പല്ലിലെ മഞ്ഞനിറം വന്നാൽ പൊടിക്കൈകൾ പരീക്ഷിക്കണ്ട, സുരക്ഷിത മാർഗങ്ങൾ ഉണ്ട് Teeth Cleaning and Polishing
Mail This Article
വെളുക്കെ ചിരിക്കുക എന്നൊരു പ്രയോഗമുണ്ട്. പല്ല് വെളിവാക്കി ചിരിക്കുക എന്നർഥം. ഇങ്ങനെ ചിരിക്കണമെങ്കിൽ പല്ലുകൾക്കു നല്ല നിറം വേണം. പല്ലിനു മഞ്ഞനിറം വന്നാൽ, കറ കണ്ടാൽ പല്ല് കാണിച്ച്, തുറന്നു ചിരിക്കാൻ പലരും മടി കാണിക്കും.
ചിലരാകട്ടെ പല്ല് വെളുപ്പിക്കാൻ പൊടിക്കൈകളും അപകടകരമായ രീതികളും പരീക്ഷിക്കും. അതിലൊന്നാണു നാരങ്ങാനീരിൽ ഉപ്പും ബേക്കിങ് സോഡയും ചേർത്തു പല്ലു തേയ്ക്കൽ. നാരങ്ങയിലെ അമ്ലത്വം പുറംപാടുകൾ കുറച്ചതായി തോന്നിക്കാം. പല്ല് കുറച്ചു തെളിഞ്ഞതായി തോന്നും. എന്നാൽ ആവർത്തിച്ച് ഉപയോഗിക്കുന്പോൾ ഇനാമൽ തേഞ്ഞുതുടങ്ങും. ചൂടും തണുപ്പും സഹിക്കാനാകാത്ത അവസ്ഥയും വരാം. ഇത്തരത്തിലുള്ള ഒട്ടേറെ മാർഗങ്ങൾ സമൂഹമാധ്യമങ്ങളിലൂെട പ്രചരിക്കുന്നുണ്ട്. പല്ലുകൾക്കു നല്ല നിറം ലഭിക്കാൻ ആധുനിക ദന്തചികിത്സയിൽ സുരക്ഷിതമായ മാർഗങ്ങളുണ്ട്.
നമ്മുടെ പല്ലിന്റെ ഏറ്റവും പുറത്തെ പാളിയാണ് ഇനാമൽ (Enamel). ശരീരത്തിലെ ഏറ്റവും കഠിനമായ ഘടകങ്ങളിലൊന്നായ ഇതിനു സ്വാഭാവികമായി വെളുപ്പും തിളക്കവുമുണ്ട്. അതിന്റെ താഴെ ഡെന്റിൻ (Dentin) എന്ന ലെയർ വരുന്നു. ഇത് അൽപം മഞ്ഞ നിറമുള്ളതാണ്. നാം പുറത്തേക്കു കാണുന്ന പല്ലിന്റെ നിറം യഥാർഥത്തിൽ ഈ ഡെന്റിന്റെ നിറവും, അതിന്റെ മുകളിലെ ഇനാമലിന്റെ കനം എത്രയാണെന്നതും ചേർന്നാണു നിശ്ചയിക്കപ്പെടുന്നത്.
ഉള്ളിലെ കറകൾ
പല്ലിൽ കാണപ്പെടുന്ന നിറമാറ്റങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണ് : പല്ലിന്റെ ഉള്ളിലെ കറകളും (ഇൻട്രിൻസിക് സ്റ്റെയിൻസ് – Intrinsic stains) പല്ലിനു പുറത്തെ കറകളും (എക്സ്ട്രിൻസിക് സ്റ്റെയിൻസ്– Extrinsic stains).
