ADVERTISEMENT

ആഹാരം തന്നെ ഔഷധമാകുക എന്നു കേട്ടിട്ടില്ലേ? നമ്മുടെ തനത് ചികിത്സാശാസ്ത്രമായ ആയുർവേദം അത്തരം ചില ഔഷധാഹാരങ്ങളെ കുറിച്ചു പറയുന്നുണ്ട്. ക്ഷീണം മാറാനും ശരീരപുഷ്ടിക്കും വയറിലെ അസുഖങ്ങൾ മാറാനും മുടി വളർച്ചയ്ക്കും ഒക്കെ സഹായിക്കുന്ന വിഭവങ്ങൾ. നമ്മുടെ അടുക്കളയിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ചു തയാറാക്കാവുന്നവയാണ് ഇവയിൽ മിക്കതും. അത്തരം ചില ഔഷധാഹാരങ്ങളുടെ പാചകക്കുറിപ്പുകൾ വായിക്കാം.

ക്ഷീണം മാറാൻ രസാള

ADVERTISEMENT

​വളരെ സ്വാദിഷ്ഠമായ പരമ്പരാഗത ആഹാരമാണു രസാള.

​ചേരുവകൾ:

ADVERTISEMENT

തൈര്, പഞ്ചസാര, ചുക്കുപൊടി, ജീരകപ്പൊടി, കുരുമുളകുപൊടി.

​തയാറാക്കുന്ന വിധം:

ADVERTISEMENT

വെള്ളം ചേർക്കാതെ കലക്കി എടുക്കുന്ന തൈരിൽ ആവശ്യത്തിനു പഞ്ചസാരയും രുചിക്ക് അനുസരിച്ചു ചുക്ക്, ജീരകം, കുരുമുളക് ഇവയുടെ പൊടിയും ചേർത്തു യോജിപ്പിച്ചെടുക്കുന്നതാണു രസാള. ഇതു കഴിച്ചാൽ ക്ഷീണവും ദാഹവും മാറും.

മെലിച്ചിൽ മാറാൻ രാഗം

​പോഷകപ്രദമായ ഭക്ഷണമാണ് രാഗം.

​ചേരുവകൾ:

ഉണക്കമുന്തിരി 250 ഗ്രാം, ശുദ്ധജലം രണ്ടു ലീറ്റർ, മലർപൊടി 100 ഗ്രാം, കൂവപ്പൊടി 100 ഗ്രാം, ഇലവർങം, ഏലത്തരി, പച്ചില, മല്ലി ഇവയുടെ പൊടി അര ടീസ്‌പൂൺ വീതം, തേൻ, ശർക്കരപ്പാനി ആവശ്യത്തിന്.

​തയാറാക്കുന്ന വിധം:

ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുക്കുക. മുന്തിരിവെള്ളത്തിൽ മലർപൊടിയും കൂവപ്പൊടിയും ചേർത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇലവർങം, ഏലത്തരി, പച്ചില, മല്ലി ഇവയുടെ പൊടികൾ ചേർത്തു ചെറുചൂടിൽ ഇളക്കിക്കൊണ്ടിരിക്കുക. പിന്നീട് ശർക്കരപ്പാനി ചേർത്തിളക്കി ലേഹ്യപാകമാകുമ്പോൾ ഇറക്കുക. തണുത്തശേഷം ആവശ്യത്തിനു തേൻ ചേർക്കുക. കുപ്പിയിലാക്കി വച്ച് അഞ്ചു മുതൽ 10 ഗ്രാം വരെ ദിവസവും രണ്ടോ മൂന്നോ നേരം കഴിക്കാം. അരുചി, ബലക്ഷയം എന്നിവ മാറ്റി ശരീരപോഷണത്തിനു ഫലപ്രദമാണ് രാഗം.

ശരീരപുഷ്ടിക്ക് രാഗഖാണ്ഡവം

​തയാറാക്കുന്നവിധം:

പച്ചമാങ്ങ തൊലി ചെത്തി കഷണങ്ങളാക്കി നുറുക്കി നെയ്യിൽ വറുത്ത് മൂപ്പിച്ചു കൽക്കണ്ടം പാവ് കാച്ചിയതിലിട്ട് വേവിച്ചെടുക്കുക. അതിൽ കുരുമുളകുപൊടി, ഏലത്തരിചൂർണം, കർപ്പൂരം എന്നിവയെല്ലാം അല്പാല്പം ചേർത്ത്, എണ്ണമയം പുരട്ടിയ കുടത്തിലാക്കി വായു കടക്കാത്തവിധത്തിൽ ഭൂമിയിൽ കുഴിച്ചിടുക. 15 ദിവസത്തിനുശേഷം പുറത്തെടുക്കാം. ഇതാണ് രാഗഖാണ്ഡവം. ഇത് ദിവസവും ഒരു ടീസ്പൂൺ വീതം മൂന്നു നേരം വരെ കഴിക്കാം. ശരീരപുഷ്ടിക്കും രോഗപ്രതിരോധത്തിനും ദഹനശക്തിക്കും വളരെ നല്ലതാണ്.

