Tuesday 15 November 2022 03:26 PM IST

ആ സമയങ്ങളിൽ നമുക്ക് വേണ്ട പരിഹാരം തെളിഞ്ഞ് വരും: നിങ്ങൾ ഡിപ്രഷനിലാണോ, ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

Shyama

Sub Editor

mental-health-nov

ഒരാൾ നിങ്ങളുടെ മുന്നിൽ വീണു കാലൊന്നു പൊട്ടിയാൽ എന്തു ചെയ്യും? മുറിവ് നന്നായി കഴുകി വെളളമൊപ്പി മരുന്ന് വയ്ക്കും. എന്നാൽ ഒരാൾ രണ്ടു ദിവസമായി ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടുന്നതു കണ്ടാലോ? കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും പറ്റാത്തത്ര മാനസികപിരിമുറുക്കം സ്വയം അനുഭവിക്കേണ്ടി വന്നാലോ? മാനസികമായി തളരുന്ന അത്തരം സാഹചര്യങ്ങളിലും നൽകാവുന്ന പ്രഥമശുശ്രൂഷകൾ ഉണ്ടെന്നു തന്നെ പലർക്കും അറിയില്ല.

എങ്ങനെ നൽകാം മാനസിക പ്രഥമ ശുശ്രൂഷ?

പരിചയമുള്ള വ്യക്തി മാനസികമായി തകർന്നു നിൽക്കുന്ന സമയത്താണ് മെന്റൽ ഹെൽത് ഫസ്റ്റ് എയ്ഡ് നൽകേണ്ടത്. വിഷാദം, പിരിമുറുക്കം, ഉത്കണ്ഠ തുട ങ്ങി ഏതെങ്കിലും അവസ്ഥയിലൂടെ ഒരാൾ കടന്നു പോകുന്നു എന്നു മ നസ്സിലായാൽ പ്രഥമശുശ്രൂഷ കൊടുക്കാം. അതിന് അഞ്ച് പടികളാണുള്ളത്.

1. സമീപനം: മാനസികപ്രയാസമുള്ള ആളിനെ സമീപിച്ച് എന്താണ് പ്രയാസം എന്നു ക്ഷമയോടെ ചോദിച്ചു മനസ്സിലാക്കുകയാണ് ആദ്യപടി.

2. കേൾക്കുക: ആ വ്യക്തി പറയുന്നത് പൂർണ ശ്രദ്ധയോടെ തടസ്സപ്പെടുത്താതെ കേൾക്കുക.

3. സമാശ്വസിപ്പിക്കുക, വിവരങ്ങൾ നൽകുക: തെറ്റിധാരണകൾ ഉണ്ടെങ്കിൽ കരുണയോടെ തിരുത്തുക, ആശ്വാസവാക്കുകൾ പറയുക.

4. മാനസികാരോഗ്യ വിദഗ്ധരെ കാണാൻ പ്രോത്സാഹിപ്പിക്കുക: ആദ്യം പറഞ്ഞ മൂന്നു കാര്യങ്ങൾ കൊണ്ടും അവർ ശാന്തരാകുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ പറ്റിയുള്ള വിവരങ്ങൾ നൽകുക. സഹായം തേടാൻ നിർദേശിച്ച് ചികിത്സ നേടാന്‍ പ്രോത്സാഹിപ്പിക്കുക.

5. സാമൂഹിക പിന്തുണ ഉറപ്പുവരുത്തുക: മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തിയെ മാറ്റി നിർത്താതെ, ഒറ്റപ്പെടുത്താതെ സൂക്ഷിക്കുക.

ആരാണ് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് പലപ്പോഴും മനസ്സിലാക്കാൻ വിഷമമാണ്. കാരണം, വളരെ നന്നായി ജോലി ചെയ്യുന്ന ആൾക്കും എപ്പോഴും ചിരിച്ച് സംസാരിക്കുന്ന ആൾക്കും ഒക്കെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇതു തിരിച്ചറിയാൻ പലപ്പോഴും മാനസികാരോഗ്യവിദഗ്ധർക്ക് മാത്രമേ സാധിക്കൂ.

മാനസിക പ്രഥമശുശ്രൂഷ: ചെയ്യാൻ പാടില്ലാത്തത്

∙ നിങ്ങൾക്ക് കേൾക്കണം എന്ന് തോന്നുമ്പോഴല്ല, അപ്പുറത്തുള്ള ആൾക്ക് പറയാൻ തോന്നുമ്പോഴാണ് കേൾക്കേണ്ടത്. മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും മ നസ്സ് തുറന്നു സംസാരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ആദ്യമേ മനസ്സിലാക്കുക. എത്ര ആഴത്തിലുള്ള സുഹൃത്താണെങ്കിലും ചിലർക്ക് കാര്യങ്ങൾ തുറന്ന് പറയാൻ പലവിധ പ്രയാസങ്ങളുമുണ്ടാകാം. അയാൾക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള മറ്റു വ്യക്തികളോടും തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കണം.