മഞ്ഞ, തവിട്ടുനിറമുള്ള കറകൾ
നമ്മൾ സാധാരണ കാണുന്ന, പല്ലിന്റെ പുറമെ ഉള്ള പ്രതലത്തിൽ മഞ്ഞയോ തവിട്ടോ നിറമുള്ള കറകളാണ് എക്സ്ട്രിൻസിക് സ്റ്റെയിൻസ്. പല്ലിന്റെ ഇനാമലിന്റെ മുകളിൽ ഒരു ജൈവപാളി ഉണ്ടാകും. അതിനെ പെല്ലിക്കിൾ (Pellicle) എന്നു വിളിക്കുന്നു. ഭക്ഷണപാനീയങ്ങളിൽ ഉള്ള നിറകണങ്ങൾ ഈ പാളിയിൽ അടിഞ്ഞുകൂടുമ്പോഴാണു പല്ല് മങ്ങിയതായി തോന്നുക.
ചായ, കാപ്പി, കോള, സോഫ്റ്റ് ഡ്രിങ്ക്സ്, പാൻ-ഗുട്‌ക-പുകയില ഉപയോഗം കൂടാതെ ദീർഘകാലം ഉപയോഗിക്കുന്ന ചില മൗത്ത്‌വാഷുകൾ (പ്രത്യേകിച്ച് ക്ലോർഹെക്സൈഡിൻ– chlorhexidine) എന്നിവയാണു സാധാരണ കാരണങ്ങൾ.
പല്ല് സുരക്ഷിതമായും ഫലപ്രദമായും വെളുപ്പിക്കാൻ ഇന്നു ദന്തചികിത്സയിൽ ശാസ്ത്രീയമായ രീതികൾ ലഭ്യമാണ്. ഇവ സുരക്ഷിതവുമാണ്. കാരണം നിയന്ത്രിത അളവിലുള്ള ബ്ലീച്ചിങ് ഏജന്റുകൾ– പ്രധാനമായും ഹൈഡ്രജൻ പെറോക്സൈഡ് അല്ലെങ്കിൽ കാർബമൈഡ് പെറോക്സൈഡ്– ഉപയോഗിച്ചാണു നടത്തുന്നത്. ഇതിലൂടെ പല്ലിന്റെ സംരക്ഷണ പാളിയായ ഇനാമലിനു പ്രശ്നം വരാതെ നിറം മെച്ചപ്പെടുത്താൻ കഴിയും.
ക്ലീനിങ്ങും പോളിഷിങ്ങും
ആദ്യമായി ചെയ്യേണ്ടതു സ്കെയിലിങ് ആൻഡ് പോളിഷിങ് (Scaling & Polishing) എന്ന ക്ലീനിങ് ചികിത്സയാണ്. അൾട്രാസോണിക് സ്കെയ്‌ലർ ഉപകരണം ഉപയോഗിച്ചു പല്ലുകളിൽ അടിഞ്ഞുകൂടിയ കാൽക്കുലസ്, പ്ലാക്ക്, കൂടാതെ ചായ-കാപ്പി എന്നിവ കൊണ്ട് ഉണ്ടായ കറകൾ എന്നിവ നീക്കം ചെയ്യുന്നതാണ് ഈ ചികിത്സ.
പലർക്കും യഥാർഥത്തിൽ വൈറ്റനിങ് ചികിത്സ പോലും ആവശ്യമില്ല; ശരിയായ ക്ലീനിങ് മാത്രം ചെയ്താലും പല്ല് ഒന്നു മുതൽ രണ്ട് ഷേഡ് വരെ വെളുപ്പായി തോന്നാറുണ്ട്. ( സാധാരണയായി പല്ലുകളുടെ നിറത്തെ, ആശയവിനിമയത്തിനും രോഗികൾക്കു വ്യക്തമായ അവബോധം നേടി കൊടുക്കാനും പല ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്). സാധാരണയായി 30 മുതൽ 45 മിനിറ്റു വരെ മാത്രമേ ഈ രീതിക്കു സമയം വേണ്ടൂ, ഫലം ഉടൻ തന്നെ പ്രകടമാകും. എന്നാൽ പല്ലിന്റെ ആഴത്തിലുള്ള ഇൻട്രിൻസിക് കറകൾ ഇതിലൂടെ മാറില്ല. അതുകൊണ്ടു തന്നെ വൈറ്റനിങ് ചികിത്സ തുടങ്ങുന്നതിനു മുൻപു ക്ലീനിങ് നിർബന്ധമായും നടത്തണം.
