Tuesday 10 September 2024 10:44 AM IST : By സ്വന്തം ലേഖകൻ

ബാധ കയറലായോ മനോരോഗമായോ തെറ്റിധരിക്കാം: അപസ്മാരം തിരിച്ചറിയാൻ ലക്ഷണങ്ങളും ചികിത്സയും

epilepsy67576

വിവിധ പഠനങ്ങളില്‍ ഇന്ത്യയില്‍ അപസ്മാരത്തിന്റെ വ്യാപനം 1000 ന് 5.59-10 ആണെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇതു 1000 ജനസംഖ്യയില്‍ 4.7 ആണ്. നമ്മുടെ സമൂഹത്തില്‍ ബാധ കയറല്‍ എന്നൊക്കെ ഒരുപാട് മിഥ്യാധാരണകള്‍ നിലനില്‍ക്കുന്ന ഒരു അസുഖമാണ് ജന്നി, ചുഴലി അഥവാ അപസ്മാരം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിനുള്ളിലെ ഞരമ്പുകളും അവ തമ്മിലുള്ള പരസ്പരസംവേദനവും കാരണം ആണ്. ഞരമ്പുകള്‍ ഉത്പ്പാദിപ്പിക്കുന്ന ചില രാസവസ്തുക്കളോ വൈദ്യുത തരംഗങ്ങളോ വഴിയാണ് ഈ പരസ്പരസംവേദനം. ഇപ്രകാരം സംവദിക്കുന്നതിലെ തകരാറു മൂലം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ആണ് ജെന്നിക്ക് ആധാരം. തുടര്‍ച്ചയായി ജെന്നി വരുന്നതിനെ ആണ് അപസ്മാരം എന്ന് പറയുന്നത്.

ജെന്നിയുടെ ലക്ഷണങ്ങള്‍

സാധരണയായി കാണപ്പെടുന്ന ജെന്നിയുടെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ് :-

· ശരീരം മൊത്തത്തില്‍ പ്രത്യേകിച്ച് കൈകാലുകളുടെയും തലയുടെയും വെട്ടല്‍. ഇതോടൊപ്പം ബോധക്ഷയവും അറിയാതെ ഉള്ള മലമൂത്ര വിസര്‍ജ്ജനവും ചിലപ്പോള്‍ ഉണ്ടാകാം. നാക്കില്‍ മുറിവേല്‍ക്കുന്നതും സാധാരണമാണ്.

· ഹ്രസ്വ നേരത്തേക്കുള്ള മയക്കം അല്ലെങ്കില്‍ ആശയക്കുഴപ്പം.

· ഇടയ്ക്കിടയ്ക്ക് പെട്ടന്നു നിര്‍ദ്ദേശങ്ങളോടോ ചോദ്യങ്ങളോടോ താല്‍ക്കാലികമായി പ്രതികരിക്കാതിരിക്കുന്നത്.

· വ്യക്തമായ കാരണമൊന്നുമില്ലാതെ ശരീരം മൊത്തം പെട്ടന്ന് സ്റ്റിഫ് ആകുന്നത്.

· വ്യക്തമായ കാരണമൊന്നുമില്ലാതെ പെട്ടെന്ന് മറിഞ്ഞു വീഴുന്നത്.

· പ്രത്യേകിച്ചു കാരണം ഒന്നുമില്ലാതെ വേഗത്തില്‍ കണ്ണുചിമ്മുന്നത.്

· വ്യക്തമായ കാരണമില്ലാതെ പെട്ടെന്ന് ചവച്ചരച്ച് കൊണ്ടിരിക്കുന്നത.്

· താല്‍ക്കാലികമായി അമ്പരപ്പോടെ നോക്കുന്നതും നമ്മള്‍ ചോദിക്കുമ്പോള്‍ ആശയവിനിമയം നടത്താന്‍ കഴിയാത്തതായി തോന്നുന്നതും

