ADVERTISEMENT

പുനരുജ്ജീവന ചികിത്സയുടെ ആധുനിക പ്രയോഗത്തെ കുറിച്ചു പെരിങ്ങോട് ഗുരുകൃപ കൈവല്യ ആയുർവേദ ആശുപത്രിയിലെ പ്രധാന ചികിത്സകനായ കെ. വി. ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു

∙ പുനരുജ്ജീവന ചികിത്സ എത്ര നാൾ നീണ്ടുനിൽക്കുന്നതാണ്? എന്തൊക്കെ രസായനങ്ങളാണു സാധാരണ ഉപയോഗിക്കാറുള്ളത് ?

ADVERTISEMENT

കുടിപ്രാവേശിക സേവ സാധാരണയായി ഒരു മണ്ഡലം (41 ദിവസം) അല്ലെങ്കിൽ ഒരു മാസം വരെ നീണ്ടുനിൽക്കാം. അത്രയും ദിവസം നല്ലിരിക്കുകയും (ചികിത്സാ കാലയളവിലെ അതേ പഥ്യം പാലിക്കുന്ന കാലയളവ്) വേണം. 82 ദിവസത്തെ (41 + 41
ദിവസങ്ങൾ) കുടിയിലെ താമസം കഴിഞ്ഞാൽ അടുത്ത 14 ദിവസത്തേക്ക് ‘മറുനല്ലിരിക്കുക’ എന്ന പ്രക്രിയയുണ്ട്. കാറ്റും വെയിലും ഏൽക്കാതെ സംരക്ഷിക്കപ്പെട്ടിരുന്ന ശരീരത്തെ പെട്ടെന്നു വലിയ പ്രകാശത്തിലേക്കോ പ്രകൃതിയിലേക്കോ തുറന്നു വിടരുത്. വളരെ പതുക്കെ പതുക്കെ മാത്രമേ പ്രകൃതിയിലെ സൂര്യപ്രകാശവും കാറ്റുമായി ശരീരം പൊരുത്തപ്പെടാൻ അനുവദിക്കാവൂ. ഇതിനായി 14 ദിവസത്തെ സമയമെടുക്കണം.

ബ്രാഹ്മരസായനം, ച്യവനപ്രാശം, ആമലക രസായനം തുടങ്ങിയ വിവിധ ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്. രസായന ചികിത്സ എടുക്കുന്ന കാലയളവിൽ ചോറും പാലും മാത്രമായിരിക്കും പ്രധാന ഭക്ഷണം. കറികളോ മറ്റു വിഭവങ്ങളോ പാടില്ല. കഴിച്ച ആഹാരം പൂർണ്ണമായി ജീർണിച്ചതിനു ശേഷം മാത്രമേ അടുത്ത തവണ ഭക്ഷണം കഴിക്കാവൂ. നല്ല വിശപ്പും ദാഹവും ഉണ്ടാകുക, ശരീരത്തിനു നല്ല ഉത്സാഹവും ലഘുത്വവും (ഭാരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുക, മലമൂത്ര വിസർജ്ജനം ശരിയായ രീതിയിൽ നടക്കുക എന്നിവയാണ് ആഹാരം ശരിയായി ജീർണിച്ചതിന്റെ ലക്ഷണങ്ങൾ.

ADVERTISEMENT


∙ പുനരുജ്ജീവന ചികിത്സ സ്വീകരിക്കുന്ന വ്യക്തിയുടെ മാനസികശുദ്ധി എങ്ങനെ ?

പുനരുജ്ജീവന ചികിത്സയിൽ ശാരീരിക പഥ്യം പോലെ തന്നെ പ്രധാനമാണു മാനസിക ശുദ്ധിയും. ചികിത്സയിലുള്ള വ്യക്തി ക്രോധരഹിതനായിരിക്കണം (ദേഷ്യം, സങ്കടം എന്നിവ നിയന്ത്രിക്കണം). കാമക്രോധങ്ങളെയും ഇന്ദ്രിയങ്ങളെയും പൂർണമായി നിയന്ത്രിക്കാൻ സാധിക്കണം. സദ്‌വൃത്തങ്ങളിലും ധർമത്തിലും സത്യത്തിലും അധിഷ്ഠിതമായിരിക്കണം മനസ്സ്. അങ്ങനെയുള്ളവർക്കു മാത്രമേ രസായനചികിത്സയുടെ പൂർണമായ ഫലം സിദ്ധിക്കുകയുള്ളു.

ADVERTISEMENT


∙ പുനരുജ്ജീവന ചികിത്സ ഏതു പ്രായത്തിൽ ചെയ്യാം ?

