ADVERTISEMENT

ഭാരം കുറയ്ക്കാൻ ഡയറ്റിങ് തുടങ്ങുമ്പോഴുള്ള പ്രധാന സങ്കടം ഇനി കുറച്ചു നാളത്തേക്കു ഇഷ്ടരുചികളെ മറക്കണമെന്നതായിരിക്കും. പക്ഷേ, ഡയറ്റിങ് എപ്പോഴും ബോറിങ് അല്ല. ഇതാ ചിക്കനും ചീസും ഒാട്സും ഒക്കെ ചേർന്ന സൂപ്പർ രുചിയുള്ള  ഡയറ്റ് ഭക്ഷണങ്ങൾ. ഇനി രുചിയിൽ ഒത്തുതീർപ്പില്ലാതെ ഡയറ്റ് നോക്കാൻ പ്രശസ്ത പോഷകാഹാര വിദഗ്‌ധ ഡോ. അനിതാ മോഹൻ (തിരുവനന്തപുരം) തയാറാക്കിയ നാലു പാചകക്കുറിപ്പുകൾ വായിക്കാം.

ഒാവർനൈറ്റ് ഒ‌ാട്‌സ്

ADVERTISEMENT

ഒരു ബൗളിൽ ആവശ്യമുള്ള അളവു റോൾഡ് ഒാട്സ് എടുക്കുക. റോൾഡ് ഒാട്സ് എടുക്കുന്നതിന്റെ അതേ അളവ് പാൽ ഇതിലേക്കു ചേർക്കുക. കൊഴുപ്പുകുറഞ്ഞ പാൽ ആണു കൂടുതൽ നല്ലത്. ഇതിലേക്ക് അതേ അളവ് യോഗർട്ടും ഉപയോഗിക്കാം. ഇത് പാചകം ചെയ്യേണ്ട ആവശ്യമില്ല. ക്രീമി ടെക്സ്ചർ കിട്ടാൻ ഏത്തപ്പഴം നുറുക്കിയിടാം. ആപ്പിൾ കഷണങ്ങളാക്കി ചേർക്കാം. ഡ്രൈ ഫ്രൂട്സോ നട്സോ ഒക്കെ ഇടാം. ഇതു ഫ്രീസറിൽ സൂക്ഷിച്ചിട്ടു രാവിലെ കഴിക്കാം. ഹെർബ്സ്, മിന്റ് ഒക്കെ ചേർത്ത് ഇഷ്ടമുള്ള രുചിവൈവിധ്യം കണ്ടെത്താം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇതിനോടൊപ്പം അൽപം കറുവപ്പട്ട പൊടിച്ചതു കൂടി ചേർക്കുക.

ശ്രദ്ധിക്കേണ്ടത്–ഒാട്സും പാലും യോഗർട്ടും തുല്യ അളവിൽ ആയിരിക്കണം. ഒന്നു രണ്ടു ദിവസത്തേക്ക് ഉള്ളത് ഒരുമിച്ച് ഉണ്ടാക്കി വയ്ക്കാം.

ADVERTISEMENT

ചീസ് കീറ്റോ ഗാർലിക് ചിക്കൻ

ചിക്കൻ ബ്രെസ്റ്റ് ചെറുതായി നുറുക്കിയത് –1 കപ്പ്
ഒലീവ് ഒായിൽ–2 ടേബിൾ സ്പൂൺ
കുരുമുളക്, ഉപ്പ്–ആവശ്യത്തിന്
കാപ്സിക്കം–ചുപ്പോ മഞ്ഞയോ പച്ചയോ ഒരെണ്ണം
വെളുത്തുള്ളി–3, 4 അല്ലി
തക്കാളി– ഒരു പകുതി
ബ്രോക്ക്‌ലി നുറുക്കിയത്–2 കപ്പ്
ഷ്രെഡഡ് ചീസ്–അര കപ്പ്
ക്രീം ചീസ്–3, 4 സ്പൂൺ

ADVERTISEMENT

ഒലീവ് ഒായിൽ ചൂടാക്കി അതിൽ ചിക്കൻ ബ്രസ്റ്റ് കഷണങ്ങളാക്കിയതും കുരുമുളകും ഉപ്പും ചേർക്കുക. ഇതിന്റെ കൂടെ കാപ്സിക്കം ചേർക്കുക. മുക്കാൽ വേവാകുമ്പോൾ തക്കാളി, വെളുത്തുള്ളി, ബ്രോക്ക്‌ലി ഇട്ട് വേവിക്കുക. നന്നായി വേവിച്ചു കഴിഞ്ഞ് രണ്ടു തരം ചീസും ചേർക്കുക. ചീസിൽ ഉപ്പ് ഉള്ളതുകൊണ്ട് വളരെ ശ്രദ്ധിച്ച് ആവശ്യമുള്ള ഉപ്പ് ചേർക്കുക.

