Wednesday 31 August 2022 03:08 PM IST : By സ്വന്തം ലേഖകൻ

പാറ്റയേയും പല്ലിയേയും കണ്ടാൽ പേടി, രക്തം കണ്ടാൽ വിറയൽ... വ്യക്തിത്വ വൈകല്യം ഇങ്ങനെ തിരിച്ചറിയാം

mental-health-aug-31

ഒരു ദിവസം ചുറ്റുമുള്ളവരോട് സംസാരം ഒന്നു കുറ ച്ചാൽ മതി. ‘അവൾക്കെന്തോ, ഡിപ്രഷനാണ്’ എ ന്ന് അതെന്താണെന്നറിയാതെ കമന്റ് ചെയ്യുന്ന ആ ളുകളുണ്ട്. അതുപോലെ തന്നെ പറയുന്ന മറ്റൊന്നാണ് ‘മൂഡ് സ്വിങ്സ്’. സന്തോഷത്തിനിടയിൽ സങ്കട വാർത്ത കേട്ട് മൂഡ് മാറുന്നതല്ല മൂഡ് സ്വിങ്സ്. കാര്യം മനസ്സിലാക്കാതെ പല അവസരങ്ങളിലും നമ്മിൽ പലരും ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ട്.

പലരും കരുതുന്നതു പോലെ സിംപിൾ അല്ല മാനസികാരോഗ്യ പ്രശ്നങ്ങൾ. അത് അനുഭവിക്കുന്നവരുടെ പ്രയാസം മനസ്സിലാകണമെങ്കിൽ രോഗങ്ങളെക്കുറിച്ച് പ്രാഥമി ക അറിവെങ്കിലും വേണം. അർഹിക്കുന്ന അനുതാപത്തോടെ സഹജീവികളോട് പെരുമാറാൻ പഠിക്കണം.

എനിക്ക് ഡിപ്രഷൻ ആണോ?

വെറും സങ്കടമല്ല ഡിപ്രഷൻ. മാനസിക രോഗാവസ്ഥ ത ന്നെയാണ്. ഇത് വന്നും പോയും ‘എപ്പിസോഡിക്കായി’ പ്രത്യക്ഷപ്പെടാം. അപൂർവം ചിലരിൽ മാത്രമാണ് ഡിപ്രഷൻ ഒരിക്കൽ മാത്രം വന്നുപോകുന്നത്. ബാക്കിയുള്ളവർക്ക് പല തവണ വന്നേക്കാം. ആ എപ്പിസോഡിക്കൽ സ്വഭാവമുള്ള അവസ്ഥയെയാണ് വിഷാദം എന്നു പറയുന്നത്. ക്ലിനിക്കൽ ഡിപ്രഷൻ എട്ട്, ഒൻപത് മാസം വരെ നീണ്ടുനിൽക്കാം. ചികിത്സ കൂടാതെ ഭേദമാകുന്ന സാഹചര്യങ്ങൾ അപൂർവമാണ്. അതുകൊണ്ട് ചികിത്സ തേടാൻ മടിക്കരുത്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ചിലരെ ഇത് ആത്മഹത്യയിലേക്ക് പോലും നയിക്കാം.

ലക്ഷണങ്ങൾ:

∙ ആഴ്ചകളോ മാസങ്ങളോ സങ്കടം തോന്നുക.

∙ ആരോഗ്യ പരിശോധനകളിൽ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും തുടർച്ചയായി തളർച്ചയും ക്ഷീണവും വരിക.

∙ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ മടി. ഒരു ജോലി ചെയ്തു തീർക്കാൻ സ്വാഭാവികമായി എടുക്കുന്ന സമയത്തിലും കൂടുതലെടുക്കുക.

∙ കൂട്ടത്തിലിരിക്കുമ്പോഴും ഒറ്റപ്പെട്ട പോലെ തോന്നുക. ആരും സഹായിക്കാനില്ല എന്നുള്ള തോന്നൽ.

∙ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ ‌എല്ലാ ദൈനംദിന കൃത്യങ്ങളും ചെയ്യാൻ മടി.

∙ മുൻപ് ആസ്വദിച്ച് ചെയ്ത കാര്യങ്ങളോട് വിരക്തി. പത്രം വായിച്ചിരുന്നവർ അത് നിർത്തുന്നു, പാട്ട് കേട്ടിരുന്നവർക്ക് അതിൽ താൽപര്യം കുറയുന്നു, പ്രഭാത നടത്തം അവസാനിപ്പിക്കുന്നു.

