ഹിന്ദി സിനിമാസംവിധായകൻ കരൺ ജോഹർ അടുത്തിടെ അഭിമുഖത്തിൽ താൻ അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു. നാഷനൽ അവാർഡ് ലഭിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ ആ സന്തോഷം പങ്കുവയ്ക്കാൻ ആരും ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്പോൾ ഏകാന്തത കൂടുതൽ അലട്ടുന്നുവെന്നതിനാൽ ഊണുമുറിയിൽ ഇരുന്നു ഭക്ഷണം കഴിക്കാതെ കിടപ്പുമുറിയിലിരുന്നാണു കഴിക്കുന്നതെന്നു കരൺ പറയുന്നു. ഒരു മനുഷ്യൻ സ്വന്തം വീടിനുള്ളിൽ വച്ചോ, അല്ലെങ്കിൽ ആയിരക്കണക്കിന് ആളുകൾക്കിടയിൽ വച്ചോ ലോകത്തിൽ നിന്നു പൂർണമായും വിച്ഛേദിക്കപ്പെട്ടുവെന്നു തോന്നുന്ന അവസ്ഥ-അതിനെയാണു നാം 'ലോൺലിനെസ്സ്' എന്നു വിളിക്കുന്നത്.
എകാന്തത എന്ന മഹാമാരി
നമ്മുടെ സമൂഹം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ചു മനുഷ്യർ തമ്മിലുള്ള ദൂരവും കൂടുന്നു എന്നത് ഇന്നത്തെ യാഥാർഥ്യമാണ്. മുൻകാലങ്ങളിൽ മനുഷ്യർ പരസ്പരം കണ്ടുമുട്ടാനും സംസാരിക്കാനും നിർബന്ധിതരായിരുന്നുവെങ്കിൽ, ഇന്ന് ആ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നു. ഇന്നത്തെ ആധുനിക ലോകത്ത്, ചുറ്റും ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരിക്കുന്പോഴും പലരും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് ഏകാന്തത (Loneliness). ഏകാന്തത എന്നതു വെറുമൊരു അവസ്ഥയല്ല, അതൊരു വേദനാജനകമായ അനുഭവമാണ്. ഏകാന്തത വ്യക്തിഗതമായ അവസ്ഥയാണ്. എല്ലാ ബന്ധങ്ങളും അറ്റുപോയ പ്രതീതി നൽകുന്ന അവസ്ഥ. പഴയകാലത്തു വാർധക്യസഹജമായ ഒരു പ്രശ്നമായിട്ടാണ് ഇതിനെ കണ്ടിരുന്നതെങ്കിൽ, ഇന്നു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇതിന്റെ ഇരകളാകുന്നു. അതുകൊണ്ടാണ് ഏകാന്തതയെ ‘മഹാമാരി’ എന്നു വിശേഷിപ്പിക്കുന്നത്.
ഏകാന്തതയെ പ്രധാനമായും രണ്ടു തലങ്ങളിൽ കാണാം:
∙ സാമൂഹിക ഏകാന്തത (Social Loneliness): സംസാരിക്കാൻ ആളില്ലാത്ത അവസ്ഥയോ നമ്മുടെ സന്തോഷങ്ങൾ പങ്കുവയ്ക്കാൻ ഒരു സുഹൃദ്‌വലയം ഇല്ലാതിരിക്കുന്നതോ ആയ അവസ്ഥ.
∙ വൈകാരിക ഏകാന്തത (Emotional Loneliness): നമുക്കു ചുറ്റും ആയിരക്കണക്കിന് ആളുകൾ ഉണ്ടെങ്കിലും, മനസ്സു തുറന്നു സംസാരിക്കാനോ പൂർണമായി മനസ്സിലാക്കാനോ ഒരാൾ പോലുമില്ലാത്ത അവസ്ഥ. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും പലപ്പോഴും അനുഭവിക്കുന്നത് ഇത്തരത്തിലുള്ള ഏകാന്തതയാണ്.
‘എനിക്ക് ആരുമില്ലല്ലോ’ എന്ന വിലാപം വ്യക്തിയുടെ മാനസികാരോഗ്യത്തെ തകർക്കുന്ന ചിന്തകളുടെ തുടക്കമാണ്. ഏകാന്തതയിൽ അകപ്പെടുന്ന ഒരാൾക്കു തന്റെ ജീവിതത്തിന് അർഥമില്ലെന്നും, ഈ ലോകത്തു താൻ ഒറ്റപ്പെട്ടവനാണെന്നും തോന്നുന്നു. ഒരിക്കൽ ഈ ചിന്തകളിൽ വീണുപോയാൽ കരകയറാൻ പ്രയാസം അനുഭവപ്പെടും.
