ശരീരത്തിൽ കൊഴുപ്പ് അ മിതമായി അടിഞ്ഞു കൂടുന്നതാണ് അമിതവണ്ണത്തിനു കാരണം. സ്ത്രീകളിൽ കൊഴുപ്പിന്റെ അളവു മുപ്പതു ശതമാനത്തിലധികവും പുരുഷന്മാരിൽ ഇരുപത്തിയഞ്ചു ശതമാനത്തിലധികവുമാണെങ്കിൽ അമിതവണ്ണമാണ്. വളരെ കുറച്ചു വ്യായാമവും വളരെയധികം ഭക്ഷണവുമാണ് അമിതവണ്ണത്തിന്റെ പ്രധാനവും സാധാരണവുമായ കാരണം - ഈ വിഷയത്തിൽ ആയുർവേദത്തിന്റെ വീക്ഷണങ്ങൾ അറിയാം
ജീവിതശൈലിയും രോഗങ്ങളും
വ്യായാമമില്ലായ്മ, അമിത ഉറക്കം പ്രത്യേകിച്ചും പകലുറക്കം, കഫത്തെ വർധിപ്പിക്കുന്ന ആഹാരവിഹാരങ്ങൾ, മധുരരസമുള്ളതും കൊഴുപ്പുള്ളതുമായ ആഹാരപാനീയങ്ങളുടെ അധിക ഉപയോഗം എന്നിവ അമിതവണ്ണത്തിനു കാരണമാകും. രാത്രിയും പകലും ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നത് അമിതവണ്ണം ഉണ്ടാക്കും.
പാരമ്പര്യമായി വണ്ണം കൂടിയവരുണ്ട്. ഹോർമോണുകളുടെ പ്രവർത്തനവൈകല്യങ്ങളും ഗർഭാശയം നീക്കം ചെയ്യുന്നതും സ്ത്രീകളിൽ അമിതവണ്ണത്തിനു കാരണമാകുന്നുണ്ട്. പല രോഗങ്ങളുടേയും അനുബന്ധരോഗങ്ങളായും അമിതവണ്ണം ഉണ്ടാകാറുണ്ട്. രോഗങ്ങൾ മൂലമുള്ള അമിതവണ്ണം ബന്ധപ്പെട്ട പരിശോധനകളിലൂടെ മനസ്സിലാക്കി പരിഹരിക്കാം. ചിലതരം ഔഷധങ്ങളുടെ ഉപയോഗവും അമിതവണ്ണത്തിനു കാരണമാകുന്നു.
അമിതവണ്ണവും രോഗങ്ങളും
വാതരോഗങ്ങൾ, മുട്ടുവേദന, ഉപ്പൂറ്റി വേദന, നെഞ്ചെരിച്ചിൽ, അമിതകൊളസ്ട്രോൾ, പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗങ്ങൾ, ആർത്തവ സംബന്ധമായ രോഗങ്ങൾ, ശ്വാസതടസ്സം, ത്വക് രോഗങ്ങൾ, വന്ധ്യത എന്നീ രോഗങ്ങൾ അമിതവണ്ണം കൊണ്ടു കൂടി ഉണ്ടാകുന്നതാണ്. അമിതവണ്ണം പിത്താശയരോഗങ്ങൾ, കരൾരോഗങ്ങൾ, സ്തനാർബുദം, ഗർഭാശയ കാൻസർ എന്നിവയ്ക്കു സാധ്യതയൊരുക്കുന്നു.
അമിതവണ്ണത്തിൽ മേദസാണു കൂടുതലായി വർധിക്കുന്നത്. ശരീര ധാതുക്കൾക്കു പുഷ്ടിയുണ്ടാകുന്നില്ല. ആരോഗ്യ പൂർണമായ ശരീരത്തിൽ യാതൊരു ഉത്സാഹവും കാണുകയില്ല. അത്യധികമായ വിശപ്പ്, ദാഹം, അമിതവിയർപ്പ്, ശ്വാസമെടുക്കാൻ പ്രയാസം, അതിയായ ഉറക്കം, ശരീരദുർഗന്ധം, ഞരങ്ങൽ, ശരീരത്തിനു തളർച്ച, വിക്കി വിക്കി സംസാരിക്കുക എന്നിവ വർധിച്ച അമിതവണ്ണത്തിൽ പ്രകടമായി കാണാം. ആസനം, ഉദരം, സ്തനങ്ങൾ ഇവ എപ്പോഴുമെന്നതുപോലെ ചലിച്ചു കൊണ്ടിരിക്കും. മേദസ് അമിതമായി വർധിക്കുക നിമിത്തം ശാരീരികമായി യാതൊരു പ്രവൃത്തികളും ചെയ്യാൻ കഴിയില്ല. മേദസുകളാൽ സ്രോതസുകൾക്കു മാർഗരോധം വരുന്നതുകൊണ്ടു ലൈംഗികശക്തി ക്രമേണ നഷ്ടപ്പെടുന്നു.
എങ്ങനെ നിയന്ത്രിക്കാം?
ശരിയായി വ്യായാമം ചെയ്യുക, ഭക്ഷണത്തിൽ കൊഴുപ്പും മധുരവും കുറയ്ക്കുക, സമീകൃതവും നിയന്ത്രിതവുമായ ഭക്ഷണക്രമം ശീലിക്കുക, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഔഷധങ്ങൾ കഴിക്കുക, ആയുർവേദം നിർദേശിക്കുന്ന പഞ്ചകർമ ചികിത്സകളും മറ്റു ചികിത്സാക്രമങ്ങളും ചെയ്യുക, ദിനചര്യകൾ അനുഷ്ഠിക്കുക. എന്നിവയാണ് അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ.
വണ്ണം കുറയ്ക്കും ഔഷധങ്ങൾ
കുടകപ്പാലയരി, കൊന്നത്തൊലി, ദേവതാരം, മഞ്ഞൾ, മരമഞ്ഞൾ, മുത്തങ്ങ, പാടക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, ത്രിഫലത്തോട്, വേപ്പിൻതൊലി ഇവ കഷായമായി കഴിക്കുക. ഇവ തന്നെ പൊടിച്ചു ലേപനം ചെയ്യുക ഇതൊക്കെ അമിതവണ്ണത്തിൽ ഫലപ്രദമായ ഔഷധങ്ങളാണ്. ഈ മരുന്നുകളിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.
വരാദികഷായം,വരണാദികഷായം, ഗുൽഗുലുതിക്തകം കഷായം എന്നീ കഷായങ്ങൾ വിധിപ്രകാരവും അനുപാനത്തോടൊപ്പവും പഥ്യത്തോടു കൂടിയും കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും. മുതിര, ചാമ, യവം, തിന, തൈരിന്റെ തെളിഞ്ഞവെള്ളം, മോര്, ത്രിഫല. ചിറ്റമൃത്, കടുക്ക, മുത്തങ്ങ, ഗുൽഗുലു, വെളുത്തുള്ളി, കന്മദം എന്നിവയുടെ വിവിധ പ്രയോഗങ്ങൾ അമിതവണ്ണം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.
യവം, തൂവർച്ചിലയുപ്പ്, ചുക്ക്, വിഴാലരി, നെല്ലിക്ക എന്നിവ സമം പൊടിച്ചത് ഒരു ടീസ്പൂൺ തേൻ ചേർത്തു കഴിക്കുക. ത്രിഫല കഷായം വച്ചു ദിവസവും രാത്രി കഴിക്കുക. ഈ രണ്ടു യോഗങ്ങളും അമിതവണ്ണം കുറയ്ക്കുന്നതിനു ഫലപ്രദമാണ്.
മറ്റു ചികിത്സാവിധികൾ
ഒൗഷധങ്ങൾ കഴിക്കുന്നതിനോടൊപ്പം യുക്തമായ പഞ്ചകർമ ചികിത്സകളും മറ്റ് ആയുർവേദ ചികിത്സകളും വൈദ്യനിർദേശാനുസരണം െചയ്യണം. ഉദ്വർത്തനം, അഭ്യംഗം, സ്വേദനം, വിവിധതരം കിഴികൾ എന്നിവയും രോഗിയുടെ സ്ഥിതി അനുസരിച്ചു ചെയ്യാം. കഷായവസ്തി, ലേഖന വസ്തി, വിേരചനം എന്നിവയും ഫലപ്രദമായി കണ്ടിട്ടുണ്ട്.
നടക്കുക, ഓടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങൾ അമിതവണ്ണം കുറയ്ക്കും. യോഗ ചെയ്യുന്നതും അമിതവണ്ണത്തെ ഇല്ലാതാക്കും.
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മാംസം, മുട്ട, തൈര്, നെയ്യ്, പാൽ, വലിയ മത്സ്യങ്ങൾ, ഐസ്ക്രീം, വറുത്ത ആഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണം. അന്നജത്തിന്റെയും കൊഴുപ്പിന്റെയും അളവു കുറയ്ക്കണം. വിവിധതരം ഇലക്കറികൾ, കാരറ്റ്, കാബേജ്, തക്കാളി, ബീറ്റ്റൂട്ട്, പാവക്ക, കുമ്പളങ്ങ, ചുരക്ക, ഉള്ളി പീച്ചിങ്ങ, വെണ്ടയ്ക്ക, മുരിങ്ങക്കായ, കക്കരിക്ക, സവാള, ചെറുനാരങ്ങ, കുടംപുളി എന്നിവ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
മുന്തിരി, ഓറഞ്ച്, പപ്പായ, മങ്കോസ്റ്റീൻ, ആപ്പിൾ, പേരയ്ക്ക, മുസമ്പി, മാതളം എന്നിവ കഴിക്കാം. അരി, ഗോതമ്പ് എന്നിവ ചേർത്ത ആഹാരങ്ങൾ ഒഴിവാക്കുകയോ ദിവസം ഒരു നേരമായി കുറയ്ക്കുകയോ വേണം.
വണ്ണം കുറവു തന്നെയാണു നല്ലത് എന്നാണ് ആയുര്‍വേദം പറയുന്നത്. കാരണം വണ്ണം കൂടുതലുള്ളവരെ ചികിത്സിക്കുക ദുഷ്കരമാണ്.
ഡോ. കെ. എസ്. രജിതൻ
സൂപ്രണ്ട്, ഒൗഷധി പഞ്ചകർമ
ആശുപത്രി ആൻഡ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട്, തൃശൂർ