ADVERTISEMENT

യാത്രകൾ ശരീരത്തിന് ഊർജം നൽകാൻ വേണ്ടിയുള്ളതാകണം, ആരോഗ്യത്തെ ബാധിക്കുന്നവയാകരുത്. ഒരു യാത്ര തീരുമാനിക്കുന്പോൾ തന്നെ അതു തുടങ്ങുന്നതിനു മുൻപും യാത്രയ്ക്കിടെയും യാത്ര കഴിഞ്ഞും കൈക്കൊള്ളേണ്ട ചില പ്രതിരോധനടപടികൾ ഉണ്ട്. ഇവ പാലിച്ചാൽ യാത്രകൾ ഹാപ്പിയും ഹെൽതിയും ആക്കാം.

ആദ്യം വേണ്ടതു പ്ലാനിങ്

ADVERTISEMENT

പ്രധാനപ്പെട്ട പല കാര്യങ്ങളും നാം മറന്നുപോകാൻ സാധ്യതയുണ്ട്. യാത്രയ്ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപു തന്നെ ഒരു ലിസ്റ്റ് തയാറാക്കുക. ലിസ്റ്റ് നോക്കി ഓരോന്നായി പായ്ക്കു ചെയ്യുന്നതു വഴി ഒന്നും ഒഴിവാകാതെ ശ്രദ്ധിക്കാം. തിരിച്ചറിയൽ രേഖകൾ പ്രത്യേകം സൂക്ഷിക്കുക. യാത്രയ്ക്കു തൊട്ടുമുൻപു പായ്ക്കു ചെയ്യുന്നത് ഒഴിവാക്കുക.

∙ യാത്രാ ടിക്കറ്റുകളും വാഹനങ്ങളും ഹോട്ടലുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതു യാത്ര കൂടുതൽ കംഫർട്ടബിൾ ആക്കും. ഇത് അനാവശ്യമായ അലച്ചിലുകൾ ഒഴിവാക്കും.

ADVERTISEMENT

∙ അമിതമായ ലഗേജ് ഒഴിവാക്കി അത്യാവശ്യത്തിനു മാത്രം വസ്ത്രങ്ങൾ കരുതുക. തണുപ്പുള്ള സ്ഥലങ്ങളിലേക്കാണു യാത്രയെങ്കിൽ അവിടെ ചെന്നശേഷം ആവശ്യമെങ്കിൽ പുതിയ വസ്ത്രങ്ങൾ വാങ്ങാം.

∙ യാത്രയ്ക്ക് ഒരാഴ്ച മുൻപെങ്കിലും ബ്ലഡ് ഷുഗർ ലെവലും ബിപിയും പരിശോധിക്കുക. ഗ്ലൂക്കോമീറ്ററും ബിപി മോനിറ്ററും കൂടെ കരുതാം.

ADVERTISEMENT

∙ അപസ്മാരം പോലെയുള്ള രോഗങ്ങളുള്ളവരോ പ്രത്യേക മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരോ തങ്ങളുടെ അസുഖത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും വ്യക്തമാക്കുന്ന ഹെൽത് കാർഡ് കരുതുക. അടിയന്തര ഘട്ടങ്ങളിൽ അതു സഹായിക്കും.

∙ ട്രെക്കിങ്ങിനു പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ പ്രത്യേക ഷൂസുകളും വസ്ത്രങ്ങളും കരുതുക. ​വെള്ളം കുടിക്കാനുള്ള സൗകര്യം, രാത്രി കാട്ടിലോ മറ്റോ താമസിക്കുന്നുണ്ടെങ്കിൽ അതിനായുള്ള ടെന്റ് (Tent) എന്നിവ കരുതണം.

വസ്ത്രങ്ങൾ ശ്രദ്ധയോടെ

കേരളത്തിലെ ചൂടിൽ നിന്നും പെട്ടെന്നു തണുപ്പുള്ള രാജ്യങ്ങളിലേക്കു പോകുന്പോൾ ശരീരം അതിനോടു പൊരുത്തപ്പെടാൻ സമയമെടുക്കും.

