വെറ്റ് വൈപ്സും ടിഷ്യു പേപ്പറും ഉപയോഗിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക Use of Wet Wipes and Tissue Papers
Mail This Article
ഇന്ന് മുഖവും കയ്യും തുടയ്ക്കാൻ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്തുക്കളാണ് വെറ്റ് വൈപ്സും ടിഷ്യൂപേപ്പറും.
മൃദുലമായ വൈപ്സ്
കടലാസ്സ്, പരുത്തിനൂൽ, മറ്റു ചില നാരുകൾ എന്നിവ കൊണ്ട് പ്രത്യേകമായി നിർമിക്കുന്ന ഈർപ്പം നിലനിർത്തുന്ന തൂവാലയാണ് വെറ്റ് വൈപ്സ്. ഇതിന്റെ ഘടനയിൽ വായു നിറഞ്ഞ ചെറുസുഷിരങ്ങളുണ്ട്. അഴുക്കും നനവും വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. ഉണങ്ങിയ ടോയ്‌ലറ്റ് പേപ്പറിനു പകരം ഇപ്പോൾ ഉപയോഗിക്കുന്നത് ഇത്തരം വെറ്റ് വൈപ്സ് ആണ്. കുഞ്ഞുങ്ങളുടെ ലോലമായ ചർമം വേദനിക്കാതെ മൃദുവായി തുടച്ചു വൃത്തിയാക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
മുതിർന്നവർക്കും വെറ്റ് വൈപ്സ് ഉപയോഗിക്കാം. യാത്രയ്ക്കിടെ മുഖത്തുനിന്നും കൈകളിൽ നിന്നും വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ വൈപ്സ് സഹായിക്കും. വൈപ്സിലെ നനവിനു വേണ്ടി വെള്ളമല്ലാതെ ഐസോപ്രൊപ്പൈൽ ആൽക്കഹോളും വെറ്റ് വൈപ്സിൽ അടങ്ങിയിരിക്കും. കൂടാതെ കടലാസ് കൂടുതൽ മൃദുവാക്കാനുള്ള കറ്റാർവാഴ, ലാനോലിൻ എന്നിങ്ങനെയുള്ള സോഫ്റ്റനേഴ്സ് (SOFTENERS), സുഗന്ധത്തിനായി പെർഫ്യൂമുകൾ എന്നിവയും ചേർക്കും.
ബാക്ടീരിയ, പൂപ്പൽ തുടങ്ങിയ അണുബാധ നനവിൽ വരാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും ഉപയോഗിക്കുന്നുണ്ട്. വൃത്തിയായി മടക്കി വെവ്വേറെ പായ്ക്കുകളിലാക്കി പോക്കറ്റിനുള്ളിൽ കൊണ്ടുനടക്കാനുള്ളത്ര ചെറിയ വലുപ്പത്തിൽ ലഭ്യമാണ്. വീടിനുള്ളിലെ തറ, ഡൈനിങ് ടേബിൾ, ടോയ്‌ലറ്റ് സീറ്റ് തുടങ്ങി പല പ്രതലങ്ങളും വൈപ്സ് കൊണ്ട് തുടച്ചു വൃത്തിയാക്കാം.
തുടയ്ക്കാനുപയോഗിക്കുന്ന തുണിയേക്കാൾ ഇതിന് അഴുക്കും നനവും വലിച്ചെടുക്കാനുള്ള കഴിവ് കൂടുതലുണ്ട്. മലിനമാകാത്ത രീതിയിലുള്ള പായ്ക്കിങ്ങിലാണ് ലഭിക്കുന്നത്. ഓരോ വൈപ്‌സും ഒരു പ്രാവശ്യത്തെ ഉപയോഗശേഷം ഉപേക്ഷിക്കണം. വെള്ളം കൊണ്ട് കഴുകി തുണികൊണ്ട് തുടയ്ക്കുന്നതിനേക്കാൾ എളുപ്പത്തിലും വേഗത്തിലും വൈപ്‌സ് കൊണ്ട് വൃത്തിയാക്കാം.