∙ മുൻപില്ലാത്ത പോലെ ദഹനപ്രശ്നങ്ങളും മലബന്ധവും അലട്ടുക.

∙ ലൈംഗികതയോട് വിരക്തി തോന്നുക.

∙ ചെയ്തതൊക്കെ തെറ്റായിപ്പോയി, ചെയ്യുന്നതും തെറ്റാണ്. താൻ മാപ്പർഹിക്കുന്നില്ല. ജീവിച്ചിരിക്കുന്നതിൽ അർഥമില്ല എന്നൊക്കെയുള്ള തോന്നലുകൾ.

∙ തുടർച്ചയായ നെഗറ്റീവ് ചിന്തകൾ.

ഇവയിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായി രണ്ടാഴ്ചയെങ്കിലും കണ്ടാൽ വിഷാദരോഗമെന്ന് സംശയിക്കാം.

ഉത്കണ്ഠ രോഗമാകുമ്പോൾ

ഒരാൾക്ക് ഇടിമിന്നൽ പേടിയാണെന്ന് കരുതുക. ആ വ്യക്തിക്ക് ഇടി മിന്നുന്നത് കാണാം കേൾക്കാം. യഥാർഥത്തി ൽ ഉള്ള ഒരു സ്രോതസ്സിൽ ഊന്നിയുള്ള പ്രതികരണമാണ് ഭയം. ഇനി നട്ടുച്ചയ്ക്ക് സൂര്യൻ ജ്വലിച്ച് നിൽക്കുമ്പോൾ ‘ഇപ്പോ ഇടിമിന്നൽ ഉണ്ടാകുമോ? മിന്നലേറ്റ് മരിക്കുമോ?’

എന്ന തരത്തിലുള്ള ചിന്തയാണ് രോഗാതുരമായ ഉത്കണ്ഠ. കൽപിതമായ അങ്ങേയറ്റം ദുരന്തപൂർണമായ കാര്യത്തെ പറ്റി ആലോചിച്ച് അത് സംഭവിച്ച പോലെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നുന്ന അവസ്ഥയാണിത്. ആ വ്യക്തി അനുഭവിക്കുന്ന മാനസിക ക്ലേശം വളരെ വലുതാണ്.

ലക്ഷണങ്ങൾ:

∙ പ്രത്യേകിച്ചൊരു സാഹചര്യത്തിൽ മാത്രമല്ലാതെ തുടർച്ചയായി കാരണമില്ലാത്ത ഉത്കണ്ഠ.

∙ ചെറിയ ശബ്ദം കേട്ടാൽ തന്നെ ഞെട്ടുക, വെപ്രാളപ്പെടുക, വ്യാകുലപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ചുറ്റുമുള്ളവരെക്കൂടി വിളിച്ച് പരിഭ്രാന്തരാക്കുക.

തിരിച്ചറിയാം പാനിക് ഡിസോഡർ

പല തരത്തിലുള്ള ഉത്കണ്ഠ രോഗങ്ങളുണ്ട്. അതിലൊന്ന് പാനിക് ഡിസോഡർ ആണ്. അതിന്റെ പൊതു ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.

ലക്ഷണങ്ങൾ:

∙ വെറുതെയിരിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടും, ശ്വാസം മുട്ടൽ, ശരീരം വിയർക്കൽ, വയറ്റിൽ എരിച്ചിൽ, കണ്ണിലിരുട്ട് കയറുക, തലചുറ്റൽ ഇവ അനുഭവപ്പെടാം.

∙ ഇപ്പോൾ വീണ് മരിച്ചു പോകും എന്നു വരെ തോന്നാം. ഈ അവസ്ഥ 15 മിനിറ്റ് വരെ നീണ്ടുനിൽക്കാം. ഇതിനെ ‘പാനിക് അറ്റാക്’ എന്ന് പറയും. പരിശോധനകളിൽ യാതൊരു ശാരീരിക രോഗത്തിന്റെയും ലക്ഷണങ്ങൾ കാണിക്കില്ല. ഒരു മാസത്തിൽ തുടർച്ചയായി ഇത് വന്നാൽ പാനിക് ഡിസോഡർ എന്ന് പറയും.