∙ ഒരാളെ നിർബന്ധിച്ച് ചോദ്യം ചെയ്യലല്ല ‘സഹായം’ എ ന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് പറയാൻ ഇഷ്ടപ്പെടുന്നെങ്കിൽ മാത്രം അനുതാപത്തോടെ കേൾക്കുക. കഴിവതും ഉപദേശം ഒഴിവാക്കുക. അയാൾക്ക് തുറന്ന് പറയാനുള്ള ഇടമായി മാറുക. പറയുന്നയാളുടെ വാക്കുകൾ മുറിയാതെ ഇടയ്ക്ക് തടസപ്പെടുത്താതെ ഒഴുകാൻ അനുവദിക്കുക.

∙ പറയുന്ന കാര്യത്തിൽ ഒരുപക്ഷേ, അയാളുടെ ഭാഗത്തും തെറ്റുണ്ടാകാം. എന്നാലും കേൾക്കുന്ന സമയം അയാളെ വിധിക്കാതെ കേൾക്കുക. ചിലയാളുകൾക്ക് കേൾക്കാൻ ഒരാളുണ്ട് എന്ന തോന്നൽ പോലും ആശ്വാസകരമാകും. ∙ ഇന്ന് തന്നെ പറയണം, ഇപ്പോൾ തന്നെ പറയണം എ ന്നൊന്നും നിർബന്ധം പിടിക്കരുത്. സംസാരിക്കാൻ ആ വ്യക്തി തയാറാകുമ്പോഴാണ് അത് ചെയ്യേണ്ടത്.

∙ തടസ്സങ്ങൾ വരാനിടയില്ലാത്തൊരു സ്ഥലവും സമയവും തിരഞ്ഞെടുക്കാൻ സാധിച്ചാൽ അത്രയും നല്ലത്.

∙ സംഭാഷണത്തിനിടെ കഴിവതും ഫോൺ ഉപയോഗിക്കാതിരിക്കുക. പറയുന്ന വ്യക്തിക്ക് ഇഷ്ടമല്ലാത്തവരെ ഒപ്പം ചേർക്കുന്നതും ഒഴിവാക്കണം.

∙ ചിലയാളുകൾക്ക് ഇത്തരം സംസാരമൊന്നും പ്രതീക്ഷിക്കുന്ന ഫലം നൽകണമെന്നില്ല. സ്വയം മുറിവേൽപ്പിക്കുക, ആത്മഹത്യപ്രവണത ഇവക്കെയുണ്ടായാൽ സംസാരിച്ച് സമയം കളയാതെ നല്ല മനഃശാസ്ത്ര വിദഗ്ധരുമായി അവരെ കണ്ണി ചേർക്കാം.

സ്വയം ചെയ്യാവുന്നവ

∙ മാനസിക പിരിമുറുക്കം തോന്നുന്ന സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധജലം പതിയെ നുകർന്ന് കുടിക്കുന്നത് ശീലിക്കാം.

∙ ശ്വസനം പതിയെയാക്കുക. (ഡീപ് ബ്രീത്തിങ് അല്ല. ഉള്ള വായു മുഴുവൻ അകത്തേക്ക് വലിച്ചെടുക്കുന്ന ഡീപ് ബ്രീത്തിങ് ഉത്കണ്ഠ ഉള്ളവർക്ക് അത് കൂടാൻ ഇത് കാരണമാകും.)

∙ മുഖത്തേക്ക് വെള്ളം കുടഞ്ഞ് തെറിപ്പിച്ചു കൊണ്ട് ക ണ്ണാടി നോക്കാം. മാനസിക പിരിമുറുക്കമുണ്ടാകുമ്പോൾ ശരീരതാപം കൂടും. മുഖത്തേക്ക് വെള്ളം വീഴുന്നത് താപം കുറയാൻ സഹായിക്കും. ആശ്വാസവും തോന്നും. മുഖത്ത് വെള്ളം കുടഞ്ഞതിനു ശേഷം മാത്രം വെള്ളം കോരിയൊഴിച്ച് മുഖം കഴുകാം.