· സ്വമേധയാ തോന്നുന്ന ആവര്‍ത്തിച്ചുള്ള ചില പ്രത്യേകരീതിയില്‍ ഉള്ള ശരീര ചലനങ്ങള്‍

· കാരണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്ക് പരിഭ്രാന്തി അല്ലെങ്കില്‍ കോപം

· ചില വ്യത്യസ്തമായ മണം, സ്പര്‍ശം, ശബ്ദം എന്നിവ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നത്

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എല്ലായ്‌പ്പോഴും അത് ജെന്നി തന്നെ ആകണം എന്നില്ല. മാനസിക അസ്വാസ്ഥ്യം ഉള്ളവരിലും മേല്‍പറഞ്ഞ പല ലക്ഷണങ്ങളും അനുഭവപ്പെടാം. പെട്ടന്നുള്ള ബോധക്ഷയം, ഹൃദയസംബന്ധമായ അസുഖം കാരണമോ സ്‌ട്രോക്ക് മൂലമോ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടാലും ഉണ്ടാകാം. അതിനാല്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ജെന്നി ആണെന്ന് ഉറപ്പിക്കുന്നതിനു ഒരു ന്യൂറോളജി വിദഗ്ദ്ധന്റെ സേവനം തേടേണ്ടതാണ്.

ജെന്നിയുടെ കാരണങ്ങള്‍

പ്രായത്തിനു അനുസരിച്ചു പലവിധ കാരണങ്ങള്‍ കൊണ്ട് ജെന്നിയുണ്ടാകാം.

· ഗര്‍ഭാവസ്ഥയിലോ ജനന സമയത്തോ കുഞ്ഞിന്റെ തലച്ചോറിലുണ്ടാകുന്ന കേടുകള്‍ ഭാവിയില്‍ അപസ്മാരത്തിനു കാരണമാകാം.

· ചെറുപ്രായത്തില്‍ പനിയോട് അനുബന്ധിച്ചു ജെന്നി ഉണ്ടാകാം. (febrile seizures )

· കുട്ടികളിലും ചെറുപ്പക്കാരിലും ജനിതക കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന പലതരത്തിലുള്ള epilepsy syndromes. ഭൂരിഭാഗം ജെന്നികളും ഈ ഗണത്തില്‍ പെടുന്നു.

· മദ്യത്തിന്റെയോ മറ്റു മയക്കുമരുന്നുകളുടെയോ ഉപയോഗം നിമിത്തം

· ആക്സിഡന്റ്സ് മൂലം തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങള്‍

· തലച്ചോറിലെ അണുബാധ (meningitis , എന്‌സഫലൈറ്റിസ് തുടങ്ങിയവ )

· ശരീരത്തിലെ സോഡിയം കാല്‍സ്യം തുടങ്ങിയ ഇലക്ട്രോലൈറ്റിസിന്റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍

· ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയുന്നത്

· തലച്ചോറിലെ ട്യുമറുകള്‍

· സ്‌ട്രോക്ക്

· ചില മരുന്നുകളുടെ പാര്‍ശ്വഫലമായി

ജെന്നികളില്‍ പ്രത്യേക പരാമര്‍ശം വേണ്ട ഒന്നാണ് തലച്ചോറിലെ ടെംപോറല്‍ ലോബ് ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന ജെന്നികള്‍. നമ്മുടെ വികാരവിചാരങ്ങള്‍, ഓര്‍മ്മകള്‍, ഭാഷ ഒക്കെ കൈകാര്യം ചെയ്യുന്നത് ടെംപോറല്‍ ലോബ് ഭാഗത്താണ്. ഇത്തരം ജെന്നികളില്‍ പൊടുന്നെന്നെ ഉണ്ടാകുന്ന സ്വഭാവ മാറ്റം, അല്ലെങ്കില്‍ ചിലപ്പോള്‍ അതുവരെ സംസാരിക്കാത്ത ഭാഷ സംസാരിക്കുക, മറ്റൊരാളായി സ്വയം അനുഭവപ്പെടുക (de javu phenomenon ) തുടങ്ങിയവ ഒക്കെ സംഭവിക്കാം. ഇതിനെ പലപ്പോഴും ബാധ കേറുന്നതായും മാനസിക രോഗം ആയുമൊക്കെ തെറ്റിദ്ധരിക്കാറുണ്ട്.