ഒസിഡി ആക്ഷേപ വാക്കല്ല

ആവർത്തന സ്വഭാവം എന്നതാണ് ഒബ്സസീവ് എന്ന വാക്കിനർഥം. നെഗറ്റീവായ തടുക്കാൻ പറ്റാത്ത ചിന്തകൾ നമുക്കുള്ളിലേക്ക് ക്ഷണിക്കപ്പെടാതെ നിരന്തരം വന്നുകൊണ്ടിരിക്കും. ഏതു വിധേനയെങ്കിലും ഇത്തരം ചിന്തകളെ തടുക്കാൻ നിർബന്ധിത പ്രവർത്തികളിൽ ഏർപ്പെടും. അതിനെയാണ് കംപൾഷൻ എന്ന് പറയുന്നത്. ഈ അവസ്ഥയാണ് ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോഡർ)

ഉദാ: ഒരാൾ എവിടെയെങ്കിലും തൊടുന്നു. തന്റെ വിരലിൽ അഴുക്കായെന്ന് കരുതുന്നു. ആ അഴുക്ക് ശരീരത്തിനുള്ളിലെത്തി എന്തെങ്കിലും അസുഖം വരുത്തുമെന്ന് തോന്നുക. അങ്ങനെ വന്ന അസുഖം ഭാര്യയ്ക്കും കുട്ടിക്കും മാതാപിതാക്കൾക്കും വരുമെന്ന് തോന്നാം. താൻ മൂലം പ്രായമായ അമ്മ മരിക്കുമോ? എന്നതു വരെ എത്തും ഈ നെഗറ്റീവ് ചിന്ത.

പിന്നെ, പലതവണ കൈകഴുകലായി. ഉറപ്പ് തോന്നുന്നത് വരെ അത് തുടരും. ഇത് 20, 30 തവണയൊക്കെ ആകാം. അടുത്ത തവണ കയ്യില്ലെന്തെങ്കിലും പറ്റുമ്പോൾ മുൻപത്തെ പോലെ 30 തവണ കൈ കഴുകിയാൽ മതിയെന്ന് ചിന്തിക്കും. പ്രശ്നം അതല്ല, തൊട്ടപ്പുറത്ത് സ്കൂട്ടർ മറിഞ്ഞു വീണാൽ പോലും കൈകഴുകി തീരാതെ അതെടുക്കാൻ പോകില്ല. അങ്ങനെ ഒസിഡി നമ്മുടെ നിത്യജീവിതത്തിന്റെ താളം തെറ്റിക്കും.

ലക്ഷണങ്ങൾ:

∙ ആവർത്തന സ്വഭാവമുള്ള ചിത്രങ്ങൾ, ചിന്തകൾ എന്നിവ മനസ്സിലേക്ക് കടന്നു വരും. ഇവയൊന്നും യാഥാർഥ്യമല്ല എന്ന് അനുഭവിക്കുന്നയാൾക്ക് തന്നെ അറിയാം. എന്നാലും അതിനെയൊന്നും ഇല്ലാതാക്കാൻ പറ്റില്ല. ഇത്തരം ചിന്തകൾ വരുമ്പോൾ ആവർത്തിച്ചാവർത്തിച്ച് ചില പ്രവർത്തികൾ ചെയ്യും.

∙ ചില വാക്കുകൾ എഴുതി കഴിഞ്ഞാൽ അതു വീണ്ടും വീണ്ടും വെട്ടിത്തിരുത്തി എഴുതുക.

∙ കൂടുതൽ അടുക്കും ചിട്ടയും.

∙ അമിത സുരക്ഷ. ഉദാ: വഴിയിൽ നായയെ കണ്ടാൽ, നായ നക്കിയിട്ടുണ്ടോ എന്നോർത്ത് പോയി വാക്സീനെടുക്കുക ഒക്കെ ഒസിഡിയുടെ ലക്ഷണങ്ങളാണ്.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ

ലൈംഗീക അതിക്രമം, അപകടം, ശാരീരികാതിക്രമം, ഗാർഹിക പീഡനം, പ്രിയപ്പെട്ടവരുടെ വിയോഗം, അപകടങ്ങൾ നേരിൽ കാണുക, ദുരനുഭവം തുടർച്ചയായി വിശദീകരിക്കേണ്ടി വരിക തുടങ്ങിയ സാഹചര്യങ്ങളിലൊക്കെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി)വരാം. ഒരു വ്യക്തിയുടെ ജീവിതസാഹചര്യം, ജനിതക ഘടകങ്ങൾ ഒക്കെ ഒരു പരിധി വരെ സ്വാധീനിക്കാറുണ്ട്. ഇതൊന്നുമില്ലെങ്കിലും പിടിഎസ്ഡി വരാറുണ്ട്.