രസായന ചികിത്സ ചെയ്യേണ്ടതു ചെറുപ്പത്തിലോ മധ്യവയസ്സിലോ ആണ്. 80 വയസ്സു കഴിഞ്ഞ പ്രായമായ ആളുകളിൽ ഇതു ചെയ്താൽ വലിയ പ്രയോജനം ലഭിക്കില്ല, കാരണം അവരിൽ ദഹനശേഷിയും ശരീരബലവും കുറവായിരിക്കും. പരമാവധി 50
മുതൽ 60 വയസ്സു വരെയുള്ള പ്രായമാണ് ഇതിന് ഏറ്റവും ഉചിതം. 45-50 വയസ്സിനുള്ളിൽ ചെയ്യുന്നതാണ് ഏറ്റവും നല്ല ഫലം നൽകുന്നത്.


∙ ഇന്നത്തെ കാലത്തു പുനരുജ്ജീവന ചികിത്സ സാധ്യമാണോ ?

ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണു വാതാതപിക ചികിത്സാരീതി. സാധാരണ ജീവിതചര്യകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ, പുറത്തുപോവുകയോ ദൈനംദിന ജോലികൾ ചെയ്യുകയോ ചെയ്തുകൊണ്ടു രസായന ഔഷധങ്ങൾ സേവിക്കാവുന്നതാണ്. എന്നാൽ ഇതു വളരെ ദീർഘകാലം കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കുകയുള്ളൂ.

ഈ ചികിത്സാ കാലയളവിൽ കർശനമായ ചില ഭക്ഷണ-ജീവിതശൈലി നിയന്ത്രണങ്ങൾ പാലിക്കണം. വലിയ ചുവന്ന മുളക്, എരിവ്, പുളി, ഉപ്പ് എന്നിവ ഭക്ഷണത്തിൽ നിന്നു പരമാവധി ഒഴിവാക്കണം. ഉപ്പ് വളരെ ചെറിയ തോതിൽ മാത്രമെ ഉപയോഗിക്കാവൂ. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ മത്സ്യ-മാംസാദികൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ചികിത്സാ കാലയളവിൽ ശാരീരിക ബന്ധം പൂർണമായും നിഷിദ്ധമാണ്. ഇതിനെക്കുറിച്ചു ചിന്തിക്കുന്നതു പോലും ചികിത്സയുടെ ഫലപ്രാപ്തിയെ
ബാധിക്കും.


∙ സ്ത്രീകൾക്ക് ഈ ചികിത്സ സ്വീകരിക്കുന്നതിൽ തടസ്സമുണ്ടോ ?

സ്ത്രീകൾക്ക് ഈ ചികിത്സ ചെയ്യുന്നതിൽ യാതൊരുവിധ തടസ്സങ്ങളുമില്ല. എന്നാൽ ആർത്തവദിനങ്ങളിൽ (ആദ്യത്തെ 5 ദിവസങ്ങളിൽ) മരുന്നു കഴിക്കുന്നത് ഒഴിവാക്കണം. അഞ്ചാമത്തെ ദിവസം കുളി കഴിഞ്ഞു (ശുദ്ധി വരുത്തിയ ശേഷം) വീണ്ടും മരുന്നു കഴിച്ചു തുടങ്ങാവുന്നതാണ്.

∙ ഇന്നത്തെ പുനരുജ്ജീവന പാക്കേജുകൾ എങ്ങനെ?

ചികിത്സയ്ക്കായി എത്തുന്ന വ്യക്തിയുടെ രോഗവിവരങ്ങളും ശരീരപ്രകൃതിയും അനുസരിച്ചാണ് ഇതിന്റെ
കാലാവധി നിശ്ചയിക്കുന്നത്. ഈ ചികിത്സയ്ക്ക് ഏറ്റവും കുറഞ്ഞത് 14 ദിവസത്തെ പാക്കേജ് എങ്കിലും ആവശ്യമാണ്. പൂർണമായ ഫലം ലഭിക്കുന്നതിനായി 14 മുതൽ 21 ദിവസം വരെ സമയമെടുത്തു ചെയ്യുന്നത് എപ്പോഴും കൂടുതൽ നല്ലതായിരിക്കും. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇതിലും കുറഞ്ഞ രീതിയിൽ (ഉദാഹരണത്തിന് 7 ദിവസം) ചികിത്സ ചെയ്യാറുള്ളത്. എന്നാൽ ഇതിൽ കുറഞ്ഞ പാക്കേജുകൾ സാധാരണയായി സ്വീകരിക്കാറില്ല. ചികിത്സാ കേന്ദ്രത്തിൽ എത്ര ദിവസം (ഉദാഹരണത്തിന് 21 ദിവസം) ചെലവഴിച്ചോ, അവിടെനിന്ന് ഇറങ്ങിയ ശേഷവും അടുത്ത അത്രയും ദിവസങ്ങൾ ചികിത്സാകാലയളവിലെ പഥ്യക്രമം തുടരേണ്ടതു നിർബന്ധമാണ്.

∙ ഈ ചികിത്സ എല്ലാ വർഷവും ചെയ്യണോ ?

ചികിത്സയുടെ ആവർത്തനം വ്യക്തിയുെട ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. ചികിത്സ കഴിഞ്ഞ ശേഷം വീണ്ടും പഴയതുപോലെ തെറ്റായ ജീവിതചര്യകളിലേക്കു മാറുകയാണെങ്കിൽ, ശരീരത്തിൽ വീണ്ടും മാലിന്യങ്ങളും രോഗാവസ്ഥകളും അടിഞ്ഞുകൂടും. അങ്ങനെയുള്ളവർ വർഷത്തിൽ ഒരിക്കൽ 14 ദിവസമെങ്കിലും ഇതിനായി മാറ്റിവയ്ക്കുന്നതു ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ചികിത്സയ്ക്കു ശേഷം കൃത്യമായ പഥ്യവും ചിട്ടയായ ജീവിതശൈലിയും ജീവിതകാലം മുഴുവൻ പിന്തുടരുകയാണെങ്കിൽ എല്ലാ വർഷവും ഇത് ആവർത്തിക്കേണ്ടി വരാറില്ല.

മോഹൻലാൽ എന്ന വിസ്മയം


മോഹൻലാലിനെ പോലെ വൈദ്യനു വിധേയനായി ചികിത്സ സ്വീകരിക്കുന്ന വ്യക്തികൾ അപൂർവമാണെന്നു പറയുക
യാണു ചികിത്സകനായ ഉണ്ണികൃഷ്ണൻ. സിനിമയിൽ സജീവമായതു മുതലുള്ള ബന്ധമാണ് അദ്ദേഹവുമായിട്ട്. ഒട്ടേറെ തവണ പെരിങ്ങോട് ചികിത്സാ കേന്ദ്രത്തിൽ അദ്ദേഹം താമസിച്ചിട്ടുണ്ട്. കഠിനമായ രസായനങ്ങളും ചികിത്സകൾക്കും അദ്ദേഹം വിധേയനായിട്ടുണ്ട്. ഒരു പരാതിയും പറഞ്ഞിട്ടില്ല. രസായനം സേവിക്കുന്ന കാലയളവിൽ ഭക്ഷണമായി പാലും പാൽകഞ്ഞിയുമൊക്കെയാണു നൽകുക. ചികിത്സ കഴിഞ്ഞുള്ള നല്ലിരിക്ക കാലത്തും പഥ്യം പാലിക്കണം. ഈ പഥ്യമെല്ലാം അദ്ദേഹം കൃത്യമായി പാലിക്കും. കഴിഞ്ഞ തവണ ഒരു മാസം ചികിത്സ എടുത്തു. ഒരു മാസം നല്ലിരിക്കയും പാലിച്ചു. ഈ സമയത്തു ഷൂട്ടിങ് ഉണ്ടെങ്കിലും പഥ്യം തെറ്റിക്കില്ല. കോവിഡു കാലത്തു മൂന്നോ നാലോ തവണ വന്നിരുന്നു.

English Summary:

Rejuvenation therapy, as explained by K. V. Unnikrishnan, chief physician at Gurukripa Kayvalya Ayurveda Hospital, Perinagode, emphasizes a holistic approach involving both physical and mental purity. This ancient Ayurvedic practice, known as Rasayana Chikitsa, aims to restore vitality and promote longevity. The treatment duration typically spans 41 days, followed by periods of convalescence and careful reintroduction to natural elements. Specific herbal formulations like Brahmarasayanam and Chyawanprash are used, with a diet restricted to milk and rice porridge. Mental discipline, including control over emotions and senses, is as crucial as physical adherence to dietary and lifestyle norms. While most effective in younger to middle-aged individuals (45-60 years), modern adaptations allow for integration into daily routines, though strict adherence to restrictions on pungent, sour, and salty foods, as well as abstinence from physical intimacy, is essential for optimal results. The therapy is suitable for women, with a minor adjustment during menstruation. Treatment packages vary, with 14-21 days being ideal, and consistent lifestyle adherence post-treatment determines the need for annual repetitions. The article also highlights actor Mohanlal's dedication to this rigorous therapeutic regimen.

ADVERTISEMENT