Tuesday 13 September 2022 11:24 AM IST

ഗർഭിണിയാകുമ്പോൾ 63കിലോ, പ്രസവം അടുക്കുമ്പോൾ 73: തടിയുള്ള കാന്തിയിൽ നിന്നും മെലിഞ്ഞു സുന്ദരിയായ ഷിബ്‍ല

Sruthy Sreekumar

Sub Editor, Manorama Arogyam

kanthi-shibla

സിനിമയ്ക്കായി വണ്ണം കുറച്ച ധാരാളം പേരുെട അനുഭവങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ കുട്ടിക്കാലം മുതൽ തടിച്ച കുട്ടി എന്ന വിളിപ്പേരിൽ നിന്ന് പുറത്തുവരാൻ, ഇഷ്ടവിഭവങ്ങൾ എല്ലാം കുറച്ച്, മാസങ്ങളുെട പ്രയത്നത്താൽ കഷ്ടപ്പെട്ടു കുറച്ച ശരീരഭാരം സിനിമയ്ക്കു വേണ്ടി കൂട്ടേണ്ടി വന്നാലോ? ആരായാലും ആ െവല്ലുവിളി ഏറ്റെടുക്കാൻ ഒന്നു മടിക്കും. എന്നാൽ ഷിബ്‌ലയ്ക്ക് ആ ടാസ്ക് ഏറ്റെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. ഇഷ്ടഭക്ഷണമൊക്കെ കഴിച്ച്, 63 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഷൂട്ടിങ് പൂർത്തിയാകുമ്പോൾ 89ൽ എത്തിച്ചു ഷിബ്‌ല. എന്നാൽ സിനിമ റിലീസ്സായപ്പോൾ നായികയായ തടിച്ച പെൺകുട്ടിയെ അന്വേഷിച്ചവർക്കു മുന്നിൽ ഞെട്ടിക്കുന്ന മേക്ക് ഒാവറിലാണ് ഷിബ്‌ല പ്രത്യക്ഷപ്പെട്ടത്. മൂന്നു മാസം കൊണ്ട് ശരീരഭാരം 68 കിലോയിലെത്തിച്ചു പഴയ രൂപത്തിലെത്തി ഷിബ്‌ല. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ നായികയായ കാന്തിയെ അവതരിപ്പിച്ച ഷിബ്‌ല തന്റെ ഇരട്ട മേക്കോവറിനെ കുറിച്ച് മനോരമ ആരോഗ്യത്തോട് പങ്കുവയ്ക്കുന്നു.

മധുരത്തോട് പ്രത്യേക ഇഷ്ടം

മലപ്പുറമാണ് എന്റെ നാട്. കുട്ടിക്കാലത്ത് വളരെ മെലിഞ്ഞ കുട്ടിയായിരുന്നു ഞാൻ. ചോറും മറ്റും കഴിക്കുന്നതിനെക്കാൾ സ്നാക്കുകളാണ് എനിക്കു പ്രിയം. മധുരത്തോടു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കൗമാരപ്രായമാപ്പോഴാണ് ശരിക്കും വണ്ണം വയ്ക്കാൻ തുടങ്ങിയത്. ആ സമയത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവന്നതിനാൽ ശാരീരികമായ ആക്ടിവിറ്റികൾ കുറഞ്ഞ സമയമായിരുന്നു. സ്കൂളിൽ വച്ച് ആ തടിച്ച കുട്ടി എന്ന് എന്നെ തിരിച്ചറിയാൻ കൂട്ടുകാർ പറയാൻ തുടങ്ങിയപ്പോഴാണ് ശരീരത്തെ കുറിച്ചു ഞാൻ ബോധവതിയായത്. പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയതേയില്ല. ആ ഇടയ്ക്ക് ഒരു കടയിൽ ഉപ്പയുെട കൂടെ നിൽക്കുകയായിരുന്ന എന്നെ ചൂണ്ടി ഭാര്യ ആണോ എന്ന് ഒരാൾ ഉപ്പയോട് ചോദിക്കുന്നതു ഞാൻ കേട്ടു. പ്ലസ്ടൂ കഴിഞ്ഞ് ഡിഗ്രിക്ക് ചെന്നൈയിൽ പഠിക്കുമ്പോഴാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത മനസ്സിൽ ശക്തമായത്. സ്വന്തമായി ഡയറ്റിൽ ടൈംടേബിൾ വരുത്താൻ ശ്രമിച്ചു. അതൊന്നും ശാസ്ത്രീയമായ രീതിയിൽ അല്ലായിരുന്നു.

