Tuesday 02 January 2024 04:53 PM IST : By മനോരമ ആരോഗ്യം ഡസ്ക്

എബിസി ജൂസ്: തിളങ്ങുന്ന പാടുകളില്ലാത്ത ചര്‍മത്തിന് ഒരു മിറക്കിള്‍ ജൂസ്

abcjuice333d

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലായാലും ഭാരം കുറയ്ക്കുന്ന കാര്യത്തിലായാലും വളരെ സാധാരണമായി കേൾക്കുന്ന ഒരു പാനീയമാണ് എബിസി ജ്യൂസ്. സെലിബ്രിറ്റീസിന്റെ ഡയറ്റ് ചാർട്ടിൽ പോലും ഇടംപിടിച്ച , അദ്ഭുത പാനീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ജ്യൂസിന്റെ ഗുണമെന്താണെന്ന് അറിയേണ്ടേ?

എ എന്നാൽ ആപ്പിൾ, ബി എന്നാൽ ബീറ്റ്റൂട്ട്, സി എന്നാൽ കാരറ്റ്. ഇതു മൂന്നും ചേർന്നാൽ എബിസി ജ്യൂസ് ആയി. ഒാരോന്നിന്റെയും ഔഷധഗുണങ്ങൾ നോക്കാം.

∙ ആപ്പിളിൽ ധാരാളം നാരുകളും വൈറ്റമിൻ സി പോലെയുള്ള വൈറ്റമിനുകളും ആന്റി ഒാക്സിഡന്റുകളുമുണ്ട്. കുടലിന്റെ ആരോഗ്യത്തിനു ഗുണകരമായ ആപ്പിൾ ദഹനം മെച്ചപ്പെടുത്തും. ശരീരത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കാതെ പുറത്തുപോകാൻ സഹായിക്കും. ദിവസവും ഒരാപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്നാണ്. അതായത് ആപ്പിൾ പതിവായി കഴിച്ചാൽ പ്രതിരോധശേഷി മെച്ചപ്പെടും , രോഗങ്ങൾ വരാതെ തടയാമെന്നർഥം.

∙ ഇനി ബീറ്റ്റൂട്ടിന്റെ കാര്യമെടുത്താലോ. ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഏറെ ഗുണകരമാണ് ബീറ്റ്റൂട്ട്. ധാരാളം ജലാംശമുണ്ട്. ആവശ്യത്തിനു നാരുകളുമുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിനു ഗുണകരമായ മാംഗനീസുണ്ട്. വളർച്ചയ്ക്ക് അത്യാവശ്യമായ ഫോലേറ്റുണ്ട്. ശരീരത്തിലെ നീർക്കെട്ടു തടയാനും സഹായിക്കും.

∙ കാരറ്റാണെങ്കിൽ വൈറ്റമിനുകളാൽ സമ്പുഷ്ടമാണ്. ചർമത്തിനും കണ്ണിനും ഗുണകരമായ ഒട്ടേറെ വൈറ്റമിനുകൾ കാരറ്റിലുണ്ട്. ബീറ്റാകരോട്ടിൻ പോലുള്ള ആന്റിഒാക്സിഡന്റുകളുമുണ്ട്. നാരുകളും ധാരാളമുണ്ട്.

ഈ മൂന്നിന്റെയും ഗുണങ്ങൾ ഒന്നു ചേർന്നതാണ് എബിസി ജ്യൂസ്.

∙ പ്രഭാതത്തിൽ ആദ്യത്തെ പാനീയമായി ഇതു കുടിക്കുന്നത് ശരീരത്തിൽ നിന്നുള്ള വിഷാംശങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനു സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപു കുടിക്കുന്നത് ഉത്തമം.

∙ ഇവയിലെ നാരുകൾ കുടലിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്റുകൾ ദഹനം മെച്ചപ്പെടുത്തുന്നു.

∙ ചർമത്തിലെ പാടുകളും കുരുക്കളും മാറി ഫ്രഷ് ആകാൻ സഹായിക്കും.

∙ നല്ലൊരു പ്രതിരോധശേഷിയേകുന്ന പാനീയം കൂടിയാണിത്.

∙ ഇതിലെ വൈറ്റമിൻ എ കണ്ണുകളുടെ വരൾച്ചയും ക്ഷീണവും മാറി ഉഷാറാകാൻ സഹായിക്കും.

∙ രക്തക്കുറവു മാറാൻ ഈ പാനീയം ഏറെ നല്ലത്.

∙ ഒരു ചെറിയ കാരറ്റും ഒരു ചെറിയ ബീറ്റ്റൂട്ടും ഒരു ആപ്പിളും ചേർത്ത് മിക്സിയിൽ അടിച്ച് നാരുകൾ നീക്കാതെ ഒരൽപം നാരങ്ങാനീരും ചേർത്തു കഴിച്ചാൽ ഏറെ നല്ലത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ജൂസ് ആക്കാതെ ഇങ്ങനെ കഴിക്കുക.

ഒാൺലൈൻ സൈറ്റുകളിൽ എബിസി ജ്യൂസ് പൗഡർ രൂപത്തിൽ ലഭിക്കും.

ഏതു ഭക്ഷണമായാലും അധികമായാൽ അപകടകരമാണ് എന്നു മറക്കാതിരിക്കുക. കൂടുതൽ ഗുണം കിട്ടാനായി നാലും അഞ്ചും ഗ്ലാസ്സ് കുടിക്കരുത്.

Tags:
  • Manorama Arogyam