ഫുൾ മീൽ സാലഡ്

കാരറ്റ്–2 എണ്ണം
റാഡിഷ്–2
തക്കാളി–2
ഇതെല്ലാം നന്നേ ചെറിയ കഷണങ്ങളാക്കിയത്
എള്ള്–കുറച്ച്
സെലറി ലീഫ്സ്–കുറച്ച്
വെള്ളക്കടല വേവിച്ചത്–അര കപ്പ്
ചിക്കൻ വേവിച്ചത്– അര കപ്പ് (വേണമെങ്കിൽ മാത്രം)
നട്സ് വറുത്ത്–ഒരുപിടി (വേണമെങ്കിൽ മാത്രം)

ആദ്യം സാലഡ് ഡ്രസ്സിങ് ഉണ്ടാക്കണം. അതിനായി കുറച്ച് ഒലീവ് ഒായിലിൽ നാരങ്ങാനീര് ഒഴിക്കുക. അതിൽ കടുകും വെളുത്തുള്ളിയും ചതച്ച് ചേർക്കുക. അതോടൊപ്പം കുറച്ച് വിനാഗിരി കൂടി ചേർക്കുക. ഈ ഡ്രസ്സിങ്

കുറച്ചുകൂടി പോഷകപ്രദമാക്കാൻ വറുത്ത നട്സോ വേവിച്ച ചിക്കൻ കഷണങ്ങളോ ചേർക്കാം. സാലഡ് പാചകം ചെയ്യേണ്ടതില്ല. തയാറാക്കിവച്ചിരിക്കുന്ന ഡ്രസ്സിങ്ങിലേക്ക് നുറുക്കിവച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് ഇളക്കാം. ടോപ്പിങ്ങിനായി മുകളിൽ അൽപം തേനോ ഹെർബ്സോ സ്പ്രിങ് ഒണിയനോ നിങ്ങളുടെ ഇഷ്ടാനുസരണം ചേർക്കാം.

ഡീടോക്‌സ് സ്‌മൂത്തി

രണ്ട് കപ്പ് ശുദ്ധജലം എടുക്കുക. അതിൽ കാൽകപ്പ് പഴങ്ങൾ (ഒാറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ, പൈനാപ്പിൾ, മാങ്ങ, ഏത്തപ്പഴം എന്നിങ്ങനെ ഏതു പഴവർഗ്ഗവും ഇഷ്ടാനുസരണം ചേർക്കാം.) ചേർക്കാം. ഇലക്കറികൾ ചെറുതായി നുറുക്കി ചേർക്കാം. ക്രീം എഫക്ട് കിട്ടാൻ ഏത്തപ്പഴമോ യോഗർട്ടോ ചെർക്കാം. ഗ്രീൻ കിട്ടാൻ ബീറ്റ്റൂട്ടിന്റെ ഇലയോ സ്പിനച്ചോ ചേർക്കാം. ബദാമോ കശുവണ്ടിയോ നിലക്കടല വറുത്തതോ ചേർക്കാം. കൂടുതൽ പോഷകപ്രദമാക്കാൻ മാതളനാരങ്ങയോ കോളിഫ്ളവറോ ബ്രോക്ക്‌ലിയോ കുറച്ച് ചേർക്കാം. ഒരൽപം ബേസിൽ ലീഫ് കൂടി ചേർത്ത് 30–60 സെക്കൻഡ് നന്നായി അടിച്ചെടുക്കുക. ഇഷ്ടമെങ്കിൽ കറുവപ്പട്ട പൊടിയും ചിയ വിത്തുമൊക്കെ ചേർക്കാം.

English Summary:

Weight loss diet options are not always boring and can be delicious, offering tasty alternatives to traditional restrictive eating. This article explores four super-tasty diet recipes that allow you to enjoy your meals without compromising on taste while aiming for weight loss.

ADVERTISEMENT