ഹെൽതി ഭക്ഷണലിസ്റ്റിൽ ഇന്നു വളരെ ട്രെൻഡിങ് ആണു സാലഡുകൾ. പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് എളുപ്പത്തിൽ രുചികരവും ആരോഗ്യകരവുമായ സാലഡുകൾ തയാറാക്കാൻ സാധിക്കും. പ്രമേഹരോഗികളുടെയും ഡയറ്റിങ് പാലിക്കുന്നവരുടെയും ഒക്കെ ഭക്ഷണത്തിലെ ഒരു പ്രധാന വിഭവമായാണു സാലഡുകൾ കണക്കാക്കപ്പെടുന്നത്.
പച്ചക്കറികളുടെയും ഇലക്കറികളുടെയും ഒരു സംയുക്ത മിശ്രിതമാണു സാലഡുകൾ. എന്നാൽ എന്നും കഴിക്കുന്പോൾ ഇവയോടെല്ലാം മടുപ്പു തോന്നാറുണ്ട്. ഇവിടെയാണു സാലഡ് ഡ്രസ്സിങ്ങുകളുടെ പ്രാധാന്യം. വ്യത്യസ്തമായ, വിവിധതരം ഡ്രസ്സിങ്ങുകൾ സാലഡുകളിൽ ഉപയോഗിക്കുന്പോൾ തികച്ചും വ്യത്യസ്തമായ രുചിഭേദങ്ങളോടെ നമുക്കു സാലഡുകൾ ആസ്വദിക്കാൻ കഴിയും.
പലതരം ചേരുവകൾ
ചില സാലഡുകൾ ഉപ്പും കുരുമുളകുപൊടിയും ചേർത്തു ലളിതമായി തയാറാക്കാൻ സാധിക്കും. എന്നാൽ മിക്ക സാലഡുകളുടെയും രുചിയും ഘടനയും ഉപയോഗിക്കുന്ന പച്ചക്കറിയുടെ സ്വഭാവം അനുസരിച്ചു വ്യത്യസ്തമാണ്. സാധാരണയായി നാം വീട്ടിലുണ്ടാക്കുന്ന സാലഡ് ഡ്രസ്സിങ്ങുകൾ ഒലിവ് ഓയിൽ, നാരങ്ങാനീര്, വിനിഗർ, കുരുമുളക് തുടങ്ങിയവയാണ്. ഇവ സാലഡുകളുടെ രുചിയും പോഷക ഗുണങ്ങളും വർധിപ്പിക്കുന്നു. രുചി വർധിപ്പിക്കുക മാത്രമല്ല സാലഡ് ഡ്രസ്സിങ്ങുകൾക്കു പല തരത്തിലുള്ള ഗുണങ്ങളും ഉണ്ട്.
ഡ്രസ്സിങ്ങിന് ഉപയോഗിക്കുന്ന ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, പച്ചക്കറികളിലെ വൈറ്റമിനുകളെ (വൈറ്റമിൻ എ, ഡി, ഇ, കെ ) ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന നല്ല കൊഴുപ്പുകൾ വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തും
നാരങ്ങാനീര്, വിനഗർ, ആപ്പിൾ സിഡർ വിനഗർ എന്നിവ ആന്റിഓക്സിഡന്റുകളുടെയും വൈറ്റമിൻ സിയുടെയും മികച്ച ഉറവിടങ്ങളാണ്. നാരങ്ങ നീരും വിനഗറും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മയണീസ് പോലുള്ള ഡ്രസ്സിങ്ങുകൾ കഴിവതും കുറയ്ക്കുക. അവയിൽ കൊഴുപ്പിന്റെയും ഊർജത്തിന്റെയും അളവു വളരെ കൂടുതലാണ്. സാലഡിന്റെ അളവ് അനുസരിച്ച് ഡ്രസ്സിങ്ങിന്റെ അളവു തീരുമാനിക്കാം. സാധാരണയായി രണ്ടു ടേബിൾ സ്പൂൺ ഡ്രസ്സിങ് മതിയാകും.
ബേസിക് ഡ്രസ്സിങ്
ചേരുവകൾ
∙ നാരങ്ങാജൂസ് – ഒന്നിന്റെ പകുതി
∙ ഉപ്പ് – ആവശ്യത്തിന്
∙ കുരുമുളക് – 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഇവ മൂന്നും നന്നായി യോജിപ്പിച്ച് കഴിക്കുന്നതിനു തൊട്ടു മുൻപ് ഉപയോഗിക്കാം.
ടാൻജി സാലഡ്
ചേരുവകൾ
∙ വിനഗർ /നാരങ്ങ – 1
∙ ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
∙ ഉപ്പ് – ആവശ്യത്തിന്
∙ കുരുമുളക് – ആവശ്യത്തിന്
∙ തേൻ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഇവ യോജിപ്പിച്ചു സാലഡ് ഡ്രസ്സിങ്ങായി ഉപയോഗിക്കാം. എല്ലാ രുചികളും വരുന്നതിനാൽ ഇതു കഴിച്ചാൽ തൃപ്തി തോന്നും.
ഗ്രീക്ക് ഡ്രസ്സിങ്
ചേരുവകൾ
∙ വെളുത്തുള്ളി – 4 അല്ലി നുറുക്കിയത്
∙ ഒറിഗാനോ – 1 ടീസ്പൂൺ
∙ നാരങ്ങ – 1/2 ജൂസ്
∙ ഉപ്പ് – ആവശ്യത്തിന്
∙ കുരുമുളകുപൊടി – 1 ടീസ്പൂൺ
∙ ഒലിവ് ഓയിൽ – 3 ടേബിൾസ്പൂൺ
∙ തേൻ – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
വെളുത്തുള്ളി ചെറുതായി നുറുക്കി ഒരു ബൗളിലേക്കു മാറ്റുക. അതിൽ ഒരു ടീസ്പൂൺ ഒറിഗാനോയും മറ്റു ചേരുവകളും ചേർത്തു നന്നായി യോജിപ്പിക്കുക.
ഡോ. അനിതാ മോഹൻ
മുൻ േസ്റ്ററ്റ് ന്യുട്രിഷൻ ഒാഫിസർ
തിരുവനന്തപുരം