Saturday 21 September 2024 04:06 PM IST : By സ്വന്തം ലേഖകൻ

ഗർഭകാലത്ത് വണ്ടിയോടിച്ചാൽ അബോർഷൻ ആകുമോ? സീറ്റ്ബെൽറ്റ് ഇടുന്നത് കുഞ്ഞിനു ദോഷമോ? വിദഗ്ധനിർദേശം അറിയാം

preg3454

 ഗർഭകാലത്ത് ആദ്യ മൂന്നു മാസവും അവസാന മൂന്നു മാസവുമാണ് വണ്ടിയോടിക്കുന്നത് ഒഴിവാക്കണമെന്നാണ് പൊതുധാരണ. പക്ഷേ, ഡോക്ടർ  പ്രത്യേകിച്ച് വിശ്രമമൊന്നും നിർദേശിച്ചിട്ടില്ലെങ്കിൽ, റിസ്ക് ഇല്ലാത്ത ഗർഭമാണെങ്കിൽ ഗർഭകാലത്ത് ടൂ വീലറോ കാറോ ഒാടിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നമൊന്നുമില്ലെന്നാണ് തിരുവനന്തപുരം എസ്‌യുറ്റി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാൾ പറയുന്നത്.  ‘‘ സത്യത്തിൽ ഗർഭകാലത്ത്  വാഹനഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വണ്ടിയോടിച്ചാൽ അബോർഷൻ ആകും,  ഗിയർ മാറ്റുന്നത് ആയാസമുണ്ടാക്കും എന്നൊക്കെള്ളതു തെറ്റായ ധാരണയാണ്. ശരിയായ സുരക്ഷാസംവിധാനങ്ങൾ പാലിച്ചു വണ്ടിയോടിക്കുക.   ശരീരത്തിൽ  ശക്തമായ ഒരു അസ്ഥികവചത്തിനുള്ളിൽ ഗർഭപാത്രമെന്ന അറയിൽ സുരക്ഷിതമായാണ് കുഞ്ഞു കിടക്കുന്നത്. വണ്ടിയുടെ സാധാരണ ചലനം  കൊണ്ട് കുഞ്ഞിന് കുഴപ്പമൊന്നും വരില്ല.  തീവ്രതയോടെ വീഴുകയോ വയറ് ഇടിക്കുകയോ ഒക്കെ ചെയ്താലേ പ്രശ്നമുള്ളു.

അവസാന മൂന്നുമാസം ആകുമ്പോഴേക്കും വയർ വലുതായിട്ടുണ്ടാകും. സന്ധികളും സ്നായുക്കളുമൊക്കെ അയഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് ഉളുക്കുണ്ടാകാൻ സാധ്യത കൂടുതലാണ്. ഒരൽപം കൂടുതൽ ശ്രദ്ധ വേണം ഈ സമയത്ത്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഒാടിക്കുമ്പോൾ.  പക്ഷേ, ചെറിയ ദൂരമൊക്കെ (ഒരു മണിക്കൂറിൽ താഴെ) ഈ സമയത്തും വണ്ടി ഒാടിക്കാം. എന്നാൽ, ഗർഭകാലത്ത്, പ്രത്യേകിച്ച് ഗർഭത്തിന്റെ അവസാനമാസങ്ങളിൽ ദീർഘദൂര  ( 5–6 മണിക്കൂർ തുടർച്ചയായി) ഡ്രൈവിങ് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കാം. ഒഴിവാക്കുന്നതാകും ഉചിതം.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ ചിലർക്ക് ഗർഭത്തിന്റെ ആദ്യമാസം തുടർച്ചയായ ഛർദിയും തലകറക്കവും കാണും. അങ്ങനെയുള്ളവർ വണ്ടിയോടിക്കാതിരിക്കുക. ഛർദിക്കു കഴിക്കുന്ന ഗുളിക മയക്കം വരുത്തുന്നതുമൂലവും അപകടം സംഭവിക്കാം.   ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികളായ ഗർഭിണികൾക്ക് ഷുഗർ താഴ്ന്ന്  തലകറക്കം അനുഭവപ്പെടാം.  ഇവരും തനിച്ചു ഡ്രൈവ് ചെയ്യരുത്.

∙ ഒരു കുപ്പി വെള്ളം കൈ എത്തുന്നിടത്ത് കരുതാം  സിഗ്നലിൽ കിടക്കുമ്പോഴും മറ്റും കുടിക്കാം.

∙ നാലുചക്ര വാഹനമാണെങ്കിൽ വയറ് തള്ളി നിൽക്കുന്നതു മൂലം സീറ്റ് ബെൽറ്റ് കൃത്യമായി ഇടാൻ പ്രയാസം വരാം. സീറ്റ്ബെൽറ്റ് മുറുകിക്കിടക്കുന്നതു കുഞ്ഞിനു ദോഷമാണെന്നു കരുതി  ഇടാതിരിക്കുന്നവരുമുണ്ട്. ഗർഭത്തിന്റെ ഏതു ഘട്ടമായാലും സീറ്റ്ബെൽറ്റ്  ഇടുക.

∙  എയർബാഗ് റിലീസാകുന്നതു മൂലമുള്ള ആഘാതം കുറയ്ക്കാൻ സീറ്റ് കഴിയുന്നത്ര പിന്നിലേക്കു തള്ളിവയ്ക്കാം.    

 

Tags:
  • Manorama Arogyam
  • Health Tips