘‘സൈലന്റ ് ഡിപ്രഷനെ ‘ഹിഡൻ ഡിപ്രഷൻ’ എന്നും പറയാറുണ്ട്. പുറമെ നോക്കുമ്പോൾ ഡിപ്രഷൻ ഉള്ള വ്യക്തിയെന്നു തോന്നില്ല. അതുകൊണ്ടു ‘സ്മൈലിങ് ഡിപ്രഷൻ’ എന്നും പറയാറുണ്ട്. ചിരിച്ച മുഖത്തോടെയാണു രോഗി മറ്റുള്ളവർക്കു മുൻപിൽ നിൽക്കുന്നത്. മറ്റു ചില രോഗലക്ഷണങ്ങളുമായാണ് അവർ ചികിത്സയ്ക്കു വരുന്നതും. അപ്പോൾ മാത്രമായിരിക്കും സൈലന്റ ് ഡിപ്രഷൻ ആണെന്നു മനസ്സിലാക്കാൻ സാധിക്കുന്നത്’’. കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റ ് ആയ ഡോ. കെ. എൻ. കൃഷ്ണകുമാർ പറയുന്നു. വിഷാദത്തിന്റെ ഏറെക്കുറെ രോഗലക്ഷണങ്ങളാണു നിശ്ശബ്ദ വിഷാദത്തിലും പ്രകടമാകുന്നത്. പുറത്തുനിന്നു കാണുന്ന ഒരാൾക്ക് ഈ വ്യക്തിക്കു വിഷാദമുണ്ടെന്നു മനസ്സിലാകണമെന്നില്ല. കാരണം അത്രയ്ക്കു കടുത്ത രീതിയിലോ പ്രകടമായോ വിഷാദം പുറമേ കാണില്ല. വളരെ ലഘുവായ ലക്ഷണങ്ങളെ കാണാറുള്ളൂ. രോഗി തുറന്നുപറഞ്ഞാൽ മാത്രമേ വിഷാദമുണ്ട് എന്നു ഡോക്ടർക്കും മനസ്സിലാകൂ. രോഗിയോടു വളരെ അടുപ്പമുള്ളവർക്കും പ്രഫഷനലായ ഡോക്ടർമാർക്കും മാത്രമേ ഈ വിഷാദം നിർണയിക്കാൻ സാധിക്കൂ. അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടാകും. ജോലി ചെയ്യാനും വീട്ടിലെ കാര്യങ്ങൾ ചെയ്യാനും സാധിക്കും.
മാറാത്ത വേദനകൾ
‘‘സൈലന്റ ് ഡിപ്രഷന്റെ ചില ലക്ഷണങ്ങൾ ചിലപ്പോൾ ഡോക്ടർമാർക്കു കൃത്യമായി ലഭിക്കാറുണ്ട്. ഉദാഹരണമായി 30 – 40 വയസ്സു കഴിഞ്ഞ സ്ത്രീകൾ ഒപിയിൽ ഒട്ടേറെ ശാരീരിക വേദനകളുമായി വരികയാണെങ്കിൽ ചിലപ്പോൾ അതു സൈലന്റ ് ഡിപ്രഷൻ ആയിരിക്കാം. രക്തപരിശോധനകളും മറ്റു ടെസ്റ്റുകളും ചെയ്തിട്ടും ശാരീരികവേദനകളുടെ കാരണം കണ്ടെത്താതെ രോഗി വലയുകയായിരിക്കും. ഒരു കാരണവും ഡോക്ടർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ ഡോക്ടർ ഈ രോഗിയോടു കൂടുതൽ സമയമെടുത്തു സംസാരിച്ചു വിഷാദത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങളോ കാരണങ്ങളോ കണ്ടെത്തുകയാണെങ്കിൽ അതു സൈലന്റ് ഡിപ്രഷനിലേക്കുള്ള ഒരു വഴിത്തിരിവാണ്. ഇത്തരത്തിൽ നോൺ സ്പെസിഫിക് ആയ വേദനയുടെ ലക്ഷണങ്ങൾ ഉള്ളവരിൽ നിശ്ശബ്ദ വിഷാദം ഉണ്ടാകാൻ സാധ്യതയുണ്ട്’’. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു പറയുന്നു. വിശദീകരിക്കാനാകാത്ത വേദന, വയറുവേദന, തലവേദന, വയറെരിച്ചിൽ, നടുവേദന, കാലിനു പെരുപ്പ്, കയ്യും കാലും തരിച്ചു കയറുക ഇത്തരം നോൺ സ്പെസിഫിക് ലക്ഷണങ്ങൾ മാസ്ക്ഡ് ഡിപ്രഷന്റെ ലക്ഷണങ്ങളായി ഡോക്ടർമാർ കാണാറുണ്ട്. ഇതിനൊപ്പം മറ്റു വിഷാദ ലക്ഷണങ്ങളും പ്രകടമാകാം. ഒട്ടും ഊർജമില്ലാത്ത അവസ്ഥയായിരിക്കും.ഉറക്കമുണ്ടാകില്ല, വിശപ്പുണ്ടാകില്ല, എന്നാൽ എല്ലാ പ്രവർത്തനങ്ങളും അവർ ചെയ്യുന്നുമുണ്ടാകും. ഇതാണു മാസ്ക്‌ഡ് ഡിപ്രഷന്റെ പ്രത്യേകത. ‘‘നിശ്ശബ്ദ വിഷാദം ഉള്ളവരിൽ അമിതദേഷ്യം കാണാറുണ്ട്. പുരുഷന്മാരിൽ അമിത മദ്യപാനത്തിലേക്കും കാര്യങ്ങൾ നീങ്ങാം. ലഹരി ഉപയോഗിക്കുന്ന ശീലവും പ്രകടമാകാം’’. ഡോ. കൃഷ്ണകുമാർ പറയുന്നു.
ഏതു പ്രായത്തിലും
സൈലന്റ ് ഡിപ്രഷൻ ഏതു പ്രായത്തിലും വരാം. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമാകാം. ഒരു കുട്ടി സ്കൂളിൽ പോകുന്നില്ല. ചോദിക്കുമ്പോൾ വയറുവേദനയോ പനിയോ തലവേദനയോ ആയിരിക്കും പറയുന്നത്.ആ കുട്ടിക്കു ചിലപ്പോൾ വിഷാദം ആയിരിക്കാം. കൗമാരത്തിലുള്ള കുട്ടിയാണെങ്കിൽ ചീത്ത കൂട്ടുകെട്ടും ലഹരി ഉപയോഗവും ഉണ്ടെങ്കിൽ അവിടെയും വിഷാദലക്ഷണം കാണാം’’. ഡോ. ചിക്കു വിശദമാക്കുന്നു. നിശ്ശബ്ദ വിഷാദം വാർധക്യത്തിലും പ്രകടമാകാറുണ്ട്. ‘‘ജീവിതത്തിൽ വളരെ ബോൾഡ് ആയി കുടുംബഭാരം മുഴുവൻ ചുമന്നവരായിരിക്കും ഇവർ. ജീവിത സായന്തനത്തിൽ അവർക്കു വിഷാദസാധ്യത കൂടുതലാണ്. അപ്പോൾ ആ വിഷാദ ലക്ഷണങ്ങൾ പുറത്തു പറയാൻ അവർക്കു സാധിക്കണമെന്നുണ്ടാകില്ല.അതുകൊണ്ടുതന്നെ അവരിൽ ശാരീരിക രോഗലക്ഷണങ്ങൾ കൂടുതലായി കാണാം. അവർ വളരെ ആക്ടീവ് ആയതു പോലെ തോന്നാം. ശാരീരിക വേദനകൾക്കു തക്കതായ കാരണങ്ങൾ ഒന്നുമുണ്ടാകില്ല. അതുകൊണ്ടു തന്നെ വാർധക്യത്തിലെ വിഷാദവും ഏറെ ശ്രദ്ധിക്കേണ്ടതാണ്’’. ഡോ. കൃഷ്ണകുമാർ പറയുന്നു.