പ്രതിരോധശേഷിക്ക് സാരം

​തയാറാക്കുന്ന വിധം:

കുരു കളഞ്ഞ പഴുത്ത കോൽപ്പുളി 60 ഗ്രാം എടുത്ത് ഒന്നര ലീറ്റർ വെള്ളത്തിൽ കലക്കി കുറുക്കി പകുതിയാക്കി അരിച്ച് അതിൽ 30 ഗ്രാം കുരുമുളകും ആവശ്യത്തിന് അനുസരിച്ചു കറിവേപ്പില, കായം, ജീരകം എന്നിവ അരച്ചുചേർത്തു വീണ്ടും തിളപ്പിച്ചു കുരുമുളകു വെന്ത ശേഷം ഇറക്കുക. രുചിക്കനുസരിച്ച് ഉപ്പും ചേർക്കാം. ഇതാണ് സാരം. സാരം ഊണിനൊപ്പം കഴിക്കാം.

ജഠരാഗ്നിയും പ്രതിരോധശക്തിയും വർധിപ്പിക്കുന്നതിനും രുചിക്കും ദഹനശേഷിക്കും വളരെ ഫലപ്രദമാണു സാരം.

വിശപ്പിന് തേങ്ങാപ്പാൽ മോര്

​തയാറാക്കുന്ന വിധം:

തേങ്ങാപ്പാലും സമം മോരും ആവശ്യത്തിനു മഞ്ഞൾപൊടിയും കറിവേപ്പിലയും ഉപ്പും കുരുമുളകും ചേർത്തു കാച്ചിയെടുത്ത മോരാണ് തേങ്ങാപ്പാൽ മോര്. ഇതു ധാതുപുഷ്ടിയുണ്ടാക്കുന്നതും അഗ്നിദീപനവുമാണ്.

​​ശരീരബലം ഉണ്ടാകാൻ വെണ്ടയ്ക്ക ദോശ

​പിഞ്ചുവെണ്ടയും പച്ചരിയും ചേർത്ത ദോശ പ്രതിരോധശേഷി വർധിപ്പിക്കും.

​ചേരുവകൾ:

പിഞ്ചുവെണ്ടയ്ക്ക അരിഞ്ഞത് ഒരു ഗ്ലാസ്, കുതിർത്ത പച്ചരി മൂന്നു ഗ്ലാസ്, വെള്ളം, എണ്ണ, ഉപ്പ് ആവശ്യത്തിന്.

​തയാറാക്കുന്ന വിധം:

പിഞ്ചു വെണ്ടയ്ക്കയും പച്ചരിയും വെള്ളം ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് എണ്ണ പുരട്ടിയ ദോശക്കല്ലിൽ ഒഴിച്ചു ദോശയുണ്ടാക്കി കഴിക്കാം. ആരോഗ്യസംരക്ഷണത്തിനു വളരെ ഗുണം ചെയ്യുന്നതാണു വെണ്ടയ്ക്ക ദോശ.

ധാതുക്ഷയം മാറ്റാൻ അമുക്കുരം ചൂർണം

​തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ അമുക്കുരം ഇട്ട് അത് മുങ്ങുന്നത്രയും പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ വറ്റുന്നതുവരെ ഇടവിട്ട് ഇളക്കിക്കൊണ്ടിരിക്കണം. അതിനുശേഷം അമുക്കുരം വെയിലിൽ ഉണക്കി എടുക്കുക. ഇപ്രകാരം തുടർച്ചയായി ഏഴു ദിവസം അമുക്കുരം പാലിലിട്ട് ഉണക്കിയെടുക്കണം. ഏഴാമത്തെ ദിവസം ഉണങ്ങിയ അമുക്കുരം നന്നായി പൊടിയാക്കി അരിച്ചു കുപ്പിയിലാക്കി വയ്ക്കുക. ദിവസവും ഒരു ടീ‌സ്പൂൺ വീതം അമുക്കുരംപൊടി തേനും നെയ്യും ചേർത്തു രണ്ടു നേരം കഴിക്കാം. ഇത് ധാതുക്ഷയം ഇല്ലാതാക്കി ശരീരം പുഷ്ട‌ിപ്പെടുത്തും. പഠിക്കുന്ന കുട്ടികൾക്കും ഉത്തമമാണ്. കൂടാതെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സഹായിക്കും.

ഡോ. കെ. എസ്. രജിതൻ, ഔഷധി പഞ്ചകർമ ആശുപത്രി, തൃശൂർ (rajithanks@gmail.com)

English Summary:

Explore traditional Ayurvedic recipes that transform everyday food into medicine, offering natural remedies for weakness, body nourishment, hair growth, and digestive issues. These recipes utilize common kitchen ingredients to create dishes like Rasala, Ragam, and Vendakka Dosa, promoting overall health and well-being.

ADVERTISEMENT