∙ കടുത്ത തണുപ്പത്തു ചിലർക്കു പേശികൾ വലിഞ്ഞുമുറുകുന്ന (Muscle Cramps) അവസ്ഥയുണ്ടാകാം. മൈനസ് ഡിഗ്രി തണുപ്പുള്ള സ്ഥലങ്ങളിൽ സാധാരണ ജാക്കറ്റുകൾ മതിയാകില്ല. തണുപ്പിനെ പ്രതിരോധിക്കുന്ന പ്രത്യേക തരം തെർമൽ ജാക്കറ്റുകൾ തന്നെ വേണം. ജാക്കറ്റുകൾ വാങ്ങുന്പോൾ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യരുത്. നല്ല കന്പനികളുടെ ജാക്കറ്റുകൾ ശരീരതാപനില കൃത്യമായി നിലനിർത്തും.

∙ കഴുത്തിനു തണുപ്പേൽക്കാതിരിക്കാൻ മഫ്ലറുകൾ ഉപയോഗിക്കുന്നതു നല്ലതാണ്. ​ചെവിയിൽ തണുപ്പടിക്കാതെ ഇരിക്കാൻ പ്രത്യേകം ഇയർ പ്ലഗുകൾ ഉപയോഗിക്കാം.

∙ യാത്ര പോകുന്പോൾ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ബ്രഷ്, പേസ്റ്റ്, സോപ്പ് തുടങ്ങിയവ കൂടെ കരുതുന്നത് എല്ലായ്പ്പോഴും നല്ലതാണ്. പുതിയ സ്ഥലങ്ങളിൽ പോയി അവിടുത്തെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ചിലർക്കു ചർമ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായേക്കാം.

∙ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്പോൾ അവർക്കു പെട്ടെന്നു ശ്വാസകോശ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ മാറ്റം കുട്ടികളിൽ നിർജലീകരണത്തിനു കാരണമായേക്കാം. യാത്ര പോകുന്ന സ്ഥലത്തെ ആശുപത്രി സൗകര്യങ്ങളെക്കുറിച്ചു നേരത്തേ അറിഞ്ഞിരിക്കുക.

ഭക്ഷണം- മുൻപേ തുടങ്ങണം

∙ യാത്രയ്ക്കു കുറച്ചു ദിവസങ്ങൾ മുൻപു തന്നെ തൈര് പോലുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതു വയറിന്റെ ആരോഗ്യം (Gut Health) മെച്ചപ്പെടുത്തും.

∙ യാത്രയ്ക്കിടയിൽ നോൺ-വെജ് ഭക്ഷണങ്ങളേക്കാൾ സസ്യാഹാരത്തിനു മുൻഗണന നൽകുന്നതു ദഹനം സുഗമമാക്കും. നോൺ-വെജ് ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇതു മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു കാരണമായേക്കാം.

∙ ബസ്സിലോ ട്രെയിനിലോ ഉള്ള ദീർഘദൂര യാത്രയാണെങ്കിൽ തലേദിവസം രാത്രി ലഘുവായ ഭക്ഷണം മതി.

∙ പുതിയ സ്ഥലങ്ങളിൽ പോകുന്പോൾ അവിടുത്തെ സ്ട്രീറ്റ് ഫൂഡ് പരീക്ഷിക്കുന്നതു പതിവാണ്. പരിചിതമല്ലാത്ത നാടുകളിൽ ആരെങ്കിലും പ്രത്യേകം നിർദേശിച്ച (Recommended) റെസ്റ്ററന്റുകൾ നോക്കി കയറുക.

∙ അലർജി ഉള്ളവർ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം.

∙ യാത്രയിൽ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം (പ്രത്യേകിച്ച് എസി മുറികളിലോ വാഹനങ്ങളിലോ ഇരിക്കുന്പോൾ).

∙ ദൂരയാത്രകളിൽ എപ്പോഴും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. തൈരും ചോറും (Curd rice), ബ്രെഡ് എന്നിവ യാത്രയിൽ സുരക്ഷിതമായ ഭക്ഷണങ്ങളാണ്.

∙ മൈഗ്രെയ്ൻ പ്രശ്നമുള്ളവർ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പട്ടിണി കിടക്കുന്നതു മൈഗ്രെയ്ൻ കൂട്ടാം. അതിനാൽ കൃത്യസമയത്തു ഭക്ഷണം കഴിക്കുക. ഡോക്ടർ നിർദേശിച്ച മരുന്നുകൾ കയ്യിൽ കരുതാനും ശ്രദ്ധിക്കുക.