വിഷാദം മുതൽ ഹൃദയാഘാതം വരെ
ഏകാന്തത മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. കടുത്ത വിഷാദം (Depression), ഉത്കണ്ഠ (Anxiety) എന്നിവയിലേക്ക് ഇതു നയിക്കുന്നു. ഏകാന്തത വെറുമൊരു മാനസികാവസ്ഥ മാത്രമെന്നു കരുതേണ്ട. അതു ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഏകാന്തത അനുഭവിക്കുന്നവരിൽ ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. നിരന്തരമായ ഏകാന്തത മനുഷ്യന്റെ ആയുസ്സു കുറയ്ക്കുന്നു എന്നു പഠനങ്ങൾ പറയുന്നു.
നഗരവൽക്കരണം മുതൽ ഡിജിറ്റൽ യുഗം വരെ
നഗരവൽക്കരണത്തിന്റെ (Urbanization) ഭാഗമായി നമ്മുടെ ജീവിതരീതികൾ ഒരുപാടു മാറി. ആധുനിക കുടുംബങ്ങളിൽ ഭർത്താവും ഭാര്യയും ജോലിക്കു പോകുന്നു. ജോലി കഴിഞ്ഞു തളർന്നു വീട്ടിലെത്തുന്പോൾ പരസ്പരം സംസാരിക്കാനോ മറ്റൊരാളുടെ വികാരങ്ങൾ മനസ്സിലാക്കാനോ ഉള്ള മാനസികാവസ്ഥ പലർക്കും ഉണ്ടാകാറില്ല. ഈ 'ഫാസ്റ്റ് ലൈഫ്' മനുഷ്യർക്കിടയിലുള്ള വൈകാരികമായ അകലം വർധിപ്പിക്കുന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരിക്കുന്പോഴും ഓരോരുത്തരും അവരവരുടെ ഫോണുകളിൽ മുഴുകിയിരിക്കുന്നു. പരസ്പരം മിണ്ടാനോ അഭിപ്രായങ്ങൾ ചോദിക്കാനോ ആരും തയാറാകുന്നില്ല.
ഇന്നത്തെ തലമുറ മുഖാമുഖമുള്ള സമ്പർക്കങ്ങളേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നതു സ്മാർട്ട്ഫോണുകളിലും വെർച്വൽ ലോകത്തുമാണ്. പണ്ടു കുട്ടികൾ പുറത്തുപോയി കളിക്കുകയും കൂട്ടുകാരെ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നു പഠനം കഴിഞ്ഞാൽ മൊബൈൽ ഗെയിമുകളിലേക്കും സമൂഹമാധ്യമങ്ങളിലേക്കും അവർ ചുരുങ്ങുന്നു.
ഇന്നത്തെ കാലത്തു ഭക്ഷണം വേണമെങ്കിൽ പുറത്തുപോകണ്ട, ഫോണിലൂടെ ഓർഡർ ചെയ്താൽ മതി. സിനിമ കാണാൻ തിയറ്ററിൽ പോകണമെന്നില്ല, ഒടിടി പ്ലാറ്റ്‌ഫോമുകൾ വീട്ടിലുണ്ട്. കറന്റ് ബില്ലടക്കാൻ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. എല്ലാം വിരൽത്തുന്പിൽ ലഭ്യമാണ്. ഈ സൗകര്യങ്ങളെ (Convenience) നമ്മൾ വളരെയധികം ആഘോഷിക്കുന്നുണ്ടെങ്കിലും, ഇതിനിടയിൽ നമുക്കു നഷ്ടപ്പെടുന്നതു വിലപ്പെട്ട സാമൂഹിക ബന്ധങ്ങളാണ്. പണ്ട് ക്യൂ നിൽക്കുന്പോഴോ പുറത്തുപോകുന്പോഴോ പത്തുപേരോടു സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഇന്ന് അത്തരം അവസരങ്ങൾ ഇല്ലാതാവുകയും നമ്മൾ നമ്മുടെ ഡിജിറ്റൽ ലോകത്തേക്കു കൂടുതൽ ഉൾവലിയുകയും ചെയ്യുന്നു.
