Tuesday 02 January 2024 10:11 AM IST : By സ്വന്തം ലേഖകൻ

ചുക്കും നെല്ലിക്കയും വിഴാലരിക്കൂട്ടും കരിങ്ങാലിക്കാതൽ വെള്ളവും: പാർശ്വഫലങ്ങളില്ലാതെ വണ്ണം കുറയ്ക്കാൻ ശാസ്ത്രീയ ആയുർവേദ മാർഗങ്ങൾ

homeo 4

ആരോഗ്യത്തെ ബാധിക്കും വിധം ആവശ്യത്തിലധികം എത്തുന്ന പോഷകാംശങ്ങൾ കൊഴുപ്പായി സൂക്ഷിക്കുന്നതാണ്‌ അതിസ്ഥൗല്യം അഥവാ പൊണ്ണത്തടി എന്ന് പറയുന്നത്. അപൂർവ്വമായി ചില രോഗങ്ങളും പൊണ്ണത്തടിക്കു കാരണമാകാം. ക്രമാതീതമായി തടി കൂടുമ്പോൾ ഹൃദ്രോഗം, രക്താതിമർദം, പ്രമേഹം, അർബുദം, വന്ധ്യത, എല്ല് തേയ്‌മനം, കിതപ്പ് എന്നിവ വാരനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ എല്ലാം മൂലകാരണം നമ്മുടെ ശരീരത്തിന്റെ ഉപാപചയ പ്രക്രിയയിൽ ഉണ്ടാവുന്ന തകരാറുകളാണ്. ആയതിനാൽ നമ്മുടെ പൊക്കത്തിന് അനുപാതത്തിൽ ശരീരഭാരം നിലനിർത്താൻ കൃത്യമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.

"ഹിതാഹാരം മിതായാസം" എന്ന ആയുർവേദ തത്ത്വമാണ് നമ്മൾ എല്ലാവരും ശീലിക്കേണ്ടത്. കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തിനും കാലത്തിനും ദേശത്തിനും ഹിതമുള്ളവ ആയിരിക്കണം.ഉദാഹരണം ഭൂമിക്കടിയിൽ ഉണ്ടാകുന്ന എല്ലാ കിഴങ്ങും (ചേന ഒഴികെ) പ്രമേഹ രോഗികളിൽ ശരീരത്തിന് ഹിതമല്ല.

സീസണൽ ഫലങ്ങളായ ചക്കയും മാങ്ങയും ഒക്കെ അതത് കാലത്ത് മാത്രമേ ഹിതമാകുകയുള്ളൂ. മറിച്ച് 365 ദിവസവും ലഭിക്കാൻ വേണ്ടി ചെയ്യുന്ന രാസ പ്രയോഗങ്ങളും ജനിതക പരീക്ഷണങ്ങളും ഒരിക്കലും ഹിതമാവാൻ തരമില്ല. നമ്മുടെ നാട്ടിൽ എപ്പോഴും ഉണ്ടാകുന്ന കപ്പളങ്ങാ നമുക്ക്‌ ദേശഹിതമാണ്, മറിച്ച്‌ അന്യനാട്ടിൽ നിന്ന് കൊണ്ടുവരുന്ന ഫലങ്ങൾ ദേശഹിതമല്ല. മിതായാസം എന്നാൽ നമ്മുടെ ശക്തിയുടെ പകുതി മാത്രമേ വ്യായാമത്തിന് ഉപയോഗിക്കാവൂ എന്നാണ്. അധിക വ്യായാമം തടി കുറയ്ക്കുമെങ്കിലും മറ്റു പല രോഗങ്ങൾക്കും കാരണമായേക്കാം. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്ന ഒരു ശീലം നമ്മുടെ നാട്ടിൽ സാധാരണമാണ്. കൊഴുപ്പിന് പകരം ശരീരത്തിന്റെ മധുരാംശവും മാംസപേശികലകളും നശിച്ച്‌, ബോധക്കേട്, രക്തക്കുറവ്, ക്ഷയരോഗം എന്നിവ ഉണ്ടാകാമെന്നറിയുക.

ലക്ഷണങ്ങൾ

ആയുർവേദ ശാസ്ത്രം നോക്കിയാൽ ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പൊണ്ണത്തടി നിശ്ചയിക്കുന്നത്. "മേദസും മാംസവും അധികമായിട്ട്
കൂട്ടമായി വർദ്ധിച്ചാൽ, തുടകൾ, വയറ്, സ്തനങ്ങൾ എന്നീ അവയവങ്ങൾക്ക് ചലനമുണ്ടാകും. സാമർത്ഥ്യവും ഉത്സാഹവും വേണ്ടത്ര ഉണ്ടായിരിക്കുകയില്ല. ഈ ലക്ഷണങ്ങൾ ഉള്ളവൻ അതിസ്ഥൂലനാകുന്നു. പൊണ്ണത്തടിയിൽ നിന്ന് മെലിയുക എന്നത് അത്ര എളുപ്പത്തിൽ സാധിക്കുന്ന ഒരു കാര്യം അല്ല. എന്നിരുന്നാലും തുടർച്ചയായി ചിട്ടയോടെയുള്ള വ്യായാമവും ഭക്ഷണത്തിൽ കൊഴുപ്പും മധുരവും കുറയ്ക്കുകയും  ഔഷധ സേവയും ചെയ്താൽ ശരീരം നമ്മുടെ ആത്മാർത്ഥയെ മാനിച്ചു കൊണ്ട് മെലിയുന്നതായി കാണാൻ സാധിക്കും.

കരിങ്ങാലി കാതൽ വെള്ളം

ശീലിക്കേണ്ടവ

1. വാതത്തെ ശമിപ്പിക്കുന്നതും കഫവും മേദസ്സും വർധിക്കാത്തതുമായ മുതിര,ചെറുപയർ, യവം തുടങ്ങിയവ ശീലിക്കാം. കഞ്ഞി കഴിക്കുന്നവർ കൊഴുപ്പു വാർത്തതിനു ശേഷം ചൂടുവെള്ളം ചേർത്ത് കഞ്ഞി ആക്കി കുടിക്കാം. ബാർലി അരി ആണ് ഉത്തമം

2. കരിങ്ങാലി കാതൽ, വേങ്ങ കാതൽ ഇട്ട് തിളപ്പിച്ച വെള്ളം നിത്യവും കുടിക്കാം.

3. രൂക്ഷമായ ഔഷധങ്ങളും മറ്റും ഉപയോഗിച്ച്‌ ശരീരത്തിൽ തിരുമ്മുക വഴി കൊഴുപ്പ് കുറയുകയും ക്രമേണ വണ്ണം കുറയുകയും ചെയ്യും. കുളിക്കുമ്പോൾ സോപ്പിന് പകരം ഇത്തരം പൊടികൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

4. കൃത്യമായ ഇടവേളകളിൽ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം.

5. മൂന്നു നേരവും കൃത്യ സമയത്തു ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. അത്താഴം കഴിവതും 8 മണിക്ക് മുൻപ് ആക്കിയാൽ നന്ന്.

ദഹിച്ചശേഷം മതി ഭക്ഷണം

1. മത്സ്യമാംസാദികൾ, മുട്ട, പാൽ, നെയ്യ്, തൈര്, വറവ് പലഹാരങ്ങൾ, ഫ്രിജിൽ വച്ച ആഹാരം എന്നിവ ഒഴിവാക്കണം.

2. അന്നജം (കാർബോഹൈഡ്രേറ്റ്) കൂടുതൽ അടങ്ങിയ ചോറ്‌, പഞ്ചസാര, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഒഴിവാക്കണം.

3. ഒരിക്കൽ കഴിച്ച ഭക്ഷണം ദഹിച്ചു കഴിയാതെ വീണ്ടും വീണ്ടും ഭക്ഷണം കഴിക്കുന്ന ശീലം മാറ്റണം.

4. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കരുത്.

5. പകലുറക്കം ഒരിക്കലും പാടില്ല.

വണ്ണം മാത്രമല്ല എല്ലാ രോഗത്തിനും പൊടിക്കൈകൾ അന്വേഷിക്കുക എന്നത് മനുഷ്യന്റെ ജന്മവാസനയാണ്. ഏതൊരു രോഗമായാലും അത് മാറണം എങ്കിൽ നമ്മൾ അതിനായി പറഞ്ഞിട്ടുള്ള ആഹാരവിഹാരങ്ങൾ ശീലിക്കുകയും,ഔഷധസേവയും അനിവാര്യമാണ്.