ലേസർ ഉപയോഗിച്ച്
ഇൻ-ഓഫീസ് ബ്ലീച്ചിങ് (In-office or Chairside Whitening / Laser Whitening) എന്നൊരു രീതിയുണ്ട്. ഉയർന്ന സാന്ദ്രതയിലുള്ള ഹൈഡ്രജൻ പെറോക്സൈഡ് ജെൽ ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണിത്. ആദ്യം മോണകൾ സംരക്ഷിക്കാൻ പ്രത്യേക പ്രൊട്ടക്‌ഷൻ ജെൽ ഉപയോഗിക്കുന്നു. തുടർന്നു വൈറ്റനിങ് ജെൽ പല്ലുകളിൽ പുരട്ടി പ്രത്യേക ലൈറ്റ് അല്ലെങ്കിൽ ലേസർ ഉപയോഗിച്ചു പ്രവർത്തന സജ്ജമാക്കുന്നു. സാധാരണ ഒരേ സിറ്റിങ്ങിൽ 2-3 സൈക്കിളുകൾ നടത്തും. ഏകദേശം 45 മുതൽ 90 മിനിറ്റു വരെ മാത്രം സമയം വേണ്ടിവരും. അതേ ദിവസം തന്നെ മൂന്നു മുതൽ എട്ടു ഷേഡ് വരെ നിറം മാറ്റം ലഭിക്കാം. വിവാഹം പോലുള്ള പ്രത്യേക അവസരങ്ങൾക്കു മുൻപു പലരും തിരഞ്ഞെടുക്കുന്ന രീതിയാണിത്. ഡോക്ടറുടെ നിയന്ത്രണത്തിൽ ചെയ്യുന്നതിനാൽ സുരക്ഷിതവുമാണ്. എങ്കിലും ചിലർക്ക് 2-5 ദിവസത്തേക്കു സെൻസിറ്റിവിറ്റി അനുഭവപ്പെടാം.
കൂടാതെ 2-3 വർഷങ്ങൾക്കു ശേഷം വീണ്ടും ബ്ലീച്ചിങ് ചെയ്യേണ്ടിവരാനും സാധ്യതയുണ്ട്. ഇതോടൊപ്പം, നിലവിലുള്ള ഫില്ലിങ്ങുകളുടെയോ ക്യാപ്പുകളുടെയോ നിറം മാറുകയില്ല.
വീട്ടിൽ ചെയ്യാം
പല്ലിനു നിറം ലഭിക്കാൻ ഹോം ബ്ലീച്ചിങ് മറ്റൊരു (Custom Tray Whitening) മികച്ച മാർഗമാണ്. ഡെന്റിസ്റ്റ് പല്ലുകളുടെ ആകൃതിക്ക് അനുസരിച്ചു പ്രത്യേക ട്രേ തയാറാക്കി നൽകും. അതിൽ നിർദേശിച്ച ജെൽ നിറച്ച് ദിവസം 1–2 മണിക്കൂർ അല്ലെങ്കിൽ രാത്രിയിൽ ധരിക്കണം. ഏകദേശം 10 മുതൽ 14 ദിവസത്തിനുള്ളിൽ ക്രമേണ 2 മുതൽ 6 ഷേഡ് വരെ നിറമാറ്റം ലഭിക്കും. ഫലം കൂടുതൽ സ്വാഭാവികമായി തോന്നുകയും സെൻസിറ്റിവിറ്റി കുറവായിരിക്കുകയും ചെയ്യുന്നു. ദീർഘകാലം നിലനിൽക്കുന്ന ഫലമാണ് ഇതിന്റെ പ്രധാന ഗുണം. എന്നാൽ രോഗിയുടെ സഹകരണം ആവശ്യമാണ്, കൂടാതെ ഉടൻ ഫലം ലഭിക്കില്ല.