വൈകാരിക അവഗണന
വൈകാരിക അവഗണനയും പ്രധാന കാരണമാണ്. ‘‘പലരും കുടുംബത്തിൽ വൈകാരിക അവഗണനയിലൂടെ കടന്നുവന്നവരാകാം. പലവിധ കാരണങ്ങളും ഉണ്ടാകാം. മാതാപിതാക്കളുടെ അമിതചിട്ടകൾ, ചില ശീലങ്ങൾ എന്നിങ്ങനെ. മദ്യപാനശീലം പോലെയുള്ള കാരണങ്ങളും പിന്നിലുണ്ടാകാം. മാതാപിതാക്കളുടെ മാനസിക പ്രതിസന്ധികളും രോഗങ്ങളും കാരണവും കുട്ടികളെ അവഗണിച്ചിട്ടുണ്ടാകാം. വേണ്ടത്ര കരുതൽ കിട്ടാതെ വളർന്ന കുട്ടികൾ പലപ്പോഴും തങ്ങളുടെ വേദനകൾ തുറന്നു പറയാൻ സാധിക്കാത്ത സാഹചര്യത്തിലാകും വളരുന്നത്. തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന ബോധ്യത്തിൽ വളരുന്ന കുട്ടികൾ അതുകൊണ്ടു തന്നെ സ്വന്തം വേദനകളെ ഉള്ളിൽ ഒതുക്കുന്നതാണു ബുദ്ധി എന്ന രീതിയിലേക്കു മാറുന്നു. വിഷാദമുണ്ടെങ്കിലും ഈ കുട്ടികൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കില്ല. അവർക്കു സൈലന്റ ് ഡിപ്രഷൻ ആയിരിക്കാം’’. ഡോ. കൃഷ്ണകുമാർ വിശദമാക്കുന്നു.
കാരണങ്ങൾ അറിയാം
∙ യഥാർഥവികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതു മോശമാണെന്ന ധാരണ കുട്ടിക്കാലം മുതൽ മനസ്സിൽ വേരുറച്ചവരുണ്ട്. കരഞ്ഞാൽ സെൻസിറ്റീവ് ആണെന്നും വേദന പങ്കിട്ടാൽ ദുർബലരാണെന്നും മറ്റുള്ളവർ ധരിക്കുമോ എന്നിവർ ചിന്തിക്കാം. ഇവരൊക്കെ നിശ്ശബ്ദ വിഷാദപാതയിലൂടെ സഞ്ചരിക്കുന്നവരാണ്.
∙ അമിതമായ ഉത്തരവാദിത്തങ്ങൾ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്നവർ, പരിചരണം നൽകുന്നവർ, തർക്കങ്ങൾ പരിഹരിക്കുന്നവർ ഇവരെല്ലാം ഉദാഹരണങ്ങളാണ്.
∙ കടുത്ത ട്രോമയിലൂടെ കടന്നു പോയവർ, ആത്മാഭിമാനത്തിനു വലിയ പ്രാധാന്യം നൽകുന്നവർ ഇവരെല്ലാം ഈ ഗണത്തിൽ പെടുന്നു.
∙ ഇതിനൊപ്പം മസ്തിഷ്കത്തിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലും പ്രവർത്തനത്തിലുമുണ്ടാകുന്ന അസന്തുലിതാവസ്ഥയും കാരണമാകുന്നു.
രോഗനിർണയവും ചികിത്സയും
സൈലന്റ ് ഡിപ്രഷൻ നിർണയിച്ചില്ലെങ്കിൽ ജീവിതം ആസ്വദിക്കാൻ സാധിക്കാതെ വരും. ആത്മഹത്യയിലേക്കും കാര്യങ്ങൾ നീങ്ങാം. ഇതു മരുന്നില്ലാതെയും മരുന്നു നൽകിയും ചികിത്സിക്കാറുണ്ട്. കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി ഉൾപ്പെടെ തെറപ്പികളും മരുന്നുകളും നൽകുന്നു. എസ്എസ്ആർഐ, എസ്എൻആർഐ വിഭാഗത്തിലുള്ള മരുന്നുകളും നൽകുന്നുണ്ട്. ജീവിതത്തിൽ ചില ക്രമീകരണങ്ങൾ നടത്താനും ഇവരോടു നിർദേശിക്കാറുണ്ട്. അതായതു തിരക്കും ചിട്ടകളും കുറച്ചു വിശ്രമം എടുക്കുക, കൃത്യമായി വ്യായാമം ചെയ്യുക, മനസ്സിനു സന്തോഷകരമായ കാര്യങ്ങൾ ചെയ്യുക.
വിഷാദം കനൽ പോലെ എരിയുമ്പോഴും പുഞ്ചിരിയുടെ മുഖപടം അണിയുന്നവരാണിവർ. മൂടി വയ്ക്കപ്പെട്ട വിഷാദം കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ചെയ്യാവുന്നത് ഇത്ര മാത്രം, പ്രിയപ്പെട്ടവരോടു ഹൃദയം തുറന്നു സംസാരിക്കാം. പ്രതിസന്ധികളിൽ ഒപ്പമുണ്ടെന്നു പറയാം.
