ADVERTISEMENT

തൃശൂർ സൺ ആശുപത്രിയിലെ നഴ്സായ ദിവ്യ പതിവു പോലെ ഡ്യൂട്ടിക്കു കയറാനായുള്ള യാത്രയിലായിരുന്നു. ടൗണിൽ വന്നിറങ്ങി ആശുപത്രിയിലേക്കു നടക്കുന്നതിനിടെയാണ് റോഡരികിൽ ഒരാൾക്കൂട്ടം ദിവ്യ കാണുന്നത്. അവിടെ ചെന്നു നോക്കിയപ്പോൾ ഒരമ്മ വീണു കിടക്കുന്നതാണ് കാണുന്നത്. നഴ്സായ ദിവ്യ സമയം പാഴാക്കില്ല. അമ്മയ്ക്കു സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു. അപ്രതീക്ഷിതമായി രക്ഷകയാകേണ്ടി വന്ന ആ അനുഭവം ദിവ്യ പങ്കുവയ്ക്കുന്നു.

ചലനമറ്റു കിടക്കുന്നു

ADVERTISEMENT

ഇരിങ്ങാലക്കുട മുല്ലക്കാട് ആണ് എന്റെ സ്വദേശം. ബന്ധുവിന്റെ മരണാനന്തരചടങ്ങിൽ പങ്കെടുത്തശേഷം പെട്ടെന്നു ഡ്യൂട്ടിക്കു കയറാനുള്ള ഓട്ടത്തിലായിരുന്നു. ശക്തൻ സ്റ്റാൻഡിൽ ബസ് ഇറങ്ങി ആശുപത്രിയിലേക്കു നടന്നു. നടക്കുന്നതിനെയാണു റോഡിനു മറുവശത്ത് ഒരാൾക്കൂട്ടം. എന്താണു സംഭവിച്ചത് എന്നറിയാൻ ഞാൻ റോഡ് മുറിച്ച് അപ്പുറം കടന്നു. ഒരമ്മ അനക്കമില്ലാതെ കിടക്കുന്നു. അവരുടെ മകൾ അടുത്തിരുന്ന് അമ്മേ എന്നു വിളിച്ചു കരഞ്ഞുകൊണ്ട് അവരെ ഉണർത്താൻ ശ്രമിക്കുന്നുണ്ട്. കാർഡിയാക് അറസ്റ്റ് ആണെന്ന് എനിക്കു മനസ്സിലായി. കാരണം പൾസ് ലഭിക്കുന്നുണ്ടായിരുന്നില്ല. അപ്പോൾ തന്നെ സിപിആർ നൽകാൻ തുടങ്ങി. സിപിആർ നൽകിയിട്ടും അമ്മ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സമയം കളയാതെ മൗത് ടു മൗത് ബ്രീത്തിങ്ങും നൽകി. നാലു സൈക്കിൾ സിപിആർ നൽകി കഴിഞ്ഞപ്പോഴേക്കും പൾസ് കിട്ടിത്തുടങ്ങി. അമ്മയുടെ കണ്ണുകൾ പതിയെ അനങ്ങാൻ തുടങ്ങി. പക്ഷേ അവർക്ക് എണീക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എന്താണു സംഭവിച്ചതെന്ന് അപ്പോഴാണു മകളോടു ഞാൻ ചോദിക്കുന്നത്. ബാങ്കിന്റെ പടികൾ ഇറങ്ങിവരുന്പോൾ ബാലൻസ് ലഭിക്കാതെ വീഴുകയായിരുന്നു. അമ്മയുടെ ഇടത്തെ കയ്യും ഒടിഞ്ഞിരുന്നു. ആംബുലൻസ് വിളിച്ചും കിട്ടുന്നില്ലായിരുന്നു, ഇതിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും സ്ഥലത്തെത്തി. അദ്ദേഹത്തോടു ഞാൻ സൺ ആശുപത്രിയിലെ നഴ്സ് ആണെന്നും അവിടേയ്ക്കു കൊണ്ടു പോകാമെന്നും പറഞ്ഞു. സത്യം പറഞ്ഞാൽ നാലു സൈക്കിൾ സിപിആർ നൽകിയപ്പോൾ തന്നെ ഞാൻ തളർന്നിരുന്നു.

ആശുപത്രിയിലേക്ക്
എല്ലാവരും കൂടി പെട്ടെന്ന് ഓട്ടോ വിളിച്ചു. ഓട്ടോയിലേക്കു വളരെ ശ്രദ്ധയോടെയാണ് അവരെ കയറ്റിയത്. കൈ ഒടിഞ്ഞിട്ടുള്ളതിനാൽ ആ കൈ അനക്കാതെ പിടിച്ചു. ഓട്ടോയിലേക്കു കയറിയപ്പോൾ അമ്മയ്ക്കു ഫിറ്റ്സ് വന്നു. അവരെ ചരിച്ചു കിടത്തി. കാരണം ഈ അവസ്ഥയിൽ ഛർദിച്ചാൽ അതു ശ്വാസകോശത്തിലേക്കു കയറാൻ സാധ്യത കൂടുതലാണ്. പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ച്, കാഷ്വൽറ്റിയിലേക്കു കയറ്റി. അവിടുത്തെ നഴ്സുമാരോടു സംഭവമെല്ലാം പറഞ്ഞശേഷം ആശുപത്രിയിൽ നടക്കുന്ന ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കാൻ കയറി.