∙ എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് എന്താണ് ന മുക്കുള്ള ചിന്തകളെന്ന് രണ്ടു മൂന്ന് വരിയിലെങ്കിലും വ്യക്തമാ യി എഴുതാൻ നോക്കണം. ചിലപ്പോൾ എഴുതുമ്പോൾ കിട്ടുന്ന വ്യക്തതയും ലോജിക്കും സമ്മർദം കുറയ്ക്കും. ചില സമയത്ത് നമുക്ക് വേണ്ട പരിഹാരം തെളിഞ്ഞ് വരും.

∙ അമിത മധുരമുള്ള ചോക്‌ലെറ്റ് പോലുള്ളവ കഴിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. പകരം പഴങ്ങൾ കഴിക്കാം. ചെറുപയർ, നട്സ്, സീഫുഡ്/ കോഡ് ലിവർ ഓയിൽ ക്യാപ്സ്യൂൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

∙ റിലാക്സേഷന് സഹായിക്കുന്ന നിരവധി പ്രോഗ്രാമുകളും വിഡിയോകളും ഉണ്ട്. ഒരു േഡാക്ടറുെട ഉപദേശാനുസരണം അവ പ്രാക്റ്റീസ് ചെയ്യാം.

∙ കഴിവതും അധിക നേരം കസേരയിൽ തന്നെ ചുരുണ്ട് കൂടിയിരിക്കരുത്. വേണമെന്നു വച്ചു തന്നെ നടക്കുക, ഡാൻസ് ചെയ്യുക, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങള്‍ ഇവയൊക്കെ ചെയ്യാം.

∙ ഇടപഴകുന്ന പരിസരങ്ങള്‍ വൃത്തിയായും അടുക്കും ചിട്ടയോെടയും സൂക്ഷിക്കുക. ആവശ്യമില്ലാത്തവ ഒഴിവാക്കുക. ഇതേ റീഓഡറിങ്ങ് തലച്ചോറിലും നടക്കും.

∙ ആവശ്യമില്ലാത്ത കാര്യങ്ങൾ എഴുതി വീണ്ടും വായിക്കാതെ കത്തിച്ചു കളയുക.

പ്രഥമശുശ്രൂഷകള്‍ക്കു േശഷം സൗഖ്യത്തിലേക്കുള്ള പടവുകള്‍ ഓരോന്നായി ശീലിക്കണം. അതിനു മാനസികവിദഗ്ധരുെട സഹായവും തേടാം. മാനസികസൗഖ്യത്തിലേക്കുള്ള ചവിട്ടുപടികളാണ് ചുവടെ.

ശരിയായ സമയത്ത് വിദഗ്ധ സഹായമെടുത്താൽ മിക്ക മാനസികാരോഗ്യപ്രശ്നങ്ങളും മായ്ക്കാം. ചിലത് നിയന്ത്രിച്ചു നിർത്താം. ഇനിയൊരിക്കലും സന്തോഷിക്കാൻ കഴിയില്ലെന്ന് ഓർത്തിരുന്നിടത്തു നിന്നു പുഞ്ചിരിക്കാൻ ക ഴിയുമ്പോള്‍ ആനന്ദം കണ്ണീരായി ഒഴുകും. ‘ഇനി ഒന്നുമില്ല’ എന്ന് ആർത്തലച്ച മനസ്സ് ‘ഇതും കടന്നു പോകും’ എന്ന് മന്ത്രിക്കും.

ശാരീരിക പ്രശ്നങ്ങള്‍ പോലെ ദൃശ്യമല്ലാത്തതു കൊണ്ട് മാനസികപ്രശ്നങ്ങളെ തള്ളിപ്പറയുന്നവർ ധാരാളമുണ്ട്. ഇതൊക്കെ എല്ലാവർക്കുമുള്ളതല്ലേ എന്ന് ചിലർ നിസാരവൽക്കരിക്കും. ഇനി സ്വയം തിരിച്ചറിഞ്ഞ് മറ്റുള്ളവരോട് പറഞ്ഞാൽ ‘ഇതൊന്നും ആരോടും പറയേണ്ട’ ‘ഇതൊന്നും അത്ര കാര്യമാക്കാനില്ല’ ‘മാനസികാരോഗ്യ വിദഗ്ധരെ കാണുന്നത് ഭ്രാന്തുള്ളവരാ’ ‘പുറത്തറിഞ്ഞാൽ പിന്നെ, കുടുംബത്ത് നല്ല കല്യാണാലോചന പോലും വരില്ല’ എന്നു ഉപദേശിക്കും.

∙ മനസ്സുള്ള ഏതൊരു വ്യക്തിയുടെയും സ്വാഭാവിക പ്രതികരണങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരാം എന്ന് മനസ്സിലാക്കുകയാണ് ആദ്യ പടി. തുടർച്ചയായ തലവേദനയ്ക്ക് ചികിത്സ തേടുന്നത് പോലെ, എല്ലിന് ബലക്ഷയം വരുമ്പോൾ ഒാര്‍ത്തോ േഡാക്ടറെ കാണുംപോലെയൊക്കെത്തന്നെയാണ് മാനസികാരോഗ്യത്തിനുള്ള ചികിത്സ എടുക്കുന്നത്. ബുദ്ധിമുട്ട് തോന്നിത്തുടങ്ങിയാൽ മാനസികാരോഗ്യ വിദഗ്ധരെ കാണുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

∙ മാനസികാരോഗ്യ ചികിത്സയിലും കള്ളനാണയങ്ങളുണ്ട്. മസാജിങ് പോലുള്ള സംവിധാനങ്ങൾ മാനസികാരോഗ്യരംഗത്തില്ല. അതേ പോലെ സമൂഹമാധ്യമങ്ങളിൽ യാതൊരു യോഗ്യതയും ഇല്ലാത്തവർ മാനസികാരോഗ്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകയും എഴുതിയിടുകയും ഒക്കെ ചെയ്യും. ഇത്തരക്കാരിൽ നിന്ന് വിട്ടു നിൽക്കുക. മാനസിക പ്രശ്നങ്ങൾ ഉറപ്പില്ലാത്തവരോട് പറയാതിരിക്കുക. ഉറപ്പില്ലാത്ത കുടുംബക്കാരോട് പോലും പറയേണ്ട. അതിന് യോഗ്യരായവരോട് മാത്രം പറയുക.

തിരിച്ചു പിടിക്കാം, സന്തോഷം

ജീവിത പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് മാത്രമാണ് മാനസികപ്രശ്നങ്ങള്‍ വരുന്നത് എന്ന ധാരണ തെറ്റാണ്. കുട്ടികള്‍ പോലും വിഷാദാവസ്ഥയിലേക്ക് പോകുന്നതു സാധാരണം. പാരമ്പര്യഘടകങ്ങളുെട സ്വാധീനം, വളര്‍ന്നുവന്ന സാഹചര്യം, െചറുപ്പത്തില്‍ മനസ്സിേനറ്റ ആഘാതം ഒക്കെ വ്യക്തിയുടെ മാനസിക നിലയെ സ്വാധീനിക്കും.

മാനസികാരോഗ്യ ചികിത്സ, ലോകവ്യാപകമായി സർ ‍വസാധാരണമാണ്. എന്തു പ്രശ്നമായാലും അതിനെ അ തിജീവിക്കണം എന്ന ഇച്ഛാശക്തി നേടിയെടുക്കണം. ഒാര്‍ക്കുക, പ്രശ്നങ്ങള്‍ എത്രയും െപട്ടെന്നു മാറിയാല്‍ മാത്രമേ ജീവിതത്തിൽ ഇനിയും സന്തോഷങ്ങള്‍ കടന്നു വരൂ.

മനഃശാസ്ത്രപരമായ ഉപദേശങ്ങള്‍, തെറപി, വ്യായാമങ്ങൾ, ജീവിതശൈലീമാറ്റങ്ങൾ, മരുന്നുകൾ, ഇലക്ട്രോകൺവൾഷൻ തെറപി എന്നിവയൊക്കെ കൊണ്ട് മാനസിക നിലയില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും.

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വർധിച്ചു വരുന്ന കാലത്താണ് നമ്മളിപ്പോഴുള്ളത്. മറച്ചു വയ്ക്കാതെ മനസ്സിന്റെ ചെറിയ താളപ്പിഴകൾ പോലും എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനാണു ശ്രമിക്കേണ്ടത്. ഇനി വ രുന്നൊരു തലമുറയ്ക്ക് ഭയമില്ലാതെ മാനസികാരോഗ്യത്തെ കുറിച്ച് തുറന്ന് സംവദിക്കാനാകുന്ന, മെന്റൽ ഹെൽത് പോസിറ്റീവ് ഇടങ്ങളായി മാറട്ടേ നമ്മുടെ വീടുകൾ.

mental-health-aug-31

മനസിനോട് കരുണ ചെയ്യാം

∙ പ്രഭാത നടത്തം ശീലമാക്കുക: വീടിനു പുറത്ത് അ ത്യാവശ്യം വേഗത്തിൽ കയ്യും വീശി വേണം നടക്കാന്‍. വീട്ടിനുള്ളില്‍ ട്രെഡ്മില്ലില്‍ ഒാടിയാല്‍ എല്ലാ ഗുണ ങ്ങളും കിട്ടില്ല.

