Wednesday 12 April 2023 04:29 PM IST : By സ്വന്തം ലേഖകൻ

‘സ്വയംഭോഗം പാപമെന്ന ചിന്ത, പഠനത്തിൽ ശ്രദ്ധിക്കാനാകുന്നില്ല... കുറ്റബോധം’: കൗമാരക്കാരന്റെ ആശങ്ക: മറുപടി

masturbation

Q 17 വയസുള്ള ക്രിസ്ത്യൻ കുടുംബാഗമാണ്. ഇപ്പോൾ പ്ലസ് ടു വിന് പഠിക്കുന്നു. ലൈംഗികമായ ചിന്തകളാൽ പഠനത്തിൽ പോലും ശ്രദ്ധിക്കാനാവുന്നില്ല. തെറ്റാണെന്നറിയാമെങ്കിലും ചിലപ്പോഴെങ്കിലും അശ്ലീല വിഡിയോകൾ കണ്ടിട്ടുണ്ട്. അതിൽ നല്ല കുറ്റബോധവുമുണ്ട്. മാസ്റ്റർബേഷൻ പാപങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നതെന്നും അറിയാം. ഇവ എന്നെ വല്ലാതെ അലട്ടുന്നു. പഠിക്കാൻ പറ്റുന്നില്ല.

ബോബി, കോഴിക്കോട്

A ഈ പ്രശ്നത്തെ മൂന്നു തലത്തിൽ കാണാം 1. ശാസ്ത്രീയമായ അവബോധം 2. മതപരമായ വിശ്വാസ പ്രമാണങ്ങൾ 3. കുറ്റബോധം എന്ന മാനസിക പ്രശ്നം.

1. ശാസ്ത്രീയമായ അവബോധം

എല്ലാ ആൺകുട്ടികൾക്കും 10-12 വയസ്സാകുമ്പോൾ ലൈംഗിക വളർച്ച തുടങ്ങും. ലൈംഗിക ഉത്തേജനവും ഉദ്ധാരണവും (erection). ഉണ്ടാകും. ഇതേ സമയം വൃഷണങ്ങൾ ധാരാളം ബീജം ഉൽപാദിപ്പിക്കുകയും അനുബന്ധ ഗ്രന്ഥികൾ ബീജം പുറത്തു കൊണ്ടുവരാനുള്ള ശുക്ലം (semen) ഉണ്ടാക്കുകയും ചെയ്യുന്നു. ഇതൊന്നും കുട്ടിയുടെ നിയന്ത്രണത്തിലുള്ളതല്ല. മനുഷ്യശരീരത്തിലെ മറ്റെല്ലാ അവയവങ്ങൾ പോലെ അടുത്ത തലമുറ ഉണ്ടാക്കാൻ വേണ്ടിയുള്ള പ്രകൃതിയുടെ വരദാനമാണ്.

അമിതമായിട്ട് ഉൽപാദിപ്പിക്കുന്ന

ശുക്ലം എങ്ങനെയെങ്കിലും പുറത്തുപോയേ തീരു. വിവാഹശേഷം ലൈംഗിക ബന്ധത്തിൽ കൂടിയുമാകാം. അതിനു മുൻപുള്ള പ്രായത്തിൽ മാസ്റ്റർബേഷൻ എന്ന സ്വയം ഉത്തേജനം (self stimulation) പ്രക്രിയയിൽ കൂടിയാകാം. ഇതു രണ്ടും നടന്നില്ലെങ്കിൽ അതു മൂത്രത്തിൽ കൂടി പോകാം. ഈ പ്രായത്തിൽ ഇതൊന്നും ചെയ്യാത്ത ഒരു കുട്ടിയും ഉണ്ടാകില്ല. അഥവാ ഇങ്ങനെയൊന്നുമില്ലെങ്കിൽ ഡോക്ടറുടെ പരിശോധന ആവശ്യമാണ്.

2. മതപരമായ വിശ്വാസപ്രമാണങ്ങൾ

വിശ്വാസം വിശ്വാസമാണ്. അതിനെ ചോദ്യം ചെയ്യുന്നത് ആർക്കും ഇഷ്ടപ്പെടില്ല. പക്ഷേ നമ്മൾ ഒാർക്കേണ്ടത്, നമുക്ക് ഇതെല്ലാം തന്നതു ദൈവമാകണമെങ്കിൽ അത് ഉപയോഗിക്കുന്നതു നിഷിദ്ധമല്ല. ബൈബിൾ പഴയനിയമം വായിച്ചാൽ ഇതു മനസ്സിലാകും. പക്ഷേ, പഠിക്കേണ്ട പ്രായത്തിൽ ചിന്തകൾ മുഴുവൻ ലൈംഗികതയിൽ ഊന്നി ജീവിതലക്ഷ്യം നേടുന്നതു തടയാതിരിക്കാനാണ് ഇങ്ങനത്തെ വിശ്വാസ പ്രമാണങ്ങൾ ഊന്നി പറയുന്നത്. പക്ഷേ, ഒരു സാധാരണ കൗമാരക്കാരന് ഇതു സാധ്യമല്ല.

3. കുറ്റബോധം എന്ന മാനസിക പ്രശ്നം

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഏറ്റവും സുരക്ഷിതമായ ലൈംഗിക പ്രവൃത്തിയാണ് മാസ്റ്റർ ബേഷൻ. അതുകൊണ്ടുതന്നെ കുറ്റബോധത്തിന്റെ ആവശ്യമില്ല. പക്ഷേ, ഒരു വശത്ത് അടക്കാനാവാത്ത ലൈംഗിക തൃഷ്ണയും മറുവശത്ത് തെറ്റ് എന്നു പഠിപ്പിക്കുന്നതും കൗമാരക്കാരനെ വളരെയധികം വിഷമത്തിലാക്കും. മൂത്രം ഒഴിക്കണമെന്ന് തോന്നുമ്പോൾ മൂത്രം ഒഴിക്കും. അതിനു യാതൊരു കണക്കും വയ്ക്കാറില്ല. ഞാൻ മൂത്രം ഒഴിച്ചത് കുറഞ്ഞോ കൂടിയോ എന്നോർത്ത് വേവലാതിപ്പെടാറുമില്ല. അതുപോലെ സാധരണയായൊരു

പ്രക്രിയയായിട്ട് ഇതിനെ കണ്ടാൽ ഒരു കുറ്റബോധവും ഉണ്ടാകുകയില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അശ്ലീല പടങ്ങളോ ക്ലിപ്പുകളോ കാണാത്ത ആൺകുട്ടികൾ ഉണ്ടാകാനിടയില്ല. പക്ഷേ, ഇതു നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത നിലയിലേക്ക് പോകുന്നു എന്നു തോന്നുന്നെങ്കിൽ, അല്ലെങ്കിൽ എത്ര ചെയ്താലും മതിവരാത്ത മാസ്റ്റർബേഷൻ വേണം എന്നു നിർബന്ധ ബുദ്ധി വരുന്നു എങ്കിൽ ഒരു മാനസികരോഗ വിദഗ്ദ്ധനെ കാണേണ്ടതുണ്ട്. കാരണം അത് ഒബ്സസീവ് കംപൽസീവ് ഡിസോഡർ (OCD) അവസ്ഥയിലേക്കു പോകുകയുമാകാം.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും
മനശ്ശാസ്ത്രജ്ഞനും
ആരോഗ്യ സർവകലാശാല
മുൻ വൈസ് ചാൻസലർ
cdcmkc@gmail.com