ആയുർവേദ ചികിത്സാരീതികൾ

പൊതുവെ വണ്ണം കുറയ്ക്കണം എന്ന് പറഞ്ഞു വരുന്ന രോഗികളോട്‌ ഏതൊരു രോഗത്തിന് എന്നപോലെ രോഗകാരണം മനസ്സിലാക്കി കൊടുക്കുക എന്നതാണ് ആദ്യം ചെയ്യുക.

∙ ഉദ്വർത്തനം (പൊടി തിരുമ്മൽ):

ശരീരത്തിന് പ്രതിലോമമായി രൂക്ഷമായ ചൂർണ്ണങ്ങൾ ഉപയോഗിച്ചു തിരുമ്മുന്ന രീതിയാണിത്.

ഒാരോ രോഗിയുടെ ശരീര അവസ്ഥ മനസിലാക്കിയ ശേഷം മാത്രമാണ് ചൂർണ്ണം നിശ്ചയിക്കുന്നത്.  കൊലകുലത്ഥാദി ചൂർണം, ത്രിഫലാദി ചൂർണം, ധാന്യചൂർണ്ണം എന്നിവ യുക്തിക്ക് അനുസരിച്ചു ഉപയോഗിക്കാം.

∙ മേദോഹര ഔഷധങ്ങൾ ചേർത്ത് കഷായ വസ്തി (എനിമ) ചെയ്യുന്നത് ഏറെ ഗുണകരമാണ്.

∙ ശരീരം വിയർപ്പിക്കൽ എന്ന ചികിത്സയും നല്ലതു തന്നെ.

വണ്ണം കുറയ്ക്കാനായി ഉപയോഗിക്കുന്ന ചില ഔഷധങ്ങൾ ഇവയാണ് :

1.വരാദി/ വരാസനാദി കഷായം

2.വരണാദി കഷായം

3.പഞ്ചകോലകുലത്ഥാദി കഷായം

4.മേദോഹര ഗുൽഗ്ഗുലു

5.നവക ഗുൽഗ്ഗുലു

6.വിളങ്കാദി ചൂർണ്ണം

ഈ ഔഷധങ്ങൾ യുക്തിപൂർവ്വം ഉപയോഗിക്കുക വഴി പൊണ്ണതടി കുറയ്ക്കാൻ സഹായിക്കും.

അമിതവണ്ണം കുറയ്ക്കാനുള്ള ആയുർവേദ മാർഗങ്ങൾ സ്വയം പരീക്ഷിക്കരുത്. വൈദ്യനിർദേശത്തോെട മാത്രമെ ചികിത്സ സ്വീകരിക്കാവൂ.

വണ്ണം കുറയ്ക്കാൻ പ്രയോഗങ്ങൾ

മുതിര, ചാമ, യവം, ചെറുപയർ, ൈതരിന്റെ െതളിവെള്ളം, മോര്, ത്രിഫല, ചിറ്റമൃത്, കടുക്ക, മുത്തങ്ങ, ഗുൽഗുലു, വെളുത്തുള്ളി, കുടംപുളി, കന്മദം എന്നിവയുെട വിവിധതരം പ്രയോഗങ്ങൾ അമിതവണ്ണം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. യവം, തൂവർച്ചിലയുപ്പ്, ചുക്ക്, വിഴാലരി, നെല്ലിക്ക സമം പൊടിച്ച്, ശുദ്ധമായ തേൻ ഒരു ടീസ്പൂൺ ചേർത്തു ദിവസവും രാത്രി കഴിക്കുക. ശേഷം ചൂടുവെള്ളം കുടിക്കുക. ദിവസവും ത്രിഫല കഷായം വച്ചു രാത്രി കഴിക്കുക. ഈ രണ്ടു യോഗങ്ങളും അമിതവണ്ണം കുറയ്ക്കുന്നതിനു ഫലപ്രദമായി കണ്ടിട്ടുണ്ട്.

ഡോ. ഋഷികേഷ് എൻ.

മാനേജിങ് ഡയറക്ടർ &  ഫിസിഷ്യൻ
അഷ്ടവൈദ്യൻ വയസ്കര കൃഷ്ണൻ മൂസസ് മെമ്മോറിയൽ
നാരായണീയം ആര്യ ആയുർവേദം, കോട്ടയം

Tags:
  • Fitness Tips
  • Manorama Arogyam
  • Diet Tips