വേനൽചൂടിനെ തണുപ്പിക്കാൻ എസിയോ കൂളറോ നല്ലത് ? Air Cooler vs. Air Conditioner: Which is More Effective?
Mail This Article
വേനൽ കനക്കുന്പോൾ മനുഷ്യരെല്ലാം വീടുകൾക്കുള്ളിൽ അല്ലെങ്കിൽ ഏതെങ്കിലും മരത്തണലിൽ ഇരിക്കാനാണ് ആഗ്രഹിക്കുക. കെട്ടിടത്തിനുള്ളിൽ ഫാൻ പ്രവർത്തിപ്പിച്ചാൽ കുറച്ചൊരു ആശ്വാസം കിട്ടും. എന്നാൽ അതിലുമുപരി എസിയോ, എയർകൂളറോ ആയാലോ? ഏറെ സുഖപ്രദം തന്നെ, അല്ലേ? ഇവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട പല വസ്തുതകൾ ഉണ്ട്.
പ്രവർത്തനം ഇങ്ങനെ
എയർകൂളർ അന്തരീക്ഷവായുവിനെ തണുപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ഉപകരണത്തിന്റെ വശങ്ങളിൽ ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള ഫലകങ്ങൾ (Absorptive pads) ഉണ്ട്. ഇവയെ നനയ്ക്കാൻ വെള്ളം ഉപയോഗിക്കുന്നു. കൂളറിനുള്ളിലെ ഫാൻ പ്രവർത്തിക്കുന്പോൾ പുറത്തുനിന്നു വായുവിനെ വലിച്ചെടുത്ത് ഈ നനഞ്ഞ ഫലകങ്ങളിലൂടെ കടത്തിവിടുന്നു. ഈ ഈർപ്പം ബാഷ്പീകരിക്കുന്പോള്‍ അതിലൂടെ കടക്കുന്ന വായു തണുക്കുകയും ചെയ്യും. ഫാന്‍ കൂടാതെ കൂളറിനുള്ളില്‍ ഒരു വാട്ടര്‍ പന്പുണ്ട്. ഇതാണു പലകകളില്‍ നനവ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് 10 മുതല്‍ 40 ലീറ്റര്‍ വെള്ളം ഒരു ദിവസം ഇതിനായി വേണ്ടിവരും. അന്തരീക്ഷത്തിലെ ഈർപ്പം (Humidity) ഏതാണ്ട് 30 ശതമാനത്തിൽ കുറവുള്ള പ്രദേശങ്ങളിലാണ് എയർ കൂളറിന്റെ പ്രയോജനം പൂർണ്ണമായി ലഭ്യമാകുക. കൂളർ മുറിക്കു പുറത്തും തുറസ്സായ സ്ഥലങ്ങളിലും ഉപയോഗിക്കാവുന്നതാണ്.
മേൽപറഞ്ഞതിനു വ്യത്യസ്തമായി എയർ കണ്ടീഷനർ വായുവിനെ തണുപ്പിക്കുക മാത്രമല്ല, വായുവിൽ നിന്നുള്ള ഈർപ്പത്തെ പുറത്തെടുക്കുകയും ചെയ്യും. വായുവിന്റെ താപനിലയും ഈർപ്പവും നമുക്കു വേണ്ടുന്ന നിലയിലേക്ക് മാറ്റുന്ന പ്രക്രിയയാണ് എയർ കണ്ടീഷനിങ്. സാങ്കേതികമാർഗത്തിലൂടെ തണുപ്പിക്കൽ, ചൂടാക്കൽ, വായു കടത്തിവിടൽ, അണുവിമുക്തമാക്കൽ എന്നീ പ്രക്രിയകൾ എസിയിൽ നടക്കും.
ഏതാണു ഫലപ്രദം?
