Monday 25 October 2021 12:46 PM IST

സിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിൽ ആ മൂന്ന് കാരണങ്ങൾ; തലമുറകളുടെ ജനനങ്ങൾക്ക് സാക്ഷിയായ ഡോക്ടർ കമ്മാപ്പ പറയുന്നു

Santhosh Sisupal

Senior Sub Editor

kammappaz ഫോട്ടോ: സരിൻ രാംദാസ്

24 മണിക്കൂറിനുള്ളിൽ 29 പ്രസവം, അതാണ് ഡോ. കെ.എ. കമ്മാപ്പയുെട സ്വന്തം റിക്കോർഡ്. ദിവസം പത്തും പതിനഞ്ചു പ്രസവം സാധാരണം.അങ്ങനെ മൂന്നര പതിറ്റാണ്ട്... ഡോ. കമ്മാപ്പ കാവൽ നിന്ന, ആകെ പ്രസവം ഒരു ലക്ഷം കവിയും. അവിശ്വസനീയം അല്ലേ..? കേരളത്തിൽ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം പ്രസവമെടുത്ത ഡോക്ടറായിരിക്കും 62 കാരനായ, പാലക്കാട്ടെ മണ്ണാർക്കാട്ടുകാരുടെ സ്വന്തം കമ്മാപ്പ ഡോക്ടർ.

മണ്ണാർക്കാട്ടെ ന്യൂ അൽമ ഹോസ്പിറ്റലിൽ ഗർഭിണികളുെട തിരക്കാണ്. ഡോ. കമ്മാപ്പയെ കാണാനായി ക്യൂ നിൽക്കുന്ന അവരിൽ മിക്കവരും പിറന്നു വീണതും ഡോ.കമ്മാപ്പയുെട കൈകളിലേക്കു തന്നെയാണ്. അച്ഛനെയോ അമ്മയെയോ കാണുന്നതുപോലെയാണ് അവർക്ക് കമ്മാപ്പ ഡോക്ടറും. അമ്മയുടെയും മകളുടെയും മകളുടെ കുഞ്ഞിന്റേതും ഉൾപ്പെടെ മൂന്നാം തലമുറയുടെ പ്രസവത്തിനും ഡോക്ടർ കമ്മാപ്പ സാക്ഷിയാവുകയാണ്.

കാലം മാറുമ്പോൾ

മണ്ണാർക്കാട്ടെ പ്രശസ്തമായ കല്ലടികുടുംബാംഗമാണ് കമ്മാപ്പ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 1981 ൽ എംബിബിഎസ് കഴിഞ്ഞിറങ്ങിയ കുറച്ചു നാൾ പ്രാക്ടീസ് ചെയ്തു. അന്നത്തെ ഏറ്റവും വലിയ ആഗ്രഹം സർക്കാർ സർവീസിൽ കയറുക എന്നതാണ്. പ്രസവാശുപത്രികൾ ധാരാളമുള്ളതിനാൽ ഗൈനക്കോളജിസ്റ്റിന് നല്ല ഡിമാൻഡാണ്. അങ്ങനെയാണ് ഗൈനക്കോളജിയിലേക്കു തിരിഞ്ഞത്’– ഡോ. കെ. എ. കമ്മാപ്പ പറയുന്നു.

1986ൽ പിജി കഴിഞ്ഞ് സർവീസിൽ കയറി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റിങ്. ഇന്നു സർക്കാർ ആശുപത്രിയിൽ കാണുന്ന സൗകര്യങ്ങളൊന്നും അന്നില്ല. കറന്റ് കട്ടും പതിവാണ്. ആ സമയം ഒരാൾ സ്റ്റൂളിൽ കയറിനിന്ന് ടോർച്ച് തെളിച്ച് തരും. ആ വെട്ടത്തിൽ എത്രയോ തവണ സിസേറിയൻ ചെയ്യേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ സിസേറിയൻ വേണ്ടിവരുമെന്നു തോന്നിയാൽ വാങ്ങിത്തരേണ്ട സാധനങ്ങളുെട ഒരു നീണ്ട ലിസ്റ്റ് ഗർഭിണിയുെട ബന്ധുക്കൾക്കു കൊടുക്കും. അതിൽ പതിവായി എഴുതിയിരുന്ന ഒന്നുണ്ട്, രണ്ടു ലീറ്റർ മണ്ണെണ്ണ. ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ വെള്ളം തിളപ്പിക്കാനാണ്... അതായിരുന്നു അവസ്ഥ.

അറിയാതെ വന്ന മൂന്നാമത്തെ കുഞ്ഞ്

അന്നൊരിക്കൽ ഒരു ഗർഭിണി വന്നു. പ്രസവവേദന തുടങ്ങി. വലിയ വയറാണ്. അന്ന് സ്കാനിങ്ങൊന്നും വന്നിട്ടില്ല. ഞാൻ നേരത്തേ കണ്ടിട്ടുള്ള പേഷ്യന്റുമല്ല. പക്ഷേ, വയറു കണ്ടാൽ തന്നെ അറിയാം ഇരട്ടകളാവുമെന്ന്. ആദ്യ കുഞ്ഞ് പുറത്തുവന്നു. ഭാരം കുറവാണ്. അൽപം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞും പുറത്തു വന്നു. രണ്ട് ആൺകുട്ടികൾ. കുറച്ചു കഴിഞ്ഞ് മറുപിള്ളയും (പ്ലാസന്റ) വന്നു. അതോടെ പ്രസവം പൂർത്തിയായി. ഞാൻ ലേബർ റൂമിനു പുറത്തുവന്നു, ആകാംക്ഷയോടെ നിന്ന ബന്ധുക്കളോട് ഇരട്ടക്കുട്ടികളുെട സുഖപ്രസവം സന്തോഷത്തോടെ അറിയിച്ചു. അൽപം കഴിഞ്ഞപ്പോൾ ലേബർ റൂമിലുണ്ടായിരുന്ന ഒരു സിസ്റ്റർ അങ്കലാപ്പോടെ ഒാടിവന്നു പറഞ്ഞു;‘‘ സർ, എന്തോ കുഴപ്പമുണ്ട്... വീണ്ടും എന്തോ ഒന്ന് പുറത്തേക്കു വരുന്നുവെന്ന്’’.

ഞാൻ ഓടിച്ചെന്നു. നോക്കുമ്പോൾ മൂന്നാമത്തെ കുഞ്ഞാണ്. ഗർഭപാത്രത്തിനകത്ത് മറ്റൊരു പ്ലാസന്റയിലായിരുന്നു ആ കുട്ടി. സുഖമായി പ്രസവിച്ചു. പെൺകുഞ്ഞാണ്... ചെറിയൊരു ചമ്മലോടെയാണെങ്കിലും വലിയ സന്തോഷം തോന്നിയ അനുഭവമായിരുന്നു അത്. ഇന്നാണ് ഇങ്ങനെയൊരു ഗർഭമെങ്കിൽ സ്കാനിങ് ചെയ്യുന്നതിനാൽ ആദ്യം മുതലേ അറിയാൻ പറ്റും.

ആ പെൺകുഞ്ഞ് വളർന്നു വലുതായി വിവാഹിതയായി. അവളുടെ പ്രസവവും എന്റെ അടുത്തായിരുന്നു. അതിലും ഇരട്ടക്കുട്ടികൾ– ചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.

സങ്കടത്തുള്ളികൾ

ഡോ.കമ്മാപ്പ, 1994 ൽ സർക്കാർ സർവീസിനോട് വിടപറഞ്ഞ് അൽമ ഹോസ്പിറ്റൽ ആരംഭിച്ചു. അതോടെ അതായി നാട്ടുകാരുടെ പ്രസവാശുപത്രി. ഈ ആശുപത്രി തുടങ്ങിയശേഷം ഡോ. കമ്മാപ്പ നേതൃത്വം നൽകിയ 83,000 പ്രസവങ്ങൾക്ക് കൃത്യമായ കണക്കുണ്ട്. അതിനു മുൻപുള്ള എട്ടുപത്തുവർഷം കൊണ്ടു ചെയ്തതിനു കണക്കില്ലെങ്കിലും എത്ര ചുരുങ്ങിയാലും ഇരുപതിനായിരത്തിനു പുറത്തുവരുമെന്ന് ഡോക്ടർ പറയുന്നു.

ഗർഭവും പ്രസവവും കൈകാര്യം ചെയ്യുന്നവർ മറ്റു ഡോക്ടർമാരെ പോലെയല്ല. ഒരേസമയം രണ്ടു ജീവനുകളാണ് നോക്കേണ്ടത്. ഓരോ ജനനവും കൊണ്ടുവരുന്നത് വലിയ സന്തോഷമാണ്. പക്ഷേ, ആസമയത്ത് ഒരു മരണം സംഭവിച്ചാൽ, അതു മറ്റു മരണങ്ങൾ‌ പോലെയല്ല– അതു വല്ലാതെ ഉലച്ചു കളയും–ഡോ. കമ്മാപ്പ പറയുന്നു.

നമ്മളാൽ തടുക്കാനാകാത്ത ചില സങ്കീർണതകൾ കടന്നു വരാം. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് കിടക്കുന്ന അമ്നിയോട്ടിക് ഫ്ലൂയിഡ് അമ്മയുടെ രക്തത്തിൽ കലരുന്ന അവസ്ഥയാണ് (അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം) അതിലൊന്ന്. അതി ശക്തമായ അലർജിക് റിയാക്‌ഷനാണ് പരിണതഫലം. പെട്ടെന്നു പൾസ് ഇല്ലാതാവും. ശ്വാസകോശത്തിൽ നീർക്കെട്ടു വരും. ഈ അവസ്ഥ വളരെ ഉയർന്ന തോതിലാണ് സംഭവിക്കുന്നതെങ്കിൽ രണ്ടോ മൂന്നോ മിനിറ്റുമാത്രം, ഗർഭിണി അപ്പോ മരിക്കും. ഒന്നും ചെയ്യാനാവില്ല. അപൂർവമായേ ഇങ്ങനെ കാണാറുള്ളൂ എങ്കിലും തന്റെ പ്രാക്ടീസിലും ഒരനുഭവം ഉണ്ടായെന്ന് അദ്ദേഹം തുറന്നു പറയുന്നു.

പ്രസവത്തിലെ അമ്മയുടെയും കു‍ഞ്ഞിന്റെയും മരണനിരക്ക് കാര്യമായി കുറയ്ക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാതൃമരണത്തിന്റെ 50 ശതമാനത്തിന്റെയും കരണം പ്രസവാനന്തര രക്തസ്രാവമാണ്. ഇരട്ടക്കുട്ടികൾ, വലിയകുട്ടി, മുൻപ്രസവത്തിൽ അമിത രക്തസ്രാവമുണ്ടായവർ തുടങ്ങിയവർക്ക് രക്തസ്രാവസാധ്യത കൂടുതലുണ്ടാവാം. അതനുസരിച്ച് മുൻകരുതലെടുക്കാം. എന്നാൽ മിക്കപ്പോഴും രക്തസ്രാവം മുൻകൂട്ടി അറിയാനാവില്ല. പ്രസവത്തിൽ 300 മുതൽ 500 മി. വരെ രക്തം പോകുന്നത് സാധാരണമാണ്. അതിനാവശ്യമായ മുൻകരുതലുകൾ ശരീരം തന്നെ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ പ്രസവാനന്തരം അമിതമായി രക്തം പോയാൽ രക്തത്തിെന്റ കട്ടിപിടിക്കാനുള്ള ശേഷിയും നഷ്ടമാവും. ഇതാണ് അവസ്ഥ ഗുരുതരമാക്കുന്നത്.

അട്ടപ്പാടിപോലുള്ള സ്ഥലത്തും പ്രസവം നടത്താൻ സൗകര്യമുണ്ട്. പക്ഷേ അമിതരക്തസ്രാവമുണ്ടായാൽ ബ്ലഡ്ബാങ്ക് സൗകര്യമുള്ളിടത്തേക്കു രോഗിയെ എത്തിക്കാൻ രണ്ടോ മൂന്നോ മണിക്കൂറെടുക്കും. അപ്പോഴേക്കും രോഗി രക്ഷപ്പെടുത്താനാവാത്ത അവസ്ഥയിലെത്തിയിട്ടുണ്ടാവും. ഇതാണ് പ്രശ്നം.

കൂടുന്ന സിസേറിയൻ

മാതൃമരണനിരക്ക് കാര്യമായി കുറഞ്ഞെങ്കിലും സിസേറിൻ നിരക്ക് കൂടുകയാണ്. പ്രധാനമായും മൂന്നു കാരണങ്ങളാണ് സിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിലെന്നാണ് ഡോക്ടറുടെ അഭിപ്രായം .

