Thursday 13 January 2022 11:58 AM IST : By സ്വന്തം ലേഖകൻ

പിണങ്ങി കഴിഞ്ഞ് ബലം പിടിച്ചിരിക്കേണ്ട, ആദ്യം മിണ്ടുന്നത് തോൽവിയല്ല സ്നേഹമാണ്; ഇണങ്ങാനായി പിണങ്ങാം

quarrel

കൊച്ചുകൊച്ചുകാര്യങ്ങളാണ് ജീവിതത്തിലെ പ്രകാശം കെടുത്തുന്നത്. അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോയാൽ ഏതു ബന്ധവുംസുന്ദരമാക്കാം–പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ്പുത്തൻ പുരയ്ക്കലിന്റെ പംക്തി തുടരുന്നു

ദമ്പതിമാരുടെ ഇടയിലെ പിണക്കത്തെക്കുറിച്ച് പ്രചരിച്ചുകാണുന്ന വളരെ രസകരമായ ഒരു കഥയുണ്ട്. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലത്തെ കഥയാണ് കേട്ടോ. ഒരിക്കൽ ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങി. വെറും പിണക്കമെന്നു പറഞ്ഞാൽ പോരാ, നല്ല മുട്ടൻ പിണക്കം. പിണക്കം അങ്ങനെ ദിവസങ്ങൾ നീണ്ടു. ഒരു ദിവസം ഭർത്താവിനു അത്യാവശ്യമായി ഒരു യാത്ര പോകേണ്ടി വന്നു. പിറ്റേന്നു വെളുപ്പിനെ അഞ്ചു മണിക്ക് എഴുന്നേറ്റ് പോയാലേ ബസ്സ് കിട്ടൂ. ടൈംപീസ് ഇല്ല. ഭാര്യ വെളുപ്പിനെ എഴുന്നേൽക്കും. അപ്പോൾ വിളിച്ചാൽ മതി.

പക്ഷേ, പിണങ്ങി മിണ്ടാതിരിക്കുകയല്ലെ...എങ്ങനെ ഇക്കാര്യം പറയും? അങ്ങോട്ടു ചെന്നു മിണ്ടാൻ ഈഗോ അനുവദിക്കുന്നില്ല. ഭർത്താവ് ഒരു കടലാസ്സെടുത്ത് ഇങ്ങനെ എഴുതി. ‘നാളെ രാവിലെ അഞ്ചു മണിക്ക് വിളിക്കണം. അത്യാവശ്യമാണ്’. എന്നിട്ട് ഭാര്യ ഒരുങ്ങുന്ന കണ്ണാടിയുടെ മുൻപിൽ വച്ചു. ഭാര്യ കുറിപ്പു വായ്ക്കുന്നതു കണ്ട് സമാധാനമായി കിടക്കാൻ പോയി.

പിറ്റേന്ന് മുഖത്തു വെയിലടിച്ചപ്പോഴാണ് കണ്ണു തുറന്നത്. സമയം 8 മണി കഴിഞ്ഞു. പുതപ്പു വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് പാഞ്ഞ് ഭർത്താവ് അലറി...‘‘എടീ...രാവിലെ അഞ്ചു മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് നീ എന്താ വിളിക്കാതിരുന്നത്.’’

ഭാര്യ കൂളായി പറഞ്ഞു..

‘‘ദേ, മനുഷ്യാ...ചുമ്മാ കിടന്ന് ഒച്ചയിടണ്ട. ദാണ്ടേ, നിങ്ങളുടെ തലയണയ്ക്കടുത്തിരിക്കുന്ന കുറിപ്പ് കണ്ടില്ലേ?

ഭർത്താവ് പാഞ്ഞുചെന്ന് കുറിപ്പെടുത്തു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു–‘‘മനുഷ്യാ, സമയം അഞ്ചായി. വേണേൽ എഴുന്നേൽക്ക്’’!!!

ആരാദ്യം മിണ്ടും?

കുടുംബജീവിതത്തിന്റെ വിരസത മാറ്റാനുള്ള മാജിക്ക് ഉണ്ട് സൗന്ദര്യ പിണക്കങ്ങൾക്ക്. ഒന്നു പിണങ്ങി ഇണങ്ങുമ്പോൾ സ്നേഹം ഇരട്ടിയാകും. ആംഗ്രിബേഡ്സ് ആയിരുന്നവർ വീണ്ടും ഇണക്കുരുവികളാകും.

കല്യാണം കഴിഞ്ഞ് ആദ്യനാളുകളിലൊക്കെ പിണക്കമേ ഉണ്ടാകില്ല. പിണങ്ങാൻ സമയമില്ല എന്ന മട്ട്. പതിയ ജീവിതഭാരം ചുമലിൽ മുറുകുംതോറും പിണക്കങ്ങളും പരിഭവങ്ങളും പല്ലുകടിയുമൊക്കെ പതിവാകും.

മനസ്സ് അസ്വസ്ഥതപ്പെട്ടിരിക്കുമ്പോൾ കേൾക്കുന്നതൊക്കെ തലതിരിഞ്ഞായിരിക്കും. ‘എടിയേ, അപ്പുറത്തെ വീട്ടിലെ അവൾ ഉടുത്തിരിക്കുന്ന സാരി കൊള്ളാം’ എന്നായിരിക്കും ഭർത്താവ് പറയുന്നത്. ഭാര്യ കേൾക്കുന്നതോ, ആ സാരി ചുറ്റിയിരിക്കുന്ന അവൾ കൊള്ളാം എന്ന്.

‘‘അയൽപക്കത്തെ ചേട്ടനെ കണ്ടുപഠിക്ക്. എത്ര കപ്പക്കിഴങ്ങാ നട്ടുവച്ചിരിക്കുന്നത്. നല്ല അധ്വാനിയാണ്’ എന്നാവും ഭാര്യ പറയുന്നത്. ഭർത്താവ് കേൾക്കുന്നതോ ‘താൻ വെറുമൊരു കിഴങ്ങനാണ്’ എന്നാവും.

കൊച്ചു കൊച്ചു പിണക്കങ്ങൾ ദാമ്പത്യത്തിന്റെ മധുരം വർധിപ്പിക്കും. എന്നാൽ ദമ്പതിമാർ എന്നും പരസ്പരം യുദ്ധം പ്രഖ്യാപിച്ചാൽ ആ കുടുംബത്തിലെ സന്തോഷം കെട്ടുപോകും. പിടിവാശിയും നിർബന്ധബുദ്ധിയുമാണ് പലപ്പോഴും പിണക്കത്തിലേക്ക് എത്തിക്കുന്നത്. ദമ്പതിമാർക്ക് പക്വതയുണ്ടെങ്കിൽ പാതി പിണക്കങ്ങളും മുളയിലെ ഇല്ലാതാകും.

fr-family

പിണക്കം നീളരുത്

ചിലരുണ്ട് പിണങ്ങിക്കഴിഞ്ഞാൽ പിന്നെ എന്തു ചോദിച്ചാലും ഒരു മൂളൽ മാത്രമാകും ഉത്തരം. ചിലപ്പോൾ എന്തെങ്കിലും തെറ്റിധാരണയുടെ പുറത്തുള്ള പിണക്കമാകാം. എന്താണ് വേദനിപ്പിച്ചതെന്ന് തുറന്നു പറഞ്ഞാൽ അത് മാറ്റാം.

എന്തെങ്കിലും കാരണവശാൽ പിണങ്ങിയാൽ തന്നെ അത് നീണ്ടുപോകരുത്. പലപ്പോഴും പിണക്കം നീണ്ടുപോകുന്നതിന്റെ ഒരു കാരണം ആദ്യം ആരു മിണ്ടും എന്ന ഈഗോയാണ്.

ഭർത്താവ് വിചാരിക്കും–‘അവൾക്ക് ഒന്നു അയയാൻ വയ്യേ?’ ഭാര്യ വിചാരിക്കും– ‘ഇതിയാന് ഒന്നു താഴാൻ വയ്യേ?’ ആരെങ്കിലും ഒരാൾ മുൻകൈ എടുത്തില്ലെങ്കിൽ കുടുംബജീവിതം താറുമാറാകും.

വാക്കാൽ മുറിവേൽപിക്കരുത്

∙ പിണക്കമുണ്ടാകുമ്പോൾ തെറ്റ് ആരുടെ പക്ഷത്തോ ആകട്ടെ, സ്വയം അതിന്റെ കാരണം ഒന്നു അപഗ്രഥിച്ചു നോക്കുന്നത് നല്ലതാണ്.പലപ്പോഴും തീരെ നിസ്സാരമായ കാര്യത്തിനാകും പിണങ്ങിയത്.

ആദ്യത്തെ ദേഷ്യമൊന്ന് അടങ്ങിക്കഴിയുമ്പോൾ ഇത് ഒഴിവാക്കാമായിരുന്നു എന്നു തോന്നും. അങ്ങനെ അനുരഞ്ജനത്തിന്റെ വഴി തുറന്നേക്കാം.

∙ ഇളംപ്രായത്തിലെ പിണക്കം മാറാൻ എളുപ്പമാണ്. പക്ഷേ, പ്രായമാകും തോറും പിണങ്ങി ഇണങ്ങാൻ കാലതാമസം വരും.

∙ ഒരു പിണക്കവും ഇരുട്ടി വെളുക്കും വരെ നീട്ടരുത്. നിന്റെ കോപം സൂര്യൻ അസ്തമിക്കുന്നതു വരെ നീളാതിരിക്കട്ടെ എന്നാണ് ബൈബിളും പറയുന്നത്.

∙ ആദ്യം ആരു മിണ്ടും എന്ന ബലം പിടുത്തം വേണ്ട. ആദ്യം മിണ്ടുന്നത് തോൽവിയല്ല. സ്വന്തം ഈഗോയെ ജയിച്ച ആൾക്കു മാത്രമേ ഒത്തുതീർപ്പിലേക്കുള്ള ആദ്യ ചുവടു വയ്ക്കാനാകൂ.

∙ ഏതു ബന്ധത്തിലായാലും പിണങ്ങിയിരിക്കുന്ന സമയത്ത് പരസ്പരം പ്രകോപിപ്പിക്കുന്ന സംസാരം അരുത്. പിണക്കം വർധിക്കാനേ അത് ഇടയാക്കൂ. മാത്രമല്ല, പിണക്കം മാറിയാലും വാക്കുകൾ കൊണ്ടേറ്റ മുറിപ്പാട് അവിടെ തന്നെ കിടക്കും.