Wednesday 27 September 2023 05:43 PM IST : By സ്വന്തം ലേഖകൻ

പ്രതിരോധശേഷി കൂട്ടും ഹെൽത്തി ബ്രോക്‌ലി ബദാം സൂപ്പ്...

brocc2324

പനി ഉൾപ്പെടെയുള്ള വ്യാധികളുടെ കാലമാണ്. അതു കൊണ്ടു തന്നെ പ്രതിരോധ ശേഷി വളരെ പ്രധാനമാണ്. ഇതാ ബ്രോക്‌ലിയും ബദാമും ചേർന്ന ഒരു സൂപ്പ്. വെളുത്തുള്ളിയും കുരുമുളകും ഒലിവ് എണ്ണയുമൊക്കെ സൂപ്പിന്റെ ഭാഗമാകുന്നുണ്ട്. പ്രതിരോധശക്തി നൽകുന്നതിൽ ബ്രോക്‌ലി മുൻപന്തിയിലാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഈ സൂപ്പ് വളരെ മികച്ചതാണെന്നു പോഷകാഹാര വിദഗ്ധർ വിവയിരുത്തുന്നു. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളിൽ നിന്നു പെട്ടെന്നു മുക്തി നേടുന്നതിനും ഇതു സഹായിക്കുന്നു.

ചേരുവകൾ

ബ്രോക്‌ലി – ഒരു കപ്പ് ചെറുതായി അരിഞ്ഞത്

സവാള – ഒന്ന് , ചെറുതായി അരിഞ്ഞത്

ബദാം പൊടിച്ചത് (വറുത്തത്) – 50 ഗ്രാം

പാട നീക്കിയ പാൽ – അര കപ്പ്

വെളുത്തുള്ളി – നാല് അല്ലി, ചെറുതായി അരിഞ്ഞത്

ഉപ്പ് – ആവശ്യത്തിന്

ചെഡർ ചീസ് – അര കപ്പ്

കുരുമുളക് – ആവശ്യത്തിന്

ഒലിവ് എണ്ണ – 1ടീസ്പൂൺ

വെള്ളം – പാകത്തിന്

തയാറാക്കുന്ന വിധം

ചെറിയ കഷണങ്ങളാക്കിയ ബ്രോക്‌ലിയിലേക്ക് ആവശ്യത്തിനു വെള്ളം ചേർത്ത ശേഷം, വെളുത്തുള്ളി, ഒരു നുള്ള് ഉപ്പ് എന്നിവയും ചേർത്ത് അഞ്ച് മുതൽ പത്തു മിനിറ്റ് വരെ വേവിക്കുക. ശേഷം ഇതു തണുക്കാൻ അനുവദിക്കണം.

ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവ് എണ്ണ ഒഴിച്ച് , വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും ചേർത്തു വഴറ്റുക. ഇനി തീ അണച്ച് ഇത് തണുക്കാൻ അനുവദിക്കുക. ഇതും നേരത്തെ വേവിച്ച ബ്രോക്‌ലിയും ഒരു ജാറിൽ എടുത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഒരു പാൻ ചൂടാക്കിയശേഷം അരച്ചെടുത്ത ബ്രോക്‌ലി പ്യൂരി ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഒരൽപം പാൽ, ചെഡർ ചീസ് എന്നിവയും ചേർത്ത് സൂപ്പ് കുറുകി വരുന്നതു വരെ പാകം ചെയ്യുക.

ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകും ചേർത്ത് വീണ്ടും ഒരു 4-5 മിനിറ്റ് പാകം ചെയ്യുക. ഇതിന്റെ മുകളിൽ ബദാം കൊണ്ട് അലങ്കരിച്ചശേഷം ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം.

തയാറാക്കിയത്

ലക്ഷ്മി എസ്.

ന്യൂട്രിഷനിസ്‌റ്റ്

ആലപ്പുഴ

Tags:
  • Manorama Arogyam