∙ ഉണരുമ്പോള്‍ മുതല്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്തു പോകുക. കിടക്കവിരി മടക്കി വയ്ക്കുന്നതു മുതല്‍ ഒന്നും പിന്നത്തേക്ക് വയ്ക്കേണ്ട. അതോടെ ‘പൂർത്തീകരണം’ എന്ന ട്രാക്കിലൂടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങും.

∙ സ്ലീപ്പിങ് വസ്ത്രം മാറ്റി വേറെയുടുപ്പിടാം. മുടി ചീകി കണ്ണാടിയിൽ നോക്കി ആത്മവിശ്വാസം ആര്‍ജിക്കാം.

∙ ശ്വസന വ്യായാമം ചെയ്യുക. മനസ്സിലെ അനാവശ്യ ചിന്തകൾ നിയന്ത്രിച്ചു നിർത്താൻ ഇതു സഹായിക്കും.

∙ ഒാരോ ദിവസം എന്തൊക്കെ ചെയ്യുമെന്നൊരു ചെക് ലിസ്റ്റ് എഴുതുക. 20 കാര്യം എഴുതിയിട്ട് 13 മാത്രമേ ചിലപ്പോൾ ചെയ്യാൻ സാധിച്ചെന്ന് വരൂ. സാരമില്ല. എന്നാലും എഴുതുക.

∙ സമയം പാഴാക്കരുത്. അനാവശ്യചിന്തകൾ കടന്നുവരും. ചില കാര്യങ്ങള്‍ ചെയ്യില്ല എന്നും ഉറപ്പിക്കുക. ഉ ദാഹരണത്തിന് ഇന്ന് സന്ധ്യകഴിഞ്ഞാല്‍ മൊെെബലില്‍ േനാക്കില്ല. അതു ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അസർട്ടീവ്നെസ്സിനുള്ള ട്രെയിനിങ് എടുക്കുക.

∙ ഉറങ്ങും മുൻപ് അന്നു നടന്ന കാര്യങ്ങൾ, നടന്ന ക്രമത്തിൽ തന്നെ ആലോചിക്കുക. ഓർമശക്തി കൂടുമെന്നത് മാത്രമല്ല ഇന്നലത്തെ എന്നെക്കാൾ ഇന്നത്തെ ഞാൻ എങ്ങനെ മെച്ചപ്പെട്ടു എന്നു തിരിച്ചറിയാനും ഇത് ഉപകരിക്കും. പുതുതായി എന്തെങ്കിലും പഠിച്ചോ, പുസ്തകം വായിച്ചോ, ആരെയെങ്കിലും സഹായിച്ചോ ആരെങ്കിലും തന്നോടു നന്ദി പറഞ്ഞോ, ആരെയെങ്കിലും അഭിനന്ദിച്ചോ എല്ലാം ഒാര്‍ക്കാം.

∙ ചുറ്റുമുള്ള പലര്‍ക്കും പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ കാണും. അതിനാല്‍ ഇടപെടുന്നവരോെടല്ലാം കാരുണ്യത്തോടെ പെരുമാറുക.

∙ ഭാഷയെ ബൂസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യുക. ത ലച്ചോറിന്റെ ആയുധം ഭാഷയാണ്. പുതിയ ഒരു പാരഗ്രാഫ് എങ്കിലും ദിവസവും വായിക്കുക.

∙ കഴിച്ചാൽ നിങ്ങൾക്ക് ദഹനക്കേടോ മറ്റോ തോന്നിക്കുന്ന ഭക്ഷണപദാർഥങ്ങൾ പരമാവധി ഒഴിവാക്കുക.

സ്പെഷൽ വിഭാഗം തയാറാക്കിയത് : ശ്യാമ

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. ജെ. ജോൺ
സീനിയർ
സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ,
എറണാകുളം

ഡോ. അരുൺ ബി. നായർ
പ്രഫസർ ഓഫ്
സൈക്യാട്രി,
മെഡിക്കൽ
കോളജ്,
തിരുവനന്തപുരം

സൈലേഷ്യ ജി.
കൺസൽറ്റന്റ്
ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്, മിത്ര ക്ലിനിക്,
കൊച്ചി

ഡോ. കെ.എസ്. പ്രഭാവതി
പ്രഫസർ & ഹെഡ്, സൈക്യാട്രി ,
മെഡിക്കൽ
കോളജ്,
കോഴിക്കോട്

ഡോ. മുഹമ്മദ് ഹസ്സൻ
സീനിയർ കൺസൽറ്റന്റ്  
നിംസ് & ബേബി
മെമ്മോറിയൽ
ഹോസ്പിറ്റൽ,
കോഴിക്കോട്