റൂട്ട് കനാൽ ചികിത്സ ചെയ്ത ഒരു പല്ല് മാത്രം കറുത്താൽ ഇന്റേണൽ ബ്ലീച്ചിങ് (Internal Bleaching) ഉപയോഗിക്കുന്നു. പല്ലിന്റെ ഉള്ളിലേക്കു തന്നെ ബ്ലീച്ചിങ് ഏജന്റ് വച്ച് ആ ഒറ്റ പല്ലിനെ സ്വാഭാവിക നിറത്തിലേക്കു തിരികെ കൊണ്ടുവരുന്ന ചികിത്സയാണിത്.
ചില പ്രത്യേക സാഹചര്യങ്ങളിൽ, പ്രത്യേകിച്ചു ഫ്ലൂറോസിസ് കാരണമുള്ള വെളുത്ത അല്ലെങ്കിൽ തവിട്ടുപാടുകൾ, ടെട്രാസൈക്ലിൻ സ്റ്റെയിൻസ്, അല്ലെങ്കിൽ പല്ലുകളുടെ നിറവ്യത്യാസം എന്നിവയിൽ വെനീറുകൾ (സെറാമിക്/കംപോസിറ്റ് ലാമിനേറ്റുകൾ) ആവശ്യമായി വരാം. പല്ലിന്റെ മുൻഭാഗത്തു വളരെ കനം കുറഞ്ഞ സെറാമിക് അല്ലെങ്കിൽ കോംപോസിറ്റ് ഷെൽ ഒട്ടിച്ചാണ് ഇതു ചെയ്യുന്നത്. ഇതിലൂടെ സ്ഥിരമായ വെളുത്ത പുഞ്ചിരി മാത്രമല്ല, പല്ലിന്റെ ആകൃതിയും ശരിയാക്കാൻ കഴിയും. എന്നാൽ ചെറിയ തോതിൽ ഇനാമൽ രാകി ഷേപ്പ് ചെയ്യേണ്ടതിനാൽ ഇതു തിരിച്ചു മാറ്റാനാകാത്ത (Irreversible) ചികിത്സയാണ്. കൂടാതെ ചെലവും കൂടുതലായിരിക്കും.
ഗർഭകാലത്ത് ഒഴിവാക്കാം
വൈറ്റനിങ് ചികിത്സയ്ക്കു മുൻപും ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭകാലത്തു വൈറ്റനിങ് ചികിത്സ ഒഴിവാക്കാം. കൂടാതെ 16 വയസ്സിനു താഴെയുള്ളവർക്കു പതിവായി നിർദേശിക്കാറില്ല. സെൻസിറ്റിവിറ്റി ഉള്ളവർക്ക് ആദ്യം അതിനുള്ള ചികിത്സ നൽകണം. ചികിത്സ കഴിഞ്ഞു കുറഞ്ഞത് 48 മണിക്കൂർ വരെ ചായ, കാപ്പി, കോള പോലെ നിറമുള്ള പാനീയങ്ങളും പുകവലിയും ഒഴിവാക്കണം, ഇല്ലെങ്കിൽ വീണ്ടും പാടുകൾ പതിയാം.
പല്ലിൽ പാടുകൾ ഒഴിവാക്കാൻ നല്ല ദന്തശുചിത്വം അത്യാവശ്യമാണ്. ദിവസം രണ്ടു തവണ ശരിയായ രീതിയിൽ ബ്രഷ് ചെയ്യണം. പ്രത്യേകിച്ചു രാത്രി നിർബന്ധമായി ബ്രഷ് ചെയ്യണം. ദിവസവും ഫ്ലോസ് ഉപയോഗിക്കുകയും നാവ് ശുചിയാക്കുകയും ചെയ്താൽ ക്രോമോജനിക് ബാക്ടീരിയ കാരണം കറകൾ രൂപപ്പെടുന്നതു കുറയും. പുകയില, പാൻമസാല ഇവ ഒഴിവാക്കണം. ചായയോ കാപ്പിയോ കുടിച്ച ശേഷം വായ കഴുകണം. മധുരപാനീയങ്ങൾ കുടിക്കുന്പോൾ സ്ട്രോ ഉപയോഗിച്ചാൽ പല്ലുമായി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാം.