ഉറങ്ങാൻ പോകുന്ന ആളെ അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തി എന്നതു വാർത്താപ്രാധാന്യം നേടുന്ന ഒന്നാണ്. ഉറക്കത്തിനിടെയുള്ള സ്വാഭാവിക മരണം എന്നു പറയുമ്പോൾ അസ്വാഭാവിക മരണം എന്താണെന്ന് ആദ്യം മനസ്സിലാക്കാം. അസ്വഭാവിക മരണം എന്നു പറയുമ്പോൾ ആത്മഹത്യയോ കൊലപാതകമോ അപകടമരണങ്ങളോ ഉറക്കത്തിൽ പാമ്പ് കടിച്ചു മരിക്കുക എന്നിവയെല്ലാം അസ്വഭാവിക മരണങ്ങളാണ്. ഉറക്കത്തിലെ സ്വഭാവിക മരണത്തിനു പിന്നിലെ പ്രധാന കാരണം ഹൃദ്രോഗമാണ്.
പെട്ടെന്നുള്ള മരണങ്ങളിൽ 95 ശതമാനം കാരണം ഹൃദയത്തിന്റെ താളത്തിനുണ്ടാകുന്ന അപായകരമായ വ്യതിയാനങ്ങളാണ്. ഇത് വെൻട്രികുലാർ ഫിബ്രിലേഷൻ, െവൻട്രികുലാർ ടാക്കികാർഡിയ, കംപ്ലീറ്റ് ഹാർട്ട് ബ്ലോക്ക് എന്നീ മൂന്നു രീതിയിലുള്ള ഏറ്റവും അപായകരമായ ഹൃദയത്തിന്റെ താളപ്പിഴവുകളാണ് സാധാരണ ഉറക്കത്തിലുള്ള മരണത്തിലേക്ക് എത്തിക്കുക. ഉറക്കത്തിലും ഉണർവിലുമുള്ള പെട്ടെന്നുള്ള മരണങ്ങളിലെ വില്ലന്മാർ ഈ മൂന്ന് ഹൃദയതാളപ്പിഴകളാണ്.
നമ്മുെട ഹൃദയം മിനിറ്റിൽ 60നും 100നും ഇടയിൽ കൃത്യമായ താളത്തിൽ മിടിച്ചുക്കൊണ്ടിരിക്കും. ഈ കൃത്യമായ താളത്തിലും കണക്കിലും ഹൃദയം മിടിക്കേണ്ടത് നമ്മുെട ശരീരത്തിലെ മറ്റ് അവയവങ്ങളുെട സുഗമമായ പ്രവർത്തനത്തിനു അത്യന്താപേക്ഷിതമാണ്. പല കാരണങ്ങൾ കൊണ്ട് ഹൃദയത്തിന്റെ താളം ക്രമം െതറ്റാം. അപകടകരമായ താളപ്പിഴകളിൽ വെൻട്രികുലാർ ഫിബ്രിലേഷനാണ് ഏറ്റവും അപകടം. വെൻട്രികുലാർ ഫിബ്രിലേഷൻ എന്ന അവസ്ഥയിൽ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം നിശ്ചലമാവുകയാണ് െചയ്യുക. ഹൃദയത്തിന്റെ മിടിപ്പ് കാര്യക്ഷമല്ലാതെ വരുന്നു. അതായത് ഹൃദയത്തിന്റെ ഒാരോ മിടിപ്പിലും മറ്റ് അവയവങ്ങൾക്ക് ആവശ്യത്തിനു രക്തം പമ്പ് െചയ്തു കൊടുക്കണം. വെൻട്രികുലാർ ഫിബ്രിലേഷൻ അല്ലെങ്കിൽ വെൻട്രികുലാർ ടാക്കികാർഡിയ അവസ്ഥയിൽ ഈ ധർമം നിർവഹിക്കാൻ കഴിയാതെ വരുന്നു. വെൻട്രികുലാർ ഫിബ്രിലേഷനിൽ ഹൃദയത്തിന്റെ പ്രധാനപ്പെട്ട ഇടത്തേ അറ, വെൻട്രിക്കിൾ പ്രവർത്തിക്കുന്നേയില്ല എന്നു കരുതേണ്ടിവരും.
ഫിബ്രിലേഷൻ എന്നു പറഞ്ഞാൽ കാർഡിയാക് അറസ്റ്റ് ആണ്. ഈ അവസ്ഥയിൽ ഹൃദയം പ്രവർത്തിക്കാതെ വരുകയും രണ്ട് മിനിറ്റിൽ കൂടുതൽ ഈ അവസ്ഥയിൽ തുടരുകയും െചയ്താൽ വ്യക്തിയുെട ബോധം നഷ്ടമാവുകയും ഏതാണ്ട് അഞ്ച് മിനിറ്റിനുള്ളിൽ മരണം സംഭവിക്കുകയും െചയ്യുന്നു. ഡിഫിബ്രിലേറ്റർ കൊണ്ട് ഷോക്ക് കൊടുത്താണ് ഈ രോഗികളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത്. എന്നാൽ ചെറിയ ഇടവേളയ്ക്കുള്ളിൽ, അഞ്ച് മിനിറ്റിനുള്ളിൽ ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മിക്കവാറും മരണം സംഭവിക്കും. ഏതാണ്ട് 8 – 10 മിനിറ്റിൽ കൂടുതൽ വ്യക്തി ജീവിച്ചിരിക്കില്ല.
ഉറക്കത്തിൽ അപകടകരമായ ഹൃദയതാളപ്പിഴകൾ സംഭവിക്കാൻ പ്രധാന കാരണം ഹൃദയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഹൃദയരക്ത ധമനികളിലെ ബ്ലോക്കുകൾ ഉള്ള ആളുകൾക്ക് ഉറക്കത്തിൽ പെട്ടെന്നു ഹൃദയാഘാതം വരാം. ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണം നിർഭാഗ്യവശാൽ മരണം തന്നെയാണ്. ഇത് ഹൃദയാഘാതം ഉണ്ടാകുന്ന ഏതാണ്ട് 25 ശതമാനം പേരിൽ സംഭവിക്കുന്നു. ഹൃദയരക്തധമനികളിൽ ബ്ലോക്ക് ഉള്ളവർ, ബ്ലോക്ക് വരാൻ സാധ്യതയുള്ളവർ അതായത് പുകവലിക്കുന്നവർ, പ്രമേഹം, ബിപി എന്നീ രോഗങ്ങൾ ഉള്ളവർ, പ്രായമുള്ളവർ കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുള്ളവർ– ഇങ്ങനെയുള്ളവർക്ക് ഉറക്കത്തിൽ ഹൃദയാഘാതം വരാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. ചുരുക്കം പറഞ്ഞാൽ ഉറക്കത്തിൽ മരണം സംഭവിക്കാനുള്ള പ്രധാന കാരണം ഹൃദയാഘാതമാണ്.
രണ്ടാമത്തെ കാരണം ജന്മനാൽ ഹൃദയത്തിനുള്ള പ്രശ്നങ്ങളാണ്. അതിൽ ഏറ്റവും പ്രധാനം ഹൃദയത്തിന്റെ മാംസപേശികൾക്ക് കട്ടി കൂടുന്ന ഹൈപ്പർട്രോഫിക് ഒബ്സ്ട്രക്റ്റീവ് കാർഡിയോമയോപ്പതി എന്ന അവസ്ഥയാണ്. ഇതു പാരമ്പര്യമായി കാണുന്ന രോഗമാണ്. ഈ അസുഖം പെട്ടെന്നു തന്നെ, മുന്നറിയിപ്പ് ഇല്ലാതെ ഹൃദയത്തിന് താളപ്പിഴകൾ ഉണ്ടാക്കുകയും മരണത്തിലേക്കു നയിക്കുകയും െചയ്യുന്നു. പലപ്പോഴും രോഗികളിൽ യാതൊരു ലക്ഷണങ്ങളും പ്രകടമാവില്ല. ഇങ്ങനെയുള്ളവരാണ് ഉറക്കത്തിൽ മരണപ്പെടാൻ സാധ്യതയുള്ള മറ്റൊരു കൂട്ടർ.
മൂന്നാമതായി ഹൃദയത്തിന്റെ താളപ്പിഴകൾക്ക് കാരണമാകാവുന്ന ചില അസുഖങ്ങളുണ്ട്. ഇലക്ട്രിക്കൽ അബ്നോർമാലിറ്റീസ് ഒാഫ് ദി ഹാർട്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതായാത് ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിൽ വരുന്ന തകരാറുകൾ. ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിൽ വരുന്ന തകരാറുകളെ മെഡിക്കൽ ഭാഷയിൽ ചാനലോപ്പതികൾ എന്നാണ് പറയാറുള്ളത്. അതിൽ പ്രധാനപ്പെട്ടത് ബ്രുഗാഡാ സിൻഡ്രോം (Brugada Syndrome) എന്നു പറയുന്ന ഇസിജിയിൽ കാണുന്ന ഒരു പ്രത്യേകതരം വ്യതിയാനമാണ്.
ഈ വ്യതിയാനം ഉള്ള ആളുകൾക്ക് ഉറക്കത്തിൽ ഹൃദയമിടിപ്പിൽ അപകടരമാംവിധം വ്യതിയാനം സംഭവിച്ച് മരണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നന്നേ ചെറുപ്പത്തിൽ ഉണ്ടാകാവുന്ന ഒരു രോഗമാണിത്. ഈ രോഗവും പാരമ്പര്യമായി കാണാറുണ്ട്. WPW സിൻഡ്രോം എന്ന ഹൃദയത്തിന്റെ വൈദ്യുതി തകരാറിൽ വരുന്ന അസുഖത്തിലും ഉറക്കത്തിൽ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ലോങ് QT സിൻഡ്രോം (Long QT Syndrome) എന്ന അവസ്ഥയുള്ളവർക്കും ഹൃദയമിടിപ്പിൽ അപകടരമായ രീതിയിൽ വ്യത്യാസം വരാം. ഡോക്ടർമാർ ഇസിജി തരംഗങ്ങളിൽ (Waves) Q എന്ന വേവ് തൊട്ട് T എന്ന വേവിന്റെ അവസാനം വരെ എത്ര സമയം എടുക്കും എന്നു കണ്ടുപിടിക്കുന്നതാണ് QT ഇന്റർവെൽ. ഈ QT ഇന്റർവെൽ എന്നു നിരീക്ഷിക്കുന്ന പ്രത്യേക അളവുണ്ട്. ഈ അളവു കൂടുതലുള്ള അവസ്ഥയാണ് ലോങ് QT സിൻഡ്രോം. ഈ അവസ്ഥയുള്ളവർക്കും ഹൃദയതാളപ്പിഴ വന്നു ഹൃദയസ്തംഭനം പെട്ടെന്നു വരാം.
ഹൃദയത്തിന്റെ വലത്തേ അറയിൽ വരാവുന്ന ഒരു അസുഖമാണ് അരിത്‌മോജെനിക് ആർവി ഡിസ്പ്ലേസിയ എന്നത്. ഹൃദയത്തിന്റെ വലത്തേ അറയിലെ മാംസപേശികൾക്കു വരുന്ന തകരാറാണിത്. ഇതിനോടൊപ്പം ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിൽ തകരാർ വരുകയും െചയ്താൽ അപ്രതീക്ഷിതമായി വെൻട്രികുലാർ ഫിബ്രിലേഷനിൽ കലാശിക്കുകയും അപകടം സംഭവിക്കുകയും െചയ്യാം.
ഹൃദയത്തിന്റെ പബ്ബിങ് പ്രവർത്തനം കുറവുള്ളവർക്കു വെൻട്രികുലാർ ഫിബ്രിലേഷനും വെൻട്രികുലാർ ടാക്കികാർഡിയയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവർക്ക് ഉറക്കത്തിൽ അപകടമരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
ചില മരുന്നുകളുെട ഉപയോഗവും വെൻട്രികുലാർ ഫിബ്രിലേഷൻ എന്ന അവസ്ഥ വരുത്താം. മറ്റ് ചില അവയവങ്ങളിലെ രോഗങ്ങളും ഹൃദയതാളമിടിപ്പിൽ വ്യതിയാനം വരുത്താം. ഉദാഹരണത്തിന് ശ്വാസകോശത്തിലെ തകരാർ കാരണം ശരീരത്തിൽ ആവശ്യത്തിനു ഒാക്സിജൻ ലഭിക്കാതെ വരുകയും കാർബൺ ഡൈഒാക്സൈഡിന്റെ അളവ് കൂടുകയും െചയ്താൽ ഹൃദയതാളമിടിപ്പിൽ വ്യത്യാസം വരാം. ഇത്തരം സന്ദർഭങ്ങളിൽ ഉറക്കത്തിലാണെങ്കിൽ രോഗിക്കു ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ഉണരാനും വൈദ്യസഹായം തേടാനും ചിലപ്പോൾ സാധിക്കും. എന്നാൽ ഹൃദ്രോഗം കാരണമാണെങ്കിൽ രോഗിക്കു സഹായം ആവശ്യപ്പെടാൻ കഴിയണമെന്നില്ല. ഒരു ശബ്ദമോ ശാരീരികവ്യതിയാനമോ കാണില്ല. അതിനുമുൻപ് തന്നെ മരണം സംഭവിക്കും. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവർക്കും ഹൃദയതാളപ്പിഴകൾക്കു സാധ്യതയുണ്ട്.
എങ്ങനെ തടയാം?
ഹൃദ്രോഗമുള്ളവർ അല്ലെങ്കിൽ ഹൃദയാഘാതം വന്നവർ അവരുെട മരുന്നുകളിൽ ഒരുതരത്തിലുമുള്ള വ്യത്യാസം വരുത്താൻ പാടില്ല. ഹൃദയാഘാതം വന്നവർ മരുന്ന് മുടക്കിയാൽ പെട്ടെന്നു അത്യാഹിതം സംഭവിക്കാൻ സാധ്യതയുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർ കാണണം. ചിലർക്കു ഉറക്കത്തിനു മുൻപ് െചറിയ നെഞ്ചുവേദന അനുഭവപ്പെടാം. ഇതു ഗ്യാസ് ആണെന്നു കരുതി പലരും അവഗണിക്കാറാണ് പതിവ്. ഹൃദയാഘാതം വന്നവരിൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം. ഇനി ഹൃദയാഘാതം വരാത്ത, എന്നാൽ ഹൃദയാഘാത സാധ്യതയുള്ള ആളുകൾ ലക്ഷണം കണ്ടാൽ വൈദ്യസഹായം തേടണം. ചിലർക്ക് പെടുന്നനെയുള്ള ബോധക്ഷയം സംഭവിക്കാറുണ്ട്. ചില നിമിഷങ്ങൾ കൊണ്ട് തന്നെ പഴയതുപോലെ ആയിട്ടുമുണ്ടാകാം. പെട്ടെന്നുള്ള ഹൃദയതാളമിടിപ്പിലെ വ്യത്യാസം കൊണ്ട് വരുന്നതാണ് ഈ ബോധക്ഷയവും. ഇതു മരണത്തിന്റെ മുന്നറിയിപ്പായി കണക്കാക്കണം. അതിനാൽ തന്നെ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡോക്ടറെ കണ്ട് കാരണം കണ്ടെത്തണം. രക്തബന്ധമുള്ള ആരെങ്കിലും ഉറക്കത്തിൽ മരിക്കുകയോ പെട്ടെന്നു കുഴഞ്ഞുവീണു മരിക്കുകയോ െചയ്തിട്ടുണ്ടെങ്കിൽ ഹൃദയപരിശോധന നിർബന്ധമായും െചയ്യണം.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. എ. ജാബിർ, കാർഡിയോളജിസ്റ്റ്, ലിസി ഹോസ്പിറ്റൽ, എറണാകുളം