ഭക്ഷണം ഉപേക്ഷിച്ചും മറ്റും ഭാരം കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ അതെല്ലാം പരാജയപ്പെട്ടു. ഡിഗ്രി സമയത്ത് പിസിഒഡിക്കു മരുന്നു കഴിച്ചിരുന്നു. ഈ സമയത്ത് എപ്പോഴോ നോക്കിയപ്പോൾ 89 കിലോ ആയിരുന്നു. അതിനുശേഷം ഞാൻ ശരീരഭാരം നോക്കിയിട്ടില്ല. സത്യം പറഞ്ഞാൽ പേടിയായിരുന്നു. ജിമ്മിൽ ജോയിൻ െചയ്തെങ്കിലും അതൊന്നും ശരിയായില്ല. ചെറുതായി യോഗ ഒക്കെ െചയ്യുമായിരുന്നു. തടി കുറയ്ക്കാൻ തീരുമാനിച്ചു ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിന് ഒാസ്ട്രേലിയയിൽ പോകാനായിരുന്നു തീരുമാനം. യാത്രയുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾക്കായി എട്ട് മാസത്തോളം വീട്ടിലുണ്ടായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോഴെല്ലാം എന്റെ വണ്ണത്തെ ചൊല്ലി തൊലി ഉരിഞ്ഞു പോകുന്ന തരത്തിലുള്ള അപമാനമാണ് ഏറ്റിരുന്നത്. സത്യം പറഞ്ഞാൽ കക്ഷി അമ്മിണ്ണിപിള്ളയിലെ കാന്തിയെക്കാൾ വണ്ണമുണ്ടായിരുന്നു ആ സമയത്ത്.

ഒടുവിൽ ഞാൻ തീരുമാനിച്ചു– വണ്ണം കുറച്ചേ മതിയാവൂ. ഭക്ഷണത്തിൽ സ്വന്തമായി ഒരു നിയന്ത്രണം കൊണ്ടുവന്നു. കൊഴുപ്പുള്ള വിഭവങ്ങൾ ഒഴിവാക്കി. കാർബോഹൈഡ്രേറ്റ് വിഭവങ്ങളും നിയന്ത്രിച്ചു. െചറിയ കഷണം ചോക്ലേറ്റ് ആണെങ്കിൽ പോലും അതു രാവിലെ മാത്രമെ കഴിക്കൂ. ഉച്ചയ്ക്കു ചോറിനു പകരം പച്ചക്കറികൾ എടുത്തു കറി ഒഴിച്ചു കഴിക്കും. നോൺവെജ് ഒഴിവാക്കിയിരുന്നില്ല. വീട്ടിൽ ചിക്കനും മറ്റും വറുത്തു കഴിക്കാറില്ല. കറിയാണ് പതിവ്. മീൻ ചെറിയ അളവ് എണ്ണ ഉപയോഗിച്ചാണ് പൊരിക്കുന്നത്. വൈകുന്നേരം ആറ് മണിക്കുശേഷം ഒന്നും കഴിക്കില്ല. ഏഴ് മണിക്ക് ഒരു ഗ്ലാസ് പാൽ കുടിക്കും. എല്ലാവരെയും ഞെട്ടിച്ച മാറ്റം വിവാഹത്തിനൊക്കെ പോകുമ്പോൾ ബിരിയാണിയിലെ ഇറച്ചികഷണങ്ങൾ മാത്രം എടുത്തു റെയ്ത്ത കൂട്ടി കഴിക്കും. നന്നായി വെള്ളം കുടിക്കും. ആദ്യമൊന്നും വീട്ടുകാർ ഇതൊന്നും ശ്രദ്ധിച്ചില്ല.

ആദ്യത്തെ ഒരു മാസം ശരീരത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ പതുക്കെ മെലിയാൻ തുടങ്ങി. ഭക്ഷണം ഉപേക്ഷിച്ചുള്ള ഡയറ്റിങ്ങിനോട് ഉമ്മയ്ക്കു വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. പക്ഷേ എന്റെ നാട്ടിൽ ജിമ്മൊന്നും ഇല്ലായിരുന്നു. ഈ സമയമായപ്പോഴെക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഞാൻ മെലിഞ്ഞു എന്ന് തിരിച്ചറിയാൻ തുടങ്ങി. എല്ലാവർക്കും എന്റെ മാറ്റത്തിന്റെ രഹസ്യമൊക്കെ അറിയണമായിരുന്നു. ആറ്– ഏഴ് മാസം കഴിഞ്ഞപ്പോൾ 58 കിലോയിലെത്തി. ശരിക്കും പുതിയൊരു ജന്മം പോലെയായിരുന്നു. ഇതിനിെട സിനിമയിലേക്ക് അവസരം വന്നു. അതു സ്വീകരിക്കാൻ കഴിഞ്ഞില്ല. ഒാസ്ട്രേലിയൻ യാത്രയും ഉേപക്ഷിച്ചു. പിന്നീട് ആങ്കറിങ് അവസരം വന്നപ്പോൾ അതു സ്വീകരിച്ചു. കുറച്ചു കാലം ആങ്കറിങ്ങും മറ്റുമായി കഴിഞ്ഞു. അപ്പോഴെല്ലാം ശരീരഭാരം 58–60 എന്ന നിലയിൽ ആയിരുന്നു. ഇതിനിെട വിവാഹം കഴിഞ്ഞു.

ഗർഭിണിയാകുന്ന സമയത്ത് 63 കിലോ ആയിരുന്നു ഭാരം. പ്രസവം അടുത്തപ്പോഴെക്കും 73 ഉം. പ്രസവം കഴിഞ്ഞ് ഒരു മാസമൊക്കെ കഴിഞ്ഞ് 68 കിലോയിലെത്തി. സിസേറിയൻ ആയിരുന്നു. എങ്കിലും 15 ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സ്വന്തം കാര്യങ്ങൾ െചയ്യാൻ തുടങ്ങിയിരുന്നു. മോന് 50 ദിവസം പ്രായമായപ്പോൾ ഷോകൾ അവതരിപ്പിക്കാൻ തുടങ്ങി. ഈ സമയത്ത് സുംബ െചയ്യുമായിരുന്നു. ഡയറ്റിലും ശ്രദ്ധിക്കും. മോന്റെ ആദ്യ പിറന്നാൾ ആയപ്പോൾ എന്റെ പഴയ ശരീരഭാരത്തിലെത്തി, 63 കിലോ.

shibla

കാന്തിക്കു വേണ്ടി

കാന്തി എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള ഒാഡിഷനു വിളിക്കുമ്പോൾ 65 കിലോയിരുന്നു ഭാരം. ശരീരഭാരം വീണ്ടും കൂട്ടാമോ എന്ന് ഡയറക്ടറും മറ്റും ചോദിച്ചു. സമ്മതം പറയാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. കാരണം വണ്ണം കൂട്ടുക എന്നത് എന്നെ സംബന്ധിച്ച് വളരെ എളുപ്പമാണ്. കുറയ്ക്കാനാണ് പ്രയാസം. എന്റെ കാര്യത്തിൽ മധുരം കഴിക്കലാണ് വണ്ണം കൂട്ടാനുള്ള എളുപ്പമാർഗം. പിന്നെ ചിക്കനും. വ്യായാമം പൂർണമായും ഉപേക്ഷിച്ചു. പതിയെ ആരോഗ്യം മോശമാകുന്നുണ്ടോ എന്ന് തോന്നാൻ തുടങ്ങി. മകന്റെ പിന്നാലെ അൽപ്പം ഒാടിയാൽ പോലും കിതയ്ക്കാൻ തുടങ്ങി. മാസമുറ ക്രമമല്ലാതായി. ചെറുപ്പത്തിലായാലും എനിക്കും വയറിൽ കൊഴുപ്പടിയുന്നതു കുറവായിരുന്നു. അപ്പർ ബോഡിയിൽ ആയിരുന്നു വണ്ണം മുഴുവൻ. പക്ഷേ ഈ സമയത്ത് വയറിലും കൊഴുപ്പു കൂടാൻ തുടങ്ങി. 75 കിലോയിലെത്തി.

ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും ഒാഡിഷൻ ഉണ്ടായിരുന്നു. ഒാഡിഷൻ കഴിഞ്ഞപ്പോൾ ഡയറക്ടറും മറ്റു ക്രൂ അംഗങ്ങളും ഈ തടി പോരാ, ഇനിയും വണ്ണംവയ്ക്കണം എന്നു പറഞ്ഞു. അങ്ങനെ രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ നല്ല തടിച്ചിയായി. പിന്നെ ഷൂട്ടിങ്ങിൽ ഉടനീളം വണ്ണം അതുപോലെ നിലനിർത്താൻ നല്ല പ്രയാസമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഭാരം കുറയ്ക്കാനായി ജിമ്മിൽ ചേർന്നപ്പോഴാണ് വീണ്ടും ഭാരം നോക്കിയത്. 85 കിലോ. ഞാൻ വിചാരിച്ചാൽ ഭാരം കുറയ്ക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു. പക്ഷേ ആരോഗ്യപ്രശ്നങ്ങൾ വരുമോ എന്നായിരുന്നു ഭയം. ഇരുന്നിട്ട് എഴുന്നേൽക്കാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു.

ജിമ്മിൽ ചേരുന്നതിനു മുൻപ് തന്നെ ‍ഞാൻ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു പിസിഒഡിയ്ക്കു ചികിത്സ ആരംഭിച്ചു. വ്യായാമം കൂടി ആയതോടെ മൂന്നു മാസം കൊണ്ട് 15 കിലോയോളം കുറച്ചു. ജിമ്മിൽ വെയിറ്റ് ട്രെയിനിങ്ങും കാർഡിയോയും െചയ്യും. 10 തവണ കൈയ്ക്കുള്ള വെയ്റ്റ് ട്രെയിനിങ് െചയ്താൽ അതിന്റെ കൂടെ ജംപിങ് ജാക്ക്സോ മൗണ്ടൻ ക്ലൈംബിങ്ങോ െചയ്യും. ഒന്നര മണിക്കൂറോളം വർക്കൗട്ട് െചയ്യുമായിരുന്നു. ഒരു ദിവസം കാർഡിയോ വ്യായാമങ്ങൾ െചയ്താൽ അടുത്ത ദിവസം വെയ്റ്റ് ട്രെയിനിങ് െചയ്യും. ചിലപ്പോൾ വീട്ടിൽ തന്നെ വ്യായാമം െചയ്യുമായിരുന്നു.

ഭക്ഷണകാര്യത്തിൽ ശ്രദ്ധ ഉണ്ടായിരുന്നു. കാർബോഹൈഡ്രേറ്റ് ഒഴിവാക്കി. മൂന്നു മുട്ട വെള്ളയും ഒരു മഞ്ഞക്കരുവും ഒപ്പും പഴങ്ങളും ആയിരുന്നു പ്രഭാതഭക്ഷണം. മധുരം കുറച്ചു. രാത്രി ഭക്ഷണവും ഇല്ല. പകരം അഞ്ച് മണിയോടെ ബ്ലാക്ക് കോഫിയും നട്സും കഴിക്കും. രാത്രി വിശന്നാൽ ചെറിയ കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കും. ഉച്ചയ്ക്കു തോരനിൽ എന്തെങ്കിലും കറി ഒഴിച്ചു കഴിക്കും. പാൽ പൂർണമായി ഒഴിവാക്കിയില്ല. ലോക്ഡൗൺ സമയത്ത് 71 കിലോയിലെത്തി. വീണ്ടും ജിമ്മിൽ ചേർന്നു. ഭാരം കുറയുകയും െചയ്തു.

shibla 4

ശരീരഭാരം കുറയ്ക്കൽ എന്നെ സംബന്ധിച്ച് പ്രയാസങ്ങൾ നിറഞ്ഞവളരെ നീണ്ട യാത്ര തന്നെയാണ്. എന്നാൽ യാത്രയുെട ലക്ഷ്യം ആത്മവിശ്വാസം നിറഞ്ഞ ആരോഗ്യമുള്ള ഷിബ്‌ല എന്നായതിനാൽ ഞാൻ ഹാപ്പിയായി യാത്ര തുടരുന്നു..

Tags:
  • Fitness Tips
  • Manorama Arogyam