ഒന്ന്, പരമാവധി അപകടമൊഴിവാക്കി സ്വയം സുരക്ഷിതനാവാനുള്ള ഡോക്ടറുടെ ശ്രമം. ഉദാഹരണമായി കുട്ടി കുറുകെ കിടക്കുന്ന ബ്രീച്ച് ഡെലിവറി പോലുള്ള സാഹചര്യത്തിൽ പണ്ട് ആ റിസ്ക് ഏറ്റെടുത്ത് ഡോക്ടർമാർ നോർമൽ ഡെലിവറിക്ക് ശ്രമിക്കുമായിരുന്നു. ഇന്ന് അതു ചെയ്യില്ല. രണ്ടാമത്തെ കാരണം, ഗർഭിണിയുടെയും ബന്ധുക്കളുടെയും ക്ഷമ കുറവാണ്.

മൂന്നാമത്തെ കാരണം ഗർഭിണിയുെട പേടിയാണ്. പ്രത്യേകിച്ചും പ്രസവവേദനയെക്കുറിച്ചുള്ള ഭയം. ആദ്യ പ്രസവങ്ങളിൽ നല്ല പങ്കും സിസേറിയനാകുന്നതിന്റെ പ്രധാനകാരണം ഈ ഭയമാണ്. നാൽപതു ശതമാനത്തിനുമുകളിലാണ് നമ്മുടെ നാട്ടിലെ സിസേറിയൻ നിരക്ക്. എന്നാൽ ഞങ്ങളുടെ ആശുപത്രിയിൽ ഇത് 25 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനു ഏറ്റവും സഹായിച്ചത് ‘വേദനരഹിത’ പ്രസവരീതിയാണ്.

പുഴയോരത്തെ ഡോക്ടർ കുടുംബം

മണ്ണാർക്കാട് കുന്തിപ്പുഴയോരത്തെ ഡോ. കമ്മാപ്പയുെട വീട്ടിൽ ഭാര്യ സൈദ മാത്രമേ ഡോക്ടറല്ലാതുള്ളൂ. മൂത്തമകൾ ഡോ. അമീന (മെഡിക്കൽ കോളജ്, മഞ്ചേരി), ഭർത്താവ് ലിവർ ട്രാൻസ്പ്ലാന്റ് സർജനായ ഡോ. നൗഷാദ് ബാബു. രണ്ടാമത്തെ മകൾ ഡോ. ലമിയ (എംഇഎസ് മെഡിക്കൽ കോളജ്), ഭർത്താവ് ഓർത്തോപീഡിഷ്യനായ ഡോ. ഷാഹിദ്. ഇളയ മകൻ നബീൽ എംബിബിഎസ് പഠനം പൂർത്തിയാക്കുകയാണ്. ഡോക്ടറുടെ കുടുംബത്തിൽ പിന്നെയുമുണ്ട് ഒരു ഡസനിലധികം ഡോക്ടർമാർ.

കഴി‍ഞ്ഞ പ്രളയത്തിൽ കുന്തിപ്പുഴ കരകവി‍ഞ്ഞൊഴുകി.ഡോക്ടറുടെ വീട്ടിലും വെള്ളം കയറി. വലിയ നാശനഷ്ടമൊന്നും വന്നില്ലെങ്കിലും മൂന്നു ദിവസം ഡോക്ടർക്കും കുടുംബത്തിനും ലോഡ്ജ് മുറിയിൽ കഴിയേണ്ടിവന്നു. പ്രളയത്തിനിരയായ മണ്ണാർക്കാട്ടെ പാവപ്പെട്ടവരെ സഹായിക്കാൻ ഡോക്ടറുടെ നേതൃത്വത്തിൽ ഉടൻ ഒരു സഹായസംഘം രൂപീകരിക്കപ്പെട്ടു. അതാണ് മണ്ണാർക്കാട് റസ്ക്യൂ ടീം. 70 ലക്ഷം രൂപയുെട സഹായമാണ് ഈ സംഘം ആർഹതപ്പെട്ടവർക്കു സമാഹരിച്ചു നൽകിയത്. പൂർണമായി തകർന്ന നാലുവീടുകളുെട നിർമാണവും പൂർത്തിയാകുന്നു. ചികിത്സാകൈപ്പുണ്യം മാത്രമല്ല നാട്ടുകാർക്ക് ‍കമ്മാപ്പ ഡോക്ടർ, നീറുന്ന ദുരിതങ്ങളിൽ ഒരു വലിയ കൈത്താങ്ങു കൂടിയാണ്.

Tags:
  • Pregnancy Tips