പ്രവർത്തനക്ഷമതയുടെ കാര്യമെടുത്താൽ എസിക്കാണു കൂളറിനേക്കാൾ മുറിക്കുൾവശം കൂടുതൽ തണുപ്പിക്കാനുള്ള കഴിവുള്ളത്. എസിക്ക് തെർമോസ്റ്റാറ്റ് എന്ന താപനിലയെ ക്രമീകരിക്കുന്ന ഘടകമുണ്ട്. അതുപോലെ വായുവിലടങ്ങിയ പൊടിപടലങ്ങളെ അരിച്ചുമാറ്റി വായുവിനെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും പ്രത്യേക ഫിൽറ്ററും എസിയിൽ ഘടിപ്പിച്ചിട്ടുണ്ട്. കൂളറിൽ വെള്ളത്തിന്റെ പന്പ് പ്രവർത്തിപ്പിക്കാൻ മാത്രമേ കറന്റ് വേണ്ടൂ. എന്നാൽ എസിക്ക് അതിന്റെ കംപ്രസർ പ്രവർത്തിപ്പിക്കാൻ മാത്രം കൂളറിനേക്കാൾ നാലഞ്ചു മടങ്ങ് അധികം വൈദ്യുതി വേണം. എയർ കൂളർ പരിസ്ഥിതിയോട് ഇണങ്ങുന്ന രീതിയിലുള്ളതാണ്. എന്നാൽ എസിയിലെ ഫ്രിയോൺ വാതകത്തിൽ നിന്നുള്ള സിഎഫ്സി (CFC-Chloro Fluoro Carbon) വികിരണം അന്തരീക്ഷത്തിന്റെ ഓസോൺ പാളിയെ ചോർത്തിക്കളയാൻ പോന്ന രാസവസ്തുവാണ്. ഇന്നു പുതിയ സാങ്കേതികവിദ്യ വഴി നിന്നു ഹാനികരമല്ലാത്ത എയർ കണ്ടീഷനറുകളും ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്.
ശ്രദ്ധിക്കുക
എയർ കൂളർ ഇടയ്ക്കിടെ തുറന്നു വൃത്തിയാക്കണം. അല്ലെങ്കിൽ അതിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകു മുട്ടയിട്ടു പെരുകാനിടയാകും.
കൂളറിലകത്തെ നനവു വലിച്ചെടുക്കുന്ന പലകകൾ ഇടയ്ക്കു മാറ്റണം. ചില സൂക്ഷ്മരോഗാണുക്കൾ ഇത്തരം പ്രതലങ്ങളിൽ വളരാനും പകർച്ചവ്യാധികളുണ്ടാക്കാനും ഇടയാക്കും. മുറിക്കുള്ളിലെ ഫർണിച്ചറുകളിൽ പൂപ്പൽ ബാധയ്ക്കും സാധ്യതയുണ്ട്.
അടച്ചിട്ട എസി മുറിയിലെ വായു അതിനുള്ളിൽത്തന്നെ തങ്ങിനിൽക്കുന്നതുകൊണ്ട്, എസി പ്രവർത്തിപ്പിക്കാത്തപ്പോൾ ജനാലകൾ തുറന്നിട്ടു ശുദ്ധവായു കടത്തിവിടണം.
എസിയുടെ ഫിൽറ്റർ ഇടയ്ക്കിടെ വൃത്തിയാക്കണം.
എസി ചർമത്തിനെ വരണ്ടതാക്കുകയും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. എന്നാൽ അലർജി, ആസ്മ എന്നീ രോഗാവസ്ഥകൾ ഉള്ളവർക്ക് ശുദ്ധമായ വായു ശ്വസിക്കുന്നതുകൊണ്ട് ആശ്വാസം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ തണുപ്പുതന്നെ മറ്റ് അലർജനുകളോടൊപ്പം അലർജിക്ക് കാരണമാകാം എന്നതുകൊണ്ട് അധിക നേരം എസി മുറികളിൽ ചെലവഴിക്കാതിരിക്കുന്നതാണ് നല്ലത്.
ഡോ. ബി. സുമാദേവി
ഇഎൻടി സർജൻ
ഇഎസ്ഐസി സൂപ്പർ സ്െപഷാലിറ്റി ഹോസ്പിറ്റൽ
ആശ്രാമം, കൊല്ലം