ADVERTISEMENT

ആശുപത്രിയിൽ എത്തിയപ്പോഴെക്കും ഞാനും അവശയായിരുന്നു. ട്രെയിനിങ് ക്ലാസ് കഴിഞ്ഞു കാഷ്വൽറ്റിയിൽ വിളിച്ച് അന്വേഷിച്ചു. അവരെ ഐസിയുവിലേക്കു മാറ്റി എന്ന് അറിഞ്ഞു. അപകടനില തരണം ചെയ്തിരുന്നു. ഫിലോമിന എന്നായിരുന്നു അമ്മയുടെ പേര്. 68 വയസ്സ്. ഐസിയുവിലേക്കു ചെന്നപ്പോൾ മകൾ അവിടെ ഉണ്ട്. അവരും നഴ്സ് ആണ്. പക്ഷേ അമ്മയ്ക്ക് അപകടം സംഭവിച്ച ഷോക്കിൽ എന്തു ചെയ്യണമെന്ന് അറിയാതെ അവർ പകച്ചുപോയിരുന്നു. ചിലപ്പോൾ എന്റെ അച്ഛനോ അമ്മയ്ക്കോ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിലും എന്തു ചെയ്യണമെന്ന് അറിയാതെ ഞാനും നിന്നേനെ.

പിന്നീട് അമ്മയെ ഞാൻ ഡ്യൂട്ടി നോക്കുന്ന വാർഡിലേക്കാണു മാറ്റിയത്. അമ്മയ്ക്കു വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ സംഭവത്തെ കുറിച്ചു ചോദിച്ചപ്പോൾ ‘ നെഞ്ചിനു കഴപ്പു പോലെ അനുഭവപ്പെട്ടിരുന്നു. സ്റ്റെപ് ഇറങ്ങിയതൊന്നും ഒാർമയില്ല’ എന്നാണു പറഞ്ഞത്. ഞാൻ ഇല്ലായിരുന്നെങ്കിൽ മരിച്ചുപോയേനെ എന്നൊക്കെ പറഞ്ഞു.

ADVERTISEMENT

സിപിആർ കൊടുത്തു ജീവൻ രക്ഷിച്ച കഥയൊക്കെ അമ്മയുടെ ബന്ധുക്കൾ എല്ലാം അറിഞ്ഞിരുന്നു. അതിലൊരാൾ അമ്മയെ സന്ദർശിക്കാൻ വന്നപ്പോൾ ഞങ്ങളുടെ മാനേജിങ് ഡയറക്ടർ പ്രതാപ് വർക്കിയെ നേരിൽ കണ്ടു നടന്ന സംഭവങ്ങൾ
വിവരിച്ചു. അദ്ദേഹം എല്ലാവരെയും വിളിച്ചുകൂട്ടി എന്നെ അഭിനന്ദിച്ചു. കൂടാതെ ക്യാഷ് അവാർഡും നൽകി. നഴ്സുമാരുടെ സംഘവും പാരിതോഷികം നൽകി.

രണ്ടാമത്തെ അനുഭവം
വർഷങ്ങൾക്കു മുൻപ് എലൈറ്റ് ഹോസ്പിറ്റലിൽ ജോലി നോക്കുന്ന സമയത്തും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. അന്നു പഠനം പൂർത്തിയാക്കി ജോലിക്കു കയറിയിട്ടു കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ഒരു ദിവസം ബസ്സിൽ യാത്ര ചെയ്യുന്പോൾ സീറ്റിൽ തൊട്ടടുത്ത് ഇരുന്ന സ്ത്രീ എന്റെ ദേഹത്തേയ്ക്കു ചായുന്നു. പ്രായം 70 നു മുകളിൽ ഉണ്ട്. നോക്കുന്പോൾ അവർക്കു ബോധമില്ല. പെട്ടെന്നു തന്നെ സിപിആർ നൽകാൻ തുടങ്ങി. പേടിയോടെയാണ് അതു ചെയ്തത്. കാരണം സിപിആർ കൊടുത്തുള്ള പ്രായോഗിക പരിശീലനം എനിക്കു കാര്യമായിട്ടില്ല.

അവരുടെ ബന്ധുക്കളും അതേ ബസ്സിൽ ഉണ്ടായിരുന്നു. ബസ് ഉടനെ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അവരെ കാഷ്വൽറ്റിയിൽ കയറ്റി. ഞാൻ ആശുപത്രിയിലേക്കു പോവുകയും ചെയ്തു. ഡ്യൂട്ടി കഴിഞ്ഞു തിരികെ പോകുന്ന വഴി ആശുപത്രിയിൽ കയറി അവരെ കുറിച്ച് അന്വേഷിച്ചു. അവർക്കു പ്രാഥമിക ശുശ്രൂഷ ഒക്കെ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്കു വിട്ടിരുന്നു.ബസ്സിൽ വച്ചു സിപിആർ നൽകിയതുകൊണ്ട് അവരുടെ ജീവന് ആപത്തുണ്ടായില്ല എന്ന് ആശുപത്രിയിലെ നഴ്സുമാർ പറഞ്ഞു. നമ്മുടെ ഇടപെടലുകൾക്കു ജീവന്റെ വിലയുണ്ടെന്ന് അറിയുന്പോൾ
വലിയ സന്തോഷമാണ്.

English Summary:

Thrissur Sun Hospital nurse Divya's quick thinking and CPR saved a woman's life during a medical emergency. She recounts the experience of an unexpected rescue, highlighting the importance of immediate medical intervention.

ADVERTISEMENT