സോഷ്യൽ ആങ്‌സൈറ്റി (Social Anxiety) നേരിടുന്ന വ്യക്തികൾക്ക് ഈ ഡിജിറ്റൽ മാറ്റം തുടക്കത്തിൽ വലിയ ആശ്വാസമാണു നൽകുന്നത്. നേരിട്ടു സംസാരിക്കാൻ പേടിയുള്ളവർക്കു ചാറ്റിങ്ങിലൂടെയോ മറ്റോ ആശയവിനിമയം നടത്താൻ എളുപ്പമാണ്. എന്നാൽ ഇതു ദീർഘകാലാടിസ്ഥാനത്തിൽ അവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നു. നേരിട്ടുള്ള സംസാരത്തിലൂടെ കിട്ടുന്ന ആ ആത്മബന്ധം ഡിജിറ്റൽ ലോകത്തു ലഭിക്കില്ല. ഇതു പതുക്കെ അവരെ തീവ്രമായ ഏകാന്തതയിലേക്കും തളർച്ചയിലേക്കും നയിക്കുന്നു.
വാർധക്യത്തിലെ ഏകാന്തത
വാർധക്യകാലത്താണ് ഏകാന്തത അതിന്റെ ഏറ്റവും ക്രൂരമായ മുഖം പുറത്തെടുക്കുന്നത്. മക്കളെല്ലാം വിദേശത്തോ ദൂരസ്ഥലങ്ങളിലോ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്നു. ആരോഗ്യം ഉള്ളപ്പോൾ നടക്കാനും സംസാരിക്കാനും കഴിവുള്ളപ്പോൾ അവർ ഈ ഏകാന്തതയെ ഒരു പരിധിവരെ അതിജീവിച്ചേക്കാം. പക്ഷാഘാതം പോലെയുള്ള രോഗങ്ങൾ വന്നു ചലനശേഷി നഷ്ടപ്പെടുന്പോൾ, അവർ പൂർണമായും നിസ്സഹായരാകുന്നു. വിഡിയോ കോളിലൂടെ മക്കൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടാകാം, പക്ഷേ അരികിലിരുന്നു കൈപിടിച്ചു സംസാരിക്കാൻ ഒരാളില്ലാത്തത് അവരെ കടുത്ത വിഷാദത്തിലേക്കു നയിക്കുന്നു.
യുവതലമുറയെയും ബാധിക്കുന്പോൾ
പ്രായമായവരിൽ മാത്രമല്ല, യുവതലമുറയിലും ഏകാന്തത വർധിച്ചു വരികയാണ്. പുറമെ നോക്കുന്പോൾ വളരെ സോഷ്യൽ ആണെന്നു തോന്നിക്കുന്നവരും, ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരും പലപ്പോഴും തങ്ങൾക്കുള്ളിൽ വലിയ ശൂന്യത അനുഭവിക്കുന്നുണ്ട്. സ്കൂളുകളിലോ കോളജുകളിലോ കൂട്ടുകാരുമായി ഇടപഴകാതെ മാറിനിൽക്കുന്ന കുട്ടികളും ഈ ഭീഷണി നേരിടുന്നു. ചെറിയ കുടുംബങ്ങളും (Nuclear Families) സഹോദരങ്ങൾ ഇല്ലാത്ത അവസ്ഥയും കുട്ടികളെ ചെറുപ്പത്തിലേ ഏകാന്തതയിലേക്കു തള്ളിവിടുന്നു. സ്കൂളുകളിൽ പഠനത്തിനു നൽകുന്ന പ്രാധാന്യം കുട്ടികളുടെ സാമൂഹിക വളർച്ചയ്ക്കും നൽകേണ്ടതുണ്ട്. പലപ്പോഴും ഉച്ചഭക്ഷണ സമയത്തോ ബ്രേക്ക് സമയത്തോ മാത്രമാണു കുട്ടികൾക്കു പരസ്പരം സംസാരിക്കാൻ അവസരം ലഭിക്കുന്നത്. അധ്യാപകരും കുട്ടികളും തമ്മിലുള്ള വൈകാരിക ബന്ധം (Emotional Bonding) കുറഞ്ഞുവരുന്നത് ആശങ്കാജനകമാണ്. അധ്യാപകർ കുട്ടികളുടെ കാര്യങ്ങളിൽ സ്നേഹപൂർവം ഇടപെടുകയും അവരെ കേൾക്കാൻ തയാറാവുകയും വേണം.
ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ഏകാന്തതയുടെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
∙ശൂന്യതാബോധം. ∙ താൻ ഒരിടത്തും ഉൾപ്പെടുന്നില്ല എന്ന തോന്നൽ. ∙ സംസാരിക്കാൻ ആരുമില്ലെന്ന വിചാരം. ∙ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നൽ. ഏകാന്തതയെ മറികടക്കാൻ പലരും തെറ്റായ വഴികൾ തിരഞ്ഞെടുക്കാറുണ്ട്. ഏകാന്തതയിൽ നിന്നു രക്ഷപ്പെടാൻ മദ്യത്തിലേക്കോ മറ്റു ലഹരി പദാർഥങ്ങളിലേക്കോ തിരിയുന്നതു കണ്ടുവരുന്നു. ചിലരാകട്ടെ മാനസിക വിഷമം കുറയ്ക്കാൻ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം തുടങ്ങുന്നു. കൂടുതൽ സമയം ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും ചെലവഴിക്കുന്നതു വഴി താൽക്കാലിക ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. ഇതു പലപ്പോഴും ഓൺലൈൻ ചതിക്കുഴികളിലേക്കു നയിക്കാം.
ഏകാന്തത മറികടക്കാൻ 12 വഴികൾ
1. 'ഒറ്റയ്ക്കിരിക്കലും' 'ഒറ്റപ്പെടലും' തിരിച്ചറിയുക: തനിച്ചിരിക്കുന്നതു മോശം കാര്യമാണെന്ന ചിന്ത മാറ്റുക. സ്വന്തം കൂട്ട് ആസ്വദിക്കാൻ പഠിക്കുന്നതു വലിയ കഴിവാണ്.
2. പരിചയക്കാരോടോ അയൽക്കാരോടോ ഒരു 'ഹലോ' പറയുന്നതോ കാലാവസ്ഥയെക്കുറിച്ചു സംസാരിക്കുന്നതോ ആയ ചെറിയ ഇടപെടലുകൾ പോലും തലച്ചോറിലെ പോസിറ്റീവ് ഹോർമോണുകളെ ഉത്തേജിപ്പിക്കും.
3. മറ്റുള്ളവരുടെ 'ആഘോഷങ്ങൾ' കണ്ടു താരതമ്യം ചെയ്യുന്നതു വിഷാദം വരുത്താം. സമൂഹമാധ്യമ ഉപയോഗം കുറച്ച്, നേരിട്ടുള്ള ബന്ധങ്ങൾക്കു മുൻഗണന നൽകുക.
4. മറ്റുള്ളവരെ സഹായിക്കുന്നതു വഴി നമുക്കു ലക്ഷ്യബോധം ലഭിക്കുന്നു. ഇതു പുതിയ ആളുകളുമായി അടുപ്പിക്കും.
5. കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടിരുന്ന ചിത്രരചനയോ സംഗീതമോ വായനയോ പുനരാരംഭിക്കുക. .
6. മുറിക്കുള്ളിൽ അടച്ചിരിക്കാതെ പാർക്കിലോ കടൽത്തീരത്തോ നടക്കാൻ പോകുക.
7. ഒരു പൂച്ചയോ നായയോ നൽകുന്ന കൂട്ട് ഒറ്റപ്പെടലിനെ കുറയ്ക്കാൻ സഹായിക്കും.
8. വർഷങ്ങളായി സംസാരിക്കാത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒരു സന്ദേശം അയക്കുകയോ വിളിക്കുകയോ ചെയ്യുക.
9. വീടും ജോലിയും അല്ലാതെ മൂന്നാമതൊരു സ്ഥലം കണ്ടെത്തുക. ലൈബ്രറിയോ ക്ലബ്ബോ ജിമ്മോ ആകാം.
10. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അവരെ ശ്രദ്ധയോടെ കേൾക്കുക. ഇതു ബന്ധങ്ങൾ ആഴത്തിൽവളർത്തും.
11. അലസത ഒറ്റപ്പെടലിന്റെ ആഴം കൂട്ടും. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതുമെല്ലാം കൃത്യസമയത്താക്കുക.
12. വ്യായാമം തലച്ചോറിൽ എൻഡോർഫിനുകൾ ഉൽപാദിപ്പിച്ചു മാനസികാവസ്ഥ മെച്ചപ്പെടുത്തും.