ഉറക്കത്തില്‍ ജെന്നി വരുന്നത് സ്വാഭാവികമാണ്. ഉറക്കത്തിലെ പല്ലിറുമ്മലോ, അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നതോ, എഴുനേറ്റു നടക്കുന്നതോ, കൈകാലിട്ടു അടിക്കുന്നതോ ഒക്കെ ചിലപ്പോള്‍ ജെന്നിയുടെ ഭാഗമായി വരാം. കുട്ടികളില്‍ ചില ജെന്നിരോഗങ്ങള്‍ ഉറക്കത്തില്‍ മാത്രം വരുന്നവയാണ്. അത് അവരുടെ പഠനത്തെയും, ഓര്‍മശക്തിയെയും ബാധിക്കാം.

അപസ്മാര ചികിത്സ

symptomatic epilepsy ആണെന്നുണ്ടെങ്കില്‍ കാരണം എന്തെന്ന് കണ്ടുപിടിച്ചു ചികിസിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാം. എന്നാല്‍ ഐഡിയോപ്പതിക് അപസ്മാരത്തിന് ദീര്‍ഘകാല ചികിത്സ ആവശ്യമായി വരും. രോഗനിര്‍ണയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട testകളാണ് EEG ഉം തലച്ചോറിന്റെ സിടി/ എംആർഐ. തലച്ചോറിലെ ഇലക്ട്രിക് തരംഗങ്ങളിലെ അപാകത കണ്ടുപിടിക്കാനാണ് ഇഇജി (എലെക്ട്രോഎന്‍സെഫലോഗ്രാം) സഹായിക്കുക. ഉണര്‍ന്നിരിക്കുമ്പോഴും ഉറക്കത്തിലും ഉള്ള ഇഇജി, ചിലപ്പോള്‍ ദിവസങ്ങള്‍ നീളുന്ന ഇഇജി വേണ്ടി വരും.

ഈ ടെസ്റ്റുകളിലേ റിസള്‍ട്ട് അനുസരിച്ചാണ് ഏതു മരുന്നുകളാണ് ഉപയോഗിക്കേണ്ടത് എന്നും അത് എത്ര കാലം ഉപയോഗിക്കണം എന്നും തീരുമാനിക്കുന്നത്.ചിലപ്പോള്‍ ഒരു മരുന്നില്‍ മാത്രം അപസ്മാരം നിയന്ത്രിക്കാന്‍ പറ്റി എന്ന് വരില്ല. അപ്പോള്‍ കൂടുതല്‍ തരത്തിലുള്ള മരുന്നുകള്‍ ആവശ്യമായി വരാം. മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാന്‍ പറ്റാതെ വന്നാല്‍ ചിലപ്പോള്‍ എപിലപ്‌സി സര്‍ജറി ആവശ്യമായി വരും. ഇതിനായി തലച്ചോറിനുള്ളില്‍ കൃത്യമായി എവിടെ ആണ് ജെന്നി ഉത്ഭവിക്കുന്നത് എന്ന് അറിയാനായി ഫംഗ്ഷണല്‍ MRI , single-photon emission CT scans, magnetoencephalogram തുടങ്ങിയ ടെസ്റ്റുകള്‍ ആവശ്യമായി വരും. എപിലപ്‌സി സര്‍ജറി കഴിഞ്ഞാലും മരുന്നുകള്‍ തുടര്‍ന്ന് കഴിക്കണം.