ലക്ഷണങ്ങൾ:

∙ നടന്ന കാര്യങ്ങളുടെ തുടർച്ചയായ ഓർമകൾ വരിക. അതേക്കുറിച്ച് ദുഃസ്വപ്നങ്ങൾ കാണുക. ദുരനുഭവം വീണ്ടും സംഭവിക്കുമെന്ന ചിന്ത. തുടര്‍ന്ന് നെഞ്ചിടിപ്പ് കൂടുക, കൈവിറയ്ക്കുക പോലുള്ള വരിക.

∙ ദുരനുഭവം ഓർത്തെടുത്ത് പറയാനുള്ള ബുദ്ധിമുട്ട്.

∙ താൻ മോശമാണ്, ലോകം ചീത്തയാണ്, ഒരാളെയും വിശ്വസിക്കാൻ പറ്റില്ല, തനിക്കിനി ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ വരിക.

∙ ഭയം, ദേഷ്യം, കുറ്റബോധം തുടങ്ങിയവ തുടർച്ചയായി വ രും. സ്വയം നശിപ്പിക്കണം എന്ന ചിന്ത. തീവ്രമായ ആത്മഹത്യാ പ്രവണത.

∙ ഒന്നിലും പങ്കെടുക്കാനുള്ള താൽപര്യം ഇല്ലാതാകുക.

∙ മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കാനുള്ള പ്രവണത.

∙ സംതൃപ്തി ഇല്ലായ്മ. ആരെങ്കിലും സ്നേഹിച്ചാൽ അത് മുഴുവനായി ഉൾക്കൊള്ളാൻ സാധിക്കാതിരിക്കുക.

∙ ഒരു പാദപതനം പുറത്ത് കേട്ടാൽ ഉപദ്രവിക്കാൻ ആരോ വരുന്നു എന്ന ചിന്തയുണ്ടാകുക (ഹൈപ്പർ വിജിലൻസ്). അകാരണമായി പെട്ടെന്ന് ഞെട്ടുക, ഉറക്കക്കുറവ്.

mental-health-july-21

നിദ്രാവിഹീനത(ഇൻസോംനിയ)

ഉറക്കത്തിന്റെ രീതികൾക്ക് തടസ്സമുണ്ടായി തുടർച്ചയായി ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയ്ക്കാണ് ഉറക്കമില്ലായ്മ (ഇൻസോംനിയ) എന്ന് പറയുന്നത്. ഒരു യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ ദിവസം ഉറക്കം നഷ്ടപ്പെടുന്നതല്ല ഇൻസോംനിയ.

മുതിർന്ന മനുഷ്യന് ആറ്–എട്ടു മണിക്കൂർ ഉറക്കം ഒരു ദിവസത്തിലാവശ്യമാണ്. ഇതിൽ കുറഞ്ഞാണ് സ്ഥിരമായി ഉറങ്ങുന്നതെങ്കിൽ നിദ്രാവിഹീനത ഉണ്ടോ എന്ന് പരിശോധിക്കുക.

ലക്ഷണങ്ങൾ

∙ ആവശ്യമുള്ള ഉറക്കം തുടർച്ചായി കിട്ടുന്നില്ല, എന്നതാണ് പ്രധാന ലക്ഷണം. മൂന്ന് തരത്തിൽ ഇത് വരാം.

ഇനീഷ്യൽ ഇൻസോംനിയ : ഉറക്കം കിട്ടാനുള്ള ബുദ്ധിമുട്ട്.

മെയിന്റനൻസ് ഇൻസോംനിയ : ഉറക്കം തുടരാൻ പറ്റാതാവുക. ഉറക്കം വരും പക്ഷേ, തുടരാതെ ഇടയ്ക്കിടെ എഴുന്നേറ്റ് പോകും. തുടർച്ചയായി ഉറക്കം കിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കും.

എർലി മോണിങ് അവൈക്കനിങ് : അൽപം മാത്രം ഉറങ്ങി വളരെ വേഗം എഴുന്നേൽക്കുക.

∙ രാത്രി ഉറങ്ങാത്ത കൊണ്ട് രാവിലെ ഉന്മേഷമുണ്ടാകില്ല.

കോട്ടുവായിടുന്നത് കൂടും.

∙ഏകാഗ്രത കിട്ടില്ല. ക്ഷീണം കൂടും.

തിരിച്ചറിയാം വ്യക്തിത്വ വൈകല്യങ്ങൾ

വ്യക്തിത്വ വൈകല്യങ്ങൾ പലതരമുണ്ട്. പലപ്പോഴും അടുപ്പമുള്ളവരിൽ പോലും ഇതൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. അവയിൽ ചിലത് മനസ്സിലാക്കാം.

