ചിലപ്പോൾ വണ്ണം കുറയ്ക്കാൻ വ്യായാമവും ഭക്ഷണനിയന്ത്രണവുമൊന്നും സഹായിക്കില്ല. അങ്ങനെയുള്ളപ്പോഴാണു വണ്ണം കുറയ്ക്കാൻ സർജറി ചെയ്യുന്നത്. പക്ഷേ, വണ്ണം കുറയ്ക്കാനുള്ള സർജറികളെക്കുറിച്ച് ഒട്ടേറെ തെറ്റിധാരണകളും സംശയങ്ങളും നിലവിലുണ്ട്. അത്തരം ചില സാധാരണ സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടികൾ അറിയാം.
ആർക്കാണു സർജറി വേണ്ടിവരുന്നത്?
ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ) എന്ന ഒരു അളവുകോൽ ഉപയോഗിച്ചാണു ബാരിയാട്രിക് സർജറി വേണോ എന്നു നിർണയിക്കുന്നത്. സാധാരണ, ബി.എം.ഐ 40 ൽ കൂടുതലുള്ള വർക്കാണു ബാരിയാട്രിക് സർജറി ചെയ്യാറുള്ളത്. എന്നാൽ, പ്രമേഹം, ഹൃദ്രോഗം പോ ലെയുള്ള രോഗങ്ങളുണ്ടെങ്കിൽ ബി.എം.ഐ 35 നു മുക ളിൽ എത്തിയാലും ബാരിയാട്രിക് സർജറി ചെയ്യാറുണ്ട്.
ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടും ദീർഘകാലമായി പൊണ്ണത്തടി മൂലം കഷ്ടതകൾ അനുഭവിക്കുന്നവർക്കും ബാരിയാട്രിക് സർജറി വേണ്ടിവരാം. ഈ സർജറിയ്ക്കു ശേഷം ഭക്ഷണക്രമങ്ങളിലും വ്യായാമത്തിലും കൃത്യമായി ശ്രദ്ധിച്ചാലാണു മികച്ച ഫലം കിട്ടുന്നത്.
വിവിധ ബാരിയാട്രിക് സർജറികളെക്കുറിച്ചു പറയാമോ?
∙ ലാപ്രോസ്കോപിക് സ്ലീവ് ഗ്യാസ്‌ട്രെക്ടമി
ആമാശയത്തിന്റെ ഒരു ഭാഗം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് അതിന്റെ വലുപ്പം കുറയ്ക്കുന്നു. അതോടെ ഭക്ഷണം ഉൾക്കൊള്ളാനുള്ള വയറിന്റെ ശേഷി കുറയുന്നു. കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടെന്നു വയർ നിറയും. ഉദരത്തിലെ ഫണ്ടസ് എന്ന ഭാഗം കൂടി നീക്കം ചെയ്യുന്നതിനാൽ വിശക്കുന്നുവെന്ന തോന്നൽ തീരെ കുറയും. ശരീരഭാരം കാര്യമായി കുറയുകയും പൊണ്ണത്തടി കാരണമുള്ള ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാവുകയും ചെയ്യും. മറ്റു രീതികളെ അപേക്ഷിച്ചു സങ്കീർണതകൾ കുറവ്. പോഷകക്കുറവു പോലെയുള്ള പാർശ്വഫലങ്ങളുമില്ല. എന്നാൽ അപൂർവം കേസുകളിൽ ആമാശയത്തിൽ തുന്നിക്കെട്ടുന്ന ഭാഗത്തു ചോർച്ചയോ രക്തവാർച്ചയോ ഉണ്ടാകാറുണ്ട്.
∙ ഗ്യാസ്ട്രിക് ബൈപാസും മിനി ഗ്യാസ്ട്രിക് ബൈപാസും
ആമാശയത്തിന്റെ മുകളിൽ ഒരൽപം ഭാഗം മാത്രം തുന്നിക്കെട്ടി അവിടെ ഒരു സഞ്ചിപോലെയാക്കുന്ന രീതിയാണിത്. ഇവിടെത്തുന്ന ഭക്ഷണം നേരെ ചെറുകുടലിലേക്കു കടക്കുന്ന തരത്തിൽ ഒരു ‘ബൈപാസ്’ ഉണ്ടാക്കും. ആമാശയത്തിന്റെ അവശേഷിക്കുന്ന ഭാഗം ഒഴിഞ്ഞുകിടക്കും. അവിടേക്കു ഭക്ഷണമെത്തില്ല. അങ്ങനെ ഉള്ളിലെത്തുന്ന ഭക്ഷണത്തിന്റെയും ശരീരം വലിച്ചെടുക്കുന്ന കാലറിയുടെയും അളവു ഗണ്യമായി കുറയും.
ഗ്യാസ്ട്രിക് ബൈപാസ് ചെയ്തവരിൽ വൈറ്റമിനുകളും ധാതുക്കളും കുറയാം. ഭക്ഷണം കഴിച്ചു കഴിഞ്ഞയുടൻ ടോയ്‌ലറ്റിൽ പോകാനുള്ള തോന്നലുമുണ്ടാകും. ഇക്കാരണങ്ങളാൽ, ഈ ശസ്ത്രക്രിയ കഴിഞ്ഞാൽ മൾട്ടിവൈറ്റമിനുകളും മറ്റും സ്ഥിരമായി കഴിക്കേണ്ടി വരും.
വണ്ണം കുറയ്ക്കാൻ മറ്റു സർജറികളുണ്ടോ?.
∙അഡ്ജസ്റ്റബിൾ ഗ്യാസ്ട്രിക് ബാൻഡിങ്: ആമാശയത്തിന് ചുറ്റും ഒരു ബാൻഡിട്ടു മുറുക്കി ഭക്ഷണം നിയന്ത്രിക്കുന്നു. ആമാശയം നീക്കുന്നില്ല.
∙ബില്ലോപാൻക്രിയാറ്റിക് ഡൈവേ ർഷൻ വിത്ത് ഡുവോഡിനൽ സ്വിച്ച്: ആമാശയത്തിന്റെ ഒരു ഭാഗവും ചെറുകുടലിന്റെ ഒരു ഭാഗവും നീക്കംചെയ്തശേഷം അവശേഷിക്കുന്ന ചെറുഭാഗങ്ങളെ നേരിട്ടു ബന്ധിപ്പിക്കുന്നു.
∙ എൻഡോസ്കോപിക് സ്ലീവ് ഗ്യാസ്‌ട്രോപ്ലാസ്റ്റി: ആമാശയം അകത്തു നിന്നു തുന്നലിട്ട് ചെറുതാക്കുന്നു.
മേൽപറഞ്ഞ ശസ്ത്രക്രിയകൾ അ ധികം പ്രചാരത്തിലില്ലാത്തവയാണ്. ഓരോ രീതിക്കും അതിന്റേതായ ഗുണങ്ങളും പാർശ്വഫല സാധ്യതകളുമുണ്ട്. രോഗിയുടെ പൊതുവായുള്ള ആരോഗ്യം, കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ശരീരഭാരം, മറ്റു താൽപര്യങ്ങൾ എന്നിവ അനുസരിച്ചാണ് ഏതു ശസ്ത്രക്രിയ വേണമെന്നു തീരുമാനിക്കുന്നത്.
ഡോ. പ്രകാശ് കെ.
കൺസൽറ്റന്റ്, ഗ്യാസ്ട്രോ സർജറി,
ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
drprakash.kurumboor @asterhospital.in