∙ തണുത്ത പാനീയങ്ങൾക്കു പകരം ഇളം ചൂടുവെള്ളം കുടിക്കുന്നതു തൊണ്ടയുടെ ആരോഗ്യത്തിനും നിർജലീകരണം തടയാനും നല്ലതാണ്. വിമാനത്തിനുള്ളിലെ വായു വളരെ വരണ്ടതാണ്. ഇതു മൂക്കിലെയും തൊണ്ടയിലെയും ശ്ലേഷ്മസ്തരം (Nasal mucosa) ഉണങ്ങാൻ കാരണമാകും. അതിനാൽ മണിക്കൂറിൽ ചുരുങ്ങിയത് 250 എംഎൽ വെള്ളമെങ്കിലും കുടിച്ചു ശരീരത്തിലെ ജലാംശം നിലനിർത്തുക.

∙ വിമാനയാത്രയിലും മറ്റും നിശ്ചലമായി ദീർഘനേരം കാലുകൾ താഴ്ത്തിയിട്ട് ഇരിക്കുന്നതു കാലുകളിൽ നീരു വരാനും ‘ഡീപ് വെയ്ൻ ത്രോംബോസിസ്’ എന്ന അവസ്ഥയ്ക്കും കാരണമായേക്കാം. ഇതു തടയാൻ പാദങ്ങൾ ഇടയ്ക്കു ബോധപൂർവം ചലിപ്പിക്കുക. ഉപ്പൂറ്റി ഉയർത്തിയും താഴ്ത്തിയും ചെയ്യുന്ന സോളിയസ് പുഷ്അപ് നല്ലതാണ്.

ഉറക്കവും ശുചിത്വവും

∙ ചിലർക്കു ട്രെയിനിലോ ഫ്ലൈറ്റിലോ ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളവർ യാത്രയ്ക്കു തലേദിവസം നന്നായി ഉറങ്ങി വിശ്രമിക്കാൻ ശ്രദ്ധിക്കണം.

∙ നാലോ അഞ്ചോ മണിക്കൂർ തുടർച്ചയായി വണ്ടി ഓടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല, പ്രത്യേകിച്ച് ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുന്നവർക്ക്.

ഓരോ മണിക്കൂർ ഡ്രൈവിങ്ങിനു ശേഷവും ചുരുങ്ങിയത് അഞ്ചു മിനിറ്റു വണ്ടി നിർത്തി വിശ്രമിക്കുക. അൽപം വെള്ളം കുടിക്കുകയും ചെറിയ രീതിയിൽ നടക്കുകയും ചെയ്യുക. രാത്രി ഡ്രൈവിങ് ഒഴിവാക്കാം.

∙ പുലർച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റു തിരക്കുപിടിച്ചു യാത്ര തുടങ്ങുന്ന ശീലം ഒഴിവാക്കി, ആവശ്യത്തിന് ഉറക്കം ലഭിച്ചു എന്ന് ഉറപ്പുവരുത്തുക.

∙ യാത്രകളിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്നതു ശുചിത്വമാണ്. ദിവസവും അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ മാറ്റാൻ ശ്രദ്ധിക്കണം. അടിവസ്ത്രങ്ങൾ കൂടുതൽ എണ്ണം കരുതുക.

∙ യാത്രയ്ക്കിടയിൽ ആർത്തവ സംബന്ധമായ ആവശ്യങ്ങൾക്കായി സാനിറ്ററി പാഡുകൾ കരുതുക.

∙ ട്രെയിനുകളിലും മറ്റും ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. വെസ്റ്റേൺ ക്ലോസറ്റ് ഉപയോഗിക്കുന്പോൾ ടോയ്‌ലറ്റ് സീറ്റിൽ പേപ്പറുകളോ ടിഷ്യൂ പേപ്പറുകളോ ഉപയോഗിക്കാം. സാനിറ്റൈസർ കരുതുക.

∙ യാത്ര കഴിഞ്ഞ ശേഷം ശാരീരികബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണുക.
വിശ്രമം നിർദേശിക്കുകയാണെങ്കിൽ അതു പാലിക്കുക.

ഡോ. സജു കൗശിക്
പ്രഫസർ, യൂറോളജി വിഭാഗം
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

English Summary:

Healthy travel is essential for recharging your body without compromising your health. By implementing preventive measures before, during, and after your trip, you can ensure your journeys are both happy and healthy. This involves meticulous planning, appropriate packing, and mindful choices regarding food, hydration, and personal hygiene.

ADVERTISEMENT