1. സംശയപ്രകൃതം / പാരനോയിഡ്: തന്നെ ആരോ സ്ഥിരമായി പിന്തുടരുന്നു, അപായപ്പെടുത്താൻ വരുന്നു, തനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നു തുടങ്ങിയ തോന്നലുകൾ.

2. ആന്റിസോഷ്യൽ വ്യക്തിത്വം: എ– സോഷ്യൽ (സാമൂഹികമായി ഇടപെടാൻ മടിയുള്ളവർ) അല്ല ആന്റിസോഷ്യൽ. മറ്റുള്ളവർക്ക് ദോഷം ചെയ്യുന്ന തരത്തിലുള്ള മനോഭാവമുള്ളതാണ് ആന്റിസോഷ്യൽ വ്യക്തിത്വം.

3. നാർസിസിസ്റ്റിക്: മറ്റുള്ളവരോട് കരുണയില്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവർ. പുറത്തു നിന്നുള്ളയാൾക്ക് മറ്റൊരാൾ നാർസിസിസ്റ്റിക് ആണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല, വളരെയടുപ്പമുള്ളവർക്കല്ലാതെ. കൂടെയുള്ള ആളെ മുഴുവനായി തങ്ങളുടെ വരുതിയിലാക്കി വയ്ക്കുന്നവരാണ് ഇവർ.

4. ബോർഡർലൈൻ പേഴ്സനാലിറ്റി: വളരെയധികം മൂഡ് സ്വിങ്സ് വരുന്ന പ്രകൃതം. നല്ലത് – ചീത്ത എന്നിങ്ങനെയുള്ള രണ്ട് അറ്റങ്ങളിലൂടെയാണ് പലപ്പോഴും ഇ വർ കാര്യങ്ങളെ സമീപിക്കുക. ഇഷ്ടങ്ങൾ, മൂല്യങ്ങൾ എന്നിവ വളരെ വേഗം മാറിക്കൊണ്ടിരിക്കും. സ്വയം മുറിവേൽപ്പിക്കുന്ന പ്രവണത കൂടും.

‘താനത്ര പോരാ’ എന്ന ചിന്തയുള്ള ആളുകളാണ് ഇവരിൽ ചിലർ. അതുകൊണ്ട് മറ്റുള്ളവരിൽ നിന്ന് ‘നല്ല കുട്ടി’ സർട്ടിഫിക്കറ്റ് കിട്ടാൻ പറയുന്നതെന്തും ചെയ്യും. പീപ്പിൾ– പ്ലീസേഴ്സാണിവർ. പലർക്കും ഉറച്ച ‘നോ’ പറയാൻ പറ്റാറില്ല. ഇഷ്ടമുള്ളവർക്ക് മറ്റ് അടുപ്പക്കാരു ണ്ടാകുന്നത് ഇവർക്ക് സഹിക്കാൻ പറ്റില്ല.

5. സ്പെസിഫിക് ഫോബിയ : പ്രത്യേക വസ്തുവിനോടോ/ സാഹചര്യത്തിലോ മാത്രം ഭയം വരിക. ഉദാ. പാറ്റ, പല്ലി എന്നിവയെ കണ്ടാൽ ഭയന്നു വിറയ്ക്കുന്നു, സിറിഞ്ച് കണ്ടാൽ ബോധം പോകുന്നു, രക്തം കണ്ടാൽ വിറയ്ക്കുന്നു തുടങ്ങിയവ.

mental-health-stryവിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. ജെ. ജോൺ
സീനിയർ
സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ,
എറണാകുളം

ഡോ. അരുൺ ബി. നായർ
പ്രഫസർ ഓഫ്
സൈക്യാട്രി,
മെഡിക്കൽ
കോളജ്,
തിരുവനന്തപുരം

സൈലേഷ്യ ജി.
കൺസൽറ്റന്റ്
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്,
കൊച്ചി

ഡോ. കെ.എസ്. പ്രഭാവതി
പ്രഫസർ & ഹെഡ്, സൈക്യാട്രി ,
മെഡിക്കൽ
കോളജ്,
കോഴിക്കോട്

ഡോ. മുഹമ്മദ് ഹസ്സൻ
സീനിയർ കൺസൽറ്റന്റ്  
നിംസ് & ബേബി
മെമ്മോറിയൽ
ഹോസ്പിറ്റൽ,
കോഴിക്കോട്