ADVERTISEMENT

ആയുർദൈർഘ്യത്തിലും മാതൃ-ശിശു മരണനിരക്കിലും വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളം ഇന്നു വലിയ വൈരുധ്യങ്ങളുടെ നടുവിലാണ്. ഒരു വശത്തു ലോകം വാഴ്ത്തുന്ന നേട്ടങ്ങളുടെ തിളക്കം; മറുവശത്തു ചികിത്സയ്ക്കായി വീടുവിറ്റും കടംവാങ്ങിയും ദരിദ്രരാകുന്ന സാധാരണക്കാരന്റെ വിലാപം. ഡോക്ടർമാരുടെ അഭാവം മുതൽ മരുന്നുക്ഷാമം വരെ നീളുന്ന പ്രതിസന്ധികൾക്കിടയിൽ, പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ആരോഗ്യ കേരളത്തിന്റെ പ്രതീക്ഷകൾ എന്തൊക്കെ? വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നമ്മുടെ ആരോഗ്യരംഗത്ത് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കേണ്ട മേഖലകളെക്കുറിച്ചും പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.എസ്.എസ്. ലാൽ സംസാരിക്കുന്നു.

ADVERTISEMENT

1. വേണം, സമഗ്ര ആരോഗ്യ നയം
ഓരോ മലയാളിക്കും — ദരിദ്രനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ, നഗരവാസിയെന്നോ ഗ്രാമവാസിയെന്നോ വ്യത്യാസമില്ലാതെ — ഗുണനിലവാരമുള്ള, സമയത്തു ലഭിക്കുന്ന, താങ്ങാൻ കഴിയുന്ന ആരോഗ്യ സംരക്ഷണം ഉറപ്പാകണം. ദീര്‍ഘകാല പദ്ധതികളും ഹ്രസ്വകാല പദ്ധതികളും നടപ്പിലാക്കണം. അതിനായി ആദ്യം വേണ്ടത്, കേരളത്തിന്റെ അനുകൂലവും പ്രതികൂലമായ സാഹചര്യങ്ങൾ കണക്കിലെടുക്കുന്നതും വെല്ലുവിളികൾ തിരിച്ചറിയുന്നതുമായ സമഗ്ര ആരോഗ്യനയം ഉണ്ടാക്കുകയാണ്.
മൂന്നു വർഷം മുൻപു സർക്കാർ കൊണ്ടുവന്ന‘ പൊതുജനാരോഗ്യ ആക്ട്’ പ്രാവർത്തികമാക്കണം. ആരോഗ്യം മൗലികാവകാശമാണെന്ന അടിസ്ഥാന ബോധത്തിൽ ആരോഗ്യ നീതി ഉറപ്പാക്കണം. സാർവത്രിക ആരോഗ്യ പരിരക്ഷ (Universal Health Coverage) എന്ന ദീർഘകാല ലക്ഷ്യം അതിപ്രധാനമാണ്.

2. വികസനം അടിത്തട്ടിൽ നിന്നും
കേരളത്തിലെ 14 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 22 ശതമാനം ഉപകേന്ദ്രങ്ങളും ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ നിറവേറ്റുന്നില്ല. കമ്യൂണിറ്റി ഹെൽത് സെന്ററുകളുടെ കുറവു 35 ശതമാനമാണ്. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ കാര്യം നമ്മൾ മറന്നിട്ടില്ല. സംസ്ഥാനത്ത് അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ എണ്ണം 134 ആണ്. അവയിൽ ചിലതിൽ ഇന്നും ചികിത്സ നടക്കുന്നു എന്നതു ഞെട്ടിക്കുന്നു.
∙ ഒരാൾ ചികിത്സ തേടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാകണം ആദ്യമെത്തേണ്ടത്. അതിനായി 24 മണിക്കൂർ ഒപി വിഭാഗം, ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, ലാബറട്ടറി, ഇസിജി, എക്‌സ്റേ, എന്നിവ ഉറപ്പാക്കേണ്ടതുണ്ട്.
∙ കമ്യൂണിറ്റി ഹെൽത് സെന്ററുകൾ ഒന്നാം റഫറൽ യൂണിറ്റുകൾ ആകണം. അവിടെ ഗൈനക്കോളജി, അനസ്തീസിയ, ശിശുരോഗ വിഭാഗം, അടിയന്തിര ശസ്ത്രക്രിയ, ഐസിയു, രക്തബാങ്ക് തുടങ്ങിയവ ഉണ്ടാകണം.
∙ ആദിവാസി മേഖലകളിൽ ‘ട്രൈബൽ ആരോഗ്യ ക്ലസ്റ്റർ’ മോഡൽ നടപ്പിലാക്കണം. മൊബൈൽ ക്ലിനിക്കും ടെലിമെഡിസിനും ട്രൈബൽ ഗ്രാമങ്ങളിൽ ലഭ്യമാക്കണം.
∙ ആകെയുള്ള 93 നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 58-ൽ മാത്രമാണു നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്ളത്. മൂന്നിലൊന്നു മുനിസിപ്പാലിറ്റികളിൽ ഒരു നഗര പ്രാഥമികാരോഗ്യകേന്ദ്രം പോലുമില്ല. ഈ സ്ഥിതി മാറണം.

ADVERTISEMENT

3. ജീവൻ രക്ഷിക്കും ഗോൾഡൻ അവർ
ഹൃദയാഘാതത്തിനു ചികിത്സ കിട്ടാതെ മരണപ്പെട്ട വേണുവും റോഡപകടത്തിൽ പരുക്കേറ്റു ചികിത്സ കിട്ടാതെ മരിച്ച മുരുകനും ഇനിയുണ്ടാകരുത്. ഇരുപത്തിനാലു മണിക്കൂർ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ ജില്ലയിൽ ഒരു പ്രധാന ആശുപത്രിയിലെങ്കിലും നിർബന്ധമായി ലഭിക്കണം. സ്ട്രോക്ക്, ഹൃദയാഘാതം മുതൽ അപകടങ്ങൾ വരെയുള്ള സാഹചര്യങ്ങളിൽ സമയത്തിനു ജീവന്റെ വിലയാണ്. അടിയന്തര ചികിത്സ അതിപ്രധാനമാണ്.
∙ 108 നമ്പർ സേവനത്തിലൂടെ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS) സൗകര്യമുള്ള ആംബുലൻസ് ആവശ്യാനുസരണം ലഭ്യമാകുന്ന രീതിയിൽ വിന്യസിക്കണം.
∙ 14 ജില്ലകളിലെ പ്രധാന ആശുപത്രികളിൽ മൂന്നിടത്തു മാത്രമാണ് അടിയന്തര ശസ്ത്രക്രിയാ വിഭാഗമുള്ളത്. ഒരു ട്രോമാ വാർഡ് മാത്രമേ ഉള്ളൂ. ഓരോ ജില്ലയ്ക്കും ഒരു ട്രോമാ-കാർഡിയാക്ക്-സ്ട്രോക്ക് ഹബ് ഉണ്ടാക്കണം.
∙ ഓരോ ജില്ലയിലും ഒരു ആശുപത്രിയിലെങ്കിലും ദുരന്ത മുൻകരുതൽ പദ്ധതി നടപ്പാക്കണം. ഇതിനു ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് ഏകോപനമുണ്ടാകണം.
∙ റോഡപകടങ്ങൾ കുറയ്ക്കാനും ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാതിരിക്കാനും കർശന നടപടികൾ സ്വീകരിക്കണം.

ArticleHeroImage1248x6503

4. ആശ മുതൽ ഡോക്ടർ വരെ
ഒറ്റ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധൻ മാത്രമുള്ള മെഡിക്കൽ കോളജിൽ 400 രോഗികൾ വരെ ക്യൂ നിൽക്കുന്ന അവസ്ഥ മാറണം. ചില മെഡിക്കൽ കോളജുകളിൽ നൂറു കിടക്കയ്ക്ക് 170 രോഗികൾ, ഒരു നഴ്സിന് അറുപതു വരെ കിടക്കകളുടെ ഉത്തരവാദിത്തം– ഇവ മാറണം.
∙ പിഎസ്‌സി വഴി നിയമനം ത്വരിതപ്പെടുത്തി സ്‌പെഷലിസ്റ്റ് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ തസ്തികകളിലെ ഒഴിവു നികത്തണം.
∙ നഴ്സുമാരുടെ ഡ്യൂട്ടി സമയവും ഷിഫ്റ്റ് സമ്പ്രദായവും പരിഷ്‌ക്കരിക്കണം. രാത്രി ഡ്യൂട്ടിയുള്ള നഴ്‌സുമാർക്കു സുരക്ഷിത യാത്രയും സുരക്ഷയും ഉറപ്പുവരുത്തണം. നഴ്‌സുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കേരള നഴ്‌സിങ് കമ്മിഷൻ നിലവിൽ വരണം.
∙ ആശാവർക്കർമാരുടെ ഓണറേറിയം പുതുക്കി അതു കൃത്യതയോടെ നേരിട്ടു കിട്ടാനുള്ള സംവിധാനം ഉണ്ടാക്കണം. ജൂനിയർ പബ്ലിക് ഹെൽത് നഴ്‌സുമാർക്കു ജോലിക്കയറ്റങ്ങൾക്കുള്ള സാധ്യത കൂട്ടണം.

ADVERTISEMENT

5. മരുന്നും വാക്സീനും മുടങ്ങരുത്
ഒറ്റ ഓഡിറ്റിൽ 62,000 ത്തിലധികം മരുന്നു സ്റ്റോക്ക് ഇല്ലാതായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. പേവിഷ ബാധയ്ക്കുള്ള പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തി സംശയിച്ച സംഭവങ്ങളുണ്ടായി. ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെയുള്ള വാക്സീനു ക്ഷാമമുണ്ടായി. ഇവ ആവർത്തിക്കരുത്.
∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ പരിഷ്‌കരിച്ചു ഫലപ്രദമാക്കണം. ക്രയവിക്രയങ്ങൾ ഡിജിറ്റലാക്കി സുതാര്യമാക്കണം. കാലാവധി കഴിഞ്ഞ മരുന്നുകൾ ഒരു കാരണവശാലും രോഗികൾ കഴിക്കാൻ ഇടവരരുത്.
∙ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രമേഹം, രക്താതിസമ്മർദം, മാനസികാരോഗ്യം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള അവശ്യമരുന്നുകൾ ഉറപ്പായും വേണം.
∙ എല്ലാ കമ്യൂണിറ്റി ഹെൽത് സെന്ററിലും എക്‌സ്റേ, അൾട്രാസൗണ്ട് സ്കാൻ, ഇസിജി, ബയോകെമിസ്ട്രി
പരിശോധനകൾ ഉണ്ടാകണം. ജില്ലാ ആശുപത്രികളിൽ
സി ടി സ്കാൻ, എംആർഐ സ്കാൻ എന്നിവ ലഭ്യമാക്കണം. ടെലിറേഡിയോളജി വഴി ഈ പരിശോധനകളുടെ ഗുണം താഴെ തട്ടിലുള്ള ആശുപത്രികളിലും എത്തണം.

6. ചികിത്സാചെലവു കുറയണം
കേരളത്തിൽ ചികിത്സാചെലവിന്റെ 60 ശതമാനവും ജനങ്ങൾ സ്വന്തം കയ്യിൽ നിന്നാണു ചെലവാക്കുന്നത്. ഇതു ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണ്.
∙ സർക്കാരുദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ കടങ്ങൾ വീട്ടിയും നവീകരിച്ചും പുനരാവിഷ്കരിക്കണം.
∙ ബിപിഎൽ ഗണത്തിൽ പെടാത്തവരും സ്വകാര്യ ഇൻഷുറൻസ് ഇല്ലാത്തവരുമായ വലിയൊരു ശതമാനം ഇടത്തരക്കാരുണ്ട്. അവരെ കൂടി ഉൾപ്പെടുത്തി മെഡിസെപ് വിപുലീകരിക്കുന്നത് ആലോചിക്കണം.
∙ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് –2018 കുറവുകൾ പരിഹരിച്ചു രോഗികൾക്കുതകുന്ന രീതിയിൽ സ്വകാര്യ
മേഖലയെ നിയന്ത്രിക്കണം. നിരക്കുകളിൽ പ്രായോഗിക ഏകീകരണം ഉണ്ടാക്കണം.

7. രോഗം വരും മുൻപു പ്രതിരോധം
കുറവാണെങ്കിലും കേരളത്തിലും മരണകാരണമായ സാംക്രമിക രോഗങ്ങൾ പടരുന്നുണ്ട്. പ്രതിവർഷം കാൽ ലക്ഷം പേർക്കു പുതിയതായി ക്ഷയരോഗം വരുന്നു. ഡെങ്കി, എലിപ്പനി, നിപ, ഹെപ്പറ്റൈറ്റിസ് എ എന്നിവ ഒഴിവാക്കാനാകാത്ത ദുരന്തങ്ങളല്ല. ജലസുരക്ഷ, ശുചിത്വം, വെക്ടർ നിയന്ത്രണം, രോഗനിരീക്ഷണം എന്നിവയിലെ പരാജയങ്ങൾ പരിഹരിക്കണം. ഇരുപത്തഞ്ചു ശതമാനത്തോളം ജനങ്ങൾക്കു പ്രമേഹവും, മുപ്പതു ശതമാനത്തിലധികം ജനങ്ങൾക്കു രക്താതിസമ്മർദവും ഉണ്ട്. കേരളം ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമാകുന്നതു തടയണം.
∙ ചികിത്സയുമായും പരിശോധനയുമായും സമൂഹവുമായും ബന്ധപ്പെട്ട ഡേറ്റ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടു വരണം.
∙ വൺ ഹെൽത് സമീപനത്തിലൂടെ നിപ, പേവിഷം, എലിപ്പനി എന്നീ ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി വിവിധ വകുപ്പുകൾ ഒരേ പ്ലാറ്റ്ഫോമിൽ എത്തണം. അതുവഴി നിയന്ത്രണ നടപടികൾ ഏകോപിപ്പിക്കാം.
∙ പുകയില ഉപഭോഗം, മദ്യപാനം, ദുർമേദസ് എന്നിവ പരിഹരിക്കാൻ ജില്ലാതല കർമ പദ്ധതികൾ വേണം.
∙ മാനസികപ്രശ്‌നങ്ങൾ കൂടുകയാണ്. പ്രാഥമികാരോഗ്യതലത്തിൽ മാനസികാരോഗ്യ സ്ക്രീനിങ് വേണം.
∙ ജീവിതശൈലീരോഗങ്ങൾ തടയാൻ വേണ്ട ബോധവൽക്കരണവും എല്ലാ പ്രദേശങ്ങളിലും കൂടുതൽ കളിസ്ഥലങ്ങളും പാർക്കുകളും നടപ്പിലാക്കാൻ നടപടികളും വേണം.

ArticleHeroImage1248x6502

8. ആരോഗ്യ ഭരണം — സുതാര്യമാകണം
രണ്ടു വർഷം മുൻപു വന്ന സിഎജി റിപ്പോർട്ട് പ്രകാരം 5,332 നിർമാണ പ്രവർത്തനങ്ങളിൽ നാലിലൊന്നിൽ താഴെ മാത്രമാണു പൂർത്തിയാക്കിയത്. ഒറ്റയടിക്ക് 147 കോടിയുടെ ബജറ്റ് കട്ട് കാരണം ലാബറട്ടറിക്കും രക്തബാങ്കിനുമൊക്കയുള്ള ഫണ്ടിങ് പകുതിയായി. ‘ആദ്യം ആരോഗ്യം’ എന്ന നിലയിൽ സാമ്പത്തികാനുമതി ഉണ്ടാകണം.
∙ ആരോഗ്യവകുപ്പ്, നാഷനൽ ഹെൽത് മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് – ഇവയുടെ ഉത്തരവാദിത്തങ്ങൾ നിർണയിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യണം.
∙ ആരോഗ്യരംഗത്തെ ചെലവു തത്സമയം ലഭ്യമാകുകയും കൃത്യമായ ഇടവേളകളിൽ പരിശോധിക്കപ്പെടുകയും വിവരങ്ങൾ ഡാഷ്ബോഡിൽ പരസ്യമാക്കുകയും വേണം.
∙ ആരോഗ്യ സർവകലാശാലയുടെ ചില അധികാരങ്ങൾ മെഡിക്കൽ കോളജുകളിലേയ്ക്കു വികേന്ദ്രീകരിക്കണം. മെഡിക്കൽ റിസർച് ബോർഡ് പ്രവർത്തനം മെച്ചപ്പെടണം.
∙ തമിഴ്‌നാട്ടിലെ പോലെ പബ്ലിക് ഹെൽത് കേഡർ ഉണ്ടാക്കണം. എപിഡെമിയോളജി, രോഗനിരീക്ഷണം, പൊതുജനാരോഗ്യ ആസൂത്രണം എന്നിവയിൽ വൈദഗ്ധ്യമുള്ള കേഡറാണു വേണ്ടത്.

9. വാർധക്യം - ഹെൽത്തി ഏജിങ്
കേരളത്തിലെ ജനസംഖ്യയിൽ 20 ശതമാനം 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. പത്തു വർഷം കഴിയുമ്പോൾ ഇത് 25 ശതമാനവും 2050-ൽ 30 ശതമാനവുമാകും.
∙ ആരോഗ്യ സംവിധാനങ്ങൾ വയോജന സൗഹൃദമായി പ്രവർത്തിപ്പിക്കാൻ നടപടി വേണം.
∙ ജീറിയാട്രിക്സ് മെഡിക്കൽ പാഠ്യഭാഗമാക്കണം.
∙ വാർധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ ഉണ്ടാകണം.

10. സമാന്തര മേഖല - വർധിച്ച സാധ്യതകൾ
∙ പ്രാഥമികാരോഗ്യതലത്തിൽ ഡെന്റൽ യൂണിറ്റുകൾ വേണം. ഓറൽ കാൻസർ സ്ക്രീനിങ് വ്യാപിപ്പിക്കണം.
∙ ആയുഷ് പ്രാക്ടീഷനർമാരെ പകർച്ചേതരരോഗങ്ങളുടെ സ്ക്രീനിങ്, സ്കൂൾ, ട്രൈബൽ ആരോഗ്യ പരിപാടികൾ എന്നിവയിൽ ഉപയോഗിക്കണം.
∙ ആയുഷ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുഷ് കമ്മിഷൻ ഉണ്ടാക്കണം. ആയുഷ് മേഖലയെ ടൂറിസവുമായി കൂടുതൽ ഫലപ്രദമായി ബന്ധപ്പെടുത്തണം.
∙ ഫാർമസിസ്റ്റുമാരെ ദീർഘകാല രോഗങ്ങളുമായി ബന്ധപ്പെട്ട കൗൺസലിങ്, ആന്റിബയോട്ടിക് സ്റ്റുവഡ്ഷിപ്പ് എന്നിവയിൽ ഉപയോഗിക്കണം.

11. പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം
കേരളത്തിൽ 70 ശതമാനം രോഗികൾ സ്വകാര്യാശുപത്രികളെ ആശ്രയിക്കുന്നു. 60 ശതമാനം പ്രസവങ്ങളും സ്വകാര്യാശുപത്രികളിലാണ്. സ്വകാര്യ മേഖലയിൽ വലിയ നിക്ഷേപങ്ങളും നടക്കുന്നു. സാമ്പത്തികശേഷിയോ ഇൻഷുറൻസോ ഉള്ളവർ ചികിത്സക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതു നല്ലതാണ്. അതുവഴി സർക്കാരാശുപത്രികളിലെ തിരക്കു കുറഞ്ഞാൽ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകും. ഗുണനിലവാരം കൂടും.
∙ശരിയായ രീതിയിലും അനുപാതത്തിലും സർക്കാർ-സ്വകാര്യ പങ്കാളിത്തം ഉണ്ടാകണം. അവ പരിശോധിക്കാൻ സ്വതന്ത്ര റഗുലേറ്ററി ബോർഡ് കൊണ്ടു വരാം.

12. മെഡിക്കൽ വിദ്യാഭ്യാസം- വേണം സമഗ്ര മാറ്റം
മെഡിക്കൽ - പാരാമെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് അടിയന്തരമായി പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്.
∙ മെഡിക്കൽ കോളജുകളിൽ പ്രധാനപ്പെട്ട മൂന്നെണ്ണമെങ്കിലും എയിംസ് നിലവാരത്തിലേയ്ക്ക് ഉയർത്തണം.
∙ ഘട്ടംഘട്ടമായി പ്രധാനപ്പെട്ട മെഡിക്കൽ കോളജുകൾക്കു സ്വയംഭരണാവകാശം നൽകണം.
∙ മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രശ്നങ്ങൾ പഠിച്ചു വിശദമായ റിപ്പോർട്ടു നൽകാൻ കമ്മിഷനെ നിയമിക്കണം. പുതിയ മേഖലകളിൽ സ്പെഷ്യൽറ്റി കോഴ്സു തുടങ്ങണം.
∙ മെഡിക്കൽ രംഗങ്ങളിലെ കോഴ്സുകൾക്കു പ്രവേശനം നൽകുന്ന രീതികളിൽ മാറ്റം വേണം. അഭിരുചിയും സാമൂഹിക പ്രതിബദ്ധതയും കൂടി പരിശോധിക്കപ്പെടണം.

ജനകേന്ദ്രീകൃതമായ ആരോഗ്യ സ്വപ്നം
ആരോഗ്യം സൗജന്യമല്ല, മറിച്ച് മൗലികാവകാശമാണ്. ഗർഭിണിക്കു സർക്കാരാശുപത്രി സുരക്ഷിതമാണെന്ന ഉറപ്പും ഹൃദയാഘാതമുണ്ടായാൽ 'ഗോൾഡൻ അവറി'ൽ തന്നെ വിദഗ്ധ ചികിത്സ ലഭിക്കുന്ന സാഹചര്യവും ഇനിയും സ്വപ്നങ്ങളായി തുടരരുത്. ഇച്ഛാശക്തിയുള്ള ഭരണകൂടം സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിച്ചാൽ ഈ കർമപദ്ധതികൾ ഓരോ പൗരന്റെയും ജീവിതാനുഭവമാകും. വരുംതലമുറയ്ക്കായി നമുക്കു കരുതിവയ്ക്കാവുന്ന ഏറ്റവും വലിയ നിക്ഷേപം ആരോഗ്യമുള്ള ഒരു ജനതയാണ്. അതാകട്ടെ നവകേരളത്തിന്റെ ലക്ഷ്യം.

ഡോ. എസ്. എസ്. ലാൽ
രാജ്യാന്തര ശ്രദ്ധ നേടിയ പൊതുജനാരോഗ്യ വിദഗ്ധനാണു പ്രഫസർ ഡോ. എസ്. എസ്. ലാൽ. റിയാക്ട് (ReAct) എന്ന ആഗോള ആരോഗ്യ സംഘടനയുടെ ഏഷ്യാപസഫിക് ഡയറക്ടറും യു എൻ കൺസൽറ്റന്റുമാണ്. ലോകാരോഗ്യ സംഘടന (WHO)യ്ക്കു പുറമേ UNEP, ഗ്ലോബൽ ഫണ്ട് തുടങ്ങിയ വിവിധ രാജ്യാന്തര ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ഏഷ്യ, ആഫ്രിക്ക, റോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി മൂന്നു പതിറ്റാണ്ടിലേറെ പൊതുജനാരോഗ്യ രംഗത്തു പ്രവർത്തിച്ചു. ഇപ്പോൾ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ പ്രഫസർ ആണ്.

English Summary:

Kerala's healthcare system, while achieving advanced metrics in life expectancy and maternal-child mortality, faces significant challenges. Dr. S.S. Lal, a renowned public health expert, discusses the urgent need for comprehensive health policies, improved infrastructure, and accessible treatment to address these contradictions and shape the future of healthcare in the state.

ADVERTISEMENT