കത്തിച്ചുകളയാം
ഉപയോഗശേഷം വൈപ്‌സ് കളയുന്നത് സൂക്ഷിച്ചുവേണം. ടോയ്‌ലറ്റ് ഫ്ലഷിനുള്ളിൽ ഇവ പെട്ടെന്ന് അലിഞ്ഞു പോകാത്തതുകൊണ്ട് സീവേജ് പൈപ്പുകൾക്കുള്ളിൽ തങ്ങിനിന്ന് പ്രശ്നമുണ്ടാക്കാനിടയുണ്ട്. കത്തിച്ചുകളയുന്നതാവും നല്ലത്.
കുഞ്ഞുങ്ങൾക്കു വേണ്ടി ബേബി വൈപ്സ് ഉപയോഗിക്കുന്നത് മലമൂത്രവിസർജനം കഴിഞ്ഞു ഡയപ്പറുകൾ മാറ്റേണ്ടി വരുമ്പോഴാണ്. അവരുടെ ലോലമായ ചർമ്മം ഉരസ്സൽ ഏൽക്കാതെ വൈപ്സ് കൊണ്ട് തുടച്ചു വൃത്തിയാക്കാം. ഛർദ്ദിച്ച കുഞ്ഞുങ്ങളുടെ ദേഹവും മുഖവും തുടച്ചു വൃത്തിയാക്കാനും വൈപ്സ് ഉപയോഗിക്കാം. കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്ന വൈപ്സ് ലഭ്യമാണ്. തൊലിപ്പുറത്തു പറ്റിപ്പിടിച്ചിരിക്കുന്ന ഖരാവസ്ഥയിലുള്ള അഴുക്കുകൾ തുടച്ചുനീക്കാനും വൈപ്സ് ഉപയോഗിക്കാം. രോഗികളെ കുളിപ്പിക്കുന്നതിനു പകരമായി ശരീരം മുഴുവൻ തുടയ്ക്കാൻ വെറ്റ് വൈപ്സ് ആശുപത്രികളിൽ ഏറെ ഉപയോഗപ്രദമാണ്. ബ്യൂട്ടി പാർലറുകളിൽ മേക്കപ്പും മുഖത്തെ പാടുകളും മുഖക്കുരുവും തുടച്ചു നീക്കാൻ മരുന്നുകൾ ചേർത്ത ക്ലീനിങ് പാഡുകളാണ് ഉപയോഗിക്കുന്നത്.
ടിഷ്യൂ പേപ്പറുകൾ
ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണം വിളമ്പി വയ്ക്കുന്നതിന്റെ കൂടെ തന്നെ കൈ തുടയ്ക്കാൻ ഉണങ്ങിയ ടിഷ്യൂ പേപ്പറുകൾ ഉണ്ടാകും. ഉപയോഗശേഷം ഭക്ഷണാവശിഷ്ടത്തിന്റെ കൂടെ ഇവ മണ്ണിൽ അലിയും. അല്ലെങ്കിൽ കത്തിച്ചും കളയാം. മുഖം തുടയ്ക്കാൻ ചെറിയ പാക്കറ്റുകളിൽ മൃദുവായ പോക്കറ്റ് ടിഷ്യൂകളും ലഭ്യമാണ്.
വെറ്റ് വൈപ്സ് ചിലർക്കു ത്വക്കിൽ അലർജി ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങളിൽ വൈപ്സ് ഉപയോഗം ഒഴിവാക്കണം. വരണ്ട ചർമമുള്ളവർ കറ്റാർവാഴ അടങ്ങിയ വൈപ്സ് വാങ്ങുക. അല്ലെങ്കിൽ ചർമം കൂടുതൽ വരണ്ടതായി മാറാം. പോക്കറ്റ് ടിഷ്യൂ കൊണ്ട് മുഖം തുടച്ചാൽ ടിഷ്യൂവിന്റെ ഭാഗങ്ങൾ മുഖത്ത് പറ്റിപിടിച്ചിരിക്കാം. ഒപ്പിയെടുക്കുന്നതാണ് ഉത്തമം.
ഡോ. ബി. സുമാദേവി
ഇഎൻടി സർജൻ
ഇഎസ്ഐസി ആശുപത്രി, ആശ്രാമം, കൊല്ലം