കഞ്ഞിയെക്കുറിച്ച് ആയുർവേദത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കഞ്ഞി കുടിക്കുന്നതുകൊണ്ടു വിശപ്പ്, ദാഹം, ബലക്ഷയം, ക്ഷീണം, ഉദരരോഗങ്ങൾ, പനി തുടങ്ങിയവ മാറുന്നു. വാതാദിദോഷകോപങ്ങളെ അനുലോമിപ്പിക്കും. ദീപനവും പാചനവും ആയ കഞ്ഞി ആർക്കും പഥ്യമായിട്ടുള്ളതാണ്. ദിവസവും കഞ്ഞികുടിക്കുന്നതുകൊണ്ടു ശരീരത്തിലെ ജലത്തിന്റെ അംശവും വർധിക്കും. അതിനാൽ പല രോഗങ്ങളും വരാതിരിക്കാനും കഞ്ഞി സഹായിക്കുന്നു. സാധാരണ കഞ്ഞിക്കു പുറമെ മറ്റു വിവിധ തരത്തിലുള്ള ധാന്യങ്ങൾകൊണ്ടും പയറുവർഗങ്ങൾകൊണ്ടുമുള്ള കഞ്ഞികളും നവരക്കഞ്ഞിയും ദശപുഷ്‌പകഞ്ഞിയും പഴങ്കഞ്ഞിയും കുടിക്കാവുന്നതാണ്.
നവരക്കഞ്ഞി
ചേരുവകൾ: നവര അരി ചെറിയ ഒരു കപ്പ്, ഉലുവ രണ്ടു ടീസ്പൂൺ, ആശാളി ഒന്നര ടീസ്‌പൂൺ, തേങ്ങ അര മുറി ചിരകിയത്, ആവശ്യത്തിന് ഉള്ളിയും വെളിച്ചെണ്ണയും (താളിക്കാൻ) നല്ല ജീരകവും.
തയാറാക്കുന്ന വിധം: ഒരു പാത്രത്തിൽ നവര അരി ഇട്ടു വെള്ളം ഒഴിച്ചു പകുതി വേവാകുമ്പോൾ ഉലുവയും ആശാളിയും ചേർത്തു വേവിക്കുക. തേങ്ങായും ജീരകവും ചേർത്തരച്ച്, അരിയും ഉലുവയും വെന്തശേഷം അതിൽ ചേർത്തു തിളപ്പിച്ച് ഇറക്കി വയ്ക്കുക. അതിനുശേഷം വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി ചേർത്തു മൂപ്പിച്ച് ഇടുക. നവര കഞ്ഞി ശരീരപുഷ്ടി ഉണ്ടാകുന്നതിനും ആരോഗ്യത്തിനും വിശിഷ്ടമാണ്.
ദശപുഷ്‌പകഞ്ഞി
ദശപുഷ്പങ്ങൾ ചേർത്ത കഞ്ഞി വേദന മാറ്റുന്നു. ഓർമശക്‌തിക്കും നല്ലതാണ്. പൂവാംകുറുന്തൽ, കറുക, കഞ്ഞുണ്ണി, മുക്കുറ്റി, muയൽചെവിയൻ, തിരുതാളി, ചെറൂള, നിലപ്പന, ഉഴിഞ്ഞ, വിഷ്ണുക്രാന്തി എന്നിവ പത്തും ചേർന്നതാണ് ദശപുഷ്‌പങ്ങൾ. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ആഹാരമായിരുന്നു ദശപുഷ്പകഞ്ഞി.
ചേരുവകൾ: ദശപുഷ്പങ്ങൾ എല്ലാം ചേർത്തു നീരെടുത്തത് 250 മി.ലീ., വെള്ളം 1500 മി.ലീ, പശുവിൻപാൽ അല്ലെങ്കിൽ നാളികേരപാൽ 5000 മി.ലീ., പച്ചരി അല്ലെങ്കിൽ പുഴുക്കലരി 80 ഗ്രാം, ജീരകം, ചുവന്നുള്ളി, വെളിച്ചെണ്ണ ആവശ്യത്തിന് (താളിക്കാൻ).
തയാറാക്കുന്ന വിധം: ദശപുഷ്‌പങ്ങൾ എല്ലാം ചേർത്തു സമൂലം പിഴിഞ്ഞ നീര് 250 മി.ലീ. വെള്ളവും പശുവിൻപാൽ അല്ലെങ്കിൽ നാളികേര പാൽ ചേർത്തു കലക്കുക. അതിൽ 80 ഗ്രാം പച്ചരിയോ പുഴുക്കലരിയോ ചേർത്തിളക്കി തിളപ്പിച്ച് പാകപ്പെടുത്തുക. അതിനുശേഷം ജീരകവും ചുവന്നുള്ളിയും വെളിച്ചെണ്ണയിൽ താളിച്ചു ചേർത്തു കഴിക്കാം.
ദശപുഷ്പങ്ങൾ ചേർത്തുള്ള കഞ്ഞി രോഗങ്ങൾ വരുന്നതു തടയുന്നതാണ്. പ്രതിരോധശക്‌തിക്ക് അത്യുത്തമം. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. ശരീരവേദന, മാനസികവ്യാധികൾ, ശരീരമെലിച്ചിൽ എന്നിവയെ ഇല്ലാതാക്കാനുള്ള കഴിവും ദശപുഷ്‌പങ്ങൾക്കുണ്ട്. ശരീരബലം വർധിപ്പിക്കുന്നതോടൊപ്പം ഓർമശക്തിക്കും നല്ലതാണ്.
പഴങ്കഞ്ഞി വെറും 'പഴ’ങ്കഞ്ഞിയല്ല
തലേന്നത്തെ തണുത്ത ചോറിൽ മോര് ചേർത്ത് പ്രാതൽ കഴിച്ചിട്ട് ആളുകൾ പണിക്കുപോയിരുന്ന കാലമുണ്ടായിരുന്നു. ഉച്ചഭക്ഷണം വൈകിയാലും ഈ 'പഴങ്കഞ്ഞി'യുടെ ബലത്തിൽ അധ്വാനം തുടരും. ഇപ്പോൾ കേട്ടുകേൾവിപോലുമില്ലാത്ത ആഹാരമായിരിക്കുന്നു പഴങ്കഞ്ഞി. എന്നാൽ, ഇന്നത്തെ ജീവിത ശൈലീരോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള പ്രധാന ഭക്ഷണമായി പഴങ്കഞ്ഞിയെ എടുക്കാം.
രാവിലെ പഴങ്കഞ്ഞി കഴിച്ചാൽ ദഹനം സുഗമമാക്കുകയും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കുകയും ചെയ്യും. പഴങ്കഞ്ഞി കുടിക്കുന്നതുകൊണ്ട് ആരോഗ്യദായകമായ ബാക്ടീരിയ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ.
കെ.
എസ്.
രജിതൻ,
പഞ്ചകർമ
ആശുപത്രി,
തൃശൂർ