അപസ്മാരം ഉള്ളവരില്‍ ഇടയ്ക്കു മരുന്നുകള്‍ മുടങ്ങുന്നതോ, ഉറക്കം ഒഴിയുന്നതോ, അമിതമായ സ്‌ട്രെസ് അല്ലെങ്കില്‍ ക്ഷീണം, സമയത്തു ആഹാരം കഴിക്കാതിരിക്കുക എന്നിവയാണ് അടിക്കടി ജെന്നി വരാന്‍ പ്രേരകമാകുന്ന ഘടകങ്ങള്‍. മിന്നുന്ന ലൈറ്റുകളും, ഉയര്‍ന്ന അളവിലുള്ള മദ്യപാനവും, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവയുടെ അമിത ഉപയോഗവും ജെന്നിക്ക് കാരണം ആകാം.

അപസ്മാരം ഉള്ളവരില്‍ വിഷാദരോഗം, ആത്മഹത്യ പ്രവണത എന്നിവ കൂടുതല്‍ ഉള്ളതിനാല്‍ വിഷാദരോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം. അടിക്കടി ജെന്നി വരുന്നവര്‍ ഡ്രൈവിംഗ്, ഉയരത്തിലുള്ള ജോലികള്‍, നീന്തല്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. അപസ്മാരം ഉള്ളവര്‍ മറ്റേതെങ്കിലും അസുഖത്തിന് ഡോക്ടറെ കാണുന്നുണ്ടെങ്കില്‍ അപസ്മാരം ഉള്ള വിവരവും അതിനു കഴിക്കുന്ന മരുന്നുകളും ആ ഡോക്ടറിനെ കാണിക്കേണ്ടതാണ്. കാരണം മറ്റു അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലമായി ജെന്നി ഉണ്ടാകാം.

ജെന്നി വരുന്ന സമയത്തു ചുറ്റുമുള്ള വസ്തുക്കളില്‍ തട്ടി മുറിവുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ്. അതിനാല്‍ ചുറ്റും ഉള്ള വസ്തുക്കള്‍ മാറ്റി കൊടുക്കണം. ജെന്നിയുടെ സമയത്തു കയ്യില്‍ ഏതെങ്കിലും വസ്തുക്കള്‍ പിടിക്കാന്‍ കൊടുക്കുന്നതും കൂടുതല്‍ മുറിവ് ഉണ്ടാകാന്‍ ചിലപ്പോള്‍ കാരണം ആകും. മിക്കവാറും ജെന്നികളും മൂന്നു മിനുറ്റില്‍ താഴെ മാത്രമേ നിലനില്‍ക്കുകയുള്ളൂ. അതില്‍ കൂടുതല്‍ സമയം ഉണ്ടെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറ്റണം.

ജെന്നിയുടെ സമയത്തു വായില്‍ നിന്ന് നുരയോ അല്ലെങ്കില്‍ നാക്ക് മുറിഞ്ഞു രക്തമോ വരാന്‍ സാധ്യത ഉണ്ട്. ജെന്നി കഴിയുമ്പോള്‍ രോഗിയെ ഇടതുവശം ചരിച്ചു തല താഴ്ത്തി കിടത്തിയാല്‍ ഇത് ശ്വാസകോശത്തിലേയ്ക്കു aspirate ചെയ്യാനുള്ള സാധ്യത കുറയ്ക്കാം.

ഡോക്ടറുടെ നിര്‍േദ്ദശാനുസരണം മാത്രമേ  മരുന്നുകളുടെ ഡോസ് മാറ്റുകയോ അല്ലെങ്കില്‍ അവ നിര്‍ത്തുകയോ ചെയ്യാവു. സാദാരണ ആയി മൂന്നോ അതിലധികം വര്‍ഷമോ അപസ്മാരം വരാതെ ഇരിക്കുകയും, ഇഇജി , എംആർഐ എന്നിവ നോര്‍മല്‍ ആകുകയും ചെയ്താല്‍ മാത്രമേ മരുന്നുകള്‍ നിര്‍ത്താന്‍ പാടുള്ളു. ചില ഐഡിയോപ്പതിക് എപിലപ്‌സികളില്‍ ജീവിതകാലം മൊത്തം മരുന്നുകള്‍ ആവശ്യമായി വരും.

ഡോ. സുശാന്ത് എം. ജെ

ന്യൂറോ മെഡിസിൻ വിഭാഗം

എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips