നൈറ്റ് ഷിഫ്റ്റ് എടുക്കുന്നവർക്ക് ബിപി അളവിൽ വ്യത്യാസം വരാൻ സാധ്യത കൂടുതലാണ്. രാത്രി ജോലി ചെയ്യുന്നതു ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണരൽ ചക്രത്തെ (Circadian rhythm) തകിടം മറിക്കുന്നു.
∙ നൈറ്റ് ഷിഫ്റ്റിൽ ലാപ്‌ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും വരുന്ന 'ബ്ലൂ ലൈറ്റ്' (Blue light) കരളിലെ കൊഴുപ്പു ദഹനപ്രക്രിയയെ നേരിട്ടു ബാധിക്കുമെന്നു പുതിയ പഠനങ്ങൾ പറയുന്നു.
∙ നിയന്ത്രിക്കാനുള്ള വഴികൾ: പകൽ ഉറങ്ങുന്പോൾ മുറി പൂർണ്ണമായും ഇരുട്ടാക്കി വയ്ക്കുക (മെലാടോണിൻ ഹോർമോൺ ഉൽപാദനത്തിന്). ഷിഫ്റ്റ് സമയത്തും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കഫീൻ ഉപയോഗം പരിമിതപ്പെടുത്തുക.
പകലുറക്കം എങ്ങനെ ?
∙ ഉറക്കത്തിന്റെ അളവ്: മുതിർന്നവർ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ തടസ്സമില്ലാതെ ഉറങ്ങണം.
പകലുറക്കം: 15-20 മിനിറ്റുള്ള ചെറിയ പവർ നാപ് (Power nap) നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള ദീർഘനേരത്തെ ഉറക്കം രാത്രി ഉറക്കത്തെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കണം.
∙ രാത്രി ഉറക്കമിളയ്ക്കൽ: ഇതു ബിപി വർധിപ്പിക്കും. ഉറക്കമില്ലായ്മ സിന്പതെറ്റിക് നാഡീവ്യൂഹത്തെ അമിതമായി ഉത്തേജിപ്പിക്കുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യുന്നു. സ്വാഭാവികമായി രാത്രി ഉറങ്ങുന്പോൾ ബിപി 10-20% താഴേണ്ടതുണ്ട് (Dipping). രാത്രി ഉറക്കമിളയ്ക്കുന്നവരിൽ ഈ കുറവ് ഉണ്ടാകാറില്ല (Non-dipping). ഇത് ഹൃദയത്തിന് ഇരട്ടി ആയാസം നൽകുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും.
∙ ഉറക്കത്തിലെ കൂർക്കംവലി (Sleep Apnea): അമിതമായി കൂർക്കംവലിക്കുന്നവരിൽ ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുകയും ഓക്സിജൻ കുറയുകയും ചെയ്യും. ഇത് പുലർച്ചെ ബിപി അപകടകരമായ രീതിയിൽ ഉയരാൻ കാരണമാകും.
ഡോ. അനിൽ സലീം
മേധാവി
ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം
മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്